'പ്രവാസ കാഴച്ചകളെ പറ്റി തന്നെ..ഇതിനു മുന്‍പ്. ഒരു ഭാഗം പോസ്റ്റ് ചെയ്തിരുന്നു,,അതിന്റെ തുടര്‍ച്ചയായുള്ള ഭാഗവും ഇപ്പോള്‍ പോസ്റ്റ് ചെയ്യുകയാണ്..ഇതും ഒരു റീ പോസ്റ്റ് തന്നെ..അല്പം ഭേദഗതിയോടെ..സദയം സമര്‍പ്പിക്കട്ടെ..''
പ്രവാസ തീര്‍ത്ഥക്കരയില്‍...
അരുണോദയത്തിനു അര നാഴിക കൂടി യുണ്ട്, ബാലാര്‍ക്കന്‍ കിഴക്ക് അരുണിമ പടര്‍ത്തി എഴുന്നെള്ളി വരാന്‍ അല്പം കൂടി കഴിയണം എന്നും പതിവുള്ളതാണ് വെളുപ്പിനെ എഴുനേറ്റു പ്രഭാത കര്‍മ്മങ്ങള്‍ കഴിച്ചു കുറച്ചു നേരം വിശാലമായ പുരയിടത്തിലൂടെ നടത്തം..വ്യായാമം നല്ലതാണല്ലോ?
അൽ- അറേബ്യ യുടെ വിശാലമായ ക്യാമ്പിന്റ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് തുറന്നിടുന്നത് അതി രാവിലെ തന്നെ ആണ്,കൃത്യം 5.30 മണിക്ക് തന്നെ തുറന്നിടാറുണ്ട്.അത് ഒരു ശീലത്തിന്റെ ഭാഗമാണ്. തുരുമ്പിച്ച ഗേറ്റ് മലര്‍ക്കെ തുറക്കുന്നത് വളരെ പാടുപെട്ടാണ്, കാരണം രണ്ടു വശത്തെക്കും തുറക്കാന്‍ അടിയില്‍ ഇപ്പോള്‍ ചക്രങ്ങള്‍ ഇല്ല.അതെല്ലാം പഴകി ദ്രവിച്ചു പോയിരിക്കുന്നു.മാറ്റിയിടാന്‍ കഫീലിനോട്പറയാമെന്നു വച്ചാല്‍ അങ്ങേരെ കാണാന്‍ വേണ്ടി ബദിയ വരെ പോകേണ്ടേ.
അല്‍ അറേബ്യയുടെ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ ന്യൂ സനയ ( industrial area) ഭാഗത്തുള്ള ''ആറാംകോയുടെ'' വലിയ പുക കുഴല്‍ കാണാം,നിത്യവും തീ തുപ്പുന്ന പുക കുഴല്‍,ആകാശം മുട്ടെ തീ തുപ്പിക്കൊണ്ടിരിക്കും.തീ എന്നാല്‍ അഗ്നി യാണല്ലോ,അഗ്നി ശകുനം ശുഭോദാര്‍ക്കമാണ്..അഗ്നിയാല്‍ തപിക്കുന്ന ഹൃദന്ത വാസം കൊണ്ട് ചിന്തകള്‍ക്ക് തീഷ്ണത ഏറിയിരിക്കുന്നു...വടക്ക് ഭാഗത്തുള്ള ''ആരാംകോ'' ചേതോഹരം തന്നെ ആണ്.എണ്ണ ശുദ്ധീകരണ ശാല..അനേകം പുക കുഴലുകള്‍ വേറെയും ഉണ്ട്..അവയെല്ലാം കറുത്ത ചാര പുകയാണ് ചവച്ചു തുപ്പുന്നത്.സാങ്കേതിക വൈഭവം കൊണ്ട് ലോകോത്തരമായ നിര്‍മ്മിതികള്‍ ഗള്‍ഫില്‍ ഉടനീളം ഉയരുന്നതിന്റെ ഭാഗമായി അവിടെയും അതി വേഗം കെട്ടിടങ്ങളും റോഡു കളും കമാനങ്ങളും ഉണ്ടായി കൊണ്ടിരിക്കുന്നു,സമാരക്കിന്റെ ഭാഗമായ ട്രെയിനിംഗ് സ്കൂള്‍ ന്റെ നിര്‍മ്മാണതിനാണ് ഞങ്ങള്‍ അവിടെ എത്തി ചേര്‍ന്നത്, തികച്ചും വത്യസ്ഥ മായ നാടും, അപരിചിതമായ ചുറ്റുപാടുകളും, അറിയപെടാത്ത നിയമ സംഹിതകളും, ആദ്യ നാളുകള്‍ തീര്‍ത്തും അസഹനീയമായിരുന്നു.
അല്‍ അറേബ്യ ( എന്റെ വിശാലമായ സാമ്രാജ്യം) ഏകദേശം 10 ഏക്കര്‍ ച്ചുട്ട്വുള്ള വിശാലമായ ക്യാമ്പ്.അതിലെ അന്തേവാസികളില്‍ മനുഷ്യ വര്‍ഗത്തില്‍ പെട്ട ഒറ്റ വ്യക്തി ഞാനാണ്..പിന്നെ ഉള്ള വര്‍ഗ്ഗങ്ങളില്‍ നയന ഗോചര മായത് കുറെ പൂച്ചകള്‍, ഇടയ്ക്കു മതിലിനെ ഇടയിലൂടെ കടന്നെത്തുന്ന നായകളും ,അപൂര്‍വ്വമായി ചില ആടുകളും, ആടുകള്‍ വരുന്നത് തെല്ലകലെ ഉള്ള ''മസ്ര''( കൃഷിയിടം) യില്‍ നിന്നാവണം. ചില ഉരഗ ജീവികളെയും ഇടയ്ക്കു കാണാറുണ്ട്.അവറ്റകള്‍ക്ക് ഒരു ദ്രോഹവും ചെയ്യാത്തത് കൊണ്ടോ എന്തോ നാളിതു വരെയായി എന്നെയും ഉപദ്രവിച്ചിട്ടില്ല.
അല്ലെങ്കിലും ഉരഗ ജീവികളോ, നാല്‍ക്കാലികളെയോ അല്ല നാം പേടിക്കേണ്ടത്, അവറ്റകളെയൊക്കെ ഉപ്രദ്രവിച്ചാല്‍ മാത്രമേല്ലേ, തിരിഞ്ഞു കുത്തുകയുള്ളൂ.ഇരുകാലികള്‍ അങ്ങിനെ അല്ലല്ലോ ?.ഓന്തിനെ പോലെ വേഷ പകര്‍ച്ച നടത്തുന്ന ഇരുകാലികളെ ആണ് ഏറ്റവും ഭയക്കേണ്ടത്..കാവല്‍ പുരയില്‍ കറങ്ങുന്ന കസേരയിരില്‍ ഇരുന്നു ദിവാസ്വപ്നം കണ്ടിരിക്കെ കൂറ്റന്‍ ഗേറ്റ് തള്ളി തുറക്കുന്ന ശബ്ദം കേട്ട് അവിടേക്ക് ഓടിച്ചെന്നു..ഡ്രൈവര്‍ ഹോസ്നി അബ്ദുള്ള ആണ്..ഇന്ന് എന്ത് പ്രാന്തും കൊണ്ടാണാവോ അവന്‍ വരുന്നത്?..
എന്നെ കണ്ടയുടെനെ പുകയില കറ പുരണ്ട പല്ലുകാട്ടി ചിരിച്ചു,ഗംഭീര ചിരിയൊക്കെ ആവും ആദ്യം,ലേശം കിറുക്കു ഉണ്ടോ എന്ന് സംശയമുണ്ട്...സംബന്തമില്ലാത്ത കാര്യമാകും ചിലപ്പോഴോക്കെ പറയാറുള്ളത്.മസ്രിയാണ് (ഈജിപ്ഷ്യന്‍) അതിന്റെ ചാടി കളിയും ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്.കമ്പനി ഓഫീസ്ന്റെയും ഈ കമ്പൌണ്ടിന്റെയും പ്രധാന കണ്ണിയാണ് ഹോസ്നി അബ്ദുള്ള
''കേഫ ഹാലക്ക്, എഷലോനക്ക് ഭായി ?''
കുല്ലു തമാം..മാമ, ബാബ കുല്ലും? (എന്ന് വച്ചാല്‍ നിനക്കും അച്ഛനും അമ്മയ്ക്കും ഒക്കെ സുഖമല്ലേ എന്ന്?)
എന്നിട്ട് പിന്നൊരു ചോദ്യമുണ്ട്..
കണ്ടുമിട്ടുമ്പോള്‍ ഉള്ള പതിവുള്ള ചോദ്യമാണ്
നിനക്ക് സുഖമാണോ? അമിതാബ് ബച്ചന് സുഖമാണോ എന്ന്
ഈജിപ്ടു കാര്‍ ഹിന്ദി സിനിമയും അമിതാബ് ബച്ചനെയും ഇഷ്ടപെടുന്നവരാണ്, എല്ലാ ഇന്ത്യ കാരെയും ഹിന്ദി എന്നാണ് വിളിക്കുക.അവര്‍ക്ക് കേരളവും അറിയാം പക്ഷെ കേരളം എന്നാല്‍ വേറെ ഏതോ രാജ്യമെന്നാണ് അവിടുത്ത്കാരുടെ ധാരണ.അത്തരം ധാരണക്ക് ഇടയാക്കിയത് മലയാളികള്‍ തന്നെ ആണ് എന്നതാണ് വസ്തുത
ആരെങ്കിലും നാടെതാണെന്ന് ചോദിച്ചാല്‍ ഉടനെ ഉത്തരം ''കേരള'' എന്നാകും.അങ്ങിനെ പറഞ്ഞു പറഞ്ഞു കേരളം അവരുടെ കണ്ണില്‍ ഇന്ത്യക്ക് പുറത്തായി.അല്‍ ഹിന്ദ് എന്നാണ് ഇന്ത്യയെ അറബി നാട്ടുകാര്‍ വിളിക്കുന്നത്.അതില്‍ അഭിമാനം ഉള്ളതിനിലാല്‍ ഹോസ്നി അബ്ദുള്ളയുടെ ചോദ്യത്തിന് ഞാന്‍ ഇങ്ങനെയേ ഉത്തരം പറയാറുള്ളൂ..അന ഫില്‍ ഹിന്ദ്..( ഞാന്‍ ഇന്ത്യ ക്കാരന്‍ ആണെന്ന്)
രണ്ടു മൂന്നു ആഴ്ച കൂടുമ്പോഴാണ് ഹോസ്നി അബ്ദുള്ള .വന്നാല്‍ ഒന്ന് രണ്ടു മണിക്കൂര്‍ നേരം ഇരിക്കും..നിസ്കാര സമയത്താനെങ്കില്‍ മുസല്ല ചോദിച്ചാല്‍ എടുത്തു കൊടുക്കും..ഹോസ്നിയുടെ ബാങ്ക് വിളി കേള്‍ക്കാന്‍ ഒരു ഇമ്പമുള്ളതാണ്...രണ്ടു റക്കാത്ത് നിസകരിച്ചിട്ടെ മടങ്ങാറുള്ളൂ..
,ഇവിടുത്തെ കമ്പനി വക സ്റ്റോറില്‍ നിന്ന് ഇലക്ട്രിക് കേബിള്‍ എടുക്കാനാണ് ഇത്തവണ വന്നത്..അവനെ കൂടാതെ കഫീലിന്റെ അനുജന്‍ മുഹമ്മദ് മൂസ മോജേല്‍ വരാറുണ്ട്...നാളെ അയാള്‍ വന്നേക്കും എന്ന് ഹോസ്നി അബ്ദുള്ള പറഞ്ഞു...ദൈവമേ ഇനി എന്തൊക്കെ പഴി കേള്‍ക്കേണ്ടി വരും? മനം തപിച്ചു...
എന്റെ മുഖ ഭാവം കണ്ടു അവന്‍ പറഞ്ഞു..
'' മാഫി മുഷ്കില്‍ ഭായി....സവസവ ഈജി അബ്ദുള്ള അല്‍ സുവൈദി''
പേടിക്കേണ്ട മുതലാളിയും വരുന്നുണ്ടെന്നു....
അദ്ദേഹം മനുഷ്യ പറ്റുള്ള ആളാണ്. യഥാര്‍ത്ഥത്തില്‍ കമ്പനി മുതലാളി അബ്ദുള്ള അല്‍ സുവൈദി ആണ്
അദ്ധേഹത്തിന്റെ വരവ് കാത്തിരിക്കുകയായിരുന്നു.ശമ്പളം കൂട്ടി തരാന്‍ പറയണം..ഒരു നിമിഷം കൊണ്ട് എന്റെ ചിന്തകള്‍ , മരതക കാടുകളുള്ള കേരളത്തിലെ കൊച്ചു ഗ്രാമത്തിലെ ഒരു പെണ്കൊടിയെതേടിച്ചെന്നു..എന്റെ ഭാര്യ സുനന്ദ..
അവള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും? മനസ്സ് ലോലമായി....
താല്‍ക്കാലിക മെങ്കിലും വിരഹദു:ഖ ത്തിന്റെ തീവ്രത അറിയാത്ത പ്രവാസികള്‍ കുറവായിരിക്കും..കെട്ട് താലി അണിഞ്ഞു കൂടെ കഴിഞ്ഞത് എണ്ണികൊണ്ട് പതിനാല് നാളുകള്‍..... പതിനഞ്ചാം നാള്‍ കടല്‍ കടന്നു മണലാരണ്യത്തില്‍ എത്തിയതല്ലെ..വിരഹിണിയായ എന്റെ സുനന്ദയുടെ പ്രണയ ലേഖനം പലകുറി വായിക്കലാണ് ഏകാന്തതയുടെ വിരസത മാറ്റാനുള്ള ഒറ്റ മൂലി..
വൈകുന്നേരങ്ങളില്‍ സില്‍വര്‍ റോക്ക്സ് ലെ നൈനാന്‍ കോശിയും,ജോണേട്ടനും, കൂടി യുള്ള നര്‍മ്മ സംഭാഷനത്താല്‍ ഉള്ളില്‍ ഘനീഭവിക്കുന്ന വിങ്ങലുകള്‍ ചിലതെല്ലാം അലിഞ്ഞു പോകും..ഇന്ന് ജോണെട്ടനു ദമ്മാം വരെ പോകണം എന്നാണ് പറഞ്ഞത്.നൈനാന്‍ വൈകിട്ട് ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടുണ്ട്.വര്‍ത്തമാന സൂര്യന്‍ മദ്ധ്യാഹ്നതില്‍ തലയ്ക്കു മീതെ ചൂട്ടു പിടിച്ചു നില്‍ക്കുന്നു.വയറില്‍ കാഹളം മുഴങ്ങി തുടങ്ങി..വിശന്നു പൊരിയുന്ന വയറിനോട് വേദാന്തം ചൊല്ലിയിട്ട് കാര്യമില്ലല്ലോ..വല്ലതും വച്ച് കഴിക്കാന്‍ നോക്കട്ടെ..പാചകം ഇപ്പോള്‍ വഴങ്ങി തുടങ്ങിയിരിക്കുന്നു...വളയിട്ട കൈകളുടെ കൈപുണത്തെ കുറിച്ച് ഇപ്പോള്‍ ഓര്‍മ്മ വരുന്നു..അമ്മ തയ്യാറാക്കിയ ഉപ്പിലിട്ട മാങ്ങയുടെ കൂടെ പച്ച മുളക് കീറിയിട്ടതും കൂട്ടി ഒരു പിടിപിടിച്ചാല്‍..ആഹാ വായില്‍ കപ്പ്ലോടും..സുനന്ദയുടെ സ്പെഷല്‍ ഡിഷായ അവിയല്‍.. തേങ്ങാ ചമ്മന്തി ഇവയൊക്കെ മാനസ്സിലേക്ക് ഓടി എത്തിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു..കഴിഞ്ഞ ഓണത്തിന്,ബത്തയില്‍ പോയി ഞാനും നൈനാന്‍ ഭയി യും കൂടി തൂശനിലയും..പച്ചക്കറികളും,,പാലക്കാടന്‍ മട്ടയരിയും. വാങ്ങി കൊണ്ട് വന്നു ഞങ്ങളാല്‍ ആവും വിധം അവിയല്‍, കൂട്ടുകറി, തോരന്‍,പപ്പടം, പാലട ഇത്യാതി കളൊക്കെ ഒരുക്കി നിറഞ്ഞ മനസ്സോടെ ഓണം ഉണ്ണുകയും, അതിന്റെ ഫോട്ടോ എടുതയക്കുകയും ചെയ്തിരുന്നു,,അച്ഛന്‍ എഴുതുന്ന കത്തില്‍ നാല് വരി വാചകം അമ്മ എഴുതിയത് ഇപ്പോഴും ഓര്‍മ്മ വരുന്നു..
''എന്റെ മോന്‍ ദുബായ് കാരനായിട്ടും'',..നല്ല വെട്ടത്തില്‍ ഉണ്ണാനുള്ള യോഗമില്ലാതായല്ലോ മോനെ..രാജകുമാരനെ പോലെ ആയിരുന്നല്ലോ എന്റെ മോനിവിടെ..അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു പോകുന്നത് ഇവിടെ ഇരുന്നു കൊണ്ട് ഞാനറിയുന്നു...
പ്രവാസം പ്രഹേളികയായി തുടരുമ്പോള്‍ നെടുവീര്‍പ്പുകള്‍ ഉണ്ടാകും..അമ്മയെ കുറിച്ചും,വിരഹിണി സുനന്ദയെ കുറിച്ചും ഉള്ള ഓര്‍മ്മകള്‍ മാറ്റി വച്ചു കൊണ്ട് അബ്ദുള്ള സുവൈദിയെ കുറിച്ച് മാത്രം ചിന്തിച്ചു...നാളെ നേരം വെളുത്താല്‍ ദമ്മാമില്‍ നിന്ന് കുറച്ചു തൊഴിലാളികള്‍ വരുന്നുടത്രേ,,അവര്‍ക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കണം..അതെന്റെ ഉത്തരവാദിത്വമാണല്ലോ..
നൈനാന്‍ കോശിക്കും, ജോണെട്ടനും സ്ഥലം മാറ്റം ആണത്രേ,,ദാമ്മാമിലേക്ക്..ഞാന്‍ യാത്ര അയക്കാന്‍ പോകുന്നില്ല..അല്ലെങ്കിലും..പ്രിയപ്പെട്ടവരേ യാത്ര അയക്കുന്നത് അത്ര സുഖകരമല്ലല്ലോ....
അസ്തമയ സൂര്യന്‍ പടിഞ്ഞാറ് ആറാംകോ യുടെ എണ്ണശുദ്ധീകരണ ശാലയിലെ തീതുപ്പുന്ന പുകക്കുഴലിന്‍ ഇടയിലൂടെ താണ് ചരിഞ്ഞു ഊര്‍ന്നു പോയത് എവിടെക്കാണാവോ....?!!
(പ്രവാസ കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല..തുടരുക തന്നെ ചെയ്യും,,,)