Friday, July 15, 2016

കൊഴിഞ്ഞ പൂക്കള്‍ മൊഴിഞ്ഞ വരികള്‍.. (ചെറുകഥ)

'' വേലിക്കരികിലാണ് വീണു കിടക്കുന്നുവെങ്കിലും,സൌഗന്ധികങ്ങളായ ചെമ്പക മലരുകളെ ചവിട്ടാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിച്ചു''..
എവിടെയോ വായിച്ച നോവലിന്റെ തുടക്കമൊന്നുമല്ല കേട്ടോ! പുതുമയില്ലാതെ തുടരുന്ന എഴുത്ത് രീതികൊണ്ടാവാം., ആസ്വാദകരുടെ പ്രീതി നേടാന്‍ കഴിയാത്തത്..ശുഷ്കമായ ലൈകും കമന്റ്‌ കാരണം മനസു മുരടിച്ചു പോകുമെന്ന ഭയം മൂലം പുതിയ വഴി കണ്ടു പിടിക്കാന്‍ വേണ്ടി, ആസ്വാദകരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ വേണ്ടി , രാജന്‍റെ മനസ്സ് നിര്‍ദ്ദേശിച്ച വരികളാണ് മേല്‍ ഉദ്ധരിച്ചത്....തുടക്കം കെങ്കേമം ആയാലേ വായനക്കാര്‍ക്ക് സുഖം കിട്ടുകയുള്ളത്രേ..അതും ''അങ്ങേര്‍'' പറഞ്ഞു തന്നതാണ്..മനുഷ്യ ശരീരത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിനകത്തു ഉച്ചിയില്‍ നില്‍ക്കുന്ന വ്യക്തിയയാതിനാല്‍ അദ്ദേഹത്തോട് വല്ലാത്ത വിധേയത്വമുണ്ട്...ഇനി എന്താണ് എഴുതുക? ഞാന്‍ ''അണ്ണനോട്'' ചോദിച്ചു..ബഹുമാനം മൂത്ത് മനസിനെ അണ്ണാ എന്നും വിളിക്കാന്‍ തുടങ്ങി..അദ്ദേഹം .തെല്ലിട മൌനിയായി.. ആലോചിക്കുകയാവണം....

''അണ്ണാ നമിച്ചിരിക്കുന്നു..തുടക്കം ഗംഭീരം..ഇതിനു കുറെ ലൈക്കുകളും, കമന്റ്‌ കളും കിട്ടും അണ്ണന്‍ നോക്കിക്കോ...

''അണ്ണാ നമിച്ചിരിക്കുന്നു..''

അണ്ണന്‍ ഉഷാറായി..വാക്കുകള്‍ അനസ്യൂതം ബഹിര്‍ഗമിച്ചു കൊണ്ടിരുന്നു..കേള്‍ക്കുന്നതൊക്കെ മനസ്സില്‍ സൂക്ഷിക്കാമെന്ന് വച്ചാല്‍ നടക്കില്ല..എന്റെ ഐ.ക്യു.ലെവല്‍ വെരി പുവര്‍ ആണ് മാഷേ..അത് കൊണ്ട് തന്നെ എല്ലാം എഴുതി എടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല..മടിയുടെ ആശാന്‍ ആണേ..പിന്നീടാവാമെന്നു നിരീച്ചാല്‍ തീര്‍ന്നു കഥ..ഒന്നിനും ഒരു തുമ്പും വാലും ഉണ്ടാവില്ല..ഓര്‍മ്മയുടെ ചില്ലുജാലകം മാറാല പിടിച്ചു കിടക്കുന്നതിനാല്‍ തുറന്നു കിട്ടാന്‍ വലിയ പാടാണ്..ഇപ്പോള്‍ മാറാല ഒക്കെ തൂത്ത് വൃത്തിയാക്കിയിരിക്കുന്നു..ശരി,,എങ്കില്‍ എഴുതാന്‍ തുടങ്ങിക്കോളൂ..

കട്ടിയുള്ള കണ്ണടയാണ് ഇപ്പോള്‍ ഉപയോഗിച്ച് വരുന്നത്..ലിനന്‍ കൊണ്ട് തുടച്ചു യഥാ സ്ഥാനത് ഉറപ്പിച്ചു..പുതുതായി വാങ്ങിയ ഹീറോ പേനയില്‍ ബ്രില്ലിന്റെ മഷി നിറച്ചു..നീല മഷി തന്നെ വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്..എഴുത്ത് പെഡും പുതിയതാണ്..പഴയതിന്റെ ക്ലിപ്പ് ഒടിഞ്ഞിരിക്കുന്നു..എഴുതാന്‍ ഒരു ബണ്ടില്‍ എ4 സൈസ് കടലാസ്സും റെഡി ആണ്..പിന്നെന്താ എഴുതാന്‍ അമാന്തം?
''അണ്ണന്‍ ''വഴക്ക് പറയാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല...
''അല്ലങ്കിലും നീ പണ്ടേ ഉഴപ്പനാണ്..ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ല കേട്ടോ..അത് നീ മാറ്റാതിടത്തോളം നിന്നെ ആരും ഇഷ്ടപെടില്ല..
മതി അണ്ണാ..വഴക്ക് നിര്‍ത്തിയിട്ടു,എഴുതാനുള്ള ആശയം പറഞ്ഞു താരൂ..ഞാന്‍ കേണു.

''ചെമ്പക മലരുകളെ ചവിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു എന്ന് എഴുതിയല്ലോ അല്ലെ? എഴുതി അണ്ണാ എഴുതി..ഓക്കേ ഇനി അടുത്ത ലൈന്‍ പിടിച്ചോളൂ!

''വാടിയതെങ്കിലും അഴകാര്‍ന്ന ചെമ്പക പൂക്കള്‍..അവ ഞെട്ടറ്റു വീണു കിടക്കുന്നത് കണ്ടു നില്കാന്‍ കഴിയാതെ മിഴികളടച്ചു, നോവിക്കാതെ കടന്നു പോയി..'' ഇപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്, വാചകങ്ങള്‍ പറഞ്ഞു തരുമ്പോള്‍ ''അണ്ണന്റെ'' ശബ്ദം വല്ലാതെ ഇടറിയിരുന്നു..

എന്താ അണ്ണാ ഇങ്ങനെ? വലിയ ധൈര്യ ശാലി ആണെന്നാണല്ലോ വെപ്പ് ഉള്ളു പിടയുന്നതെന്തേ?
''എന്തരു പറ്റി? തള്ളെ യവന്‍ ആള് പുലിയാണ് എന്നൊക്കെ ചുമ്മാ ആള്‍ക്കാര്‍ പറയുന്നതാവും അല്ലെ?
അതല്ല..''അപ്പി നിനക്കതൊന്നും പറഞ്ഞാല്‍ തിരിയൂലാ..''

ചെമ്പക പൂവുകള്‍ വാടി കൊഴിയരുത്..അവ വാടാതെ നെഞ്ചോട്‌ ചേര്‍ത്ത് വക്കണം....കാമനകള്‍ ഉണര്‍ത്തുന്ന മധുരമ്പന്റെ ശരങ്ങളാണ് അവ..ചെമ്പക മലരുകള്‍ ഒരിക്കലും വാടരുത് ഉണ്ണീ,,വാട്ടരുത്..നിലയും ,വിലയും മറന്നു വാവിട്ടു പോട്ടികരയുകയാണ് അണ്ണന്‍..,,
എഴുത്ത് ഗംഭീരമാക്കാന്‍ വേണ്ടി കട്ടിയുള്ള കണ്ണട ധരിച്ച ഞാന്‍ അണ്ണനെ എങ്ങിനെ സ്വാന്തന പെടുത്തു മെന്നറിയാതെ കുഴങ്ങി....
---------------------------------------------------------------------------
''രാജേട്ടാ..ഏയ്‌ രാജേട്ടാ എന്തൊരു അതിശയത്തിന്റെ ഉറക്കാപ്പാ ഇത് ?ഒന്നെണീറ്റാട്ടെ..നമ്മളെ വീട്ടിലെത്തി....മഴപാറ്റലണ്ട്...ബേം..കീ..ബേം...കീ..''..
കണ്ണ് തുറന്നു നോക്കിയപ്പോള്‍ കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു കൊണ്ട് സുധ മുന്നില്‍ നില്‍ക്കുന്നു..

''അല്ല..അണ്ണന്‍ എവിടെ? ചെമ്പക പൂക്കള്‍ എവിടെ? ''

എന്ത്? സുധ എന്നെ സൂക്ഷിച്ചു നോക്കി.''.നൊസ്സ് ലേശം കൂടുന്നുണ്ട് രാജേട്ടാ ഇങ്ങള്‍ക്ക്‌ കേട്ടാ..കണ്ണൂര് നാരായണന്‍ കുട്ടി ഡോക്ടറെ ഒന്ന് കാണിക്കാം നമുക്ക്.''
.
കണ്ണ് തിരുമ്മി നോക്കി..ശരിയാണല്ലോ ..ഇപ്പോള്‍ വീട്ടു പടിക്കലാണല്ലോ..

സുധയുടെ വാക്കുകള്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കാം..''ഗുരുവായൂര്‍ പോയി കുളിച്ചു തൊഴുതാല്‍ എല്ലാം മാറുന്നു വിചാരിച്ചതാ..ഇനി ഒറ്റ വഴിയെ ഉള്ളൂ,,ചെവിയില്‍ വയ്ക്കുന്ന കുന്തവും..മേശപുറത്തു ഞെക്കി കളിക്കുന്ന കുന്തവും എടുത്തു ഞാന്‍ അട്ടത്ത് കൊണ്ടിടും നോക്കിക്കോ!''

(എന്റെ മോനോഗതം.).മാനസ പൂവാടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന മലരുകളുടെ സൌന്ദര്യത്തെ കുറിച്ച് ഈ നാട്ടിന്‍ പുറത്തു കാരിക്കെന്തറിയാം..തികട്ടി വന്ന വാക്കുകള്‍ വിഴുങ്ങി..
--------------------------------------------------------------------------------
സുധേ ചെമ്പരത്ത്യാദി വെളിച്ചെണ്ണ തയ്യാറാക്കി വച്ചിട്ടുണ്ട്..അത് തേച്ചു കുളിച്ചാല്‍ നിന്റെ അഴകാര്‍ന്ന കാര്‍ക്കൂന്തലുകള്‍ക്ക് എന്ത്നല്ല വാസന ആണെന്നറിയോ? അപൂരവ്വമായി മാത്രം ചിരിച്ചു കാണുന്ന അവളുടെ നുണകുഴികളില്‍ വര്‍ണ്ണ രാജികള്‍ പൂക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു....
കിഴക്കേ മൂലയില്‍ വേലിക്കരികെ ചെമ്പകം പൂത്തു നില്‍ക്കുന്നത് അപ്പോള്‍ മാത്രമാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്..

കൃഷ്ണ കുമാര്‍.കൂടാളി.
ഗോകുലം, കീഴല്ലൂര്‍..

No comments:

Post a Comment