Sunday, July 3, 2016

ഓര്‍മ്മകളുടെ താക്കോല്‍ ..(കഥ)

ഓര്‍മ്മകള്‍ ചിതലരിച്ചിരുന്നെങ്കില്‍?, ചിന്തിച്ചു പോവുകയാണ്. ചില ഓര്‍മ്മകള്‍ അങ്ങിനെ ആണ്, മനസ്സിനെ കടിഞ്ഞാണില്ലാത്ത കുതിരയെപോലെ പിന്നാക്കം പായിക്കും... 
കിഴക്കേ ചക്രവാളം തുടുത്തു തുടുത്തു വരുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങണം, കൈയിലൊതുങ്ങുന്ന തുകല്‍സഞ്ചിയില്‍   ഉറവ വറ്റാത്ത സ്നേഹം വിളമ്പിയ , ചോറ്റു പത്രമാണ്‌. നിറം പിഞ്ഞി തുടങ്ങിയെങ്കിലും, നല്ല ചേലുള്ള ഓട്ടിന്‍റെ ചോറ്റു പാത്രം..അച്ഛന്റെ ഗന്ധവും അതിനുണ്ട്..സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിക്കുമ്പോള്‍ അവിടെ തന്നെ അധ്യാപകനായിരുന്ന അച്ഛന്റെ പിന്നില്‍,നിഴലായി വെയിലത്തും ,മഴയത്തും, ഇടുങ്ങിയ പാടവരമ്പിലൂടെ സ്കൂളില്‍ എത്തിച്ചെരാനുള്ള  തത്രപ്പാട് പറഞ്ഞറിയിക്കാന്‍ വയ്യ, മഴക്കാലമായാല്‍ പാടം പുഴപോലെ ആവുമായിരുന്നു,,എന്നാലും ബലിഷ്ടമായ  ആ  കൈതാങ്ങില്‍ സ്നേഹ കരുതല്‍ ഉണ്ടായിരുന്നു, അത് തന്നെ ആണ് അതിജീവനത്തിന്റെ മന്ത്രവും,,,,,പാടം കഴിഞ്ഞുള്ള വിശാലമായ പള്ളി പറമ്പിലൂടെ ചിലപ്പോഴെല്ലാം ഒറ്റക്ക് നടക്കുബോള്‍ പേടിതോന്നുമായിരുന്നു, കൊയാന്ടവിടുത്തെ അബൂബക്കര്‍ പറയുമായിരുന്നു,
  ''സൂറത്ത് ചൊല്ലിക്കൊണ്ടു നടന്നാല്‍ ജിന്നും, സെയ്താനും, അടുക്കില്ല''
''അതു പോലെ  നിങ്ങക്കും, മന്ത്രോം, തന്ത്രോം ക്കെ  കാണില്ലേ?''
യ്യ് അതു പഠിച്ചിട്ടു  വാടാ''..സ്കൂള്‍ യാത്രകളില്‍  അവനായിരുന്നു എന്റെ സന്തത  സഹചാരി..
വൈകുന്നേരങ്ങളില്‍ തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ പള്ളിക്കാടിന്റെ  അവിടെ എത്തിയാല്‍  തിരിഞ്ഞു നോക്കാതെ  ഓടുമായിരുന്നു പേടി മൂലം..അപ്പോഴും  അബൂബക്കറിനു  കുലുക്കമുണ്ടാകില്ല..അവനു  മലക്കുകള്‍  കൂട്ടിനു  സഹായിക്കാന്‍  വരുമത്രേ.. അച്ഛന് സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ രാഷ്ട്രീയ സാമൂഹിക സേവനമോക്കെ കഴിഞ്ഞു,രാതി എട്ടുമണിയോടെയാകും വരിക. ചിലപ്പോള്‍ അതിലും  വൈകും, ചിലപ്പോഴൊക്കെ  ചിന്തിക്കാറുണ്ട് പള്ളിപറമ്പു വഴി തന്നെ അല്ലെ  അച്ഛന്‍ വീട്ടില്‍  വരുന്നത്..ഈ അച്ഛന് പേടിയൊന്നുമില്ലല്ലോ..എന്താ ധൈര്യം  അല്ലെ?അതിനെ കുറിച്ച്  ചോദിക്കണമെന്ന്  കരുതിയാലും  അച്ഛനോട് എങ്ങിനെയാ  ചോദിക്കാന്നു  കരുതി  ചോദ്യം  മാറ്റി വക്കുകയായിരുന്നു പതിവ്..അവ്വക്കര്‍ മന്ത്രം പഠിക്കാന്‍ പറഞ്ഞത് കൊണ്ട് അക്കാര്യം, അച്ഛനോട് ചോദിക്കാനുറച്ചു..കളിയാക്കുമെന്ന് കരുതിയെങ്കിലും സരസമായി,, പുഞ്ചിരിയോടെ അച്ഛന്‍ രസതന്ത്രത്തിന്റെ കെട്ടഴിച്ചു ശാസ്ത്രീയമായി ഭൂത, പ്രേത പിശാച്ചുക്കളെ ഉത്മൂലനം ചെയ്തു തന്നു, എങ്കിലും  എന്റെ  സംശയം  മാറിയിരുന്നില്ല..അന്ന് രാത്രി  നല്ല  പനി വിറച്ചു,അച്ഛന്‍ അരികില്‍ വന്നു നെറുകയില്‍  കൈ വച്ച്  നോക്കി സമാധാനിപ്പിക്കുകയും.അല്പം മന്ത്രം  ജപിക്കുകയും  ചെയ്തപ്പോള്‍ എനിക്ക്  സമാധാനമായി..ചില പ്രാര്‍ത്ഥന വരികള്‍  എനിക്ക് ചൊല്ലിതരികയും ചെയ്തു..
പിന്നെ പിന്നെ  അറിയാവുന്ന  പ്രാര്‍ത്ഥനാ  മന്ത്രമോക്കെ  ചൊല്ലി പള്ളി കാട് കടക്കുമ്പോള്‍  പേടി കുറഞ്ഞു..ഇപ്പോള്‍ അബൂകറിനു അത്ഭുതം..
ഒരു ദിവസം, വീട്ടിലേക്കു വരുന്ന വഴി ആരോ പറഞ്ഞു വടക്കേപ്പുറത്തെ പാറു വല്യമ്മ  മരിച്ചെന്നു..മരിച്ചവരെ കാണാന്‍  പേടിയായിരുന്നത് കൊണ്ട്  പോയില്ല,,ചുവന്ന  പട്ടൊക്കെ  ധരിപ്പിച്ചു പട്ടടയിലേക്ക്‌ എടുത്തു കൊണ്ട് പോകുന്നത്, ദൂരെ  നിന്ന് നോക്കി കണ്ടു..ഞങ്ങടെ  വീട്ടിന്റെ  തെക്കേ  മൂലയിലാണ് ദഹിപ്പിച്ചത്‌..രാത്രി, മൂത്രം ഒഴിക്കാന്‍ അച്ഛന്റെ കൂടെ വെളിയിലിറങ്ങിയപ്പോള്‍ തെക്കേ പറമ്പില്‍ നിന്നു ഒരു തീപ്പന്തം  മേലേക്ക് കുതിച്ചു പാഞ്ഞു..എന്റമ്മോന്നു പറഞ്ഞു ഞാന്‍ വീട്ടിനകത്തേക്ക്‌ ഓടെടാ ഓട്ടം..അതു കണ്ടു അച്ഛന്‍ ചിരിച്ചോണ്ട് വന്നു എന്റെ  കൈ പിടിച്ചു അച്ഛന്റെ മടിയില്‍ ഇരുത്തി..ആ രാത്രി വീണ്ടും അച്ഛന്‍ എനിക്ക് വേണ്ടി രസതന്ത്ര മാഷായി..
അങ്ങിനെ ആണ് ഫോസ്ഫറസ് ആണ് കത്തുന്ന ഭൂതമാമാകുന്നത് എന്നും മനസ്സിലാക്കിയത്,, പിറ്റേന്നത്തെ  രസതന്ത്ര ക്ലാസില്‍  ഫോസ്ഫറസ്  വീണ്ടും  കഥാ പാത്രമായി വന്നു,,കൂടുതല്‍  കാര്യങ്ങള്‍ അന്നത്തെ  ക്ലാസ്സില്‍ പ്രതിപാദ്യ  വിഷയങ്ങളായി.. നിലാവുള്ള രാത്രികളില്‍ പള്ളി പറമ്പിലൂടെ വരുമ്പോള്‍,  തെളിച്ചം കുറഞ്ഞ നിലാവത്ത് സെയ്താന്മാര്‍ കൈ നീട്ടി വരുമെന്ന് അബൂബക്കര്‍ ആണയിട്ടു പറഞ്ഞതിന്റെ  ഗുട്ടന്‍സ്  അവനും ഞങ്ങള്‍ക്കും മനസ്സിലായത്,,പേടിയോടെ നടക്കുമ്പോള്‍ പള്ളി പറമ്പിലെ    വാഴയുടെ കൈകള്‍, കാറ്റില്‍ മെല്ലെ ചലിക്കുന്നതാണ് സെയ്യ്താനായി തോന്നിയതെന്നും,മനസ്സിലാക്കിയത്, അപ്പോഴായിരുന്നു..

''എല്ലാം കൃത്യതയോടെ, നിഷ്ഠയോടെ ചെയ്യുക, ഈശ്വരന്‍ പഞ്ച ഭൂതാതിഷ്ടിതമാണ്. ആ ഈശ്വരനെ സേവിക്കുക..''
അച്ഛന്‍ എന്നും പറയാറുള്ള വാക്കുകള്‍  ആണിത്..ആ വാക്കുകളോടു പരമാവധി  നീതി പുലര്‍ത്തിയെന്നാണ് വിശ്വാസം..
അച്ഛന്‍ എനിക്ക് എല്ലാമായിരുന്നു..
എന്റെ ഈശ്വരന്‍, ഉണര്‍വ്വില്‍, അണുവില്‍ എല്ലാമുണ്ട്..ആ സുഗന്ധം..
കൂടെ നടന്നു കൊതി തീര്‍ന്നിരുന്നില്ല..
അതിനു മുന്നേ ആ ഈശ്വരന്‍, അച്ഛനെന്ന ഈശ്വരന്‍, കാലയവനികയിലേക്ക് കടന്നല്ലോ...അച്ഛന്റെ ഗന്ധമുള്ള ഭൂമികയും നാശോന്മുഖതിലാണ്.,
അമ്മയ്ക്കും വയ്യാതായിരിക്കുന്നു,,സഹോദരിക്ക് കൂട്ടിനു പോയതോടെ അച്ഛന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന വീടും, തൊടികളും അനാഥമായി കൊണ്ടിരിക്കുന്നു..അനുജന്‍ പാവം അന്നം തേടി ,ഹൈദരാബാദിലാണ്..അച്ഛന്‍ പറയുമായിരുന്നു, എന്നാലും സുധീ, തുടര്‍ന്നും  നിനക്ക്                                           പഠിക്കാമായിരുന്നു,,,പറഞ്ഞിട്ടെന്തു കാര്യം..എന്നാലും അച്ചന്റെ ആഗ്രഹം പോലൊരു പെണ്കിടാത്തിയെ കൂട്ടിനു കിട്ടിയത് തന്നെ എന്റെ ഭാഗ്യം, അതാണ്‌ എന്റെ സുഗന്ധി..
ഒന്ന് വേഗം നടക്കു പെണ്ണെ, എന്നാലെ നമുക്ക് ആദ്യ ബസ്‌ കിട്ടൂ.. അകലെ നഗര പ്രാന്തത്തില്‍ ഞങ്ങള്‍ ഒരു ചെറിയ ഹോട്ടല്‍ നടത്തുകയാണ് കേട്ടോ.ഒരു ചെറിയ വരുമാനം അത്രേ പ്രതീക്ഷയുമുള്ളൂ...അച്ഛന്റെ ഗന്ധമുള്ള വീടും തൊടിയും നന്നാക്കിയെടുക്കണം..അതിനു സുഗന്ധിയുടെ കൈ മേയ് മറന്നുള്ള സഹായവും എനിക്കുണ്ട്....അറബികടലില്‍ അസ്തമയ സൂര്യന്റെ നീരാട്ടം..കിഴക്കന്‍ മലയിറങ്ങി ഒരു കുഞ്ഞു തെന്നല്‍ തലോടി കടന്നു പോയി..മണ്മറഞ്ഞ അച്ഛന്റെ നനുത്ത കര സ്പര്‍ശനമാവാം,.അത്...
==============================================================
കൃഷ്ണ കുമാര്‍.കൂടാളി.
ഗോകുല്‍,കീഴല്ലൂര്‍..


4 comments:

  1. ജീവിത ഗന്ധിയായ കഥ..... ഭാവുകങ്ങള്‍ കുമാര്‍ ഭായ്.....

    ReplyDelete
    Replies
    1. ഈ സ്നേഹാദരങ്ങള്‍ക്ക് നിറഞ്ഞ സ്നേഹം തിരികെ നല്കുന്നു..നെല്‍സണ്‍ ഭായി..

      Delete
  2. ചില ഓര്‍മ്മകള്‍ പാതി ചിതലരിച്ചവയാണ്.....അവയെന്നും അങ്ങനെതന്നെ ഇരിക്കും..........പച്ചയായ ആവിഷ്കരണം പുലര്‍ത്തി...ഭാവുകങ്ങള്‍

    ReplyDelete
  3. വായിച്ചു..ഓര്‍മ്മകള്‍ അതിന്‍റെ മൂല്യം മറ്റെന്തിനേക്കാളും ഏറെ മുകളിലാണ്...

    ReplyDelete