പുതിയ പ്രഭാതം..(കഥ)
അകലെ നിന്നേ കണ്ടു,, ജീപ്പിൻ്റെ മുന്നിൽ ഞെളിഞ്ഞിരുന്ന് മൈക്ക് അനൗൺസ്‌മെൻ്റ് ചെയ്യുന്ന സെയ്താലിയെ .. അടുത്ത പരിചയക്കാരെ കണ്ടാൽ അയാളുടെ വാചക കസർത്ത് കത്തിപ്പടരും.... അതാണയാളുടെ ശീലം.. അയാളിപ്പോൾ എന്നെ കണ്ടുകാണണം .. അതു കൊണ്ടാവും ഇത്രയും ആവേശം..
നടക്കുന്നതിനിടയിൽ മാഷ് ഓർത്തു ..
"പ്രിയപ്പെട്ട നാട്ടുകാരെ, കലാ സ്നേഹികളെ,
ഈ വർഷത്തെ കേരളോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് മലപ്പുറം ജില്ല പുരോഗമ സാഹിത്യ സമിതിയുടെയും, നന്മ മലപ്പുറം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ, നമ്മുടെ നാടിന് അഭിമാന സ്തംഭമായ,സർക്കാർ മാനദേവൻ സ്കൂളിൽ ഈ വരുന്ന ജനവരി 27ന് , കേരളത്തിൻ്റെ സർവ്വാദരണീയനായ മുഖ്യമന്ത്രി സഖാവ് ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്യുന്നു.. നല്ലവരായ മുഴുവൻ നാട്ടുകാരെയും, കലാസാംസ്കാരിക സ്നേഹികളെയും സവിനയം ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു..
ജീപ്പിന് മുകളിൽ നാലുഭാഗത്തേക്കും,വച്ചുകെട്ടിയ കോളാമ്പി യിലൂടെ തൻ്റെ വാക്കുകൾ ആളുകൾ ശ്രവിക്കുന്നുണ്ടോ എന്ന്
ജീപ്പിൻ്റെ മുൻ സീറ്റിലിരുന്ന് നേരെ പിടിച്ച മെഗഫോണിലൂടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു പോകുമ്പോഴാണ് എതിരെ നിന്ന് വന്ന തന്നെ കണ്ട് സെയ്തലവി, മൈക്കിലൂടെ എല്ലാവരും കേൾക്കേ, പറഞ്ഞത് ..
മാഷേ...
ഒന്ന് നിന്നേ..
എഞ്ചാതി പോക്കാ..
ഒരു കാര്യം പറയാനുണ്ട്..
സെയ്താലി, വൈകീട്ട് കാണാം.
ഇപ്പം നേരോല്ലാ ട്ടോ.. പിടിപ്പത് പണിയുണ്ട്..
ജിനദേവൻ മാഷ്, സെയ്താലിയുടെ മറുപടിക്ക് കാത്തുനില്ക്കാതെ ധൃതിയിൽ നടന്നകന്നു..
സ്കൂൾ വരാന്തയിലേക്ക് കയറാൻ നേരം പി.ടി മാഷ് കോയക്കുട്ടി ഓടി വന്നു, ജിനദേവൻ മാഷോട് പറഞ്ഞു..
"മാഷേ,
കുരുത്തോല തോരണങ്ങളും, വർണ്ണ കടലാസു മാലകളും സ്റ്റേജിൻ്റെ വടക്കെ വശത്ത് കെട്ടാനേല്പിച്ച പിള്ളേരതാ തമ്മിൽ തല്ലുന്നു....
എന്നക്കൊണ്ടു കൂട്ടിയാൽ കൂടൂല മാഷേ ..
കോയക്കുട്ടി മാഷ് പറഞ്ഞത് കേട്ട മാത്രയിൽ പ്രിൻസിപ്പൾ വസുമതി ടീച്ചറുടെ മുറിയിൽ കയറി ചൂരൽ വടിയെടുത്തു സ്റ്റേജിൻ്റെ ഭാഗത്തേക്ക് കുതിച്ചു ..
മാഷുടെ അലർച്ച കേട്ട് അടിപിടി കൂട്ടുകയായിരുന്ന കുട്ടികൾ നടുങ്ങി ..
"എന്തടാ .. തല്ലുകൂടാനാണോ നീയൊക്കെ സ്കൂളിൽ വരുന്നത്...
ആർക്കെയായാണെടാ തല്ലുകൂടേണ്ടേ?
മാഷ് ആക്രോശിക്കുകയായിരുന്നു ..
ചുറ്റിലും ഒന്നു കണ്ണോടിച്ചപ്പോൾ തൂണിന് മറഞ്ഞു നില്ക്കുന്ന ഒരു പയ്യനെ കണ്ടു ..
അവനോട് അടുത്തേക്ക് വരാൻ ആഗ്യം കാണിച്ചപ്പോൾ അവൻ പേടിയോടെ അരികിൽ വന്നു ..
മാഷു ചോദിച്ചു..
നീയാണോടാ ഈ ഗ്യാങ്ങിൻ്റെ ലീഡർ?/
അവൻ വിക്കി വിക്കി പറഞ്ഞു
അല്ല സർ ഞാനല്ല..
ആ നില്ക്കുന്ന രാജേഷാണ് തല്ലുണ്ടാക്കിയത് സർ ..
പിന്നെ നീയെന്തിനാ പേടിച്ച് തൂൺ മറഞ്ഞു നിന്നത്?
എനിക്ക് ചൂരലിനെ പേടിയാണ് .... എൻ്റെ ബാപ്പടെ കയ്യിലും ഇതേ വടിയുണ്ട്..
ഉമ്മാനെ മൊയി ചൊല്ലിയോനോടെ എന്നെയും ബാപ്പ തല്ലാറുണ്ട് സർ ..
പയ്യൻ വിങ്ങിപ്പൊട്ടിക്കരഞ്ഞപ്പോൾ ആർദ്രനായ ജിനചന്ദ്രൻ മാഷ് അവൻ്റെ ഉച്ചി മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു ..
അൻസാറെ, നീയൊന്നടങ്ങ് കുട്ടീ..
കുട്ടികളാരും തല്ലുകൂടകുത് കേട്ടോ
തല്ലുകൂടാനല്ലല്ലോ നമ്മുടെ മാതാപിതാക്കൾ നമ്മെ സ്കൂളിൽ വിടുന്നത് അല്ലേ?
അതു കൊണ്ട് മര്യാദക്ക് പഠിക്കാൻ നോക്ക്..
' രാജേഷേ നിന്നോടും കൂടിയാണ് പറയുന്നത് കേട്ടാ..
മാഷുടെ പ്രവൃത്തി കാരണം, ശാന്തരായ കുട്ടികൾ തങ്ങളുടെ ജോലികളിൽ വ്യാപൃതരായി..
മാഷ് പിന്തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്ന് വസുമതി ടീച്ചർ വിളിച്ചത്..
"മാഷേ, "
ചടങ്ങിന് മുഖ്യമന്ത്രി വരുമ്പോൾ സ്വീകരിക്കാൻ മുൻ പന്തിയിലുണ്ടാവല്ലോ..
മാഷുണ്ടാവുന്നതാണ് എൻ്റെ ധൈര്യം..
എൻ്റെ ടീച്ചറേ, സഹായത്തിന് ഞാനുണ്ടാകും.. മുൻപിൽ തന്നെ വേണമെന്നില്ലല്ലോ .. എല്ലായിടങ്ങളിലും ഞാനുണ്ടാവും..
പോരെ..
അതു കേട്ടപ്പോൾ ടീച്ചറുടെ മുഖത്ത് പൂത്തിരി കത്തി നിന്നു..
******
എല്ലാ കണ്ണുകളും നീളുന്നത് തന്നിലേക്കാണല്ലോ..
സദസ്സിൻ്റെ ഇടത്തെ വശത്തെ തൂണു ചാരി നിന്ന തൻ്റെ നേരെ ചൂണ്ടിക്കൊണ്ട് കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി പേരെടുത്ത് വിളിക്കുന്നു ..
ജിനദേവാ.. ഇങ്ങോട്ടു വരൂ..
"ഇയാളെന്താണെടോ തൂണും ചാരി ആടതന്നെ നിക്കുന്നത്..."
ആരെങ്കിലും ഒന്ന് ഓനോട് ഇങ്ങോട്ട് വരാൻ പറയടോ..
മുഖ്യമന്ത്രി നായനാർ, തന്നെ സ്വതസിദ്ധമായ ശൈലിയിൽ മൈക്കിലൂടെ ആവശ്യപ്പെടുകയാണ്..
ആരിൽ നിന്നാണോ, കാണാതിരിക്കാൻ താൻ മറഞ്ഞു നിന്നത്, അദ്ദേഹം തന്നെ വിളിക്കുന്നു ..
വസുമതി ടീച്ചർ ഓടിച്ചെന്ന് ജിനദേവൻ മാഷോട് ചോദിച്ചു..
"അല്ല മാഷേ..
മാഷിതൊന്നും കേൾക്കുന്നില്ലേ..
മുഖ്യമന്ത്രി വിളിക്കുന്നത്?
നിങ്ങൾ ഒരു അത്ഭുത പ്രതിഭാസമാണല്ലോ..
ഇത്രയും പ്രശസ്തനാണെന്ന് താങ്കളെന്ന് ഞങ്ങളാരും അറിഞ്ഞില്ലല്ലോ ..
മുഖ്യമന്ത്രിക്കെങ്ങിനെയാണ് താങ്കളെ പരിചയം?
എല്ലാം ഒറ്റ ശ്വാസത്തിൽ ചോദിച്ച പ്രിൻസിപ്പാളിൻ്റെ ചോദ്യത്തിന് ഉത്തരം നല്കാതെ ജിനദേവൻ മാഷ് മുഖ്യമന്ത്രി വിളിച്ച സ്ഥലത്തേക്ക് ചെന്നു ..
അടുത്ത് ചെന്ന മാഷുടെ തോളിൽ കൈവച്ചു കൊണ്ട് മുഖ്യമന്ത്രി ചോദിച്ചു..
"അല്ലടൊ പഹയാ താനെന്താണ് ഇവിടെ?"
താനെപ്പോഴാ ഇനി കുറുമാത്തൂരേക്ക് തിരിച്ചു പോകുന്നത്?
സർ, അതു ഞാൻ..
വാക്കുകൾ കിട്ടാതെ ജിനദേവൻ മാഷ് പരുങ്ങി നിന്നപ്പോൾ നായനാർ പറഞ്ഞു..
തനിനി ഒന്നും പറയണ്ട...
തന്നെ കേരളത്തിൻ്റെ മുഖ്യ മന്ത്രിയായ ഞാൻ തിരിച്ച് തൻ്റെ നാട്ടിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നു ..
തുടർന്ന് സദസ്സിലുള്ള പി.ഏയെ വിളിച്ച് വേണ്ട നിർദ്ദേശം നല്കിയിട്ടേ നായനാർ അടങ്ങിയുള്ളൂ..
താനിവിടെ ഇരിക്കടൊ..
നായനാർ അദ്ദേഹത്തെ നിർബന്ധിച്ച് ഇരുത്തിച്ചു....
***
നീണ്ട വ്യാഴവട്ടക്കാലത്തിന് ശേഷമാണ് ജിനദേവൻ മാഷ് തൻ്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നത് .. കുറുമാത്തൂർ ഗ്രാമം ഏറെ മാറിപ്പോയിരിക്കുന്നു .. പുതുതായി രൂപം കൊണ്ടതും, തൻ്റെ വീടിൻ്റെ ഏറ്റവും അടുത്തുള്ള ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടും ജിനദേവൻ മാഷിന് ഉത്സാഹമുണ്ടായില്ല എന്നതാണ് വാസ്തവം.. അക്കാര്യം ഹെഡ് മാസ്റ്റർ രാഘവൻ മൂസ്സത് നേരിട്ട് ചോദിക്കുകയും ചെയ്തു. ജിനദേവൻ മാഷുടെ സഹപാഠിയായിരുന്ന വാസന്തി ടീച്ചറാണ് ഉത്സാഹ കുറവിൻ്റെ കാരണം വിശദ്കരിച്ചത് ..
നാല്പതു കടന്നിട്ടും കല്യാണം കഴിക്കാത്തതും, പുതിയ വീടല്ലാത്തതുമാണ് പ്രശ്നമെങ്കിൽ അതിനൊക്കെയുള്ള പരിഹാരം നമുക്ക് കണ്ടത്താമല്ലോ.. മൂസ്സത് മാഷ് വിടാനുള്ള ഭാവമില്ല.. സ്റ്റാഫ് റൂമിലെ ചർച്ചകൾ പുരോഗമിക്കവെ, അതൊന്നും തൻ്റെ വിഷയമല്ലെന്ന മട്ടിൽ ജിനദേവൻ മാഷ് ക്ലാസ്സു റൂമിലേക്ക് നടന്നു....
പുതിയ പ്രഭാതങ്ങൾ ഉദിച്ചു കൊണ്ടേയിരുന്നു ..
കാലം, മുന്നോട്ടു കുതിച്ചു കൊണ്ടേയിരിക്കുന്നു. ആർക്കു വേണ്ടിയും കാത്തിരിക്കാതെ..
സ്ക്കൂൾ അങ്കണത്തിലെ പൂവാടിയിലെ പൂക്കൾ പൂവിട്ടതും, കൊഴിഞ്ഞതും, പൂമ്പാറ്റകൾ പാറി നടന്നതുമൊക്കെ ക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടെങ്കിലും ഇതിലൊന്നും യാതൊരു ശ്രദ്ധയുമില്ലാത്ത ഒരു കുട്ടി നാലാംതരം സി ക്ലാസ്സിലെ പിന്നിൽ ഇരിക്കുന്നതും, അദ്ധ്യാപകർ ആ കുട്ടിയെ നിരന്തരം വഴക്കു പറയുന്നതും, നാല് സി യുടെ എതിർവശത്തുള്ള എട്ടാം തരം ബി ക്ലാസ്സിൽ പാoമെടുക്കുമ്പോഴൊക്കെ ജിനദേവൻ മാഷ് ശ്രദ്ധിക്കാറുണ്ട്..
ഒരിക്കൽ ലൈബ്രറിയിലേക്ക് കയറാൻ നേരത്താണ് ഹെഡ്മാസ്റ്ററുടെ റൂമിന് വെളിയിൽ ചുമരും ചാരി നിന്നുകൊണ്ട് കണ്ണുകൾ അലക്ഷ്യമായി ദൂരെക്കെവിടെയോ നോക്കിക്കൊണ്ട് അവൻ്റെ നില്പ് ജിനദേവൻ മാഷ് ശ്രദ്ധിച്ചത് .. ഒരിക്കൽ കൂടി അവൻ്റെ മുഖത്തേക്ക് നോക്കി..
അതെ, അവൻ തന്നെ .. ഒന്നിലും ശ്രദ്ധയില്ലാത്ത തല്ലു കൊള്ളി പയ്യൻ..
എന്തായിരിക്കും അവൻ്റെ പ്രശ്നം? എന്തിനായിരിക്കും അവൻ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി നില്ക്കുന്നത് ?
സാധാരണയായി മറ്റൊരു കാര്യത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താറില്ലാത്തിരുന്ന തനിക്ക് എന്തേ അവൻ്റെ കാര്യത്തിൽ ഇത്രമാത്രം ആവേശം?
അറിയില്ല ..
എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടുന്നില്ല ..
നാളെ പു ക സ യുടെ ആഭിമുഖ്യത്തിൽ രവീന്ദ്രൻ മാഷുടെ പുസ്തക ചർച്ചയുള്ള കാര്യം പ്യൂൺ റസാഖ് ഓർമ്മിപ്പിച്ചപ്പോൾ വീണ്ടും ലൈബ്രറിയിൽ പോയി പുസ്തകം എടുത്തു കൊണ്ടുവരുമ്പോഴും പയ്യൻ അവിടെ തന്നെ നില്ക്കുന്നു....
മുഖം കുനിച്ച്, ചുമര് ചാരിനില്ക്കുകയായിരുന്ന അവൻ്റെ അടുത്ത് ചെന്ന് ജിനദേവൻ മാസ്റ്റർ ചോദിച്ചു..
എന്താ കുട്ടീ നിൻ്റെ പേര്?
സത്യജിത് ..
മാഷുടെ മുഖത്തേക്ക് നോക്കാതെ നിർവ്വികാരനായാണ് അവൻ മറുപടി പറഞ്ഞത് ..
അവൻ്റെ പേര് കേട്ടതോടെ ജിനദേവൻ മാഷ് അവനെ കൗതുകത്തോടെ വീണ്ടും നോക്കി..
എവിടെയോ കണ്ടു മറന്ന മുഖ ഭാവം...
എന്നോ കേട്ടു മറന്നൊരു സ്വരം..
മാഷ് അവനോട് വീടെവിടെയാണെന്ന് ചോദിച്ചപ്പോൾ കിഴക്കു തെക്കെ ഭാഗത്തൂടെ ഒഴുകുന്ന പുഴക്ക് അക്കരെ പോകുന്ന കടവിൻ്റെ ഭാഗത്തേക്ക് കൈ ചൂണ്ടി കാണിച്ചു ..
മാഷിന് മനസ്സിലായില്ലെങ്കിലും തുടർന്ന് അവൻ്റെ അച്ഛനെ കുറിച്ച് ചോദിച്ചു..
മൗനമായിരുന്നു ഉത്തരം...
ഒന്ന് പതറിപ്പോയ മാഷ് അവനെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട്, അവനോട് അമ്മയുടെ പേര് ചോദിച്ചപ്പോഴും ഒന്നും മിണ്ടാതെ നില്ക്കുകയായിരുന്ന അവനോട് ക്ലാസ്സിൽ ശ്രദ്ധിക്കാത്തതിനെ പറ്റിയും, മറ്റുള്ളവരുമായി വഴക്കിടുന്നതിനെ കുറിച്ചും, സ്നേഹത്തോടെ ചോദച്ചപ്പോഴാണ് അവൻ തൻ്റെ വായ ഒന്ന് തുറന്നത്..
എന്നെ ആർക്കും വേണ്ട മാഷേ ..
എന്നെ ഇതു വരെ മോനേ എന്ന് മാഷല്ലാതെ വേറെ ആരും വിളിച്ചു കേട്ടിട്ടില്ല മാഷേ..
പറഞ്ഞു കഴിഞ്ഞപ്പോൾ പയ്യൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
മാഷ് വീണ്ടും വീട്ടുകാരെ കുറിച്ച് ചോദിച്ചു..
മോൻ്റെ അച്ഛൻ്റെ പേര്?
ക്ഷണ നേരത്തിൽ വന്ന ഉത്തരം അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു ..
"അച്ഛനാണെന്നോ,ബാപ്പയാണെന്നോ അറിയില്ല മാഷേ.. "
അങ്ങിനെ ഒരാളെ ഇതുവരെ ഉമ്മച്ചി കാണിച്ചു തന്നിട്ടില്ല ..
ഉമ്മയുടെ പേര്?
സുബൈദ..
തൻ്റെ അധരങ്ങൾ വിറകൊണ്ടോ?
കേട്ടതിൽ വിശ്വാസം വരാതെ അവനോട് ചോദിച്ചു..
മോൻ്റെ ഉമ്മാൻ്റെ ഉപ്പാൻ്റെ പേര് മൂസാൻകുട്ടി എന്നാണോ?
അതെയെന്നർത്ഥത്തിൽ തലയാട്ടിയപ്പോൾ
സപ്ത നാഡികളും തളർന്ന ജിനദേവൻമാഷ് താഴേക്ക് വീഴാതിരിക്കാൻ ചുമരിൽ പിടിച്ചു നിന്നു..
വിക്ഷുബ്ധമായ മനസ്സ് വീണ്ടും ഭൂതകാലത്തിലേക്ക് ഊളിയിട്ടു ..
വർണ്ണക്കാഴ്ചകളിലും, കലകളിലും മദിച്ചു നിന്ന യൗവനകാലം.. നാടകമെന്നും, സിനിമയെന്നും പറഞ്ഞു നടന്നിരുന്ന കാലം....
സ്വാതന്ത്യ സമര സേനാനിയായിരുന്ന, ആറ് മക്കളുണ്ടായിരുന്ന കുഞ്ഞികൃഷ്ണ കുറുപ്പിൻ്റെ അവസാന സന്തതി തല തിരിഞ്ഞു പോയത്
കലാലയ കാലത്തെ കലാ സാഹിത്യ സാംസ്കാരിക വേദികളിൽ സജീവമായപ്പോൾ ചില കള്ളനാണയങ്ങളെ തിരിച്ചറിയാതെ, ലഹരിക്കും, വിഭ്രാന്തിക്കും അടിമപ്പെട്ട് കുത്തഴിഞ്ഞ് ജീവിച്ച നാളുകളിലാവും..
താനാരെന്നോ?ചെയ്യുന്നതെന്തെന്നോ? സ്ഥലകാല ഭ്രമം പിടിപെട് ഉന്മാദിയായിരുന്നു അക്കാലങ്ങളിൽ തന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു കേട്ട അറിവുണ്ട് ..
അന്ന് തന്നെ രക്ഷിച്ചെടുത്ത സഖാവിനെ നന്ദിയോടെ, ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു ..
പേരുകേട്ട അച്ഛൻ്റെ സന്തത സഹചാരിയും, അയൽവാസിയുമായിരുന്ന മൂസ്സാൻ കുട്ടി മാഷുടെ ഏക മകൾ സുബൈദ തനിക്ക് ആരായിരുന്നു? വെറും കളിക്കൂട്ടുകാരി മാത്രമായിരുന്നോ? ഉണ്ടക്കണ്ണുകളും, വട്ട മുഖവും, കാതിലെ ലോലാക്കു കാണത്തക്ക രീതിയിൽ തലയിൽ തട്ടമിട്ട്, ഞൊറികളുള്ള മഞ്ഞ ദാവണിയും ധരിച്ച് തൻ്റെ ടൈപ്പ് റൈറ്റിങ്ങ് ക്ലാസ്സുകളിൽ ശ്രദ്ധാപൂർവ്വം പഠിച്ചിരുന്ന അവളുടെ മനസ്സിൽ നാടക, സിനിമ ലോകങ്ങൾ പരിചയപ്പെടുത്തിയത് താനായിരുന്നു ..
സത്യജിത് റായിയുടെ വലിയ ആരാധകനായിരുന്ന താൻ ഇടക്കിടെ ഉരുവിടാറുണ്ടായിരുന്ന ആ നാമം അവളുടെ മനസ്സിൽ പതിഞ്ഞതെപ്പോഴായിരുന്നു?
വർണ്ണാകാശവും, പുകച്ചുരുളുകളുമല്ലാതെ പത്ത് വർഷക്കാലത്തെ ജീവിത കണക്കുകൾ മാഞ്ഞു പോയിരുന്നത് വീണ്ടെടുക്കാൻ ഒരു ചോക്കു കഷണവുമായി ജിനദേവൻ മാഷ് ആരവമില്ലാത്ത ഏതോ ഒരു ഒഴിഞ്ഞ ക്ലാസ്സ് റൂമിലേക്ക് നടന്നു..
ജിനദേവൻ മാഷ് ഭൂമിയെന്ന് സങ്കല്പിച്ചു ഒരു വട്ടം വരച്ചു ..
ചോക്ക് കഷണം കൈയ്യിലെടുത്ത് ആ വട്ടത്തിനുള്ളിൽ തൻ്റെ നഷ്ടക്കണക്കുകൾ കൂട്ടിക്കിഴിക്കാൻ ശ്രമിച്ചു..
ശ്രമം പരാജയപ്പെട്ടപ്പോൾ ഒരു ചുമ വന്ന് മാഷിനെ പൊതിഞ്ഞു ..
ചുമച്ചു ചുമച്ച് വല്ലാതായി വീഴുമെന്നായപ്പോൾ ഏതോ കൈകൾ വന്ന് തന്നെ ഉയർത്തി..
മാഷ് തിരിഞ്ഞു നോക്കിയപ്പോൾ
പിന്നിലുള്ളത് വാസന്തി ടീച്ചർ...
മാഷെ,
ശാന്തതയോടെ വാസന്തി ടീച്ചർ പറഞ്ഞു തുടങ്ങി ..
മാഷുടെ പത്തു വർഷക്കാലത്തെ ലാഭ നഷ്ട ക്കണക്കുകളാണ് ഇവൻ....
മാഷ് പേടിക്കണ്ട..
മാഷിനെ വർഷങ്ങളായി നിരീക്ഷിക്കുന്ന എനിക്കും, പിന്നെ സുബൈദക്കും മാത്രമായി അറിയുന്ന ഉത്തരം...
പത്ത് വർഷക്കാലം തനിക്ക് അഞ്ജാതമായിരുന്ന സമസ്യക്ക് ഉത്തരം ലഭിച്ചിരിക്കുന്നു ..
ജിനദേവൻ മാഷിന് വീണ്ടും ശ്വാസം മുട്ടുന്നതായി തോന്നി..
അപ്പോൾ സുബൈദ ജീവനൊടുക്കി എന്നാരോ പറഞ്ഞത്?
വെറെ ആരും പറഞ്ഞതല്ല മാഷെ, മാഷിൻ്റെ വിഭ്രാന്തി കാലത്ത് സംഭവിച്ച അക്ഷരതെറ്റുകളായിരുന്നു അതൊക്കെ ..
ഒരു പരിധി വരെ ഞാനും അതിന് കാരണക്കാരിയാണെന്ന് കൂട്ടിക്കോളൂ..
വാസന്തി ടീച്ചർ പറഞ്ഞു നിർത്തി..
അപ്പോഴും ചുമരും ചാരി നില്ക്കുകയായിരുന്ന സത്യജിത്തിനെയും കൂട്ടി അവൻ്റെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് നടക്കുമ്പോൾ പ്ലസ്സ് റ്റു ബ്ലോക്കിൽ നിന്ന് ഷേക്സ്പിയറുടെ വിശ്വവിഖ്യാതമായ ഹാംലെറ്റ് എന്ന ഉദ്വേഗഭരിതമായ നാടകത്തിൻ്റെ ചുവടുവപ്പുകളും,വാഗ് ധോരണിയും മുഴങ്ങിക്കേട്ടു ..
വാചകങ്ങളുടെ കസർത്തുമായി തൻ്റെ വിദ്യാർത്ഥികളോട് സംവദിക്കുന്ന സുബൈദ ടീച്ചറുടെ സുറുമയിട്ട കണ്ണുകളിലേക്ക് മാൻ പേടയോടെന്നവണ്ണം ജിനദ്ദേവൻ മാസ്റ്റർ നോക്കി..
അപ്പോഴും മാഷുടെ വിരലുകൾ സത്യജിത്തിൻ്റെ മുടിയിഴകൾ തഴുകുന്നുണ്ടായിരുന്നു ...
@ Copy Right Reserved...
story by .
കൃഷ്ണകുമാർ കൂടാളി..
ഗോകുലം, കീഴല്ലൂർ
24-02-2021
No comments:
Post a Comment