Friday, July 30, 2021

അങ്കക്കലി - നോവൽ - അധ്യായം - 1

അങ്കക്കലി..(നോവൽ) - 
-രചന -കൃഷണകുമാർ കൂടാളി -
(അദ്ധ്യായം - 1 )

"ദക്ഷിണായന സൂര്യൻ പടിഞ്ഞാറേക്ക് കൂടുതൽ ചരിഞ്ഞിരിക്കുന്നു .. കൂരാളി തെരുവിലെ അമ്പു സ്രാപ്പിൻ്റെ പീടിയയുടെ പടിഞ്ഞാറെ ചുമരിൽ പോക്കുവെയിൽ കൊണ്ട് സൂര്യൻ്റെ വിളയാട്ടം..
ഉച്ചയേറി കഴിയുമ്പോഴേക്കും വെയിൽ ചാഞ്ഞു ചാഞ്ഞു സന്ധ്യയെ വരവേല്ക്കും..
തടിച്ച ചണക്കയറുകൊണ്ട് കെട്ടിയിട്ട, ക്രമ നമ്പർ അനുസരിച്ച്  നിര,നിരയായി അടുക്കി വച്ച നിരപ്പലകൾക്ക് മേലെ ചാരി നിന്ന് കൊണ്ട് നേരെ കാണുന്ന നിരത്തിലേക്ക് നോക്കി നില്ക്കുകയാണ്, അമ്പു സ്രാപ്പിൻ്റെ തൊട്ടടുത്ത അനാദി പീടികക്കാരൻ തൂത്തുക്കുടി കിട്ടൻ നമ്പ്യാർ...
കോയസ്സൻ കുന്നുകയറി വരുന്ന വണ്ടിക്കാരൻ ആലങ്ങാട് പൊക്കനെ കാത്തു നില്ക്കുകയാണ് അയാൾ...
സദാസമയവും നിരത്തിനപ്പുറം പാവും, നൂലും ഘടിപ്പിച്ച *മഘത്തിൻ്റെ ഒച്ച കേൾക്കുന്നതിനാൽ സാധാരണ ആരു വന്നാലും തിരിഞ്ഞു നോക്കാതെ തൻ്റെ പ്രവൃത്തികളിൽ വ്യാപൃതനാകാറുള്ള സ്രാപ്പ് വണ്ടി വന്ന്  നിന്ന് മണിയടിക്കുന്നത് കേട്ടാൽ  ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കും..
നെയ്യൻ നാണുവും, ആ സമയത്ത് വണ്ടിക്കടുത്തെത്തും..
പത്താംനമ്പർ തിരിയുള്ള റാന്തൽ വിളക്ക് കത്തിച്ച കാളവണ്ടിയുടെ മുന്നിലെ കൈവരിയിൽ പിടിച്ച് ഇറങ്ങി കൊണ്ട് പൊക്കൻ കിട്ടൻ നമ്പ്യാരുടെ പീടികയിലേക്ക് ഇറക്കി വക്കുമ്പോൾ ചിലപ്പോഴൊക്കെ അമ്പുസ്രാപ്പിൻ്റെ മകൻ കരുണൻ സഹായിക്കാനെത്താറുണ്ട്....
കൈത്തറി സാമഗ്രികളും, ശീലത്തുണികളും മറ്റു തുണിത്തരങ്ങളും മറ്റും എടുക്കുവാനും, പിറ്റെന്നേക്ക് കണ്ണൂർ പട്ടണത്തിൽ എത്തിക്കുവാനുമായി കൂരാളി തെരുവിലെ ചില അംഗനമാരും ആ സമയത്ത് എത്തും.
നീലഭ്യംഗ്യാദി വെളിച്ചെണ്ണ തേച്ച കാർ കൂന്തലഴകുമായെത്തുന്ന നീലപ്പാറുനെ കാണാനും, ലോഗ്യം പറയാനുമാണ് അമ്പു ഡ്രാപ്പിൻ്റെ മകൻ മകൻ കരുണൻ, കിട്ടൻ നമ്പ്യാറെ സഹായിക്കാനെത്തുന്നത് എന്നായിരുന്നു നെയ്യൻ നാണൂൻ്റെ കണ്ടുപിടുത്തം...
അതിൽ അല്പ മാത്രം ശരിയുണ്ടെങ്കിലും നീലൻ പാറുന് മുറച്ചെറുക്കനായ നെയ്യൻ നാണുവിനെ അത്ര പഥ്യമല്ല തന്നെ..
നേരം സസ്യ കഴിഞ്ഞിരിക്കുന്നു ..
തെരുവിലെ മണ്ഡപത്തിൽ ചെണ്ട "കൊട്ടിക്കയറൽ " തകൃതിയായി നടക്കുന്നു ..
"ണ്ടണ്ടണ്ടണ്ടം ണ്ടണ്ടണ്ടണ്ടം
ണ്ടണ്ടണ്ടണ്ടം ണ്ടണ്ടക്ക ഗണപതി "
എന്നതാണാവോ കൊട്ടുന്നത് ..
****
അകത്തെ കളരിയിൽ കയറി തിരിതെളിയിക്കാൻ ചെന്നപ്പോഴാണ് കോമരം വേലൂന്  വിളക്കതിരിയും എണ്ണയും തീരാറായ കാര്യം മനസ്സിലായത്... ഉടനെ പുറത്തെ കളരിയിൽ വന്ന് വടക്ക് ദിശയിലേക്ക് നോക്കി..
കളരിക്ക് പുറത്ത് ഉലാത്തുകയായിരുന്ന കണ്ണൻ ഗുരുക്കള്ളച്ചൻ വേലൂൻ്റെ പരിഭ്രമം കണ്ടപ്പോൾ കാര്യം തിരക്കി..
എന്നാ വേലൂ നീ കാര്യം പറയ്...
"വിളക്കീരിയും, എണ്ണയും കയ്യാനായി എശ്മാനേ.. "
ഗുരുക്കളച്ചൻ ഉടനെ കാര്യസ്ഥൻ കുഞ്ഞാമൻ നമ്പ്യാറെ വിളിപ്പിച്ചു വരുത്തി.. ..
കുഞ്ഞാമാ.. നീയ്യ് ഒന്ന് ചെയ്യ്..

 ചിങ്ങൻ അമ്പൂനെയും,, എമ്മെൻനായരെയും
വിളിച്ചു വരുത്തിക്ക് ..

ചിങ്ങൻ അമ്പു ശീലത്തുണികളുമായി ഇന്നലെ എത്തുമെന്നായിരുന്നു പുറം കാര്യസ്ഥൻ കോമൻ  നമ്പ്യാർ പറഞ്ഞിരുന്നത് ,ഇന്ന് നേരം മയ്യാലയായിട്ടും കാണുന്നില്ലല്ലോ, ചാമുണ്ഡീശ്വരീ..
സമയ നിഷ്ഠ എന്നത് അയാൾക്ക് പണ്ടേ പറഞ്ഞിട്ടില്ലല്ലോ ..
കുഞ്ഞാമൻ സ്വയം പറഞ്ഞു..
താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം മനസ്സിലായന്നെ മട്ടിലാണ്, തക്ക സമയത്ത് തന്നെ ചിങ്ങൻ അമ്പുവിൻ്റെ രംഗപ്രവേശം .. ഒന്നാം കാര്യസ്ഥനായ കുഞ്ഞാമൻ നമ്പ്യാരുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ, പതുങ്ങിക്കൊണ്ട് ശീല തുണിയുമായി വന്ന ചിങ്ങൻ അമ്പു,വടക്കെപ്പുറം വഴി കടന്നു കളയാൻ തക്കം പാർത്തിരുന്നപ്പോഴാണ് ഗുരിക്കളച്ചൻ ചിങ്ങൻ അമ്പുവിനെ കണ്ടത്..
പൂമുഖ മുഖപ്പിലെ ചാരുകസേരയിലിയിരുന്ന് മുറുക്കാൻ ചെല്ലത്തിൽ നിന്നും ഇളം വെറ്റില എടുത്ത് അതിൻ്റെ തളിര് നുളളിയെടുത്ത് അല്പം പുകയിലയും, ചുണ്ണാമ്പും, അടക്ക കഷ്ണിച്ചതും ചേർത്ത് നന്നായി മടക്കി, വായ്ലോട്ട് വച്ച് അരികത്ത് വച്ചിട്ടുള്ള കോളാമ്പിയിലേക്ക നീട്ടി തുപ്പിക്കൊണ്ട് തൂണിൻ്റെ മറവിൽ നില്ക്കുക്കുകയായിരുന്ന ചിങ്ങൻ അമ്പുവിനെ കൈകാട്ടി വിളിച്ചു..
ഇങ്ങ് ബാ അമ്പു..
റാൻ...
അനുസരണയുള്ള കുഞ്ഞാടായി അമ്പു ...
പാവത്താനായി നിലകൊണ്ട അമ്പുവിനോട് കുരിക്കളച്ഛൻ പറഞ്ഞു ..
എനി ഇങ്ങനെ വൈകിക്കണ്ട കെട്ടാ.. വൈകിച്ചാൽ നിന്നയിടെയിനി കാണൂല കെട്ടാ..
ഉം.. പോട്..
അമ്പു ശരവേഗത്തിൽ സ്ഥലം വിട്ടു...
ശാന്തശീലനാണെങ്കിലും അപൂർവ്വം സന്ദർഭങ്ങളിൽ അത്യധികം കോപിഷ്ഠനാ കാറുള്ള ഗുരുക്കള ച്ഛൻ്റെ തീഷ്ണമായ നോട്ടത്തിന് മുമ്പിൽ ചെറു ഇല പോലും ചലിക്കില്ല..
കുഞ്ഞാമാ..
വിളി കേട്ടയുടനെ അയാൾ എഴുത്തുപുരയിൽ നിന്ന് കുരിക്കളച്ഛൻ്റ അടുത്തേക്ക്  ഭവ്യതയോടെ വന്നു നിന്നു..

ഓലയും എഴുത്താണിയുമായി വാ..
എന്തിണെന്ന് ചോദിച്ചു കൂടാ..

എന്തിനാ ,ഏതിനാ എന്നൊന്നും, തിരിച്ച് ചോദിക്കുന്ന ശീലം തനിക്കുമില്ലല്ലോ .. എങ്കിലും എഴുത്താണിയും, ഓലയും എടുക്കുന്നിടെ കുഞ്ഞാമൻ നമ്പ്യാർ ചിന്തിച്ചു ..

എന്തിന് വേണ്ടിയാവും ഓലയും എഴുത്താണിയുമായി വരാൻ പറഞ്ഞിട്ടുണ്ടാവുക?
എന്തെങ്കിലും ക്രയവിക്രയം മനസ്സിൽ ഉദ്ദേശിച്ചു കാണും...

പൂമുഖ മുഖപ്പിലെ ചിത്രപ്പണി കൊണ്ട് ഭംഗിയേറിയ കൈത്തറിത്തുണി കൊണ്ട് ഇരിപ്പിടം തീർത്ത ചാരു കസേരയിലിരുന്ന് കരുത്തവയലിലേക്ക് കണ്ണുനട്ടിരിക്കുന്ന കുരുക്കളച്ഛൻ്റെ അടുത്തേക്കെത്തിയ തൻ്റെ വിശ്വസ്തനെ കണ്ടിട്ടും കാണാത്ത മട്ടിൽ ഇരിക്കുന്ന കരുക്കള ച്ഛൻ്റെ ശ്രദ്ധ തിരിക്കാനായി കുഞ്ഞാമൻ നമ്പ്യാർ ഒന്ന് മുരുടനനക്കി ..തദവസവസരം ദിവാസ്വപ്നത്തിൽ നിന്നുണർന്നെവണ്ണം തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു..
കുഞ്ഞാമാ..
"അങ്ങ് നോക്ക്യാ.. 
എട്ടുകെട്ടും പടിപ്പുരയും, തെക്കിനിയും വടക്കിനിയും, പടിഞ്ഞിറ്റയും പത്തായപുരയും, മണിമാളിക, കളരിയും, ചാമുണ്ടിക്കോട്ടവും ,തെങ്ങും തോപ്പുകളും തൊട്ടു താഴെ തൊടിയിലെ വിശാലമായ പടവുകളോടുകൂടിയ നീന്തൽ കുളവും, കാറ്റു മാളികയുമുള്ള ദേശത്തിൻ്റെ സർവ്വാധികാരി, കൂരാളി താഴെകോലോം വകയായുള്ള നെല്ലറകളായ, നിട്ടാ നീളത്തില് കിടക്കുന്ന ഇരിപ്പൂ കൃഷി കണ്ടങ്ങളിലേക്ക് കൈചൂണ്ടിക്കാണിച്ചു കൊണ്ട് കുരുക്കള ച്ഛൻ ഒരു കഥ പറയുന്ന മട്ടിൽ തുടർന്നു ..

" ആ കാണുന്ന അങ്ങേ തലക്കലത്തെ കുംഭം വയലിൻ്റെ വലത്തെ അറ്റത്ത് പണ്ട് ഒരു ചെട്ട്യാം ചിറയുണ്ടേനും പോലും.. അക്കഥ കുഞ്ഞാമന് അറിയോ "?

അത്, അയിനെപ്പറ്റി പണ്ട് ചിണ്ടമ്മാമൻ കഥ പറഞ്ഞത് കേട്ടിട്ടുണ്ട് എശ്മാനേ..
എന്നാ കേട്ടോളിൻ..
കഥയായിരുന്നില്ല ..
നടന്ന സംഭാവായിരുന്ന്...
ആടവച്ചിറ്റാണ് എൻ്റെ തൊണ്ടമ്മാമൻ്റെയും തൊണ്ടമ്മൻ്റ മൂത്ത പരമ്പരയിൽപെട്ട, എന്നു വച്ചാൽ അഞ്ച് തലമുറ മുന്നിലുള്ള രാമറ് ഗുരുക്കളച്ഛൻ്റെ വിശ്വസ്തനായ കാര്യസ്ഥൻ രൈരുനെ തലയറുത്ത് കൊന്നത്.... ഇരുന്നൂറ്റയിമ്പതിലധികം ധീരയോധാക്കളായിരുന്ന ഈ കോലോത്തിലെ പടയാളികളെ ഉന്മൂലനം ചെയ്ത് കൊണ്ട് മൈസൂർഖാനും കൂട്ടരും തേർവഴ്ച നടത്തിയത്..
അഭിമാനിയായിരുന്ന അമ്മോമൻ എന്താ ചെയ്തന്നറിയോ കുഞ്ഞാമാ ?

കഥ പറയുന്ന ലാഘവത്തിൽ ഓരോന്ന് പറയുമ്പോഴും, താൻ പറയുന്നതൊക്കെ കുഞ്ഞാമൻ എഴുതി എടുക്കുന്നുണ്ടോ എന്ന് ഗുരക്കളച്ഛൻ പാളി നോക്കുന്നുണ്ടായിരുന്നു ...

ലേശം കഥയെല്ലാം ഞാനും കേട്ടിനേരുന്നു, എന്നാലും എശ്മാൻ പറയുന്നത് കേക്കുമ്പം അയിനൊരു ഭംഗ്യന്നാന്..

കാര്യസ്ഥൻ,തന്നിൽ നിന്നുള്ള പ്രീതിക്ക് വേണ്ടിയാണ് തന്നെ പുകഴ്ത്തുന്നതെന്ന് മനസ്സിലായിട്ടും, അക്കാര്യത്തിലൊരു സുഖം കൂടി ലഭിക്കുന്നതിനാൽ കരുക്കളച്ഛൻ, താനിരുന്ന ചാരുകസേരയിൽ നിന്ന് ഒന്ന് ഇളകി ഇരുന്നു കൊണ്ട് രണ്ടു വലതു കൈവിരലുകൾ ചുണ്ടോട് ചേർത്തുകൊണ്ട് കോളാമ്പിക്കായി ചുറ്റിലും പരതി നോക്കി..
കുഞ്ഞാമന് അക്കാര്യം മനസ്സിലായപ്പോൾ പുറകുവശത്തിരുന്ന കോളാമ്പിയെടുത്ത് എശ്മാനന് നേരെ നീട്ടി.. ഒന്ന് നീട്ടിമുറുക്കി തുപ്പിയതിന് ശേഷം, കുരിക്കളച്ഛൻ. പറഞ്ഞു തുടങ്ങി ..
മൈസൂർ ഖാനും കൂട്ടരും കുഭം വയലിൽ തമ്പടിച്ച കാര്യവും തങ്ങളുടെ കളരിയടക്കം സകലതും തച്ചുടച്ച് കൂരാളിയെ ഉന്മൂലനം ചെയ്യാനുമാണ് പദ്ധതിയെന്ന് അമ്മോമൻ്റെ വിശ്വസ്ത ചാരനായിരുന്ന ഒണക്കൻ അറിയിച്ചപ്പോഴേക്കും രൈരുവിനെ അടുത്തേക്കു വിളിപ്പിച്ചു.. ഏതോ നിയോഗം ലഭിച്ചതു പോലെ വിഭ്രമം ബാധിച്ചപ്പോൾ, കളരിക്കുള്ളിലേക്ക് ഇരുവരും കടന്നു ചെന്നിട്ട് സായംസന്ധ്യാസമയത്ത് പട്ടു പീഠത്തിൽ വച്ചിരുന്ന ഉടവാൾ കൈയ്യിലെടത്ത് അലറി കൊണ്ട് രൈരുവിൻ്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു ..
നമ്മുടെ നാടിൻ്റെ മാനം കാക്കാൻ രൈരു എൻ്റെ തല കൊയ്യൂ .....
അന്തം വിട്ടു നില്ക്കുന്ന രൈരുവിനോട് അമ്മോമൻ ആജ്ഞാപിച്ചു ..
രൈരു നീയിത് ചെയ്തേ പറ്റൂ... നമ്മക്ക് വെറെ വഴിയില്ല..
അന്നെക്കൊണ്ടാവൂല യശ്നനേ..
എന്നൊക്കെയുള്ള രൈരുവിൻ്റെ പരിദേവനങ്ങൾക്കൊന്നും അമ്മോമൻ വഴങ്ങിയിറ്റുണ്ടാവില്ല..
ഒടുവിൽ അതു സംഭവിച്ചു..
കളരി പരമ്പരകളെ ധ്യാനിച്ചുകൊണ്ട് ചുവന്ന പട്ട് തറ്റുടുത്ത രൈരു നിറദീപം സാക്ഷിയാക്കി അങ്കത്തറയിൽ സഗൗരരവം നിലകൊണ്ട രാമറ് ഗുരുക്കളച്ഛനെന്ന നമ്മളെ ആദി കാർണോരെ പീഠത്തിൽ വച്ചിരുന്ന മിനുസപ്പെടുത്തിയ ഉടവാളെടുത്ത് കണ്ണടച്ചുപിടിച്ചു കൊണ്ട് ലക്ഷ്യത്തിലേക്ക് ആഞ്ഞുവീശി...
കുറച്ചു നേരത്തെ സംഭ്രമാവാസ്ഥക്ക് ശേഷം രൈരു കണ്ണു തുറന്നു.. വെട്ടിയിട്ട തടപോലെ തൻ്റെ പൊന്നെശ്മാനൻ്റെ ദീർഘാകായ മായ ഉടൽ തൻ്റെ കാൽക്കീഴിലും, ചോരയിൽ കുതിർന്ന തല ഭാഗം തെക്കുപടിഞ്ഞാറ് കോണിലും കിടക്കുന്നു ..
നിണമൊഴുകിയ പടനിലം കണ്ട് രൗദ്രകാളി പൊട്ടിച്ചിരിക്കുന്നതായി തോന്നി രൈരുവിന്..
അപ്പോഴേക്കും അവിടെ അവശേഷിച്ച പടയാളികൾ ഓടിയെത്തി അവിടുത്തെ ഭീ ഭത്സമായ കാഴ്ചകൾ കണ്ട്  രൈരുവിനെ പിടിച്ചുകെട്ടിനാഞ്ഞപ്പോൾ ഭ്രാന്താവേശം പൂണ്ട രൈരുവാകട്ടെ, കൈവശമുള്ള ഉടവാൾ ചുഴറ്റി വീശിക്കൊണ്ട് പടയാളികളോട് ആക്രോശിച്ചു..
വരീനെടാ .. എൻ്റെ ഒപ്പരം
കുംഭം വയലിലേക്ക് ..
ബാ.. മൈസൂർഖാനെ വക വരുത്തണം..
ധൈര്യമുള്ളോർ മാത്രം വന്നാ മതി..
തല ബാക്കി വേണ്ടോര് വരണ്ടടാ.. വരണ്ട..
ചോരയ്യറ്റുന്ന ഊരിപ്പിടിച്ച വാളും, അരയിൽ ഉറുമിയും ചുറ്റിക്കൊണ്ട് ,ഒരു ചെറു ഇലയനക്കം പോലുമില്ലാത്ത ആ ഇരുണ്ട യാമത്തിൽ രൈരു ശരവേഗത്തിൽ, എന്നാൽ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് കുംഭം വയലിലേക്ക് കുതിച്ചു ..
ഒപ്പം നാലോ അഞ്ചോ രണ്ടോ തീയ്യപ്പടയാളികളും, രണ്ടു ചാലിയ യുവാക്കളും, കോയസ്സൻകുന്ന് ഭാഗത്തെ മൂന്നു നാല് മാപ്പിളമാരും രൈരുവിൻ്റെ സംഘത്തിൽ കൂട്ടുചേർന്നു..

(രചന - കൃഷ്ണകുമാർ കൂടാളി)

(തുടരും)
@ Copy Right Reserved ..
28-07.2021

Tuesday, July 20, 2021

ഉണ്മ (കവിത)

ഉണ്മ (കവിത)
>>>>>>>>>>>>
രണ്ടിടങ്ങഴി നെല്ലുമായ് വരാമെന്നമ്മ,
ഉമ്മറത്തിണ്ണയിലുണ്ണിയതു കേട്ടുവോ?
ഉണ്ണി നില്ക്കുന്ന ഉമ്മറത്തൂണിനുമപ്പുറം  
പെയ്തൊഴിയാതെ കള്ള കർക്കിടകം !

നല്ല ചേലുള്ള ഞാറ്റു കണ്ടത്തിലൂടതാ
ആടിവേടന്മാരാഗമിക്കുന്നു ദ്രുതം !
വാദ്യഘോഷ പരിവാരസമേതരായവർ
വന്നുടൻ നർത്തനം ചെയ്തിടുന്നു!

ഉറ്റു നോക്കുന്നു ചിലരെങ്കിലും, ഉള്ളിൽ
നിന്നമ്മ വരുന്നുണ്ടോയെന്നുണ്ണിയും !
മാരി ജേഷ്ടയെ ആട്ടിപ്പുറത്താക്കുവാൻ
വ്യാപൃത ചിത്തരാമവർ ആടിവേടന്മാർ!

രണ്ടിഴങ്ങഴി നെല്ലെവിടെയമ്മേയെന്നുണ്ണി
ദണ്ഡമോടമ്മയെത്തേടി അകത്തേക്ക്!
അമ്മയാവട്ടെ മണ്ടി നടക്കുന്നു ഉരിയരിയും
പിടിയുമളക്കുവാൻ അളവ് പാത്രത്തിന് !

തോളിൽനിന്നൂർന്ന് പോവും മാറാപ്പുമായ്
നില്പൂ , ദൈന്യരൂപം ആടിവേടൻ സമീപം !
കള്ള കർക്കിടകം നിർത്താതെ പെയ്യവെ
കണ്ണുകൾ ധാരയായ് പെയ്തൊഴിയുന്നു!

ഉണ്മയുള്ളോരുണ്ണിയോടിചെന്നകത്തേക്ക്
അച്ഛൻ തേവർക്ക് നേർന്ന നേർച്ച പെട്ടി,
തല്ലിയുടച്ചുടൻ ചില്ലറ തുട്ടുകളോടവൻ
മെല്ലെ പകുത്തു നല്കി കാണിക്കയായ് !

നീണ്ടുപോവും പാടവരമ്പിലും തോരാതെ,
പെയ്തൊഴിയാത്ത ജീവിത പ്രവാഹം !
ഹന്ത! കാഴ്ചകൾ സന്തതമീ സരണിയിൽ
കണ്ടു തീർക്കണം ജന്മ ദുഃഖ സ്മൃതം !
@ Copy Right Reserved ..

രചന - കൃഷ്ണ കുമാർ,കൂടാളി ..

Wednesday, May 26, 2021

വരപാച്ചിൽ അഥവാ പോക്ക് വരവ്..

വരപാച്ചിൽ...
(അഥവാ പോക്ക് വരവ് )

ദക്ഷിണായന സൂര്യൻ പടിഞ്ഞാറേക്ക് കൂടുതൽ ചരിഞ്ഞിരിക്കുന്നു .. കൂരാളി തെരുവിലെ അമ്പു സ്രാപ്പിൻ്റെ പീടിയയുടെ പടിഞ്ഞാറെ ചുമരിൽ പോക്കുവെയിൽ കൊണ്ട് സൂര്യൻ്റെ വിളയാട്ടം..
ഉച്ചയേറി കഴിയുമ്പോഴേക്കും വെയിൽ ചാഞ്ഞു ചാഞ്ഞു സന്ധ്യയെ വരവേല്ക്കും..
തടിച്ച ചണക്കയറുകൊണ്ട് കെട്ടിയിട്ട, നമ്പർ പ്രകാരം നിര നിരയായി അടുക്കി വച്ച നിരപ്പലകൾക്ക് മേലെ ചാരി നിന്ന് കൊണ്ട് നേരെ കാണുന്ന നിരത്തിലേക്ക് നോക്കി നില്ക്കുകയാണ്, അമ്പു സ്രാപ്പിൻ്റെ തൊട്ടടുത്ത അനാദി പീടികക്കാരൻ തൂത്തുക്കുടി കിട്ടൻ നമ്പ്യാർ...
കോയസ്സൻ കുന്നുകയറി വരുന്ന വണ്ടിക്കാരൻ ആലങ്ങാട് പൊക്കനെ കാത്തു നില്ക്കുകയാണ് അയാൾ...
സദാസമയവും നിരത്തിനപ്പുറം പാവും, നൂലും ഘടിപ്പിച്ച *മഗ്ഗത്തിൻ്റെ ഒച്ച കേൾക്കുന്നതിനാൽ സാധാരണ ആരു വന്നാലും തിരിഞ്ഞു നോക്കാതെ തൻ്റെ പ്രവൃത്തികളിൽ വ്യാപൃതനാകാറുള്ള സ്രാപ്പ് വണ്ടി വന്ന്  നിന്ന് മണിയടിച്ചത് കേട്ടാൽ  ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കും..
നെയ്യൻ നാണുവും, ആ സമയത്ത് വണ്ടിക്കടുത്തെത്തും..
പത്താംനമ്പർ തിരിയുള്ള റാന്തൽ വിളക്ക് കത്തിച്ച കാളവണ്ടിയുടെ മുന്നിലെ കൈവരിയിൽ പിടിച്ച് ഇറങ്ങി കൊണ്ട് പൊക്കൻ കിട്ടൻ നമ്പ്യാരുടെ പീടികയിലേക്ക് ഇറക്കി വക്കുമ്പോൾ ചിലപ്പോഴൊക്കെ അമ്പുസ്രാപ്പിൻ്റെ മകൻ കരുണൻ സഹായിക്കാനെത്താറുണ്ട്....
കൈത്തറി സാമഗ്രികളും, ശീലത്തുണികളും മറ്റു തുണിത്തരങ്ങളും മറ്റും എടുക്കുവാനും, പിറ്റെന്നേക്ക് കണ്ണൂർ പട്ടണത്തിൽ എത്തിക്കുവാനുമായി കൂരാളി തെരുവിലെ ചില അംഗനമാരും ആ സമയത്ത് എത്തും.
നീലഭ്യംഗ്യാദി വെളിച്ചെണ്ണ തേച്ച കാർ കൂന്തലഴകുമായെത്തുന്ന നീലപ്പാറുനെ കാണാനും, ലോഗ്യം പറയാനുമാണ് അമ്പു ഡ്രാപ്പിൻ്റെ മകൻ മകൻ കരുണൻ കിട്ടൻ നമ്പ്യാറെ സഹായിക്കാനെത്തുന്നത് എന്നായിരുന്നു നെയ്യൻ നാണൂൻ്റെ കണ്ടുപിടുത്തം...
അതിൽ അല്പ മാത്രം ശരിയുണ്ടെങ്കിലും നീലൻ പാറുന് മുറച്ചെറുക്കനായ നെയ്യൻ നാണുവിനെ അത്ര പഥ്യമല്ല തന്നെ..
നേരം സസ്യ കഴിഞ്ഞിരിക്കുന്നു ..
തെരുവിലെ മണ്ഡപത്തിൽ ചെണ്ട "കൊട്ടിക്കയറൽ " തകൃതിയായി നടക്കുന്നു ..
"ണ്ടണ്ടണ്ടണ്ടം ണ്ടണ്ടണ്ടണ്ടം
ണ്ടണ്ടണ്ടണ്ടം ണ്ടണ്ടക്ക ഗണപതി "
എന്നതാണാവോ കൊട്ടുന്നത് ..
****
അകത്തെ കളരിയിൽ കയറി തിരിതെളിയിക്കാൻ ചെന്നപ്പോഴാണ് കോമരം വേലൂന്  വിളക്കതിരിയും എണ്ണയും തീരാറായ കാര്യം മനസ്സിലായത്... ഉടനെ പുറത്തെ കളരിയിൽ വന്ന് വടക്ക് ദിശയിലേക്ക് നോക്കി..
കളരിക്ക് പുറത്ത് ഉലാത്തുകയായിരുന്ന രാമൻ ഗുരുക്കള്ളച്ചൻ വേലൂൻ്റെ പരിഭ്രമം കണ്ടപ്പോൾ കാര്യം തിരക്കി..
എന്നാ വേലൂ നീ കാര്യം പറയ്...
"വിളക്കീരിയും, എണ്ണയും കയ്യാനായി എശ്മാനേ.. "
ഗുരുക്കളച്ചൻ ഉടനെ കാര്യസ്ഥൻ കുഞ്ഞാമൻ നമ്പ്യാറെ വിളിപ്പിച്ചു വരുത്തി.. ..
കുഞ്ഞാമാ.. നീയ്യ് ഒന്ന് ചെയ്യ്..

 ചിങ്ങൻ അമ്പൂനെയും,, എമ്മെൻനായരെയും
വിളിച്ചു വരുത്തിക്ക് ..

ചിങ്ങൻ അമ്പു ശീലത്തുണികളുമായി ഇന്നലെ എത്തുമെന്നായിരുന്നു പുറം കാര്യസ്ഥൻ കോമൻ  നമ്പ്യാർ പറഞ്ഞിരുന്നത് ,ഇന്ന് നേരം മയ്യാലയായിട്ടും കാണുന്നില്ലല്ലോ, ചാമുണ്ഡീശ്വരീ..
സമയ നിഷ്ഠ എന്നത് അയാൾക്ക് പണ്ടേ പറഞ്ഞിട്ടില്ലല്ലോ ..
കുഞ്ഞാമൻ സ്വയം പറഞ്ഞു..
താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം മനസ്സിലായന്നെ മട്ടിലാണ്, തക്ക സമയത്ത് തന്നെ ചിങ്ങൻ അമ്പുവിൻ്റെ രംഗപ്രവേശം .. ഒന്നാം കാര്യസ്ഥനായ കുഞ്ഞാമൻ നമ്പ്യാരുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ, പതുങ്ങിക്കൊണ്ട് ശീല തുണിയുമായി വന്ന ചിങ്ങൻ അമ്പു,വടക്കെപ്പുറം വഴി കടന്നു കളയാൻ തക്കം പാർത്തിരുന്നപ്പോഴാണ് ഗുരിക്കളച്ചൻ ചിങ്ങൻ അമ്പുവിനെ കണ്ടത്..
പൂമുഖ മുഖപ്പിലെ ചാരുകസേരയിലി യി രു ന്ന് മുറുക്കാൻ ചെല്ലത്തിൽ നിന്നും ഇളം വെറ്റില എടുത്ത് അതിൻ്റെ തളിര് നുളളിയെടുത്ത് അല്പം പുകയിലയും, ചുണ്ണാമ്പും, അടക്ക കഷ്ണിച്ചതും ചേർത്ത് നന്നായി മടക്കി, വായ്ലോട്ട് വച്ച് അരികത്ത് വച്ചിട്ടുള്ള കോളാമ്പിയിലേക്ക നീട്ടി തുപ്പിക്കൊണ്ട് തൂണിൻ്റെ മറവിൽ നില്ക്കുക്കുകയായിരുന്ന ചിങ്ങൻ അമ്പുവിനെ വിളിച്ചു..
റാൻ...
അനുസരണയുള്ള കുഞ്ഞാടായി അമ്പു ...
പാവത്താനായി നിലകൊണ്ട അമ്പുവിനോട് കുരിക്കളച്ഛൻ പറഞ്ഞു ..
എനി ഇങ്ങനെ വൈകിക്കണ്ട കെട്ടാ.. വൈകിച്ചാൽ നിന്നയിടെയിനി കാണൂല കെട്ടാ..
ഉം.. പോട്..
അമ്പു ശരവേഗത്തിൽ സ്ഥലം വിട്ടു..

Monday, May 17, 2021

സഹന വീഥിയിലെ അഭയമരച്ചില്ലയിൽ (ആത്മകഥ ) - ഭാഗം - 3

#സഹന വീഥിയിലെ അഭയമരച്ചില്ലയിൽ# (ആത്മകഥ ) - ഭാഗം - 3
>>>>>>>>>>>>>>>>>>>
പേരിനും പ്രശസ്തിക്കും വേണ്ടിയൊന്നുമല്ലെങ്കിലും എന്റെ ആത്മകഥയുടെ മൂന്നാം ഭാഗവും വായനക്കാർ സമക്ഷം സമർപ്പിക്കുകയാണ്... 
സദയം സ്വീകരിച്ചാലും...

ഇത് എന്റെ മാത്രം കഥയല്ല..
നാട്ടകങ്ങളുടെയും, നാട്ടറിവിന്റെയും, വംശാവലിയുടെയും കഥയാണ് ..
കേവലം പഴം പുരാണങ്ങളെന്നു പറഞ്ഞു തള്ളിക്കളയാതിരിക്കുക..

നമ്മെ ബന്ധപ്പെടുത്തുന്ന പഴയ കാല ജീവിത ചര്യകളെയും, അതോടനുബന്ധിച്ച് കണ്ണികളാക്കപ്പെട്ടവരെയും ഇഴചേർത്തുള്ള സാമൂഹിക പശ്ചാത്തല വിവരണം പുതുതലമുറകൾക്ക് പ്രചോദനമാവുകയാണെങ്കിൽ ഞാൻ ധന്യനാകും..

സ്വന്തം ജീവിതകഥ എഴുതാൻ മാത്രം, ഞാൻ അതിപ്രശസ്തനൊന്നുമല്ല, അല്ലെങ്കിൽ പ്രശസ്തിക്ക് വേണ്ടിയല്ല ഞാനിതെഴുതുന്നതന്ന ഉത്തമ ബോദ്ധ്യമെനിക്കുണ്ട് താനും.!

ഒരു കഥയെഴുതി സമൂഹ മധ്യമങ്ങളിൽ പങ്കുവച്ചാൽ, ആയത് നിരവധി പേർ വായിക്കുകയോ കണ്ണോടിച്ചു പോവുകയോ ചെയ്യാറുണ്ട്.. പക്ഷെ വായിച്ചു കഴിഞ്ഞാൽ ലൈക്ക് ചെയ്യാൻ വരെ പലരും വിമുഖത കാട്ടുന്നു എന്നത് എഴുത്തുകാരെ സംബന്ധിച്ച് ഖേദകരം തന്നെയാണ്.. ലൈക്ക് ചിഹ്നങ്ങളിലൂടെ തന്നെ ഇഷ്ടവും ,സ്നേഹവും, അതിശയവും, സങ്കടങ്ങളും കോപവും എല്ലാം രേഖപ്പെടുത്താമല്ലോ... കമന്റിന്റെ കാര്യത്തിലാണെങ്കിൽ വിമർശനാത്മക സംവാദം നടക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ.. അതു കൊണ്ട് തന്നെ, പ്രശസകൾ മാത്രമേ എഴുതാവു എന്ന പക്ഷവുമില്ല.. ആരോഗ്യകരമായ വിമർശനങ്ങൾ എഴുത്തുകാരെ കൂടുതൽ മികവു പുലർത്താൻ സഹായിക്കും എന്നതിൽ തർക്കമില്ല..
***

ആത്മകഥ 
(സഹന വീഥിയിലെ അഭയമരച്ചില്ലയിൽ.. )

ഭാഗം-3

"യക്ഷിയും, കൊല്ലങ്കോടും പിന്നെ മഹാകവി പി യും .."
---------------
കഥയിലേക്ക് കടക്കട്ടെ ....
വരൂ നമുക്കൊരു യാത്ര പോകാം.. രസകരമായ ചില കഥകൾ പങ്കുവെച്ചു കൊണ്ട് പഴയ കാലത്തിലേക്ക് ഊളിയിട്ടു കൊണ്ട് യക്ഷിക്കഥകൾ കേട്ടുകൊണ്ട് .. ഇത്തിരി പാലക്കാടൻ കാറ്റേറ്റുകൊണ്ട് ..

അച്ഛന്റെ ട്രെയിനിങ്ങ് കാലഘട്ടത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത് ..
1936ൽ ജനിച്ച എന്റെ അച്ഛൻ 1952 ആണ്ടോടു കൂടി SSLC പാസ്സാവുകയും, തുടർന്ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്ന സ്ഥലത്ത് അദ്ധ്യാപന ട്രെയിനിങ്ങിനായി (TTC) കൊല്ലങ്കോട് രാജാസ് ട്രെയിനിങ്ങ് സ്കൂളിൽ ചേരുകയും ചെയ്തു... രണ്ടു വർഷത്തെ കോഴ്സ് ആയിരുന്നു ..കൊല്ലങ്കോട് രാജാക്കന്മാരുടെ അധീനതയിലുള്ള രാജാസ് ഹൈസ്കൂളിനോട് ചേർന്നാണ് ട്രെയിനിങ്ങ് സ്കൂളും ഉണ്ടായിരുന്നത് ..

പാണ്ടി നാടിന്റെ ചൂടും ചൂരും പ്രത്യക്ഷത്തിൽ തന്നെ അറിയാനാവുന്ന ഒരുപാലക്കാടൻ പ്രദേശമാണ് കൊല്ലങ്കോട്..യക്ഷിക്കഥകളിൽ നിറഞ്ഞു നില്ക്കുന്ന, എണ്ണപനകളാൽ സമൃദ്ധമായ നാട് .. കാറ്റിൽ പനം പട്ടകൾ ആടിയുലമ്പോൾ രാക്ഷസന്മാരെ പോലെ ഉന്മാദ നൃത്തം ചെയ്യുകയാണോ അവറ്റകൾ എന്ന് തോന്നിപ്പോകും... വിശാലമായ പാടശേഖരങ്ങളും പാടങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ചില പനകളും അവിടങ്ങളിലെ കാഴ്ചകളാണ് ..
സ്കൂളിനോട് ചേർന്ന പ്രധാന പാതയിൽ നിന്ന് രണ്ടു മൂന്ന് ഫർ ലോങ്ങ് നടന്നാൽ പാതകൾ നേർത്ത് ഒറ്റയടിപാതകളാവുകയും, അങ്ങിനെ പാടവരമ്പിലൂടെ നടന്ന് മറുകരയിലെ തോട്ടുവക്കിനടുത്ത ഓട്ടുപുരയിലായിരുന്നത്രെ അച്ഛനും കൂട്ടുകാരും താമസിച്ചിരുന്നത് ..ഉമ്മറത്തിരുന്നാൽ വിശാലമായ വയൽ കാണാം...
അതിന്റെ അക്കരയിലാണ് അങ്ങാടി ..
അച്ഛനെ കൂടാതെ കണ്ണൂരുകാരായ അഞ്ചോ ആറോ പേർ വേറെയും ഒരേ സ്ഥലത്ത് താമസിച്ച് പഠിച്ചു പോരുന്നുണ്ടായിരുന്നു ..

അദ്ധ്യാപക യൂനിയൻ സംസ്ഥാന നേതാവായിരുന്ന ശ്രീ M T കുഞ്ഞിരാമൻ നമ്പ്യാരും, പിന്നെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായിരുന്ന ശ്രീ എടക്കാട് നാരായണൻ മാസ്റ്റരും ഒക്കെ ഇതേ സ്ഥലത്തെ താമസക്കാരും സഹപാഠികളും ആയിരുന്നത്രെ.. വെറെയും ഒന്നു രണ്ടു നാട്ടുകാരായ സഹപാഠികളെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും അവരുടെ പേരുക്കൾ ഓർമ്മയിൽ വരുന്നില്ല ..

അങ്ങാടിയിൽ പോയി സാധനങ്ങൾ വാങ്ങി വരുന്നത് ഓരോ തവണവും ഓരോരുത്തരുടെ ചുമതലയായിരുന്നത്രെ.. അവരവരുടെ ഊഴമനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും..
നാട്ടുകാരനായ സുഹൃത്ത് വളരെ രസികനായിരുന്നത്രെ..
ഈ പറയുന്ന സുഹൃത്ത് പല കഥകളും പറയുന്നതിലും, കഥകൾ ഉണ്ടാക്കുന്നതിലും ബഹു മിടുക്കനായിരുന്നു പോലും!
രാവിലെയും, വൈകുന്നേരങ്ങളിലും ഉമ്മറത്തിരുന്ന് അച്ഛനും, ആ സുഹൃത്തും ഒരുമിച്ചായിരുന്നു പഠിച്ചു കൊണ്ടിരുന്നത് ..
അങ്ങിനെ ഇരിക്കെ ഒരു ദിവസം രാത്രി അങ്ങാടിയിൽ പോയി വൈകി വന്നയാൾ പിറ്റെന്ന് രാവിലെ എഴുന്നേൽക്കാൻ വയ്യാതെ പനിച്ച് കിടക്കുന്നതാണ് മറ്റുള്ളവർ കണ്ടത്..
കാരണം തിരക്കിയപ്പോൾ അയാൾ പറയുകയാണ്, വരും വഴിവയലിലെ ഒറ്റപ്പനയുടെ അവിടെ വച്ച് ഒരു "യക്ഷിയെ " കണ്ടുവെന്ന് ..

അതിനു മുമ്പും യക്ഷിയെ കണ്ടു എന്ന് അവകാശപ്പെട്ടവർ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇയാൾക്ക് അതിലൊട്ടു വിശ്വാസവും ഭയവും ഉണ്ടായിരുന്നില്ല..
അച്ഛന് ഭയമില്ലെന്ന് പുറമേക്ക് നടിച്ചുവെങ്കിലും, പലപ്പോഴും രാത്രി കാലങ്ങളിൽ ഒരേ സമയത്ത് സൈക്കിൾ ശബ്ദം കേൾക്കുകയും, അതോടൊപ്പം പട്ടികുരക്കുകയും ചെയ്യുന്നത് കേട്ടിരുന്നു പോലും, ആയത് യക്ഷിയുടെ സഞ്ചാര പഥമാണ് എന്ന് ചിലർ പറയുന്നതിനാൽ ആയതിനെ കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചിരുന്നില്ല..

അത്രയും നാൾ ധൈര്യശാലിയെന്നവകാശപ്പെട്ട മേൽ പറഞ്ഞ വിദ്വാൻ പനിച്ച് കിടപ്പായതിനെ കുറിച്ച് ചോദിച്ചപ്പോൾ യക്ഷിയെ നേരിട്ട് കണ്ടു എന്ന് പറഞ്ഞു..

ആദ്യം സൈക്കിളിന്റെ ബെൽ കേൾക്കുകയും.. പിന്നാലെ പട്ടി ഓരിയിടുന്ന ശബ്ദവും കേട്ടു. പിന്നെ നല്ല നിലാവത്ത് ഒരു സ്ത്രീരൂപം മുന്നോട്ട് നീങ്ങുന്നു.. ആദ്യം മെല്ലെ നടന്നിരുന്നയാൾ സ്ത്രീരൂപത്തെ കാണാൻ വേഗത്തിൽ നടക്കുന്തോറും അതിനടുത്ത് എത്താൻ കഴിയാത്ത വിധം ആ രൂപം മുന്നോട്ട് ചലിക്കകയാണ് .. അപ്പോഴേക്കും, ആരോ പിന്നോട്ട് വലിക്കുന്നതു പോലെ .. പിന്നെയും ധൈര്യം അവലംബിച്ച് അടുത്തെത്തുമ്പോൾ, ആ രൂപം പെട്ടെന്ന് തെന്നിയകലുന്നു .. തെല്ലിട മാത്ര അയാൾ ആ രൂപത്തിന്റെ കാൽപ്പത്തിയിലേക്ക് നോക്കിയപ്പോൾ സപ്തനാഡികളും തളർന്ന് സ്തബ്ധനായത്രെ.. കാരണം, ആ രൂപത്തിന്റെ കാലടികൾ നിലത്തു ഉറക്കുന്നുണ്ടായിരുന്നില്ല, പോരാത്തതിന് രൂപം മുന്നോട്ടാണ് നീങ്ങുന്നതെങ്കിലും, കാല്പത്തികൾ രണ്ടും പിന്നോട്ടയാണത്രെ കാണപ്പെട്ടത്.. ഇത്രയും കണ്ട ആ സുഹൃത്ത് എങ്ങിനെയൊക്കയോ ഭാഗ്യം കൊണ്ട് താമസസ്ഥലത്തെത്തി വന്ന പാടെ കിടക്കയിലേക്ക് വീഴുകയായിരുന്നു പോലും..
ഈ സംഭവത്തോടെ അയാൾ കളിയാക്കലുകൾ നിറുത്തിയെന്നാണ് മറുമൊഴി..

പിന്നീട് ഇക്കാര്യങ്ങൾ എല്ലാവരും കൂടി ഇക്കാര്യങ്ങൾ സമീപവാസികളോട് ചോദിച്ചപ്പോഴാണ് അവർക്ക് പുതിയൊരു വാക്ക് കിട്ടിയത്..

"ഒടിയൻ.."

എതിരാളിയെ ഒടിവച്ച് മലർത്തിയടിച്ചും, മാറു പിളർന്നും മാരണം ചെയ്തും മായാജാലവിദ്യകൾ സ്വായത്തമാക്കിയ ചില അടിയാള വർഗ്ഗത്തിൽപ്പെട്ടവരാണത്രെ ഒടിയന്മാർ
ഒടിവച്ച് വീഴ്ത്തുന്നത് മേലാളരുടെ പീഡനങ്ങളും, താഢനങ്ങളും സഹിക്കവയ്യാതെ ചെയ്യുന്നതാണത്രെ ഈ ദുഷ്കർമ്മം, പാലക്കാടും, വള്ളുവനാട്ടിലും ഒടി വിദ്യ അറിയാവുന്ന ചിലരെങ്കിലും ഇപ്പോഴും ഉണ്ടെന്ന്  ഈയ്യിടെ ഇറങ്ങിയ ചലചിത്രം സാക്ഷ്യപ്പെടുത്തുന്നു .. ആയതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല ..
***
കൊല്ലങ്കോട് ട്രെയിനിങ്ങ് സമയത്തും കവി മാഷ് എന്ന ഭക്ത കവി ശ്രീ പി. കുഞ്ഞിരാമൻ നായർ അച്ഛനെ പഠിപ്പിച്ചിരുന്നു പോലും..

അതിന് മുമ്പ് കൂടാളി ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന സമയത്തെ പരിചയം അപ്പോൾ കൂടുതൽ ദൃഢമായി ..

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിന്റെ സമീപവാസിയായിരുന്ന മലയാളത്തിന്റെ മഹാകവിയായിരുന്ന ശ്രി പി. കുഞ്ഞിരാമൻ നായർ ചെറുപ്പത്തിലെ സംസ്കൃതം അഭ്യസിക്കുകയും തന്റെ പതിനാലാമത്തെ വയസ്സു മുതൽ കവിതയെഴുത്ത് ആരംഭിക്കുകയും ചെയ്തിരുന്നത്രെ.. അറിയപ്പെടുന്ന കവിയായതിനാലും സംസ്കൃതത്തിൽ നല്ല പാണ്ഡിത്യം ഉള്ളതിനാലും അദ്ധ്യാപന ബിരുദമില്ലാതെ തന്നെ സർക്കാർ അദ്ദേഹത്തെ കൂടാളി ഹൈസ്കൂൾ അധ്യാപക നാകാൻ അനുമതി കൊടുക്കുയായിരുന്നത്രെ..
നിഷക്കളങ്കനും, സഹാനുഭൂതിയും കൈമുതലായിരുന്ന ഇദ്ദേഹത്തിന് പഠിപ്പിക്കുന്ന ശിഷ്യരോട് എന്നും സ്നേഹവാത്സല്യമായിരുന്നു .
പഠിപ്പിക്കുന്ന സമയങ്ങളിൽ പാo ഭാഗങ്ങൾ തെറ്റിക്കുന്ന ശിഷ്യരുടെ നേരെ അപൂർവ്വമായെങ്കിലും ചൂരൽപ്രയോഗം നടത്താറുണ്ടത്രെ... ഇദ്ദേഹത്തിന്റെ സഹാനുഭൂതി എന്ന ബലഹീനത മനസ്സിലാക്കിയ ചില വിരുതന്മാർ അടി കിട്ടിയാൽ നിലവിളിച്ചു കരയുമായിരുന്നു.. അതു കേട്ടാൽ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞ് ജുബ്ബയുടെ പോക്കറ്റിൽ നിന്ന് നാരങ്ങാ മിട്ടായി കൊടുക്കുകയും, അടി കിട്ടിയ വിദ്യാന് ചായയും കടിയും വാങ്ങിക്കൊടുക്കുകയും ചെയ്യുമായിരുന്നു.. 
കൂടാളിയിൽ താമസിച്ചപ്പോൾ സ്ഥിരമായി ഊണു കഴികഴിക്കുമ്പോൾ ശിഷ്യമാരെ ആരെയെങ്കിലും കണ്ടാൽ ഉടനെ വയറുനിറച്ചു ആഹാരം വാങ്ങിക്കൊടുക്കുന്നതും ഇദ്ദേഹത്തിന്റെ ശീലമായിരുന്നു:
കൂടാളി ഹൈസ്കൂളിൽ പഠിപ്പിക്കവെ ഒരിക്കൽ മലയാളം വിദ്വാൻ പരീക്ഷയെഴുതിയ കഥ പ്രസിദ്ധമാണ്..  ചോദ്യക്കടലാസിൽ ആദ്യത്തെ ചോദ്യം എഴുത്തച്ഛനെ കുറിച്ച് എഴുതാനായിരുന്നു.,.. ആ ചോദ്യത്തിന് നാല്പതു പേജോളം എഴുതിയപ്പോഴേക്കും സമയം തീർന്നുവത്രെ.. ഒറ്റ ചോദ്യത്തിന് മാത്രം ഉത്തരം എഴുതിയ അദ്ദേഹം തോറ്റു എന്ന് പറയേണ്ടതില്ലല്ലോ ..

കൊല്ലങ്കോട് പഠിപ്പിക്കുന്ന സമയത്ത് അച്ഛനെ ഒരിക്കൽ ഗുരുവായൂർ വച്ച് കവി മാഷ് കണ്ടുമുട്ടി.. കിഴക്കെ നടയിൽ കൊടിമരത്തിനടുത്തു നിന്ന് തൊഴുതുനില്ക്കെയാണത്രെ കണ്ടത്..
അച്ഛനെ കണ്ടപാടെ പോക്കറ്റിൽ കയ്യിട്ട് കിട്ടിയ ചില്ലറ പൈസ അച്ഛന്റെ കൈയ്യിൽ കൊടുത്തിട്ട്, തലയിൽ കൈവച്ച് അനുഗ്രഹിച്ചിട്ട് പറഞ്ഞു...

"വീണൂട് .. "

എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കി വരുമ്പോഴേക്കും കക്ഷി അമ്പലനടയിൽ സാഷ്ടാംഗം പ്രണാമം ചെയ്തു കഴിഞ്ഞിരുന്നു..
അച്ഛനും അതുപോലെ ചെയ്തു ..
കവി മാഷ് സാഷ്ടാംഗം നമസ്കരിക്കുന്നതിനിടയിൽ ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടേ ഇരുന്നു ..
വളരെ നേരം ഇഴഞ്ഞു നീങ്ങി.. ആ ദീർഘനമസ്കാരം കിടന്ന കിടപ്പിൽ ഒളികണ്ണിട്ട് അച്ഛൻ നോക്കിക്കൊണ്ടിരുന്നു..
എന്തിനേറെ പറയട്ടെ, ഇരുപതു മിനുനോളം നീണ്ട ദീർഘനമസ്കാര പ്രാർത്ഥനയായിരുന്നാൽ .. അച്ഛൻ പറഞ്ഞു കഴുത്തു ഉളുക്കാതിരുന്നത് ഭാഗ്യം..

അതിന് ശേഷം അവിടുന്ന് ഊണും വാങ്ങിക്കൊടുത്തിട്ടെ കവി മാഷ് തന്റെ ശിഷ്യനെ മോചിപ്പിച്ചുള്ളൂ.
ഗുരുവായൂരപ്പനോട് അകമഴിഞ്ഞ  ഭക്തി അച്ഛന്റെ ഉള്ളിൽ നിറഞ്ഞതിൽ ആ ഭക്ത കവിക്കും പങ്കുണ്ട് ..
അച്ഛന് ഗുരൂവായൂരിൽ വച്ച് ലഭിച്ച അനുഗ്രഹത്തിന്റെ ചെറിയൊരു പങ്കു ലഭിച്ചതിനാലാകാം ഈയുള്ളവനും വല്ലതും കോറിയിടാൻ സാധിക്കുന്നതെന്നൊരു തോന്നൽ ഇല്ലാതില്ല ..
വീണേടം വിഷ്ണു ലോകമാക്കിയ "കളിയച്ഛൻ" ഉൾപ്പെടെ മഹത്തര കാവ്യങ്ങൾ മലയാളിക്ക് നല്കിയ മഹാകവി ശ്രീ പി. കുഞ്ഞിരാമൻ നായരുടെ ഓർമ്മകൾക്ക് എന്റെ ആത്മ പ്രണാമം..
- ശേഷം കഥ - അടുത്ത ഭാഗത്തിൽ ..
@ Copy Right Reserved .
( ഫോട്ടോ - മഹാകവി - ശ്രീ പി .കുഞ്ഞിരാമൻ നായർ - അവലംബം - ഗൂഗിൾ )

by: കൃഷ്ണ കുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ ..
തുടർവായന ആഗ്രഹിക്കന്നവർക്ക് വേണ്ടി, കഴിഞ്ഞ ഭാഗത്തിന്റെ Link താഴെ ചേർക്കുന്നു ..
https://m.facebook.com/story.php?story_fbid=3144366408940332&id=100001010113458

Friday, May 14, 2021

സഹന വീഥിയിലെ അഭയമരച്ചില്ലയിൽ (ആത കഥ ) ഭാഗം-2

ഇത് എന്റെ കഥ
----------------------
സ്നേഹ ഭാജനങ്ങളെ,
എന്റെ ആത്മകഥ രചനയുടെ ഒന്നാം ഭാഗം മുഖപുസ്തക താളിൽ Post ചെയ്തതിനു ശേഷം നീണ്ട ഇടവേള ഉണ്ടായിരുന്നു ..
" അഗ്നിശിഖയുടെ " പ്രകാശന തിരക്കും മറ്റുമാ യി തുടർ രചന നീണ്ടുപോയി, ക്ഷമാപണ പൂർവ്വം 2 മത് ഭാഗം ഇവിടെ സദയം  സമർപ്പിക്കട്ടെ, സ്വീകരിച്ചാലും..

#സഹന വീഥിയിലെ അഭയ മരച്ചില്ലയിൽ.. (ആത്മകഥ ) #
============
ഭാഗം-2
പൂ വിരിയും പോലെ ..

"എന്നാ ബാ പോവ്വാം ..
കുറേ പിന്നോട്ടേക്കാണ് കേട്ടോ.. "

 നിമിഷങ്ങളും, മിനുട്ടുകളും, മണിക്കൂറുകളും അങ്ങിനെ അനേകായിരം ദിവസങ്ങളും പിന്നിട്ട് പിന്നാക്കത്തിലേക്ക് .. ക്ലോക്കിലെ മണിക്കൂർ സൂചികൾക്ക് പിന്നാക്കം കറങ്ങുന്നതനുസരിച്ച് കൃസ്ത്യബ്ദ്യം 1968 ഉം കടന്ന് 1936 മാണ്ട് എത്തുന്നതു വരേക്കും നടക്കണം..

1968 നെ പറ്റി പറയുകയാണെങ്കിൽ ആയാണ്ടിലാണ് ഈയുള്ളവൻ ജനിച്ചതത്രെ.... എന്നെക്കുറിച്ച് പറയുന്നതിന് മുന്നെ എന്റെ അച്ഛനെക്കുറിച്ച് പറയേണ്ടതുണ്ട്.. അതിനാലാണ് 1936 വരെ പിന്നാക്കം നടക്കാമെന് പറഞ്ഞത് ..
****
1936 ന് ഒരു പ്രത്യേകതയുണ്ട്, തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഹിന്ദു മതത്തിലെ നാനാജാതിക്കാർക്കും ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം എന്ന നിലയിൽ..
വൈക്കം സത്യാഗ്രഹത്തിന്റെയും, ഗുരുവായൂർ സത്യാഗ്രഹത്തിന്റെ അലയൊളികൾ ഇങ്ങ് മലബാറിലും മാറ്റൊലി കൊണ്ടപ്പോൾ, ഇവിടെയും പുത്തനുണർവ്വുകൾ ഉണ്ടായി..

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിലായിരുന്നു മലബാർ എങ്കിലും സാമന്തൻമാരായ നാട്ടുരാജാക്കന്മാരെ അവർ പാടെ അവഗണിച്ചിരുന്നില്ല.. ബ്രിട്ടീഷ് കോയ്മ അംഗീകരിച്ചു കൊണ്ടു തന്നെ ഭൂസ്വത്തുകളിൽ കപ്പം പിരിക്കാനും ക്രയവിക്രയം ചെയ്യാനുമുള്ള പരിമിതമായ അവകാശങ്ങൾ നാട്ടുരാജാക്കന്മാർക്കും, അവരുടെ അനുര ചന്മാരായ നായർ തുടങ്ങിയ മേൽജാതി ഭൂപ്രഭുക്കന്മാർക്കും പതിച്ചു നല്കുകയുണ്ടായി..
ഇന്നത്തെ കണ്ണൂർ ജില്ല, കോട്ടയം രാജാക്കന്മാരുടെയും (മലബാർ കോട്ടയം) കോലത്തിരി രാജാക്കന്മാരുടെയും അധീനതയിലായിരുന്നു. വീര പഴശ്ശിരാജാവുൾപ്പെടെയുള്ള കോട്ടയം രാജവംശം ഭരിച്ചിരുന്ന പഴയ കോട്ടയം താലൂക്ക് ഇന്ന് തലശ്ശേരി ഇരിട്ടി താലൂക്കുകളിലും
കോലത്തിരി ഭരിച്ചിരുന്ന പഴയ ചിറക്കൽ താലൂക്ക്, കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളും ആകുന്നു...

ഇത്രയും വിശദമായി പറഞ്ഞത് പഴയ കാലത്തെ കുറിച്ച് സൂചിപ്പിക്കാൻ മാത്രമാണ്.. അങ്ങിനെ പഴയ മലബാർ കോട്ടയം താലൂക്കിലെ കൂട്രാളി അംശം, താറ്റിയോട് ദേശത്താണ് എന്റെ അച്ഛൻ ജനിച്ചത്.. കൂടാളി അംശം എന്നത് ഏഴോളം ദേശങ്ങൾ ഉൾപ്പെട്ട പ്രദേശമായിരുന്നു .. ഈ അംശം ഭരിച്ചിരുന്നത് കൂടാളി താഴത്ത് വീടെന്ന ജന്മി കുടുംബമായിരുന്നു .. നായർ ( നമ്പ്യാർ ) സമുദായക്കാരായ അവരുടെ പ്രധാന കാര്യസ്ഥനായിരുന്ന ശ്രീ മുണ്ടയാടൻ കമ്മാരൻ നമ്പ്യാരുടെ അനന്തിരവനായ എന്റെ അച്ഛൻ വളർന്നത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരുന്നു ..

അഞ്ചരക്കണ്ടിക്കടുത്ത പാളയം എലിമെന്ററി സ്കൂൾ അദ്ധ്യാപകനായിരിക്കേ സർക്കാർ ഉദ്യോഗം ഉപേക്ഷിച്ച് കൂടാളി താഴത്തെ വീടെന്ന ജന്മി ഭരണ കേന്ദ്രത്തിലെ മുഖ്യ കാര്യസ്ഥ പദവിയേറ്റെടുത്തത് കേവലം ധന വർദ്ധന ഉപായം കൊണ്ടു മാത്രമല്ല, ഒരു പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത്ര ഗരിമ ലഭിക്കുമായിരുന്നെന്ന് ഒരിക്കൽ എന്നോട് കമ്മാരൻ വലിയച്ഛൻ ( അദ്ദേഹത്തെ അങ്ങിനെയാണ് ഞങ്ങൾ വിളിച്ചിരുന്നത്) പറയുകയുണ്ടായി..
ആലങ്കാരികമായി സൂചിപ്പിച്ചത് അന്നത്തെ സാമൂഹിക വ്യവസ്ഥ ചൂണ്ടിക്കാട്ടാനായിരുന്നു...

ഇനി അച്ഛനിലേക്ക് വരാം..
എന്റെ അച്ഛന്, അദ്ദേഹത്തിന്റെ അച്ഛന്റെ രൂപം വളരെ അവ്യക്തമായേ ഓർമ്മയിലുണ്ടായിരുന്നുള്ളു പോലും..

നേരത്തെ പറഞ്ഞല്ലോ 1936 ലാണ് എന്റെ അച്ഛൻ ജനിച്ചതെന്ന് .. കൃത്യമായി പറഞ്ഞാൽ 1936 ഫിബ്രവരി മാസം 22 ന് ശനിയാഴ്ച അമാവാസി ദിവസം (കൊല്ലവർഷം 1111 കുംഭമാസം 10 തീയ്യതി - അവിട്ടം നാളിലായിരുന്നു ജനനമെന്ന് പഴയ ഡയറിയിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു ..

കൂടാളി,താററിയോട് ദേശത്ത് മേച്ചിറ വീട്ടിൽ ശ്രീ
പാക്കുന്നുമ്മൽ വെന്നപ്പാലൻ  കുഞ്ഞിരാമൻ നമ്പ്യാരുടെയും, ശ്രീമതി മുണ്ടയാടൻ ലക്ഷ്മിയമ്മയുടെയും നാലു മക്കളിൽ ഇളയവനായിരുന്നു എന്റെ അച്ഛൻ, പിൽക്കാലത്ത് നാട്ടുകാർ കണ്ണൻ മാഷെന്നും, എം.കുഞ്ഞിക്കണ്ണൻ മാഷെന്നും സ്നേഹപൂർവ്വം വിളിച്ചിരുന്ന ശ്രീ മുണ്ടയാടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ..

അച്ഛന്റെ അമ്മയുടെ തറവാട് ,ഇപ്പോൾ ഞാൻ അധിവസിക്കുന്ന കീഴല്ലൂർ ദേശത്തായിരുന്നു.
അച്ഛമ്മയുടെ മുറച്ചെറുക്കനായിരുന്നു എന്റെ അപ്പൂപ്പൻ, അതായത് അച്ഛന്റെ അച്ഛൻ ശ്രീ കുഞ്ഞിരാമൻ നമ്പ്യാർ ..
തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്തേ താന്തോന്നി എന്ന 'ദുഷ്പേര് ' നേടിയെടുത്ത വ്യക്തിയായിരുന്നത്രെ ഞങ്ങളുടെ അപ്പുപ്പൻ ..

    അവർണ്ണരോടൊപ്പവും, ദളിതരോടൊപ്പവും ചേർന്നു കൊണ്ട് " കുറത്തിയാട്ടം" പോലുള്ള കലാ രംഗങ്ങളിൽ നിപുണനായിരുന്നത്രെ അദ്ദേഹം.. എന്റെ അച്ഛന് അദ്ദേഹത്തെക്കുറിച്ച് വളരെ അവ്യക്തമായ ഒർമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ പോലും..
അച്ഛന് അഞ്ചോ ആറോ വയസ്സ് പ്രായമുള്ളപ്പോഴാണ് അപ്പൂപ്പൻ മരണപ്പെട്ടത്... അല്ലെങ്കിലും പണ്ട് മരുമക്കത്തായ സമ്പ്രദായമായിരുന്നതിനാൽ ഒരു കുടുംബത്തിന്റെ ഗൃഹസ്ഥൻ മാതുലൻ ആയിരിക്കും.. അച്ഛന്റെ അമ്മയെ എനിക്ക് വ്യക്തമായ ഒർമ്മയുണ്ട്.. അവരുടെ ചെറുപ്പകാലം കീഴല്ലൂർ പുതുക്കുടി ഭവനത്തിലും, അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു .. എന്നിരുന്നാലും അച്ഛമ്മയുടെ അച്ഛൻ വെന്ദപ്പാലൻ കുഞ്ഞമ്പു നമ്പ്യാർ കൂടാളി താഴത്തു വീട്ടിലെ മുഖ്യ കാര്യസ്ഥനും, കൂടാളി താറ്റിയോട് ചെറു കെട്ടാരം ഭഗവതി കളിയാട്ടകാവും, വീടും സംരക്ഷിച്ചു കൊണ്ട് അവിടെ സംബന്ധം ചെയ്ത് പരിപാലിച്ചു പോരുകയും, ഒന്നും,രണ്ടും, മൂന്നും ഭാര്യമാരെയും ,മൂന്നു ഭാര്യമാരിലെ മക്കളുമായും ഒത്തൊരുമയോടു കൂടി പലപ്പോഴും താമസിച്ചു പോന്നിരുന്നു.. ഇപ്പോഴും ഈ കുടുംബങ്ങളെല്ലാം ചെറുകൊട്ടാരത്തിലെ കളിയാട്ട സമയത്തും, വൈവാഹിക, മറ്റു ഇതര സന്ദർഭങ്ങളിലും ഒത്തുചേരാറുണ്ട്.. അന്നത്തെ കാരണവന്മാർക്ക് കൂട്ടുകുടുംബത്തെ, മെയ് വഴക്കത്തോടെ നിലനിറുത്തി പോരുവാനുള്ള കരുത്തും തന്റെടവും ഉണ്ടായിരുന്നു എന്നാണ് വരുത്തമാനകാല അണുകുടുംബ ശിഥില വ്യവസ്ഥിതിയുമായി കൂട്ടി വായിക്കേണ്ടത്..
അച്ഛന്റെ അച്ഛന്റെ മരണത്തോടെ അച്ഛമ്മയും അച്ഛനും, വലിയമ്മയും, വലിയച്ഛനും നേരത്തെ പറഞ്ഞ അച്ഛന്റെ അമ്മാവൻ ശ്രീ കമ്മാരൻ നമ്പ്യാരുടെ സംരക്ഷണയിൽ മേച്ചറ എന്ന വീട്ടിൽ കഴിഞ്ഞിരുന്ന കാലഘട്ടത്തെ കുറിച്ച് പലപ്പോഴായി അച്ഛൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയിൽ മുഴങ്ങുന്നു..

മേച്ചിറ വയൽ എന്ന വയൽഭാഗവും, മേച്ചിറ പറമ്പും പിന്നെയും പലയിടങ്ങളിലായി സ്ഥലങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നത്രെ എന്റെ അപ്പൂപ്പൻ .. മേച്ചിറ പറമ്പിൽ 3 വീടുകളുണ്ടായിരുന്നതിൽ നടുവിലുള്ള വീട്ടിലായിരുന്നു അച്ഛനം അച്ഛമ്മയും, അച്ഛന്റെ അമ്മാവനുമൊപ്പം താമസിച്ചിരുന്നത് .. 
അച്ഛന്റെ അമ്മാവൻ തങ്ങളുടെ പരിപാലനം കൃത്യമായി ചെയ്തു പോന്നിരുന്നെങ്കിലും, കൂടാളി താഴത്തെ വീട്ടിലെ കാര്യസ്ഥനെന്ന ഭരണകാര്യങ്ങളിലെ കൃത്യാന്തരബാഹുല്യം കാരണം വീട്ടുകാര്യങ്ങളിലും, മരുമക്കളുടെ കാര്യങ്ങളിലോ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞിരുന്നില്ല .. പരീക്ഷ സമയങ്ങളിൽ പരീക്ഷ ഫീസടക്കാൻ പണം ചോദിക്കാൻ ഭയം കാരണം പലപ്പോഴും വൈകിയായിരുന്നത്രെ അടച്ചു കൊണ്ടിരുന്നത് ..

താറ്റിയോട് മേച്ചിറ വീടിന് അടുത്തു തന്നെയുള്ള താറ്റിയോട് നോർത്ത് എൽ പി സ്കൂളിലായിരുന്നു അച്ഛന്റെ പ്രാഥമിക വിദ്യാഭ്യാസം, അവിടെ അച്ഛന്റെ ഒരു അമ്മാവൻ ശ്രീ CH നാരായണൻ നമ്പ്യാർ അദ്ധ്യാപകനായുണ്ടായിരുന്നു .. പിന്നെ കോരൻ മാഷ്, ഗോപാലൻ മാഷ്.. അച്ഛന്റെ അദ്ധ്യാപകരായിരുന്ന ഇവരെപ്പറ്റി നല്ല മതിപ്പായിരുന്നു അച്ഛന് ..അതിൽ അച്ഛന്റെ അമ്മാവനായ ശ്രീ CHനാരായണൻ നമ്പ്യാരാണ് എനിക്ക് അറിവിന്റെ ലോകത്തേക്ക് എത്താനുള്ള ആദ്യാക്ഷരം നാവിൽ കുറിച്ചു തന്നത് .. തികഞ്ഞ ധിഷണാശാലിയായിരുന്നു അദ്ദേഹം.

താറ്റിയോട് സ്കുളിൽ നിന്ന് അഞ്ചാം തരം പാസ്സായതിന് ശേഷം, മുഴപ്പാല ഗ്രാമത്തിലെ നരിക്കോട് യു .പി സ്കൂളിൽ *ESSLC വരെ പഠിച്ചു..
തുടർന്ന് വളരെ പ്രസിദ്ധിയാർജ്ജിച്ച കൂടാളി ഹൈസ്കൂളിൽ നിന്ന് SSLC പാസ്സായി..
വൈദ്യുതി എത്തി നോക്കാത്ത അക്കാലത്ത് മണ്ണെണ്ണ വിളക്കിന് മുന്നിൽ രാത്രി വൈകും വരെ പഠിച്ച്,അതികാലെ ഉറക്കമുണർന്ന് പഠിക്കുകയും കാലത്ത് *"കുളുത്തത് " കഴിച്ച് (ചിലപ്പോൾ അതും ഉണ്ടാവുമായിരുന്നില്ലത്രെ ) സ്കൂളിൽ പോയതിനെ പറ്റിയൊക്കെ അച്ഛൻ പറഞ്ഞു തരാറുണ്ടായിരുന്നു ..

കൂടാളി ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു മഹാകവി ശ്രീ പി കുഞ്ഞിരാമൻ നായർ അവിടെ പഠിപ്പിക്കാനെത്തിയിരുന്നത് ..

അതിനിടെ അച്ഛന്റെ മൂത്ത ജേഷ്ഠൻ ശ്രീ മുണ്ടയാടൻ ദാമോദരൻ നമ്പ്യാർ രണ്ടാം ലോക മഹായുദ്ധകാലത്ത് ആർമിയിൽ സേവനമനുഷ്ഠിക്കുകയും, തുടർന്ന് റെയിൽവേയിൽ ജോലി നേടുകയും ചെയ്തിരുന്നു.. മംഗലാപുരം മുതൽ ഷോർണ്ണൂർ വരെയുള്ള റൂട്ടിൽ എൻജിൻ ഡ്രൈവറായി (ലോക്കോ പൈലറ്റായി) സേവനമനുഷ്ടിച്ച വ്യക്തിയായിരുന്നു .. അച്ഛന്റെ പഠന കാര്യത്തിൽ ദാമോദരൻ വലിയച്ഛന്റെ സഹായവും ഉണ്ടായിരുന്നു ..

അച്ഛന് ഒരു സഹോദരി ,ശ്രീമതി നാരായണിയമ്മക്ക് ഒരു മകൻ രവികുമാർ ..
അവരുടെ വൈവാഹിത ജീവിതം അധികനാൾ നീണ്ടു നിന്നില്ല .. ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിന്റെ വിയോഗത്താൽ പിന്നെ എന്നും എന്റെ അച്ഛന്റെ നിഴലായ് അവർ ജീവിച്ചു പോന്നു.
അച്ഛന് വെറൊരു ജേഷ്ഠൻ കൂടിയുണ്ടായിരുന്നത്രെ.. അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗവും എന്റെ ജനനത്തിന് മുന്നിലായിരുന്നതിനാൽ ഗോപാലൻ എന്ന നാമധേയമല്ലാതെ കൂടുൽ ഒന്നും എനിക്കറിവില്ല..

കൂടാളി ഹൈസ്കൂളിലെ പഠനത്തിന് ശേഷം അച്ഛൻ പഠനം തുടർന്നത് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് രാജാസ് ഹൈ സ്കൂളിനോടു ചേർന്ന ട്രെയിനിങ്ങ് സ്കൂളിൽ അദ്ധ്യാപനവൃത്തിക്ക് വേണ്ടിയുള്ള ട്രെയിനിങ്ങിന് വേണ്ടിയായിരുന്നു ..
അവിടെയും മേൽപ്പറഞ്ഞ മഹാകവി ശ്രീ കുഞ്ഞിരാമൻ നായർ അവിടെയും ഉണ്ടായിരുന്നുവത്രെ..

സംഭവബഹുലമായ കൊല്ലംങ്കോട് ട്രയിനിങ്ങ് സ്കൂൾ വിശേഷങ്ങൾ ഇനി അടുത്ത ലക്കത്തിൽ... 

by:
കൃഷ്ണ കുമാർ കൂടാളി
@ Copy Right Reserved.

*ESLC = പണ്ടുകാലത്ത് Upസ്കൂളുകളിൽ 6, 7, 8 തരം വരെ പഠിക്കണമായിരുന്നു, അതിൽ അവസാനത്തെ കൊല്ലം Public Exam ആണ്, അത് pass ആയവർuntrained അദ്ധ്യാപകരായി ജോലി ചെയ്തിരുന്നത്രെ..
 ഹൈസ്കൂൾ ക്ലാസ്സുകൾ ഇപ്പോഴത്തെ പോലെ 3വർഷം തന്നെ,അതായത് SSLC ആകുമ്പോഴേക്കും 11 കൊല്ലത്തെ പഠിപ്പ് വേണ്ടി വരുമെന്ന് സാരം.
* കുളുത്തത് = പഴം കഞ്ഞി ( തലേ ദിവസത്തെ ചോറ് )
-----
Note--ഒന്നാം ഭാഗം കഴിഞ്ഞ ദിവസത്തെ Post ൽ കാണുക

Tuesday, February 23, 2021

പുതിയ പ്രഭാതം..(കഥ)

പുതിയ പ്രഭാതം..(കഥ)

അകലെ നിന്നേ കണ്ടു,, ജീപ്പിൻ്റെ മുന്നിൽ ഞെളിഞ്ഞിരുന്ന് മൈക്ക് അനൗൺസ്‌മെൻ്റ് ചെയ്യുന്ന സെയ്താലിയെ .. അടുത്ത പരിചയക്കാരെ കണ്ടാൽ അയാളുടെ വാചക കസർത്ത് കത്തിപ്പടരും.... അതാണയാളുടെ ശീലം..  അയാളിപ്പോൾ എന്നെ കണ്ടുകാണണം .. അതു കൊണ്ടാവും  ഇത്രയും ആവേശം..
 നടക്കുന്നതിനിടയിൽ മാഷ് ഓർത്തു ..

"പ്രിയപ്പെട്ട നാട്ടുകാരെ, കലാ സ്നേഹികളെ,
ഈ വർഷത്തെ കേരളോത്സവത്തിൻ്റെ  സംസ്ഥാന തല ഉദ്ഘാടനത്തിന് മലപ്പുറം ജില്ല പുരോഗമ സാഹിത്യ സമിതിയുടെയും, നന്മ മലപ്പുറം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ, നമ്മുടെ നാടിന് അഭിമാന സ്തംഭമായ,സർക്കാർ മാനദേവൻ സ്കൂളിൽ ഈ വരുന്ന ജനവരി 27ന് , കേരളത്തിൻ്റെ സർവ്വാദരണീയനായ മുഖ്യമന്ത്രി സഖാവ് ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്യുന്നു.. നല്ലവരായ മുഴുവൻ നാട്ടുകാരെയും, കലാസാംസ്കാരിക സ്നേഹികളെയും സവിനയം ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു..

 ജീപ്പിന് മുകളിൽ നാലുഭാഗത്തേക്കും,വച്ചുകെട്ടിയ കോളാമ്പി യിലൂടെ തൻ്റെ വാക്കുകൾ ആളുകൾ ശ്രവിക്കുന്നുണ്ടോ എന്ന് 
 ജീപ്പിൻ്റെ മുൻ സീറ്റിലിരുന്ന് നേരെ പിടിച്ച മെഗഫോണിലൂടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു പോകുമ്പോഴാണ് എതിരെ നിന്ന് വന്ന തന്നെ കണ്ട് സെയ്തലവി, മൈക്കിലൂടെ എല്ലാവരും കേൾക്കേ, പറഞ്ഞത് ..

മാഷേ... 
ഒന്ന് നിന്നേ.. 
എഞ്ചാതി പോക്കാ..
ഒരു കാര്യം പറയാനുണ്ട്..

സെയ്താലി, വൈകീട്ട് കാണാം.
 ഇപ്പം നേരോല്ലാ ട്ടോ.. പിടിപ്പത് പണിയുണ്ട്..

ജിനദേവൻ മാഷ്, സെയ്താലിയുടെ മറുപടിക്ക് കാത്തുനില്ക്കാതെ ധൃതിയിൽ നടന്നകന്നു..

സ്കൂൾ വരാന്തയിലേക്ക് കയറാൻ നേരം പി.ടി മാഷ് കോയക്കുട്ടി ഓടി വന്നു, ജിനദേവൻ മാഷോട് പറഞ്ഞു..
"മാഷേ, 
കുരുത്തോല തോരണങ്ങളും, വർണ്ണ കടലാസു മാലകളും സ്റ്റേജിൻ്റെ വടക്കെ വശത്ത് കെട്ടാനേല്പിച്ച പിള്ളേരതാ തമ്മിൽ തല്ലുന്നു....

എന്നക്കൊണ്ടു കൂട്ടിയാൽ കൂടൂല മാഷേ ..

കോയക്കുട്ടി മാഷ് പറഞ്ഞത് കേട്ട മാത്രയിൽ പ്രിൻസിപ്പൾ വസുമതി ടീച്ചറുടെ മുറിയിൽ കയറി ചൂരൽ വടിയെടുത്തു സ്റ്റേജിൻ്റെ ഭാഗത്തേക്ക് കുതിച്ചു ..
മാഷുടെ അലർച്ച കേട്ട് അടിപിടി കൂട്ടുകയായിരുന്ന കുട്ടികൾ നടുങ്ങി ..

"എന്തടാ .. തല്ലുകൂടാനാണോ നീയൊക്കെ സ്കൂളിൽ വരുന്നത്...
ആർക്കെയായാണെടാ തല്ലുകൂടേണ്ടേ?

മാഷ് ആക്രോശിക്കുകയായിരുന്നു ..
ചുറ്റിലും ഒന്നു കണ്ണോടിച്ചപ്പോൾ തൂണിന് മറഞ്ഞു  നില്ക്കുന്ന ഒരു പയ്യനെ കണ്ടു ..
അവനോട് അടുത്തേക്ക് വരാൻ ആഗ്യം കാണിച്ചപ്പോൾ അവൻ പേടിയോടെ അരികിൽ വന്നു ..

മാഷു ചോദിച്ചു..

നീയാണോടാ ഈ ഗ്യാങ്ങിൻ്റെ ലീഡർ?/
അവൻ വിക്കി വിക്കി പറഞ്ഞു
അല്ല സർ ഞാനല്ല..
ആ നില്ക്കുന്ന രാജേഷാണ് തല്ലുണ്ടാക്കിയത് സർ ..
പിന്നെ നീയെന്തിനാ പേടിച്ച് തൂൺ മറഞ്ഞു നിന്നത്?
എനിക്ക് ചൂരലിനെ പേടിയാണ് .... എൻ്റെ ബാപ്പടെ കയ്യിലും ഇതേ വടിയുണ്ട്.. 

ഉമ്മാനെ മൊയി ചൊല്ലിയോനോടെ എന്നെയും ബാപ്പ തല്ലാറുണ്ട് സർ ..

 പയ്യൻ വിങ്ങിപ്പൊട്ടിക്കരഞ്ഞപ്പോൾ ആർദ്രനായ ജിനചന്ദ്രൻ മാഷ് അവൻ്റെ ഉച്ചി മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു ..

അൻസാറെ, നീയൊന്നടങ്ങ് കുട്ടീ..

കുട്ടികളാരും തല്ലുകൂടകുത് കേട്ടോ
തല്ലുകൂടാനല്ലല്ലോ നമ്മുടെ മാതാപിതാക്കൾ നമ്മെ  സ്കൂളിൽ വിടുന്നത് അല്ലേ?
അതു കൊണ്ട് മര്യാദക്ക് പഠിക്കാൻ നോക്ക്..
' രാജേഷേ നിന്നോടും കൂടിയാണ് പറയുന്നത് കേട്ടാ..

മാഷുടെ പ്രവൃത്തി കാരണം, ശാന്തരായ കുട്ടികൾ തങ്ങളുടെ ജോലികളിൽ വ്യാപൃതരായി..
മാഷ് പിന്തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്ന് വസുമതി ടീച്ചർ വിളിച്ചത്..

"മാഷേ, "
 ചടങ്ങിന് മുഖ്യമന്ത്രി വരുമ്പോൾ സ്വീകരിക്കാൻ മുൻ പന്തിയിലുണ്ടാവല്ലോ.. 

 മാഷുണ്ടാവുന്നതാണ് എൻ്റെ ധൈര്യം..
എൻ്റെ ടീച്ചറേ, സഹായത്തിന് ഞാനുണ്ടാകും.. മുൻപിൽ തന്നെ വേണമെന്നില്ലല്ലോ .. എല്ലായിടങ്ങളിലും ഞാനുണ്ടാവും..
പോരെ..

അതു കേട്ടപ്പോൾ ടീച്ചറുടെ മുഖത്ത് പൂത്തിരി കത്തി നിന്നു..
******
എല്ലാ കണ്ണുകളും നീളുന്നത് തന്നിലേക്കാണല്ലോ..

സദസ്സിൻ്റെ ഇടത്തെ വശത്തെ തൂണു ചാരി നിന്ന തൻ്റെ നേരെ ചൂണ്ടിക്കൊണ്ട് കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി പേരെടുത്ത് വിളിക്കുന്നു ..

ജിനദേവാ.. ഇങ്ങോട്ടു വരൂ..

"ഇയാളെന്താണെടോ തൂണും ചാരി ആടതന്നെ നിക്കുന്നത്..."

ആരെങ്കിലും ഒന്ന് ഓനോട് ഇങ്ങോട്ട് വരാൻ പറയടോ..

മുഖ്യമന്ത്രി നായനാർ, തന്നെ സ്വതസിദ്ധമായ ശൈലിയിൽ മൈക്കിലൂടെ ആവശ്യപ്പെടുകയാണ്..

ആരിൽ നിന്നാണോ, കാണാതിരിക്കാൻ താൻ മറഞ്ഞു നിന്നത്, അദ്ദേഹം തന്നെ വിളിക്കുന്നു ..
വസുമതി ടീച്ചർ ഓടിച്ചെന്ന് ജിനദേവൻ മാഷോട് ചോദിച്ചു..

"അല്ല മാഷേ..

മാഷിതൊന്നും കേൾക്കുന്നില്ലേ..

മുഖ്യമന്ത്രി വിളിക്കുന്നത്?
നിങ്ങൾ ഒരു അത്ഭുത പ്രതിഭാസമാണല്ലോ..
ഇത്രയും പ്രശസ്തനാണെന്ന് താങ്കളെന്ന് ഞങ്ങളാരും അറിഞ്ഞില്ലല്ലോ ..

മുഖ്യമന്ത്രിക്കെങ്ങിനെയാണ് താങ്കളെ പരിചയം?
എല്ലാം ഒറ്റ ശ്വാസത്തിൽ ചോദിച്ച പ്രിൻസിപ്പാളിൻ്റെ ചോദ്യത്തിന് ഉത്തരം നല്കാതെ ജിനദേവൻ മാഷ് മുഖ്യമന്ത്രി വിളിച്ച സ്ഥലത്തേക്ക് ചെന്നു ..

അടുത്ത് ചെന്ന മാഷുടെ തോളിൽ കൈവച്ചു കൊണ്ട് മുഖ്യമന്ത്രി ചോദിച്ചു..

"അല്ലടൊ പഹയാ താനെന്താണ് ഇവിടെ?"

താനെപ്പോഴാ ഇനി കുറുമാത്തൂരേക്ക് തിരിച്ചു പോകുന്നത്?

സർ, അതു ഞാൻ..

വാക്കുകൾ കിട്ടാതെ ജിനദേവൻ മാഷ് പരുങ്ങി നിന്നപ്പോൾ നായനാർ പറഞ്ഞു..

തനിനി ഒന്നും പറയണ്ട...
തന്നെ കേരളത്തിൻ്റെ മുഖ്യ മന്ത്രിയായ ഞാൻ തിരിച്ച് തൻ്റെ നാട്ടിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നു ..

തുടർന്ന് സദസ്സിലുള്ള പി.ഏയെ വിളിച്ച് വേണ്ട നിർദ്ദേശം നല്കിയിട്ടേ നായനാർ അടങ്ങിയുള്ളൂ..

താനിവിടെ ഇരിക്കടൊ..

നായനാർ അദ്ദേഹത്തെ നിർബന്ധിച്ച് ഇരുത്തിച്ചു....
***
നീണ്ട വ്യാഴവട്ടക്കാലത്തിന് ശേഷമാണ് ജിനദേവൻ മാഷ് തൻ്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നത് .. കുറുമാത്തൂർ ഗ്രാമം ഏറെ മാറിപ്പോയിരിക്കുന്നു .. പുതുതായി രൂപം കൊണ്ടതും, തൻ്റെ വീടിൻ്റെ ഏറ്റവും അടുത്തുള്ള ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടും ജിനദേവൻ മാഷിന് ഉത്സാഹമുണ്ടായില്ല എന്നതാണ് വാസ്തവം.. അക്കാര്യം ഹെഡ് മാസ്റ്റർ രാഘവൻ മൂസ്സത് നേരിട്ട് ചോദിക്കുകയും ചെയ്തു. ജിനദേവൻ മാഷുടെ സഹപാഠിയായിരുന്ന വാസന്തി ടീച്ചറാണ് ഉത്സാഹ കുറവിൻ്റെ കാരണം വിശദ്കരിച്ചത് ..
നാല്പതു കടന്നിട്ടും കല്യാണം കഴിക്കാത്തതും, പുതിയ വീടല്ലാത്തതുമാണ് പ്രശ്നമെങ്കിൽ അതിനൊക്കെയുള്ള പരിഹാരം നമുക്ക് കണ്ടത്താമല്ലോ.. മൂസ്സത് മാഷ് വിടാനുള്ള ഭാവമില്ല.. സ്റ്റാഫ് റൂമിലെ ചർച്ചകൾ പുരോഗമിക്കവെ, അതൊന്നും തൻ്റെ വിഷയമല്ലെന്ന മട്ടിൽ ജിനദേവൻ മാഷ് ക്ലാസ്സു റൂമിലേക്ക് നടന്നു....

പുതിയ പ്രഭാതങ്ങൾ ഉദിച്ചു കൊണ്ടേയിരുന്നു ..
കാലം, മുന്നോട്ടു കുതിച്ചു കൊണ്ടേയിരിക്കുന്നു. ആർക്കു വേണ്ടിയും കാത്തിരിക്കാതെ..
സ്ക്കൂൾ അങ്കണത്തിലെ പൂവാടിയിലെ പൂക്കൾ പൂവിട്ടതും, കൊഴിഞ്ഞതും, പൂമ്പാറ്റകൾ പാറി നടന്നതുമൊക്കെ ക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടെങ്കിലും ഇതിലൊന്നും യാതൊരു ശ്രദ്ധയുമില്ലാത്ത ഒരു കുട്ടി നാലാംതരം സി ക്ലാസ്സിലെ പിന്നിൽ ഇരിക്കുന്നതും, അദ്ധ്യാപകർ ആ കുട്ടിയെ നിരന്തരം വഴക്കു പറയുന്നതും, നാല് സി യുടെ എതിർവശത്തുള്ള എട്ടാം തരം ബി ക്ലാസ്സിൽ പാoമെടുക്കുമ്പോഴൊക്കെ ജിനദേവൻ മാഷ് ശ്രദ്ധിക്കാറുണ്ട്..

ഒരിക്കൽ ലൈബ്രറിയിലേക്ക് കയറാൻ നേരത്താണ് ഹെഡ്മാസ്റ്ററുടെ റൂമിന് വെളിയിൽ ചുമരും ചാരി നിന്നുകൊണ്ട് കണ്ണുകൾ അലക്ഷ്യമായി ദൂരെക്കെവിടെയോ നോക്കിക്കൊണ്ട്  അവൻ്റെ നില്പ് ജിനദേവൻ മാഷ് ശ്രദ്ധിച്ചത് .. ഒരിക്കൽ കൂടി അവൻ്റെ മുഖത്തേക്ക് നോക്കി..

അതെ, അവൻ തന്നെ .. ഒന്നിലും ശ്രദ്ധയില്ലാത്ത തല്ലു കൊള്ളി പയ്യൻ..

എന്തായിരിക്കും അവൻ്റെ പ്രശ്നം? എന്തിനായിരിക്കും അവൻ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി നില്ക്കുന്നത് ?
സാധാരണയായി മറ്റൊരു കാര്യത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താറില്ലാത്തിരുന്ന തനിക്ക് എന്തേ അവൻ്റെ കാര്യത്തിൽ ഇത്രമാത്രം ആവേശം?

അറിയില്ല ..

എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടുന്നില്ല .. 
നാളെ പു ക സ യുടെ ആഭിമുഖ്യത്തിൽ രവീന്ദ്രൻ മാഷുടെ പുസ്തക ചർച്ചയുള്ള കാര്യം പ്യൂൺ റസാഖ് ഓർമ്മിപ്പിച്ചപ്പോൾ വീണ്ടും ലൈബ്രറിയിൽ പോയി പുസ്തകം എടുത്തു കൊണ്ടുവരുമ്പോഴും പയ്യൻ അവിടെ തന്നെ നില്ക്കുന്നു....

മുഖം കുനിച്ച്, ചുമര് ചാരിനില്ക്കുകയായിരുന്ന അവൻ്റെ അടുത്ത് ചെന്ന് ജിനദേവൻ മാസ്റ്റർ ചോദിച്ചു..

എന്താ കുട്ടീ നിൻ്റെ പേര്?

സത്യജിത് ..

മാഷുടെ മുഖത്തേക്ക് നോക്കാതെ നിർവ്വികാരനായാണ് അവൻ മറുപടി പറഞ്ഞത് ..
അവൻ്റെ പേര് കേട്ടതോടെ ജിനദേവൻ മാഷ് അവനെ കൗതുകത്തോടെ വീണ്ടും നോക്കി..

എവിടെയോ കണ്ടു മറന്ന മുഖ ഭാവം...

എന്നോ കേട്ടു മറന്നൊരു സ്വരം..

മാഷ് അവനോട് വീടെവിടെയാണെന്ന് ചോദിച്ചപ്പോൾ കിഴക്കു തെക്കെ ഭാഗത്തൂടെ ഒഴുകുന്ന പുഴക്ക് അക്കരെ പോകുന്ന കടവിൻ്റെ ഭാഗത്തേക്ക് കൈ ചൂണ്ടി കാണിച്ചു ..

മാഷിന് മനസ്സിലായില്ലെങ്കിലും തുടർന്ന് അവൻ്റെ അച്ഛനെ കുറിച്ച് ചോദിച്ചു..

മൗനമായിരുന്നു ഉത്തരം...

ഒന്ന് പതറിപ്പോയ  മാഷ് അവനെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട്, അവനോട്  അമ്മയുടെ പേര് ചോദിച്ചപ്പോഴും ഒന്നും മിണ്ടാതെ നില്ക്കുകയായിരുന്ന അവനോട് ക്ലാസ്സിൽ ശ്രദ്ധിക്കാത്തതിനെ പറ്റിയും, മറ്റുള്ളവരുമായി വഴക്കിടുന്നതിനെ കുറിച്ചും, സ്നേഹത്തോടെ ചോദച്ചപ്പോഴാണ് അവൻ തൻ്റെ വായ ഒന്ന് തുറന്നത്..

  എന്നെ ആർക്കും വേണ്ട മാഷേ ..

  എന്നെ ഇതു വരെ മോനേ എന്ന് മാഷല്ലാതെ വേറെ ആരും വിളിച്ചു കേട്ടിട്ടില്ല മാഷേ..

പറഞ്ഞു കഴിഞ്ഞപ്പോൾ പയ്യൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
മാഷ് വീണ്ടും വീട്ടുകാരെ കുറിച്ച് ചോദിച്ചു..

മോൻ്റെ അച്ഛൻ്റെ പേര്?

ക്ഷണ നേരത്തിൽ വന്ന ഉത്തരം അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു ..

"അച്ഛനാണെന്നോ,ബാപ്പയാണെന്നോ അറിയില്ല മാഷേ.. "

അങ്ങിനെ ഒരാളെ ഇതുവരെ ഉമ്മച്ചി കാണിച്ചു തന്നിട്ടില്ല ..

ഉമ്മയുടെ പേര്?

സുബൈദ..

തൻ്റെ അധരങ്ങൾ വിറകൊണ്ടോ?

കേട്ടതിൽ വിശ്വാസം വരാതെ അവനോട് ചോദിച്ചു..

മോൻ്റെ ഉമ്മാൻ്റെ ഉപ്പാൻ്റെ പേര് മൂസാൻകുട്ടി എന്നാണോ?
അതെയെന്നർത്ഥത്തിൽ തലയാട്ടിയപ്പോൾ
സപ്ത നാഡികളും തളർന്ന ജിനദേവൻമാഷ് താഴേക്ക് വീഴാതിരിക്കാൻ ചുമരിൽ പിടിച്ചു നിന്നു..

വിക്ഷുബ്ധമായ മനസ്സ് വീണ്ടും ഭൂതകാലത്തിലേക്ക് ഊളിയിട്ടു ..

വർണ്ണക്കാഴ്ചകളിലും, കലകളിലും മദിച്ചു നിന്ന യൗവനകാലം.. നാടകമെന്നും, സിനിമയെന്നും പറഞ്ഞു നടന്നിരുന്ന കാലം....

സ്വാതന്ത്യ സമര സേനാനിയായിരുന്ന, ആറ് മക്കളുണ്ടായിരുന്ന കുഞ്ഞികൃഷ്ണ കുറുപ്പിൻ്റെ അവസാന സന്തതി തല തിരിഞ്ഞു പോയത്
കലാലയ കാലത്തെ കലാ സാഹിത്യ സാംസ്കാരിക വേദികളിൽ സജീവമായപ്പോൾ ചില കള്ളനാണയങ്ങളെ തിരിച്ചറിയാതെ, ലഹരിക്കും, വിഭ്രാന്തിക്കും അടിമപ്പെട്ട് കുത്തഴിഞ്ഞ് ജീവിച്ച നാളുകളിലാവും..
താനാരെന്നോ?ചെയ്യുന്നതെന്തെന്നോ? സ്ഥലകാല ഭ്രമം പിടിപെട് ഉന്മാദിയായിരുന്നു അക്കാലങ്ങളിൽ തന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു കേട്ട അറിവുണ്ട് ..
അന്ന് തന്നെ രക്ഷിച്ചെടുത്ത സഖാവിനെ നന്ദിയോടെ, ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു ..

പേരുകേട്ട അച്ഛൻ്റെ സന്തത സഹചാരിയും, അയൽവാസിയുമായിരുന്ന മൂസ്സാൻ കുട്ടി മാഷുടെ ഏക മകൾ സുബൈദ തനിക്ക് ആരായിരുന്നു? വെറും കളിക്കൂട്ടുകാരി മാത്രമായിരുന്നോ? ഉണ്ടക്കണ്ണുകളും, വട്ട മുഖവും, കാതിലെ ലോലാക്കു കാണത്തക്ക രീതിയിൽ തലയിൽ തട്ടമിട്ട്, ഞൊറികളുള്ള മഞ്ഞ ദാവണിയും ധരിച്ച് തൻ്റെ ടൈപ്പ് റൈറ്റിങ്ങ് ക്ലാസ്സുകളിൽ ശ്രദ്ധാപൂർവ്വം പഠിച്ചിരുന്ന അവളുടെ മനസ്സിൽ നാടക, സിനിമ ലോകങ്ങൾ പരിചയപ്പെടുത്തിയത് താനായിരുന്നു ..

സത്യജിത് റായിയുടെ വലിയ ആരാധകനായിരുന്ന താൻ ഇടക്കിടെ ഉരുവിടാറുണ്ടായിരുന്ന ആ നാമം അവളുടെ മനസ്സിൽ പതിഞ്ഞതെപ്പോഴായിരുന്നു?

വർണ്ണാകാശവും, പുകച്ചുരുളുകളുമല്ലാതെ പത്ത് വർഷക്കാലത്തെ ജീവിത കണക്കുകൾ മാഞ്ഞു പോയിരുന്നത് വീണ്ടെടുക്കാൻ ഒരു ചോക്കു കഷണവുമായി ജിനദേവൻ മാഷ് ആരവമില്ലാത്ത ഏതോ ഒരു ഒഴിഞ്ഞ ക്ലാസ്സ് റൂമിലേക്ക് നടന്നു..

ജിനദേവൻ മാഷ് ഭൂമിയെന്ന് സങ്കല്പിച്ചു ഒരു വട്ടം വരച്ചു .. 
ചോക്ക് കഷണം കൈയ്യിലെടുത്ത് ആ വട്ടത്തിനുള്ളിൽ തൻ്റെ നഷ്ടക്കണക്കുകൾ കൂട്ടിക്കിഴിക്കാൻ ശ്രമിച്ചു..

ശ്രമം പരാജയപ്പെട്ടപ്പോൾ ഒരു ചുമ വന്ന് മാഷിനെ പൊതിഞ്ഞു .. 

ചുമച്ചു ചുമച്ച് വല്ലാതായി വീഴുമെന്നായപ്പോൾ ഏതോ കൈകൾ വന്ന് തന്നെ ഉയർത്തി..
മാഷ് തിരിഞ്ഞു നോക്കിയപ്പോൾ
പിന്നിലുള്ളത് വാസന്തി ടീച്ചർ...
മാഷെ, 
ശാന്തതയോടെ വാസന്തി ടീച്ചർ പറഞ്ഞു തുടങ്ങി ..

മാഷുടെ പത്തു വർഷക്കാലത്തെ ലാഭ നഷ്ട ക്കണക്കുകളാണ് ഇവൻ....

മാഷ് പേടിക്കണ്ട..

മാഷിനെ വർഷങ്ങളായി നിരീക്ഷിക്കുന്ന എനിക്കും, പിന്നെ സുബൈദക്കും മാത്രമായി അറിയുന്ന ഉത്തരം...

പത്ത് വർഷക്കാലം തനിക്ക് അഞ്ജാതമായിരുന്ന സമസ്യക്ക് ഉത്തരം ലഭിച്ചിരിക്കുന്നു ..
ജിനദേവൻ മാഷിന് വീണ്ടും  ശ്വാസം മുട്ടുന്നതായി തോന്നി..

അപ്പോൾ സുബൈദ ജീവനൊടുക്കി എന്നാരോ പറഞ്ഞത്?
വെറെ ആരും പറഞ്ഞതല്ല മാഷെ, മാഷിൻ്റെ വിഭ്രാന്തി കാലത്ത് സംഭവിച്ച അക്ഷരതെറ്റുകളായിരുന്നു അതൊക്കെ ..

ഒരു പരിധി വരെ ഞാനും അതിന് കാരണക്കാരിയാണെന്ന് കൂട്ടിക്കോളൂ..

വാസന്തി ടീച്ചർ പറഞ്ഞു നിർത്തി..

അപ്പോഴും ചുമരും ചാരി നില്ക്കുകയായിരുന്ന സത്യജിത്തിനെയും കൂട്ടി അവൻ്റെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് നടക്കുമ്പോൾ പ്ലസ്സ് റ്റു ബ്ലോക്കിൽ നിന്ന് ഷേക്സ്പിയറുടെ വിശ്വവിഖ്യാതമായ ഹാംലെറ്റ് എന്ന ഉദ്വേഗഭരിതമായ നാടകത്തിൻ്റെ ചുവടുവപ്പുകളും,വാഗ് ധോരണിയും മുഴങ്ങിക്കേട്ടു ..

വാചകങ്ങളുടെ കസർത്തുമായി തൻ്റെ വിദ്യാർത്ഥികളോട് സംവദിക്കുന്ന സുബൈദ ടീച്ചറുടെ സുറുമയിട്ട കണ്ണുകളിലേക്ക് മാൻ പേടയോടെന്നവണ്ണം ജിനദ്ദേവൻ മാസ്റ്റർ നോക്കി..
അപ്പോഴും മാഷുടെ വിരലുകൾ സത്യജിത്തിൻ്റെ മുടിയിഴകൾ തഴുകുന്നുണ്ടായിരുന്നു ...
@ Copy Right Reserved...
story by .
കൃഷ്ണകുമാർ കൂടാളി..
ഗോകുലം, കീഴല്ലൂർ
24-02-2021

Friday, January 29, 2021

ക്ഷണിക വാതായനം (കവിത)

ചില സ്മരണകൾ അങ്ങിനെയാണ് .. തേയ്ച്ചാലും, മായ്ച്ചാലും മാഞ്ഞു പോവാത്തവ...

ക്ഷണിക വാതായനം... (കവിത)
>>>>>>>>>>>>>>>>>>>>>>>>>>
ഉണ്ണീ നിൻ്റെ കണ്ണുകൾ നിറഞ്ഞുവോ?
ഉൺമ തേടുന്ന വാക്കും മുറിഞ്ഞുവോ?
ഉല്ലസിച്ചാഹ്ലാദ ബാല്യ യൗവനം പിന്നിട്ട
ഉത്സാഹ നാളുകൾ ഓർത്തു പോകെ..!
        ക്ഷണിക വാതായനങ്ങൾ തകർന്നിതാ
        ക്ഷണനേരമിവിടെയിതാ ശുദ്ധ ശൂന്യം.!
         ക്ഷിതിതന്നിലിവിടുത്തെ ഗേഹമിന്നോ?
         കഷണമായ് മാഞ്ഞിതാ മായ പോലെ !
ഓർമ്മ മുകരത്തിലെത്തി വീണ്ടുമാക്കാഴ്ച
ഓടിക്കിതച്ചു കർമ്മമണ്ഡലം വിട്ടു പോ-
യോരച്ഛൻ്റെ കരുത്തും കരുണയും സമം,
ഓടുമേഞ്ഞിരുന്നോരലിവിന്നലിഞ്ഞിതാ!
        എത്രയുഗ സന്ധ്യകളെടുത്തു കാണുമീ
        എണ്ണിയാലൊടുങ്ങാത്ത സ്വത്വ ഭാരത്തിന് !
        എരിഞ്ഞടങ്ങാത്ത സ്വപ്ന വ്യാപാരവും,
        എങ്ങു പോയ് മറഞ്ഞുവോ ഞൊടിയിൽ !
തുരുമ്പിച്ചിരുമ്പിൻ്റെ ഗേറ്റും, പടി മുറ്റവും
തുമ്പപ്പൂക്കൾ നിറഞ്ഞിരുന്ന തൊടികളും
തൂണീരമായോർമ്മ ജാലകപ്പഴുതിലൂടെ
തുടികൊട്ടുമ്പോളെൻ മനം തേങ്ങുകയോ?
         പത്തുവാര ദൂരമുള്ള പള്ളിക്കൂടത്തിൽ
          പത്തു മണിക്കു മുമ്പേ വള്ളി നിക്കറുമിട്ട
          പയ്യനാം ഞാൻ നടന്ന ഞാറ്റടി വഴികളും
          പയ്യെ ,പയ്യെ വിസ്മൃതിയിലാഴ്ന്നിടട്ടെ !
ഇറയ വാതിലിനപ്പുറം പൂമുഖച്ചുവരിൽ
നിറഛായയിൽ വർണ്ണ പ്രകാശത്തിലച്ഛൻ
നിറഞ്ഞു നിന്നിരുന്നെന്നഹങ്കരിച്ച പുത്രൻ
നിറഞ്ഞ കണ്ണീരോടെ പിന്തിരിഞ്ഞോടട്ടെ!
          ഉണ്ണീ നിൻ്റെ കണ്ണുകൾ നിറഞ്ഞുവോ?
          ഉൺമ തേടുന്ന വാക്കും മുറിഞ്ഞുവോ ?
          ഉല്ലസിച്ചാഹ്ലാദ ബാല്യ യൗവനം പിന്നിട്ട
          ഉത്സാഹ നാളുകൾ ഓർത്തു വയ്ക്കട്ടെ ! 

@Copy Right Resered.
by - കൃഷ്ണ കുമാർ കൂടാളി..
      ഗോകുലം, കീഴല്ലൂർ ..
ചിത്രത്തിന് കടപ്പാട്. Google.