Friday, December 18, 2020

വശ്യം, സുന്ദരം...

#വശ്യ_സുന്ദരം..

തൂവൽ പോലെ തലോടിയുണർത്തും
തൂമഞ്ഞിൻ തുള്ളികളെ
തേവാരത്തിന് പോവുകയാണോ
പരിവാര സമേതവുമായ്..
തുളസിക്കതിരുകൾ പിന്നിയ മുടിയും
ലോലാക്കിൻ കമ്മലുമായ്
വട്ട മുഖാംബുജ ദർശന വേളകൾ
സമ്മാനിക്കും പുലരികളേ...

കാഞ്ചന മണികൾ തലയാട്ടുന്നൊരു
പാട വരമ്പുകൾ താണ്ടി
നനു നനെ പെയ്യും ചാറ്റൽ മഴയിൽ
കുട ചൂടാതെ നടന്നും...
അക്കരെയുള്ളൊരു കാവിലെയുജ്വല
താലപ്പൊലിയും കൂടാൻ
ഈറൻ നോറ്റുവരുന്നൊരു കാറ്റേ
പോരാമോയെൻ കൂടെ?

കുങ്കുമവർണ്ണ വിതാനമൊരുക്കും
സായം സന്ധ്യ നേരം..
ചായില്യത്താൽ ചോന്നു തുടിക്കും
തെയ്യം തുള്ളും കാവിൽ..
അണിയലമുടിയും ചെണ്ട താളവും
ഇടകലരും വേളകളിൽ...
നയന മനോഹര കാഴ്ചയിൽ നമ്മൾ
അറിയാതങ്ങ് ലയിക്കും..
by ..
Krishna Kumar Koodali
Al Khor, Qatar
Copy Right Reserved..
18-12-2020

Friday, September 11, 2020

കഥ (കാറ്റിനുമുണ്ടൊരു കഥ പറയാൻ)

കാറ്റിനുമുണ്ടൊരു കഥ പറയാൻ....(കഥ)
>>>>>>>>>>>>>>>>>>>>>>>>>>>
"മാസാന്ത്യത്തിലെ തിരക്കുപിടിച്ച ജോലികൾക്കിടയിലായിരുന്നു, സുധീഷിന് വിനയൻ മാഷുടെ കോൾ വന്നത്.. അതു കൊണ്ട് തന്നെ ഒരാവർത്തി പൂർണ്ണമായും റിങ്ങായതിനു ശേഷം, രണ്ടാമതും വിളിച്ചപ്പോഴാണ് അയാൾക്ക് ഫോണിൽ പ്രതികരിക്കാനായത്..

  "മാഷേ .. ക്ഷമിക്കണം കെട്ടാ..

ഭയങ്കര തിരക്കായിരുന്നു, ഇവിടെ മിക്കയിടങ്ങളും ലോക് ഡൗൺ ആണെങ്കിലും, എൻ്റെ ജോലിക്ക് യാതൊരു കുറവുമില്ല..

   അതൊക്കെ പോട്ടേ, മാഷെന്തിനായിരുന്നു വിളിച്ചത്?

    അതു പിന്നെ,സുധിയേട്ടാ രണ്ട് കാര്യങ്ങളുണ്ട്... ഒന്നാമതായി, നമ്മുടെ വായനശാല സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയിൽ സാഹിത്യ സംഗമം സംഘടിപ്പിച്ചിട്ടുണ്ട് .. അതിലേക്ക് സുധിയേട്ടൻ്റെ ഒരു ആശംസ കുറിപ്പ് വേണം, പിന്നെ ക്ലബ്ബിൻ്റെ വാർഷികത്തിന് ഒരു സുവനീർ ഇറക്കുന്നുണ്ട്.. അതിലേക്ക്  ഒരു കഥയോ, കവിതയോ, ലേഖനമോ അങ്ങിനെ എന്തെങ്കിലും ..

    വിനയൻ മാഷ് കാര്യമായിട്ടാണോ ചോദിക്കുന്നത്?

  വെറുമൊരു ഫെയ്സ് ബുക്ക് ജീവിയായ എൻ്റെ എഴുത്ത് എന്നു മുതലാണ് നാട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് സുധീഷ് ചിന്തിച്ചു കൊണ്ടിരിക്കെ, വീണ്ടും വിനയൻ മാഷുടെ ശബ്ദം കാതിൽ അലയടിച്ചെത്തി..

    സുധിയേട്ടൻ കഴിഞ്ഞാഴ്ച എഫ് ബി യിൽ പോസ്റ്റ് ചെയ്തിരുന്ന "പൊന്നുവിളയുന്ന മരുഭൂമി" എന്ന കഥയിലെ നസറുദ്ദീൻ എന്ന കഥാപാത്രം അനുഭവിച്ച ഭാവതീഷണവും, ദൈന്യത നിറഞ്ഞതുമായ ജീവിത കഥ ഞങ്ങൾ ചെറുപ്പക്കാർ അത്യധികം ഉത്കണ്ഠ പൂർവ്വമാണ് വായിച്ചു തീർത്തത്.. തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷ ഭരിതരമായ കഥ..

 ഗൾഫുകാർ പൊന്നു കായ്ക്കുന്ന മരുഭൂമിയിൽ കനകസിംഹാസനത്തിൽ ഇരുന്ന് ഉല്ലസിക്കുകയാണെന്ന അബദ്ധ ധാരണയും, ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ വെല്ലുന്ന തീഷ്ണാനുഭവങ്ങളുടെ  ഹൃദയഭേദക നേർക്കാഴ്ചകളുടെ കഥ എത്ര സ്പഷ്ടമായിട്ടാണ് എഴുതിയിരിക്കുന്നത് .. വെറുമൊരു കഥയായി തോന്നിയതേയില്ല..
 ജീവസ്സുറ്റ ഒട്ടേറെ കഥാപാത്രങ്ങളും, മരുഭൂമിയിലെ പൊള്ളുന്ന വെയിലിൽ ഒരിറ്റുവെള്ളത്തിനായ് യാചിക്കുന്ന കഥാപാത്രം,
പറയുന്ന മാസ്സ് ഡയലോഗുണ്ടല്ലോ..
കേൾവിക്കാരുടെ മനസ്സ് ആർദ്രമാവുന്ന സംഭാഷണങ്ങൾ... ആടുകൾക്ക് കൊടുക്കുന്ന കാടിവെള്ളവും ഉണക്കക്കൂസും കഴിച്ച്, ആടുകളുടെയും ഒട്ടകങ്ങളെയും പോലെ പ്രാകൃതമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട കുറച്ചു പേരുടെ കഥ വായിച്ചപ്പോൾ എൻ്റെ കണ്ണുകളിൽ നിന്ന് കണ്ണീർ കണങ്ങൾ "കുടുകുടെ " എന്ന് ഒഴുകിപ്പോയെൻ്റെ സുധിയേട്ടാ..

ആയതിനാൽ, സുധിയേട്ടൻ നമ്മുടെ നാട്ടുകാർക്ക് എന്നും പ്രിയപ്പെട്ടവനാണ്.. വെറും എഫ് ബി യിൽ മാത്രം ഒതുങ്ങി കൂടേണ്ടവനല്ല സുധിയേട്ടൻ.... താങ്കൾ ഇനിയും ധാരാളം എഴുതണം .. താങ്കളുടെ കഥാ മൂല്യം സാഹിത്യ കൈരളി തിരിച്ചറിയുക തന്നെ ചെയ്യും..
പിന്നെ സുധിയേട്ടാ മറ്റന്നാൾ ഒരു ഓൺലൈൻ കാവ്യ സംഗമം ഉണ്ട്.. പറ്റുമെങ്കിൽ അതിലും ഒന്ന് പങ്കെടുക്ക്..

വിനയൻ മാഷ് പറഞ്ഞു നിറുത്തി ..

   സേട്ടുവിൻ്റെ കണക്കെഴുത്തുകാരനായി ഈ മണലാരണ്യത്തിൽ എത്തിയ താൻ ഈ സ്ഥാപനത്തിൻ്റെ ഫിനാൻസ് മേനേജർ തസ്തികയിലെത്തിയിട്ടും, ജീവിതമാകുന്ന വഞ്ചി ഇന്നും തിരുനക്കര തന്നെയാണല്ലോ എന്ന് സുധീഷ് ചിന്തിച്ചു ..

    ശ്രീ കുട്ടൻ്റെ പഠിപ്പു കഴിഞ്ഞപ്പോൾ ഏറെ  സന്തോഷിച്ചിരുന്നു.. അവനെ ഇവിടെ നല്ലൊരു പോസ്റ്റിൽ ഇരുത്തിയിട്ട് വേണം തൻ്റെ തോളിൽ കയറ്റി വച്ചിരിക്കുന്ന നുകം അഴിച്ചു വക്കാൻ എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴല്ലേ നിനച്ചിരിക്കാതെ കൊറോണയെന്ന മഹാമാരി ലോകമെമ്പാടും പടർന്നു പിടിച്ചതും .. രാഷ്ട്രങ്ങളുടെ സാമ്പത്തിക നട്ടെല്ലുകൾ തകർന്നു തരിപ്പണമാക്കിയതും... 
തൻ്റെ തലയിലെഴുത്ത്.... അല്ലാതെന്ത്?
സുധീഷിന് തന്നോടു തന്നെ ഒരു വേള പുച്ഛം തോന്നി...

വയ്യ.. അത്രക്കും മടുത്തു .. വണ്ടിക്കാളയെ പോലെ ഓടിയും, കിതച്ചും പത്തു മുപ്പതു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു ..ഇനി വേണം, തനിക്ക് തൻ്റെ രാധയോടൊത്ത് ജീവിത വൃന്ദാവനത്തിൽ ഒന്ന് സൊള്ളിക്കാൻ ..
മനസ്സിന് പ്രായമേശിയിട്ടില്ലെന്ന്  തൻ്റെ വെളുത്ത മുടിയിഴകളിലൂടെ കൈവിരലുകളോടിച്ച് സുധീഷ് ആത്മഗതം കൊണ്ടു..

"യാ മുദീർ ...എഷ് ഹാദാ ,ഇന്ത ലിസ്സ മാഫി റോ ബെയ്ത്ത്? എഷ് സവ്വേ ഇന അൽഹിൻ ? മുൻകിൻ ഇൻത നോം.. സാ?

" എന്നാ സാറേ, വീട്ടിപ്പോവാതെ ഇവിടിരുന്ന് ഇങ്ങനെ ഇരുന്നുറങ്ങുകയാണോ " എന്നതാണ് അയാൾ ചോദിച്ചതിന് അർത്ഥം..

     സുധീഷ് തലയുയർത്തി നോക്കി.. .. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മറ്റു സ്റ്റാഫുകൾ അധികം ഉണ്ടാവാറില്ല.. അപ്പോഴാവും, തൻ്റെ പെൻ്റിങ്ങ് വർക്കുകൾ ചെയ്തു തീർക്കുന്നത് ..
കമ്പനിയുടെ പി ആർ ഒ , സുഡാൻ കാരനായ റഹീം എന്തോ ആവശ്യത്തിന് ഓഫീസിൽ വന്നതാവും .. സാധാരണ വ്യാഴാഴ്ചകളിൽ കാലത്ത് ഒന്ന് മുഖം കാണിച്ചിട്ട് മുങ്ങു പതിവാണ് മൂശേട്ടകൾക്ക് .. എന്നിട്ടാണ് വ്യാഴാഴ്ച ഉച്ചക്കുശേഷവും ജോലി ചെയ്യുന്ന തൻ്റെ നേർക്കുള്ള പരിഹാസം ..
സുധീഷ് രോഷത്തോടെ എഴുന്നേറ്റു, അവനോട് ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..

സുധിയേട്ടാ, സുധിയേട്ടാ..

ആഹാ.. ചിരപരിചിത ശബ്ദം..

ആരാണ് തന്നെ വിളിക്കുന്നത്?

വീടിൻ്റെ പടിഞ്ഞാറുവശത്തെ വരാന്തയിലെ കസേരയിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന സുധീഷ്  ഞെട്ടിയുണർന്ന് നോക്കി..

സുധീഷ് സ്ഥലകാല ഭ്രമത്തോടെ ഇരു കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മി ചുറ്റും നോക്കി..
കുറച്ചു നേരമെടുത്തു സ്ഥല കാലബോധം വരാൻ..
നോക്കുമ്പോൾ, അതാ തൻ്റെ "വാമഭാഗം" രാധ തോളിൽ കുലുക്കി വിളിക്കുകയാണ്..
എന്നതാ സുധിയേട്ടാ, എത്ര നേരമായി ഞാൻ വിളിക്കുന്നു .. ഞാൻ എവിടെയൊക്കെ തിരക്കി എന്നറിയാമോ?

നേരം എത്രയായെന്നാ വിചാരം?
രാത്രി പതിനൊന്നര കഴിഞ്ഞുട്ടാ..

ഓഹ്.. അതെയോ?

ഞാനൊരു കഥയെഴുതാൻ ഇരുന്നതായിരുന്നെടീ .. 
ഇവിടുത്തെ പടിഞ്ഞാൻ കാറ്റിന് എന്തു സുഗന്ധമാണെന്നറിയോ, നീ നട്ടു വളർത്തിയ അരി മുല്ലകളും, ജമന്തിയും, പിച്ചകവും, പനീനീർ ചെടികളും തരുന്ന സുഗന്ധം, അതു കൊണ്ടാവാം, ചെറുതായൊന്നു മയങ്ങിപ്പോയി..

ഉം.. ചെറുതായൊന്നും അല്ലാരുന്നു... സാമാന്യം ഉച്ചത്തിൽ തന്നെ കൂർക്കം വലിച്ചു ഉറങ്ങുവാരുന്നു..

ആറു മാസം മുന്നെ വെറും ഒരു മാസത്തെ അവധിക്ക് വന്ന താൻ കഴിഞ്ഞ അഞ്ചു മാസമായി ജീവിതം ക്വാറൻ്റൈനിലും, ലോക്ക് സൗണിലും ആക്കപ്പെട്ട കൊറോണയോട് തീർത്താൽ തീരാത്ത കലിപ്പോടെ സുധീഷ് അകത്തേക്കു കയറുമ്പോൾ ഭാര്യ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു ..

അതേയ്..വിനയൻ മാഷ് വന്നിരുന്നു കെട്ടോ ..
ഓണപ്പതിപ്പിലേക്കുള്ള കഥ നാളെ തന്നെ കൊടുക്കണം എന്ന് നിങ്ങളോട് പറയാൻ പറഞ്ഞു...

ഭാര്യ പറഞ്ഞത് കേട്ട് ഒന്ന് മൂളിയതിന് ശേഷം അകത്തേക്ക് നടക്കുന്നതിനിടയിൽ ഭാര്യയോട് ചോദിച്ചു..

ശ്രീ കുട്ടൻ ഉറങ്ങിയോടീ ?

ഇല്ലെന്ന് തോന്നുന്നു..

അവൻ പഠിക്കുക തന്നെയാണോടീ

അച്ഛൻ്റെതല്ലേ മകൻ...

എപ്പോ നോക്കിയാലും സദാ വായനയും, പഠിത്തവും  തന്നെ..

അവൻ വായിച്ചു പഠിക്കട്ടെടീ..

അവന് ജീവതത്തിൽ ഒരു ലക്ഷ്യമുണ്ട്..
അതവൻ നേടിയെടുക്കും...

ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് സുധീഷിൻ്റെ ഭാര്യ ചോദിച്ചു..

ഈ കൊറോണക്കാലം എന്നു തീരും സുധിയേട്ടാ..
ഒക്കെ ശരിയാവുമെടീ ..

ഗൾഫിൽ കുറഞ്ഞു വരുന്നുണ്ട് പോലും
അടുത്ത മാസത്തോടെ തിരിച്ചു പോക്ക് സാദ്ധ്യമായേക്കും..

ജീവിതം മരീചികയാവുമ്പോൾ പ്രതീക്ഷകൾക്ക് തിളക്കമേറും..

തൻ്റെ തന്നെ കണ്ടുപിടുത്തമാണ്..
പാതിരാത്രിയിൽ വേദാന്തം പറയാതെ ഒന്നു വായോ..

ശരി വാ.. നടക്ക്..

 ഭാര്യയുടെ കരം ഗ്രഹിച്ച് അകത്തേക്ക് നടക്കുമ്പോൾ ധാരാളം വളകൾ കുലുങ്ങിയിരുന്ന അവളുടെ കൈത്തണ്ടയിലെ വള കിലുക്കങ്ങൾ കുറഞ്ഞു വരുന്നതിൽ തൻ്റെ ആധി മറച്ചു വച്ചില്ല..

സാരമില്ല സുധിയേട്ടാ..

നമുക്കിനിയും നല്ല കാലം വരുമായിരിക്കും..
ഭാര്യയുടെ വാക്കുകൾ തൻ്റെ ജoരാഗ്നിയെ ശമിപ്പിക്കുമോ?
A Story by :
കൃഷ്ണകുമാർ കൂടാളി..
ഗോകുലം,കീഴല്ലൂർ..
Photo - കടപ്പാട് ഗൂഗിൾ..
           - ശുഭം -
@Copy Right Reserved ..

ചെറുകഥ (തിരിച്ചറിവ് )

തിരിച്ചറിവ് .. ( ചെറുകഥ)
====================
വളരെ, ആയാസപ്പെട്ട് കണ്ണുകൾ ചിമ്മിത്തുറന്നു നോക്കിയ സുബൈർ ചുറ്റിലും പരതി നോക്കി...
താൻ എവിടെയാ കിടക്കുന്നത്?
കുറച്ചു നേരത്തേക്ക് അയാൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.. തല ചെരിക്കാൻ കഴിയുന്നില്ല .കാലുകൾ ചലിപ്പിക്കാനും ..

    ബാബ, കൈഫക്ക് ഇന്ത അൽഹിൻ?
ശബ്ദം.,കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ വെള്ള ഓവർ കോട്ടും കഴുത്തിെലൊരു കുഴലുമായി ഒരു വെളുത്ത മാലാഖ തൻ്റെ അരികെ നില്ക്കുന്നു ..
  ബാബ, ഹൗ ഇസ്  നൗ, സ്റ്റിൽ യു ഹേവ് പെയിൻ എനി വേർ? ചെറുപ്പക്കാരിയായ മാലാഖ ചോദ്യം ആവർത്തിച്ചു.കൂടെയുണ്ടായിരുന്ന മെയിൽ നഴ്സ് മലയാളത്തിൽ ചോദിച്ചു..

ബാപ്പക്ക് ഇപ്പോൾ എങ്ങിനെയുണ്ട് എന്നാണ് ചോദിച്ചത് ..
കുറച്ച് കുറവുണ്ടെന്ന് പറഞ്ഞപ്പോൾ മാലാഖ നന്നായൊന്നു ചിരിച്ചു..

അപ്പോഴാണ് സുബൈറിന് മനസ്സിലായത് താൻ ഏതോ ഒരു വലിയ ആശുപത്രിയിലാണ് കിടക്കുന്നതെന്നും, ധാരാളം കുഴലുകൾ ഏതോക്കെയോ യന്ത്രങ്ങളുമായി ഘടിപ്പിച്ചിട്ടുണ്ടെന്നും ..

അയാൾ മാലാഖയുടെ നെയിം സ്ലിപ്പ് നോക്കി..

ഡോക്ടർ ഫാത്തിമ മറിയം ബിന്ത് അൽ ഈസ ദോസരി ..

മാലാഖ അദ്ദേഹത്തിൻ്റെ നെഞ്ചിൽ കുഴൽ വച്ച് ബിപി നോക്കുകയും പൾസ് നോക്കുകയും ചെയ്തിട്ട് പേഷ്യൻ്റ് റിക്കാർഡിൽ എന്തൊക്കെയോ കുറിച്ചു വച്ചു.. വീണ്ടും തന്നെ ഒന്നു നോക്കി ചിരിച്ചു പിന്തിരിഞ്ഞ് നടക്കാൻ നേരം സുബൈർ വിളിച്ചു..

മറിയം..
"അനക്ക് എന്നെ ഓർമ്മയുണ്ടോ?"

അപ്പോഴാണ് അവൾ സുബൈറിനെ സൂക്ഷിച്ചു നോക്കിയത്?

ബാബ സുബൈർ.. അള്ളാ.. എഷ് കിദ..

അവളുടെ ബാബ ഈസ ദോസരിയുടെ ഡ്രൈവറായിരുന്ന തന്നെ അവൾ എളുപ്പം തിരിച്ചറിഞ്ഞു..

അവളോടൊപ്പം മണ്ണുവാരി കളിച്ചതും, തൻ്റെ മുതുകിലേറി ആനകളിച്ചതും ഒക്കെ ഓർത്തു അവൾ കരഞ്ഞു..
പിന്നീട് അവിടെ നിന്ന് ഉയർന്ന ജോലി കിട്ടി ഈ പട്ടണത്തിൽ എത്തിയപ്പോൾ ജോലി കൂടുതൽ കാരണം തല ചുറ്റി വീണതിനാലാണ് ഇവിടെ എത്തിയതെന്ന് അവളോട് പറഞ്ഞു.

മറിയം, കെഫ് ബാബ അൽ ദോസരി ..?
അതു കേട്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞു..

താൻ പണ്ട് പഠിപ്പിച്ചു കൊടുത്ത മലയാളം വാക്കുകൾ കൂട്ടിച്ചേർത്ത് അവൾ കരച്ചിലിനിടയിൽ പറഞ്ഞു..

എൻ്റെ ബാബ മരിച്ചു പോയി.. ലാസ്റ്റ് വീക്കിൽ ..
"കൊറോണയായിരുന്നു .. "

മറുപടിക്ക് കാത്തു നിലക്കാതെ കണ്ണീർ തുടച്ചു കൊണ്ട് അവൾ നടന്നകന്നു ..
കൊറോണ കാരണം ജീവൻ പോയ അനേകായിരങ്ങൾക്ക് അല്ലാഹു ഖബറിടം വിശാലമാക്കിത്തരട്ടെ..

ഇന്നാലില്ലാഹി വ ഇന്ന ഇലൈഹി റാജി ഊൻ..
സുബൈർ  ഉപചാര വാക്കുകൾ ചൊല്ലി...

Story by:
Copy Right Reserved.
 കൃഷ്ണ കുമാർ കൂടാളി ..
അൽഖോർ, ഖത്തർ..

Sunday, September 6, 2020

ഉച്ചവെയിൽ (ചെറുകഥ)

ഉച്ചവെയിൽ.. (ചെറുകഥ)
>>>>>>>>>>>

"പതിവിലും നേരത്തെ അയാൾ
 വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ..
സ്ഥായിയായ നിർവ്വികാരതയിൽ നിന്ന് നിരാശയുടെ പടുകുഴിയിലേക്ക് വീണു കൊണ്ടിരിക്കുകയാണെന്ന് 
നരച്ച കുറ്റിത്താടി കണ്ടാലറിയാം .. "

ഉച്ചസ്ഥായിൽ നില്ക്കുന്ന തീവെയിലിൽ മൊട്ടത്തല തിളങ്ങുമ്പോൾ ഒരു തണലിനായി ചുറ്റും പരതി ഹതാശയനായി അയാൾ
 നടത്തം തുടർന്നു....

ഇരുപത്തിമൂന്നിൽ നിന്ന് അൻപതിന്
 മുകളിൽ ചൂട് കത്തി നില്ക്കുമ്പോൾ,
കിളി പോയ അയാൾ ഏതോ -
 ദിശാ ഫലകം കണ്ട് പിറുപിറുത്തു ..
"ദിശാ ഫലകങ്ങളിലേക്ക് കണ്ണെറിയുമ്പോൾ
 തല തിരിച്ച് പോകേണ്ടി വരുന്നത് ഗതികേടുകൊണ്ടാണ്.. "
"നാവിലെഴുതി വച്ച അക്ഷര മുത്തുകൾ 
വഴി തെറ്റി സഞ്ചരിച്ചത് 
നേരിലേക്കായിരുന്നെന്ന്
വൃഥാ ധരിച്ചതാണെന്റെ തെറ്റ് "

കണ്ണീർ കണങ്ങൾ ഉരുണ്ടു കൂടുന്നത്
ഒളിപ്പിച്ചു വക്കാൻ പാടുപെടുന്നതെന്തെന്നാൽ
ഒരുത്തോലകവും, ഉറച്ചു നില്ക്കാൻ ഇടവുമില്ലാത്തതിനാലാണെന്ന്
ഞാൻ എന്നോട് തന്നെ പറഞ്ഞു 
കെണ്ടേ ഇരുന്നു "
കാലം കരുതിവക്കുന്ന അക്ഷയപാത്രമെന്ന നിധിയിലേക്കെത്തണമെങ്കിൽ 
കണ്ണീരുപ്പു പരലുകൾ നിറഞ്ഞ കിണറാഴങ്ങളിലേക്ക് തെറിച്ചു പോയ നാവെനിക്ക് വീണ്ടെടുക്കാനൊരു പാതാളക്കരണ്ടി തേടിയേ പറ്റൂ!!
അയാളുടെ ജല്പനങ്ങൾ കേട്ട വഴി പോക്കർ പറഞ്ഞു " പിരാന്തൻ "!!

നടന്നു തളർന്ന അയാൾ വഴിവക്കിൽ കണ്ട നാഴികക്കല്ലിൽ ഇരുന്നു....
അപ്പോഴും തലക്കു മുകളിൽ കത്തി നില്ക്കുകയാണ് സൂര്യൻ...!!
@ Copy Right Reserved
by:
കൃഷ്ണ കുമാർ.കൂടാളി
അൽഖോർ,ഖത്തർ..

Friday, July 31, 2020

വാകമരച്ചുവട്ടിലെ ഗുൽമോഹറുകൾ ..(കഥ)

#വാകമരച്ചുവട്ടിലെ_ഗുൽമോഹറുകൾ .. (കഥ)
>>>>>>>>>>>>>>>>>>>>>>>>>>>>>>
രംഗം ഒന്ന്..
കണ്ണെത്താ ദൂരത്തായി പരന്നു കിടക്കുന്ന പച്ച പരവതാനി വിരിച്ചതു പോലെയുള്ള പുഞ്ചപ്പാടങ്ങൾക്ക് നടുവിലൂടെ താലിച്ചരട് പോലെ വളഞ്ഞ് പോവുന്ന പ്രധാന പാതയോരത്ത് ഇരു വശങ്ങളിലുമായി അങ്ങിങ്ങായ് നിറയെ വാകമരങ്ങളും കണികൊന്നകളും.. 
ദൂരെ പടിഞ്ഞാറ് നീല രാജികൾ തെളിഞ്ഞു കാണുന്ന വെള്ളിക്കൊലുസുകൾ പോലുള്ള പുഴ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നു .. കിഴക്കെ കുന്നിൻ ചെരിവിൽ നിന്നാൽ പടിഞ്ഞാറൊഴുകുന്ന പുഴയെ കാണാൻ എന്തു ചന്തം !
   പാടശേഖങ്ങൾക്കരികെയുള്ള വാകമരങ്ങളിൽ പൂത്തു നില്ക്കുന്ന ഗുൽമോഹറുകൾ ദൃശ്യമനോഹരങ്ങളും മോഹിപ്പിക്കന്നവയുമാണ്..അതു പോലെ കണിക്കൊന്നകളിൽ നിറയെ വിടർന്നു നില്ക്കുന്ന പൂക്കൾ വിഷുക്കാലത്തിൻ്റെ നിർമല ത വിളിച്ചോതുന്നു .. വയലേലകളിൽ കൊയ്ത്തുപാട്ടിൻ്റെ വായ്ത്താരികൾ ഉയർന്നു കേൾക്കാം.. നാടൻ പാടിൻ്റെ ശീലുകളുമായി പെണ്ണുങ്ങൾ എത്ര മനോഹരമായാണ് പാടുന്നത് .. ദേശാടന പക്ഷികളുടെ കളകൂജനങ്ങൾ ഞാറ്റടിപ്പാട്ടുകൾ പോലെ ശബ്ദമധുരിമ പകരുന്നു..
കിഴക്കെ കുന്നിൻ ചെരിവിൽ നിന്നുളള്ള കൈവഴിതോടിന് സമാന്തരമായി ഒരു മൺപാത വന്ന് സംഗമിക്കുന്നത് പ്രധാന പാതയിലേക്കാണ്..
പ്രധാന പാതയായതിനാൽ സദാ സമയവും വാഹന തിരക്കുണ്ടാവും..
പ്രധാന പാതയുടെ സംഗമസ്ഥാനത്തായി ഇരുവശങ്ങളിൽ കലുങ്കുണ്ട് .. അവിടെ അതിനടുത്തായി ചെറിയൊരു കൂടാരം കെട്ടിയിട്ടുണ്ടാക്കിയിട്ടുണ്ട് .. അതിൽ ആംഗലേയത്തിൽ ഹൃദയാകൃതിയിൽ ചിഹ്നത്തിyള്ളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു ..
"Flying Birds " 
ഇവിടമാണ്, വൈകുന്നേരങ്ങളിൽ ഏതാണ്ട് അഞ്ചു മണിയോടു കൂടി നമ്മുടെ കഥാനായകരുടെ ഒത്തുകൂടൽ
കഥാനായകർ നാലു പേർ ..
പേരുപോലെ തന്നെ സ്വതന്ത്ര പറവകൾ .. ദേശാടനക്കിളികൾ..
നമുക്കവരെ ഓരോരുത്തരെയായി പരിചയപ്പെടാം..
ഒന്നാമൻ - അരുൺ ഗോപിനാഥ്
രണ്ടാമൻ - അബ്ദുൾ ഹുസൈൻ
മൂന്നാമൻ - ആൽഫ്രഡ് ആൻഡ്രൂസ്സ്
നാലാമൻ - അതുൽ അർബിന്ദോ ദാസ്സ്
നാലാമൻ്റെ പേര് കേട്ട് ചിന്തിക്കാൻ വരട്ടെ
സംശയിക്കണ്ട,ബംഗാളി തന്നെ..
അരുൺ ഗോപിനാഥിൻ്റെ പേരിലെ ഗോപിനാഥ് മാഷും, അബ്ദുൾ ഹുസൈൻ്റെ ബാപ്പ ഹസ്സൻ മാഷും സ്ഥലത്തെ മാതൃക അധ്യാപകരും, അടുത്ത സുഹൃത്തുക്കളും അടുത്തടുത്ത സ്കൂളുകളിലെ പ്രധാന അധ്യാപകരുമാണ് ..
ആൽഫ്രഡ്ഡിൻ്റെ അപ്പച്ചൻ മലഞ്ചരക്ക് കടക്കാരനും, ഹൈറേഞ്ചിലെ തോട്ടവിള കൃഷിക്കാരനുമാണ്, അർബിന്ദോ ദാസ് റെയിൽവെ സ്റ്റേഷൻ മാസ്റ്ററാണ്.. വർഷങ്ങളായി ദക്ഷിണ റയിൽവേയിലായതിനാൽ പെൻഷൻ പറ്റിയിട്ടും ബംഗാളിലേക്ക് തിരിച്ചുപോയില്ല.. ആയതിനാൽ ബംഗാളി ഭാഷയോടൊപ്പം മലയാളവും നന്നായി വഴങ്ങും,
ഈ നാൽവർ സംഘം ഒരേ കേളേജ് മേറ്റ്സാണ് എന്നതാണ് ഇവരുടെ ഒത്തൊരുമയുടെ പ്രത്യേകത...
നാലുപേരും ബിരുദ വിദ്യാർത്ഥികൾ, ഫ്രീക്കന്മാർ, ഫ്രീയായി ലഭിച്ച ഇരുചക്രവാഹനങ്ങളിൽ ചെത്തി നടക്കാൻ ഇഷ്ടപ്പെടുന്നവർ..
ഇല കൊഴിയും കാലത്തെ ഒഴിവ് കാലപ്രഭാതം..
അന്നും വാകപ്പൂക്കൾ കലുങ്കിനരികെ വീണു കിടക്കുന്നു...
അബ്ദുൾ ഹുസൈനും, അരുൺ ഗോപിനാഥും അസ്വസ്ഥരാണ്..
അരുൺ അബ്ദുളിനോട് പറഞ്ഞു, .
എടാ.. നീയൊന്ന് അതുലിനെ വിളിക്ക്..
ആ വട്ടൻ ആൽഫ്രഡ്ഡിനോട് പറഞ്ഞിട്ട് കാര്യമില്ല..
എനിക്ക് കൈകാലുകൾ വിറച്ചിട്ട് ഒരു രക്ഷയുമില്ല..
അതുൽ ആ പൊതിയുമായി വരുമായിരിക്കും അല്ലേടാ..
അരുൺ ഭ്രാന്തനെ പോലെ പുലമ്പിക്കൊണ്ട് ആ കൂടാരത്തിനുള്ളിൽ അങ്ങോട്ടും, ഇങ്ങോട്ടും നടന്നു.
അബ്ദുൾ സമാധാനപ്പെടുത്തി..
എൻ്റെ അരുണേ നീയൊന്ന് അടങ്ങ്..
അതുൽ അപ്പോൾ എത്തും..

രംഗം -2

ഇതേ സമയം.. ആൽഫ്രസ്സ് സൈക്കിൾ റിപ്പേറിങ്ങ് ഷാപ്പിലെത്തി പഞ്ചറൊട്ടിക്കുന്ന സൊല്യൂഷൻ വാങ്ങി ബൈക്കിൽ കയറാൻ നേരമാണ് അവൻ്റെ കഴുത്തിന് പിന്നിൽ ഒരു പിടി വീണത്.. ഷാഡോ പോലീസാണെന്നറിയാതെ അവൻ വർഷങ്ങളായി പരിശീശിലിച്ച ഗുസ്തി പയറ്റാൻ ശ്രമിച്ചപ്പോൾ പോലീസ്കാരൻ പറഞ്ഞു., മോനേ.. നിൻ്റെ അടവ് എൻ്റെടുത്ത് വേണ്ടാട്ടാ.. മറ്റവനെ ..
അദ്ദേഹം ഐ ഡി കാണിച്ച് പറഞ്ഞു
പേലീസാണ്,
ഞാൻ എസ്.ഐ വിനോദ് കിഴുന്ന,
നീ ആ ഗോപി മാഷിൻ്റെ മകൻ്റെ സുഹൃത്തല്ലേ..
ആൽഫ്രഡ്ഡ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പോലീസിൻ്റെ കൈക്കരുത്തിൽ പൂച്ചയെ പോലെ മെരുങ്ങി നിന്നു..

രംഗം- 3

സ്ഥലത്തെ പോലീസ് സ്റ്റേഷൻ
  എസ്സ് ഐ വിനോര് കിഴുന്ന എന്ന ഇടി വീരൻ പോലീസ് , സി.ഐ രാജീവൻ സാറിൻ്റെ മുന്നിൽ സല്യൂട്ട് ചെയ്തിട്ട്, അടുത്ത കസേരയിൽ ഇരുന്നു ..
സി.ഐ രാജീവ് സാർ എസ്സ്.ഐ സാറിനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു വെൽഡൻ വിനോദ്
റിയലി എ ഗുഡ് ജോബ്..
ഏയ്.. സാറിൻ്റെതല്ലേ, ഫുൾ എഫോർട്ട് '
വിനോദേ, നാർക്കോട്ടിക്ക് സെല്ലിനേയും ,എക്സൈസ്കാർക്കും റിപ്പോർട്ട് ചെയ്തുവോ?
ഇല്ല സാർ..
എസ്സ്.ഐ വിനോദ് പറഞ്ഞു ..
തെല്ലിട ആലോചിച്ച് രാജീവ് സർ പറഞ്ഞു.
വേണ്ട .. നിയമപ്രകാരം ഏക്ഷൻ വേണമെങ്കിലും പിള്ളാരുടെ പ്രായവും ഭാവിയും ഓർത്ത് തല്ക്കാലം ഒന്ന് വിരട്ടി വിടാം അല്ലേ.. മാത്രവുമല്ല .. നമ്മുടെ ക്ലാസ്സ് മേറ്റസായിരുന്നല്ലോ ഗോപി മാഷും, ഹസ്സൻ മാഷും, അവരെ വിളിച്ചു വരുത്തിയോ?
എസ്സ് സർ ..
രക്ഷിതാക്കൾ നാലുപേരും ഉടനെ എത്തുമെന്നറിയിച്ചിട്ടുണ്ട് .. സർ..
അവർ സംസാരിച്ചുകൊണ്ടിരിക്കെ
സ്റ്റേഷൻ ഓഫീസർ ദേവസ്യ സല്യൂട്ട് ചെയ്തു കൊണ്ട് ഇരുവരരോടുമായി പറഞ്ഞു
സർ, ഗോപി മാഷും കൂട്ടരും വന്നിട്ടുണ്ട്..
ശരി വരാൻ പറയൂ.
സി.ഐയുടെ നിർദ്ദേശത്തെ തുടർന്ന് അവർ നാലു പേരും ക്യാബിനിലെത്തി..
സി.ഐ ആഗതരോട് ഇരിക്കാൻ പറഞ്ഞു..
നാലുപേരേയും ഒന്നു നോക്കിക്കൊണ്ട് സി.ഐ തുടർന്നു
ഗോപി മാഷും, ഹമീദ് മാഷും ഞങ്ങളുടെ കോളേജ് മേറ്റ്സാണ്.. ദീർഘനാളുകളായുള്ള പരിചയക്കാരുമാണ് .. ബാക്കി  നിങ്ങൾ രണ്ടു പേരോടും പ്രത്യേക മമത ഉണ്ടാവേണ്ട കാര്യമൊരുമില്ലെങ്കിലും ഇവരുടെ പിള്ളേരുടെ കൂട്ടുകാർ ആയതിനാൽ പറയുകയാണ് .. ഇനിയും പിള്ളാരെ മര്യാദക്ക് വളർത്തിയില്ലെങ്കിൽ ഭാവി ഇരുട്ടറക്കുള്ളിലാവും..
വിനോദേ .. ആ പിള്ളേരെ കൊണ്ടുവരാൻ പറയൂ..
ആ നാൽവർ സംഘം ക്യാബിനുളളിലേക്ക് ആനയിക്കപ്പെട്ടു.. 
ഗോപി മാഷ് ഒന്നേ നോക്കിയുള്ള 
ലജ്ജിച്ചു തലതാഴ്ത്തി പൊട്ടിക്കരഞ്ഞു,
ഷർട്ടുകൾ എല്ലാം അഴിച്ചു മാറ്റപ്പെട്ട്, ജീൻസുമാത്രം ധരിച്ച നാലുപേരും തല താഴ്ത്തി നിന്നു..
പെട്ടെന്ന് ആൻഡ്രൂസ് എഴുന്നേറ്റ് മകൻ്റെ കരണ കുറ്റിക്ക് നോക്കി ഒരൊറ്റയടി.. അവൻ്റെ തലക്കുള്ളിൽ നിന്ന് പൊന്നീച്ച പാറി ..
അതു കണ്ടു കൊണ്ടു നിന്ന സിഐയും എസ് ഐയും ഒരുമിച്ച് ദേഷ്യപ്പെട്ട് കൊണ്ട് അയാളോട് ചോദിച്ചു...
ഹേമിസ്റ്റർ നിങ്ങളെന്താണ് കാണിച്ചത് ..
നിങ്ങൾക്ക് ഷോ കാണിക്കാനുള്ള സ്ഥലമല്ല പോലീസ് സ്റ്റേഷൻ മനസ്സിലായോ?.
അയാൾ പറഞ്ഞു ..
ദണ്ഡം കൊണ്ടാണ് സാറേ .. ഞങ്ങളെയൊക്കെ അപ്പമ്മാർ അടിച്ചും കണ്ണുരുട്ടി പേടിപ്പിച്ചുമാണ് വളർത്തിയത് .. ഒരു നാലണക്ക് ഇരന്നാൽ പോലും കിട്ടില്ലായിരുന്നു; അന്നൊക്കെ കൊടിയ ദാരിദ്ര്യവും ആയിരുന്നു ..
ഇവന്മാർക്ക് എല്ലിൽ കുത്തീട്ടാ സാറെ..
ഇവൻ്റെ മുകളിൽ പെൺകുട്ടികളുണ്ട് അതുങ്ങളെ ഓർത്തോ ഈ പിശാച് ..
എനിക്കിവനെ വേണ്ട സാറെ..വേണ്ട ..

ആൻഡ്രൂസ്സ് പൊട്ടി പൊട്ടിക്കരത്തപ്പോൾ മറ്റു മൂന്നു പേരും ഒരുമിച്ച് കെട്ടിപിടിച്ചു കരഞ്ഞു..
തൊഴുകൈകളോടെ നാലുപേരും ചോദിച്ചു..
ഈ പാഴ്ജന്മങ്ങളെ ഞങ്ങൾ എന്തു ചെയ്യണം സർ..

തങ്ങൾക്ക് ജന്മനല്കിയ രക്ഷിതാക്കൾ പൊട്ടിക്കരഞ്ഞിട്ടും പേടിച്ച് ഭയന്ന് നില്ക്കുകയായിരുന്നു അതുൽ ഒഴികെ മറ്റു മൂന്നു പേരും
എസ്സ് ഐ വിനോദ് എല്ലാം വീക്ഷിച്ചു കൊണ്ട് പറഞ്ഞു ..
മാഷേ, ഇവർ പാഴ്ജന്മങ്ങളൊന്നുമല്ല, നല്ല കഴിവുള്ള കുട്ടികളാണ്.. എൻ്റെ മകൾ നിത്യയും ഇവരുടെ ക്ലാസ്സ് മേറ്റാണെന്ന്.. അരുൺ നന്നായി ചിത്രം വരക്കും, അബ്ദുൾ നന്നായി പാടും, വിൽഫ്രസ്സ് നന്നായി ഡാൻസ് ചെയ്യും..
അതുൽ ഒരു ജീനിയസ്സാണ്..
പക്ഷെ ഞങ്ങൾക്ക് മനസ്സിലായത് അതുൽ ഒരു അർബൻ നക്സൽ ആണെന്നാണ്..

പൂച്ചയെ പോലെ പതുങ്ങി നില്ക്കുന്ന ഇവനൊരു പുലിയാണ് അല്ലേ അർബിന്ദോ ദാസ് ..
അയാൾ തല കുനിച്ച് നിന്നതേ ഉള്ളു
ഒന്നും മിണ്ടാതെ ..

സി ഐ രാജീവ് ഗോപി മാഷെ നോക്കി പറഞ്ഞു,
നിങ്ങൾക്കറിയാമോ? അതുലാണ് കോളേജിലെ മയക്കുമരുന്നിൻ്റെ ഗ്യാങ്ങ് ലീഡർ..

ഗോപി മാഷും ഹസ്സൻ മാഷും അന്തം വിട്ട് നോക്കി നില്ക്കാനെ കഴിഞ്ഞുള്ളൂ മക്കളുടെ ചെയ്തികളെ കുറിച്ചും,, അവർക്ക് മയക്കുമരുന്നുകൾ ലഭിക്കുന്ന ഇടങ്ങളെ കുറിച്ചും, അവരുടെ റൂട്ട് മാപ്പിൻ്റെ വിവരങ്ങങ്ങു പ്പറ്റിയുമുള്ള വിവരണങ്ങൾ കേട്ടപ്പോൾ:
 സി.ഐ , വനിത റൈറ്ററെ മുറിയിലേക്ക് വിളിപ്പിച്ചു.
രാധികേ,
  അരുൺ, അബ്ദുൾ, ആൽഫ്രഡ്ഡ് ഇവർ മൂന്നു പേരുടെയും മേലിൽ അവർത്തിക്കില്ലെന്ന സ്റ്റേറ്റ്മെൻ്റും, ചുവടെ ഇവരുടെ രക്ഷിതാക്കജണ്ട കൗണ്ടർ സൈനും വാങ്ങി വക്കുക..
ഇവൻ അതുൽ തല്ക്കാലം ഇവിടെ നില്ക്കട്ടെ,
അതു കേട്ടപ്പോൾ അതുവരെ അക്ഷോഭ്യനായി നിന്ന അതുൽ വിങ്ങിപ്പൊട്ടി സി.ഐയുടെ കാൽക്കൽ വീണു..

സാർ..മാപ്പാക്കണം.... എക്സ്ട്രീംമ്ലി സോറി സർ..
ഇനി ഞാൻ ആവർത്തിക്കില്ല..
ബാബുജി, മുജ് കോ മാഫ് കർദ്ദിജിയേ..
മേം.. ആഗേം സേ കഭി നഹി ഗലത് കാം നഹി കരൂംഗാ സാബ്ജീ ..

അതുൽ ഹിന്ദിയിലും മലയാളത്തിലും തൻ്റെ പിതാവിനോടും, പോലീസ്സ് ഓഫീസറോടും മാപ്പിരന്നു..
എസ്.ഐ മറുപടി പറഞ്ഞു..
നിൻ്റെ മാപ്പപേക്ഷ ആത്മാർത്ഥതയോടെ ആണെങ്കിൽ അംഗീകരിക്കാം..
അദ്ദേഹം സി ഐ യെ നോക്കി..
സി.ഐ പറഞ്ഞു..
ഒരു കാര്യം ചെയ്യാം..
നിന്നെയും വിട്ടയക്കാം..
എന്നാൽ നാല് ആഴ്ചകളായി എല്ലാ ഞായറാഴ്ച കളിലും രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ ഇവിടെ വരണം..
വന്നിട്ട് ഇവിടുത്തെ ലൈബ്രറിയേയനാകണം .. പുസ്തകങ്ങൾ ഹൃദസ്ഥമാക്കണം.. സമ്മതമാണെങ്കിൽ വിട്ടയക്കാം.. മാത്രമല്ല നാലാമത്തെ ആഴ്ച നിങ്ങൾ നാലുപേരും രക്ഷിതാക്കളും ഇവിടെ ഹാജരാകണം എന്നിട്ട് എല്ലാവരും നിൻ്റെ പേരിൽ നല്ല മാർക്ക് തരികയാണെങ്കിൽ നിന്നെയും മോചിപ്പിക്കാം..
അതു വരെ മിണ്ടാതിരുന്ന അർബിന്ദോ കണ്ണീരോടെ സി.ഐ രാജീവിനോടും,എസ്സ്.ഐ വിനോദിനോടും പറഞ്ഞു..
"ബഹുത് ബഹുത് ധന്യവാദ് സാബ്ജീ "
നിറഞ്ഞ കണ്ണുകളോടെ ഉള്ളം നിറഞ്ഞ മനസ്സോടെ എല്ലാവരും യാത്ര ചെയ്ത് പിരിയും നേരം പുറത്ത് ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്ന..
നെല് വയലുകൾ തരിശിടുകയും, മരതകപ്പച്ചകൾ പുതക്കുകയും,വാകമരങ്ങൾ പിന്നെയും പൂക്കുകയും, ഗുൽമോഹറുകൾ വർണ്ണങ്ങൾ വിതറുകയും ചെയ്തപ്പോഴും നാല്വരുടെ കൂടാരം പഴയ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു ..
പക്ഷെ അതിലെ ഹൃദയചിഹ്നത്തിലെ പേരിൽ മാറ്റം ഉണ്ടായിരിക്കുന്നു ..
"Dream House "
                          --ശുഭം -
@ Copy Right Reserved .
രചന: കൃഷ്ണ കുമാർ കൂടാളി
29-05-2020
photo കടപ്പാട് - Google

അഭ്രപാളിയിലെ മായക്കാഴ്ചകൾ (ലേഖനം)

അഭ്രപാളിയിലെ മായക്കാഴ്ചകൾ .. (ലേഖനം)
=================================
"വലിയ സിനിമ ഹാളിൽ ഏറ്റവും പിന്നിലിരുന്ന് അഭ്രപാളിയിൽ മിന്നിത്തെളിയുന്ന മായിക കാഴ്ചകൾ കണ്ടു രസിക്കാത്തവർ തുലോം കുറവായിരിക്കും അല്ലെ? പണ്ടുകാലത്ത് 70mm സിനിമാസ്കോപ്പ്  സിനിമ തിയ്യറ്റുകളിൽ ഉയർന്ന ക്ലാസ്സിൽ സിനിമ കാണുക എന്നാൽ സ്വർഗ്ഗം ലഭിക്കുക എന്നായിരുന്നു. ഇപ്പോൾ വലിയ വലിയ മാളുകൾ കേന്ദ്രീകരിച്ചും,, അല്ലെങ്കിൽ തീയ്യേറ്റർ കോംപള്സുകളിലുമായുള്ള ഡോൾബി സിസ്റ്റം മൾട്ടിപ്ലക്സ് ഡിജിറ്റൽ തീയ്യേറ്ററുകൾ Satelite Broad cast ചെയ്യുന്ന രീതിയിൽ എത്തിയിരിരിക്കുന്നു .. പണ്ട് ഫിലിം പെട്ടി ചുമന്ന് കൊണ്ടുവന്ന് ഒരോ റീലുകളായി Rebind ചെയ്ത് പ്രൊജക്ട് ചെയ്ത് കാണിച്ചിരുന്ന സ്ഥാനത്തു നിന്ന്, ഇന്ന് നമ്മുടെ വിരൽ തുമ്പിലേക്ക് ലോകം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ, അതിൽ നിന്നും വിഭിന്നമല്ല സിനിമ ലോകവും..
പണ്ട് നാട്ടിൻ പുറങ്ങളിൽ സായാഹ്നങ്ങളെ സമ്പുഷ്ടമാക്കിയിരുന്ന പഴയ ഓല മേഞ്ഞ ടാക്കീസിലിരുന്ന് വെള്ളിത്തിരയിൽ മിന്നിമറയുന്ന സിനിമ കാഴ്ചകൾ കണ്ടു രസിച്ച പഴയ ബാല്യത്തിൽ നിന്ന് പുത്തൻ ലോകത്തിലെ ഇത്തിരി പോരുന്ന കുഞ്ഞൻ മൊബൈൽ സ്ക്രീനിൽ കാണാൻ പാകത്തിൽ സിനിമയും നമുക്ക് കാണാനാകുന്നു..സാങ്കേതിക വിദ്യ വളർന്നു വന്നപ്പോൾ വലിയ സ്ക്രീൻ കാഴ്ചകൾ വീട്ടകങ്ങളിൽ പോലും കാണാമെന്നായി.. ആദ്യ നിശബ്ദ ചിത്രമായ ബാലൻ, ശബ്ദചിത്രമായ വിഗത കുമാരൻ മുതൽ കറുപ്പും വെളുപ്പം സിനിമകൾ മുതൽ തുടർന്നുള്ള ഈസ്റ്റുമാൻ കളർ സിനിമകളും പിന്നീടങ്ങോട് മലയാളമടക്കമുള്ള ഇന്ത്യൻ സിനിമ ലോകം വിസ്തൃതി പ്രാപിച്ചത് പെട്ടെന്നായിരുന്നു ..

 ഗ്രാമീണ മേഖലകളിലെ സി ക്ലാസ്സ് ടാക്കീസുകൾ തൊട്ട് നഗരപ്രദേശങ്ങളിലെ B ക്ലാസ്സും, പിന്നെ 70mm A/C വരെയുള്ള A class തീയ്യേറ്ററുകളും, കേരളത്തിൽ അങ്ങോളമിങ്ങോളം നിലനിന്നുപോന്നിരുന്നു, 90 കളുടെ അവസാനം  വരെയെങ്കിലും .. വിസിഡി യും ,സിഡി  യുമൊക്കെ വ്യാപകമായപ്പോൾ സിനിമ വ്യവസായങ്ങൾക്ക് മങ്ങലേല്പിച്ചുവെങ്കിലും ഡിജിറ്റലൈസേഷൻ  വരികയും, ഇൻറർനെറ്റ് വ്യാപകമാവുകയും ചെയ്തതോടെയാണ് ഗ്രാമീണ മേഖലയിലെ സിനിമ ടാക്കീസുകൾക്ക് കൂടുതൽ  കഷ്ടകാലം തുടങ്ങിയത്.. ഗ്രാമീണ മേഖലകളിലെ ചെറിയ കവലകളുള്ള സ്ഥലങ്ങളിൽ പോലും ഉണ്ടായിരുന്ന ടാക്കീസുകൾ സിനിമ പ്രേക്ഷകരുടെ കുറവു കാരണം 95 ശതമാനം വരെ പൂട്ടിപ്പോവുകയോ, അവിടങ്ങളിൽ വെറെ വ്യവസായങ്ങൾ ആരംഭിക്കുകയോ ചെയ്തു .. എന്നാൽ സി ക്ലാസ്സ് വിഭാഗത്തിൽപ്പെട്ട  അത്യപൂർവ്വം സിനിമ കൊട്ടകകൾ ഇന്നും ചിലയിടങ്ങളിൽ അതിജീവനത്തിനായ് പൊരുതി നില്ക്കുന്നുവെന്നത് വേറിട്ട കാഴ്ച തന്നെയാണ്.. അതിലേക്ക് വഴിയെ വരാം.

  ഞാൻ ഏതാണ് ആദ്യമായി കണ്ട സിനിമ എന്നത് ഓർമ്മയിൽ തങ്ങി നില്ക്കുന്നില്ല , എങ്കിലും വളരെ ചെറുപ്പത്തിൽ അച്ഛൻ്റൊപ്പം കുടുംബസമേതം കണ്ണൂർ NS ടാക്കീസിൽ നിന്ന് സിനിമ കണ്ടതായി അവ്യക്തമായി ഓർക്കുന്നു .. ഓർമ്മയിൽ തെളിഞ്ഞു വന്ന എൻ്റെ ആദ്യത്തെ സിനിമ കാത്തൽ ഏതെന്നു ചോദിച്ചാൽ,  തച്ചോളി അമ്പു എന്ന നസീർ സിനിമ എന്നാണുത്തരം,. അതൊരു സിനിമ കോപ്പ് ആയിരുന്നു ,ആയതും കണ്ണൂർ NS ടാക്കീസിൽ നിന്നായിരുന്നു .. പിന്നീട് എൻ്റെ, കൗമാര യൗവ്വനകാലങ്ങളിൽ എത്രയെത്ര സിനിമകൾ കണ്ണൂരിലും പരിസരങ്ങളിലുമായി കണ്ടുവെന്നോ..
എൻ്റെ ജന്മദേശമായ കൂടാളിയിലും സമീപ പ്രദേശങ്ങളിലും ധാരാളം സിനിമ ടാക്കീസുകൾ 1980കളിൽ ഉണ്ടായിരുന്നു ..
കൂടാളി ഹൈസ്കൂളിന് തൊട്ടു  പിറകിലായി. കൂടാളി തണ്ടപ്പുറം റോഡിന് അഭിമുഖമായി വളരെക്കാലം പ്രവർത്തിച്ചു പോന്ന ടാക്കീസായിരുന്നു, കൂടാളി സുവർണ്ണ .. അവിടുത്തെ സിനിമ പ്രദർശനം തുടങ്ങിയ വർഷം കൃത്യമായി ഓർമ്മയിലില്ല .. 70 കളുടെ അവസാന കാലത്താണെന്നാണെൻ്റെ ഓർമ്മ ..
ഒരു കാര്യം ഇപ്പോഴും ഓർമ്മയിലുണ്ട്, അതായത് അവിടുത്തെ ഉദ്ഘാടന സിനിമ "അർച്ചന ആരാധന " ആയിരുന്നു .. 

അക്കാലങ്ങളിലെ സിനിമ പ്രദർശന വിളംബരം ഏറെ കൗതുകകരമായിരുന്നു .. ഞങ്ങളുടെ ഗ്രാമപ്രദേശത്ത് വയൽ വരമ്പിലൂടെ ചെണ്ടകൊട്ടി സിനിമ നോട്ടീസ് വിളംബരം ചെയ്യുകയും പ്രധാന ഇടങ്ങളിലും, ആളുകൾ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ചായപ്പീടികൾ മുതലായ സ്ഥലങ്ങളിൽ ' സിനിമ നോട്ടീസ് പതിപ്പിക്കുകയുമായിരുന്നു അക്കാലങ്ങളിൽ ചെയ്തു പോന്നിട്ടുള്ളത്... പ്രധാന കവലകളിൽ കാറിൽ മൈക് അനൗൺസ്മെൻറും പതിവായിരുന്നു ..

"കൂടാളി സുവർണ്ണ ടാക്കീസിൽ നാളെ മുതൽ പ്രദർശനം ആരംഭിക്കുന്നു ..അർച്ചന ആരാധന "
ഇന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്നു .. അർച്ചന ആരാധനക്ക് ശേഷം വന്ന പത്മവ്യൂഹമാണ് കൂടാളി യിൽ നിന്ന് ഞാൻ കണ്ട ആദ്യ സിനിമ.. ആകെ പത്തോളം സിനിമകൾ മാത്രമേ അവിടെ വച്ച് കണ്ടിട്ടുണ്ടാവുകയുള്ളൂ.. സമീപ പ്രദേശങ്ങളായ കുടുക്കി മെട്ട സീന, വാരം ജനത, പിന്നീട് വന്ന ചാലോട് വൈശാഖി, മട്ടന്നൂർ നഗരത്തിലെ സഹീന, പ്രിയ പിന്നെ കണ്ണൂരിത ലെ പ്രഭാത് ഒഴികെ ഉള്ള തീയ്യേറ്റുകളിൽ നിന്നെല്ലാം (പ്രഭാതിൽ ഇംഗ്ലിഷ് സിനിമകളായിരുന്നു കൂടുതൽ, മാത്രമല്ല പ്രഭാത് വളരെ മുന്നേ പൂട്ടിപോവുകയും ചെയ്തു) സിനിമകൾ കണ്ടു പോന്നു, അന്നൊക്കെ സിനിമ ടാക്കീസിൽ പോയി സിനിമ കാണുക എന്നത് വലിയ ഹരമായിരുന്നു, മാത്രവുമല്ല, സിനിമ തുടങ്ങാൻ വൈകിയാലോ,കരൻറ് പോയാൽ ജെനറേറ്റർ start ചെയ്യാൻ വൈകിയാലാ, അതുമല്ലെങ്കിൽ ഇഷ്ടതാരത്തിൻ്റെ പ്രകടന പരത കൊണ്ടോ, നീട്ടി ചൂളമടിക്കുന്നതോ തീയ്യേറ്ററിൻ്റെ ഉള്ളിലെ അനുഭൂതിയായിരുന്നു...

പിന്നീട് വീഡിയോ കാസറ്റിൻ്റെയും സിഡി യുടെയും വരവോടെ പ്രദർശനം നിലച്ചുപോയത് ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല.. നഗരങ്ങളിലുമാണ് .. മട്ടന്നൂർ പഴയ സ ഹീന പൂട്ടിപ്പോവുകയും ആധുനിക കാലത്ത് Multiplux ആയി മറ്റൊരു സ്ഥലത്ത് പ്രദർശനം ആരംഭിക്കുകയും ചെയ്തു..അങ്ങിനെ പ്രധാന സ്ഥലങ്ങളിലും മാളുകളിലും ഇപ്പോൾ പ്രദർശനം വീണ്ടും തുടങ്ങുന്നുണ്ട്.. അക്കാലങ്ങളിൽ പത്രങ്ങളിൽ സിനിമ പ്രദർശന പരസ്യം സാകൂതം ശ്രദ്ധിക്കുമായിരുന്ന ബാല്യമായിരുന്നു എൻ്റെത്..
കണ്ണൂർ ജില്ലക്ക് വെളിയിൽ നിന്ന് എറണാകുളം ഷേണായീസിൽ നിന്ന് സിനിമ കണ്ട ഒരു ഓർമ്മയുണ്ട്.. അതും അച്ഛൻ്റെ കൂടെ ഏതോ ഒരു യാത്ര പോയപ്പോഴായിരുന്നു .. ഷേണായീസ് തീയ്യേറ്റർ എക്കാലത്തേയും മികച്ച തീയ്യേറ്റർ ആയിരുന്നു .. സിനിമ ശാലകളുമായി ബന്ധപ്പെട്ട സ്ഥലപ്പേരുകൾ തന്നെ കൊച്ചിയിലുണ്ട്'..പത്മ വഴി, മേനക വഴി എന്നൊക്കെ ബസ്സിൻ്റെ ബോഡുകളിൽ കാണാം..

മറ്റൊരു അനുഭവം പറയാനുള്ളത്, ഐടിഐ പoനത്തിന് ശേഷം, അപ്രൻ്റിഷിപ്പിന് വേണ്ടി മദ്രാസിൽ (ഇന്നത്തെ ചെന്നൈ) ചെന്നപ്പോൾ, ഞങ്ങൾ താമസിച്ചു പഠിച്ച സ്ഥലമായിരുന്നു, ആവടി.. അവിടെ "കുമരൻ '' എന്നു പേരുള്ള സിനിമ ടാക്കീസ് ഉണ്ടായിരുന്നു .. 1989,90ലായിരുന്നു സംഭവം.. ആ ടാക്കീസിൽ എന്നും മലയാള പടമായിരിക്കും ഉണ്ടാവുക.. മിക്കവാറും ജയൻ്റെ ഹിറ്റു സിനിമകളാവും കാണുക...സബർബൻ റെയിൽവേയുടെയും, മറ്റു റയിൽ പാളങ്ങളും മുറിച്ച് കടന്ന് സൈക്കിൾ വാടകക്കെടുത്ത് ഞങ്ങൾ പത്തോളം മലയാളി പയ്യന്മാർ ടാക്കീസിൽ പോകും, മിക്കവാറും ശനിയാഴ്ചകളിൽ... അവിടെ നടക്കുന്ന സംഗതി എന്തെന്നു വച്ചാൽ പ്രശസ്ത മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നു എന്ന നാട്യത്തിൽ നീല ചിത്ര രംഗങ്ങൾ തിരുകിക്കയറ്റിയായിരുന്നു മിക്കപ്പോഴും പ്രദർശനം തുടരുക.. ആദ്യകാലങ്ങളിൽ ഇത്തരം കാര്യങ്ങളിൽ ധാരണയില്ലാതെ സിനിമ കാണുകയായിരുന്നെങ്കിൽ, പിന്നീട് ചെറുപ്പത്തിൻ്റെ ചോര തിളപ്പിൽ അവിടെക്ക് പോവുക പതിവാക്കി .. അതിന് വിരാമമുണ്ടായത് ഒരിക്കൽ സിനിമ കഴിഞ്ഞ് വരുമ്പോൾ പോലീസ് കൈകാണിച്ചു നിറുത്തി .. ഞങ്ങൾ ഡിഫൻസ് ഫാക്ടറിയിൽ അപ്രൻറി ഷിപ്പിന് വന്നവരാണെന്ന് ID കാണിച്ചപ്പോൾ ബഹുമാനത്തോടെ പെരുമാറുകയും ഞങ്ങൾക്ക് എക്സ്കോർട്ടു തന്നു കൊണ്ട് കൂട്ടത്തിൽ മലയാളം സംസാരിക്കുന്ന കന്യാകുമാരിക്കാരനായ ഒരു പോലീസ് കാരൻ പറഞ്ഞത് ഈ മേഖല പോക്കറ്റടിക്കാരുടെ കേന്ദ്രമാണ് ഇനി ഇങ്ങനെ വരരുതെന്നായിരുന്നു .. അങ്ങിനെ എന്തെല്ലാം അനുഭവങ്ങൾ..
എൻ്റെ ഒരു കസിനുണ്ട്.. സിനിമ കാണാനായി കോഴിക്കോട് ജില്ലയിൽ വരെ പോയിട്ട് സിനിമ കാണുമായിരുന്നു .. സിനിമ ഭ്രാന്തന്മാർ കുറെ പേരെ അറിയാം..
അതു പറയുമ്പോഴാണ് പറയാൻ ബാക്കി വച്ച കാര്യം ഓർമ്മ വന്നത്.. ഇന്നും ലാഭേച്ച ഒട്ടും ചിന്തിക്കാതെ നാലു പേർ മാത്രമായാൽ പോലും സിനിമ കാണിക്കുന്ന ഒരു ടാക്കീസ്, എൻ്റെ ഇപ്പോഴത്തെ വാസസ്ഥലമായ കീഴല്ലൂരിനടുത്ത പ്രദേശമായ വേങ്ങാട് എന്ന സ്ഥലത്തുണ്ട് ..

"വേങ്ങാട് റാണി "

ശ്രീധരൻ എന്ന വ്യക്തിയാണ് ഈ ടാക്കീസ് ആരംഭിച്ചത്.. ഒരു പാട് വർഷക്കാലം അദ്ദേഹം ഈ സിനിമ ശാലയെ ഔ പാട് കാലം കൈപിടിച്ച് കൂടെ നിറുത്തി.. ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ ശ്രീജിത്ത് ആണ് ഇപ്പാൾ കൈകാര്യം ചെയ്തു പോരുന്നത് .. ടിക്കറ്റ് വിതരണം തൊട്ട് proection. റൂമും വരെ കൈകാര്യം  ചെയ്തു കൊണ്ട് തികച്ചും വൺ മാൻ ഷോയിലൂടെ അതിജീവനത്തിൻ്റെ മാർഗ്ഗം തേടുകയാണ് ആധുനിക കാലത്തും വേങ്ങാട് റാണിയെ പോലുള്ള ടാക്കീസുകൾ ..കീഴല്ലൂർ,അഞ്ചരക്കണ്ടി, വേങ്ങാട് പ്രദേശത്തുള്ളവരുടെ നല്ല സഹകരണം പലപ്പോഴും വേങ്ങാട് റാണിക്ക് ലഭിക്കാറുണ്ട്..
രസകരമായ വസ്തുത, നാളിതെവരെയായി എനിക്ക് അവിടെ നിന്ന് ഒരു സിനിമ പോലും കാണാൻ സാധിച്ചിട്ടില്ലെന്നതാണ് .. വളരെ അടുത്തായിട്ടും .ഇന്ന് ലോകം നമമുടെ വിരൽ തുമ്പിൽ എത്തിയിട്ടുണ്ടെങ്കിലും, ഗ്രാമീണതയുടെ മുഖമുയുള്ള റാണീ ടാക്കീസുപോലുള്ള ഇടങ്ങളിൽ പോയിരുന്ന് സിനിമ കാണുവാനും, നേരത്തെ പറഞ്ഞതു പോലെ നീട്ടി ചൂളമടിക്കാനുമുള്ള  മോഹം എന്നെങ്കിലും സാഫല്യമാകുമെന്നാശിക്കാം !!
by
@ copy Right Reserved ..
കൃഷ്ണ കുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ

മൊഴി മറന്ന ചിരിപ്പൂക്കൾ

മൊഴി മറന്ന ചിരിപ്പൂക്കൾ .. ( കഥ )
-------------------------------------
ഹരി ചരൺ ചൗരസ്യ,
അതായിരുന്നു അയാളുടെ പേര്...
നീണ്ടു മെലിഞ്ഞ പാവം പിടിച്ചൊരാൾ..
ഈ അഞ്ചു നില സൗധത്തിന്റെ മട്ടുപ്പാവിൽ നിന്നാൽ മഹാനഗരത്തിന്റെ സിരകളിൽ തീപ്പിടിച്ച പോലെ ബഹളമയമായ തിരക്കിട്ട  പാച്ചലുകൾ കാണാം, മരണവെപ്രാളം പിടിച്ച വരെ പോലെ... ആയത് വാഹനങ്ങൾക്കാവട്ടെ മനുഷ്യർക്കാവട്ടെ ,എന്തിന് ഈ വലിയ കെട്ടിടത്തിൽ കുടുകൂട്ടിയിരിക്കന്ന ചങ്ങാലി പ്രാവുകളിൽ വരെ അതേ പ്രവണത കാണുന്നു..

എന്നാൽ, മേൽ പറഞ്ഞ എല്ലാത്തരം തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് മാറിക്കൊണ്ട്, എന്നും പ്രഭാതങ്ങളിൽ, വളരെ സാവധാനം തന്റെ മുറുക്കാൻ ഉന്തുവണ്ടി തള്ളി ക്കൊണ്ടുപോവുമ്പോൾ, ഒപ്പമുളള ഏകദേശം പത്തു പതിമൂന്നു വയസ്സ് പ്രായം തോന്നിക്കുന്ന, കൊലുന്നനെയുള്ള ഒരു പെൺകുട്ടി , ആ ഉന്തുവണ്ടിയിൽ കെട്ടിത്തൂക്കിയ പിച്ചള കൊണ്ടുള്ള മണി മുഴക്കിക്കൊണ്ട് കൂടെ  കടന്നു പോവുന്നത് താൻ ഈ മട്ടുപ്പാവിൽ നിന്ന് കൗതുകത്തോടെ നോക്കി നില്ക്കാറുണ്ട്.. കൂടാതെ ഒരു ചെറിയ മർഫി റേഡിയോയും കൂടെയുണ്ടാവും..  ആ റേഡിയോയിൽ നിന്ന് രാവിലെ 6-45 ന് ആരംഭിക്കുന്ന സംസ്കൃതം വാർത്ത തുടങ്ങുന്നത്, ഉന്തുവണ്ടി ഈ കവലയിലെത്തുമ്പോഴായിരിക്കും, എന്നത് ഇത്ര കണശമായി സമയക്രമം പാലിക്കാൻ ഇയാൾക്ക് എങ്ങിനെ സാധിക്കുന്നു എന്ന് പലപ്പോഴും താൻ അതിശയം കൂറിയിട്ടുണ്ട് ..

അതേസമയം തന്നെയാവും, ഇത്തിരി വടക്കോട്ട് മാറിയിട്ടുള്ള റെയിൽ പാളത്തിലൂടെയുള്ള ഹൗറ എക്സപ്രസ്സ് കൂകി പാഞ്ഞു  പോവുന്നതും.. തീവണ്ടി ഇടക്ക് കൃത്യത തെറ്റിക്കാറുണ്ടെങ്കിലും ചൗരസ്യ തന്റെ പതിവ് രീതികൾ തെറ്റിക്കാറില്ല ..
കിഴക്കുണരുന്ന വെൺകൊറ്റികൾ അകലങ്ങളിലേക്ക് പറന്നകലുന്നത് പടിഞ്ഞാറുള്ള ഏതോ കൂറ്റൻ ഫാക്ടറി തുപ്പുന്ന തീപ്പുക കുഴലുകൾക്ക് അരികിലൂടെയാണ്.. മാനത്ത് പടരുന്ന കരിപ്പുകകൾക്കിടയിലൂടെ എന്തിനാണാവോ അവറ്റകൾ പറക്കുന്നത്?
പ്രഭാതങ്ങളിലെ ഇത്തരം സ്ഥിരം കാഴ്ചകൾ എത്ര കണ്ടാലും തനിക്ക് മതിവരാറില്ല... അക്കാര്യം പാൽക്കാരൻ കേശവ് പത്ര എന്നും പറയാറുണ്ട്..
ബാബു ജീ, റോജ് മേം, ആപ് കിത്തനാ സമയ് സേ ഇസ് ജഗാ പർ ഖടാ ഹോകർ സബ് ജഗാ പർ ദേഖേതേ രഹ്താ ഹൂം..?

അതെ ശരിയാണ്.. എനിക്ക് ഈ നഗരകാഴചകളും, ശബ്ദമാനസങ്ങളും അത്രയും പ്രിയപ്പെട്ടത് തന്നെ..
കേശവ് പത്ര ഒരിക്കൽ പറയുകയുണ്ടായി....
ബാബു ജീക്കറിയാമോ?, ഹരിചരണിൻ്റെ കൂടെയുള്ള പെൺകുട്ടി ഒരു ഊമപ്പെണ്ണാണെന്ന്..?
ഊമയാണെങ്കിലെന്താ? നല്ല ഐശ്വര്യം തുളുമ്പി നില്ക്കുന്ന ശ്രീത്വമുളള മുഖം...

ഒരു നിമിഷം താൻ, വടക്കെതിലെ അമ്മിണിയമ്മയുടെ മകൾ ഉമയെ ഓർത്തു പോയി .. നീണ്ട മുഖവും, തിളക്കമുള്ള കണ്ണുകളും. ചന്ദന കുറിയുമണിഞ്ഞ്, പാടത്തിനക്കരെയുള്ള കൃഷ്ണൻ്റെ അമ്പലത്തിൽ നിന്ന് തൊഴുതു മടങ്ങുന്ന ഉമയെന്ന ഊമപ്പെണ്ണിനെ ! അവൾ ഇപ്പോൾ എവിടെയാണാവോ?
      ഈ പെൺകുട്ടിക്കും അവളുടെ വിദൂര ഛായയില്ലേ? മനസ്സു മന്ത്രിച്ചു..
അതിനും ഉത്തരം പറഞ്ഞത് കേശവ് പത്രയാണ്..

"ബാബു ജീ സുനിയേ, ഓ ഉന്കാബേട്ടി നഹി ഹേ.."
ഒരു രഹസ്യം പറയുന്നതു പോലെ അയാൾ പറഞു ..

കേശവ് പത്ര പശ്ചിമ ബംഗാൾ സ്വദേശിയും , ഹരിചരൺ ചൗരസ്യ വാരണാസിക്കാരനുമാണ് ..

ഈ മഹാനഗരത്തിലെ ലക്ഷക്കണക്കിനാളുകൾ അധിവസിക്കുന്ന ചേരിയിലെ അയൽപക്കക്കാരുമാണ് ഇരുവരും, അയൽപക്കമെന്ന് പറയാനാവാത്ത കൊച്ചു കൊച്ചു *ഛോപ്ഡികളിലെ ഒരു വാതിൽ മറയുടെ ഇരുപുറ താമസക്കാർ ..  ഇത്തിരി പോരുന്ന സൗകര്യങ്ങളിലും മനസ്സിൻ്റെ വിശാലത കാത്തു സൂക്ഷിക്കുന്നവർ.. പരിമിതമായ സൗകര്യങ്ങളെ വിശാലമായി ഉൾക്കൊള്ളുന്നവർ..

താൻ എന്നും ഓഫീസിലേക്ക് ഇറങ്ങാൻ നേരമാകും, ഹരിചരൺ ചൗരസ്യയും, പെൺകുട്ടിയും അന്നന്നത്തെ വില്പന കഴിഞ്ഞ് ഉന്തുവണ്ടിയുമായി ഇതുവഴി കടന്നു പോവുക ..
പലപ്പോഴും  ചൗരസ്യ നിർവ്വികാരനായിട്ടാവും കടന്നു പോവുക.... ഒന്നും മിണ്ടാറില്ല .. എന്നാൽ കൂടെയുള്ള  പെൺകുട്ടി മിക്കപ്പോഴും തന്നെ നോക്കി ചിരിക്കാറുണ്ട്.. അവളുടെ ചിരിക്ക് എന്ത് അഴകാണെന്നോ ..
അന്നും പതിവുപോലെ ചൗരസ്യയും, പെൺകുട്ടിയും ഉന്തുവണ്ടിയുമായി തിരിച്ചു വരുന്നത് കണ്ടു.. എന്നുമുള്ളതു പോലെ അവർ ഒന്നും മിണ്ടാതെ കടന്നു പോവുമെന്ന് പ്രതീക്ഷിച്ച തൻ്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അന്നാദ്യമായി ചൗരസ്യ തൻ്റെ അടുക്കൽ വന്നിട്ട് എന്തോ ചോദിച്ചു.. അയാളുടെ കൂടെയുള്ള പെൺകൊച്ചിൻ്റെ ഭംഗിയുള്ള ചിരിയിൽ എൻ്റെ ചിന്തകൾ എവിടെയോ ഉടക്കി നില്ക്കുകയായിരുന്നു ..
ഇതിന് മുമ്പും ഇതേ ചിരി താൻ കണ്ടിട്ടുണ്ടെങ്കിലും, എന്തുകൊണ്ടോ ഒരു പ്രത്യേക ആകർഷണം തനിക്ക് ഈ കുട്ടിയോട് ഉണ്ടെന്നുള്ള ബോധ്യം വന്നപ്പോഴാണ് ചൗരസ്യ ചോദ്യം വീണ്ടും ആവർത്തിച്ചത് ..

   "സാബ് ജീ ആപ് കേരൾ സേ ഹേ ക്യാ?"
എത്ര ഭവ്യതയോടെയുള്ള ചോദ്യം ..

അതെ എന്ന് ഉത്തരം പറഞ്ഞപ്പോൾ ,താൻ തിരിച്ചു ചോദിച്ചു..

ഞാൻ കേരള ക്കാരൻ തന്നെ .. എന്താണ് അങ്ങിനെ ചോദിക്കാൻ കാരണം എന്ന് ഹിന്ദിയിൽ തിരിച്ചു ചോദിച്ചപ്പോൾ അയാൾ പറയുകയാണ് ..

സാബ്ജീ .. അഗർ മേം, ആപ് കോ തക്ലീബ് ദേതേ ഹോ തോ മാഫ് കർദ്ദീജിയേ ..
ഇല്ല, എനിക്കൊരു ബുദ്ധിമുട്ടും ഇല്ല .. താങ്കൾ പറഞ്ഞോളൂ ..

തൻ്റെ വാക്കിലെ മിതത്വം കണ്ടിട്ടാവണം അയാൾ മനസ്സിലെ ചെപ്പുകൾ അഴിക്കാൻ തുടങ്ങി ..
അയാളുടെ നില്പും ഭവ്യതയും കണ്ടപ്പോൾ ദയ തോന്നിയ താൻ അയാളോടു പറഞ്ഞു ..
വരൂ നമുക്ക് ആ *ഡാബയിൽ ചെന്ന് ചായ കുടിച്ചു കൊണ്ട് സംസാരിക്കാം..
ബേട്ടികോ ഭീ ബുലായിയേ..

അതു കേട്ടു അയാൾ പെൺകുട്ടിയെയും വിളിച്ചു കൊണ്ട് തൻ്റെ കൂടെ ചായക്കടയിലേക്ക് വന്നു..

  ചൗരസ്യയോട് ഇരിക്കാൻ പറത്തിട്ട് ചായക്ക് ഓർഡർ കൊടുത്തു.. പെൺകുട്ടിയോട് അവിടെയുള്ള ബഞ്ചിൽ ഇരിക്കാൻ പറഞ്ഞിട്ടും ഇരിക്കാതെ അവൾ ചിരിച്ചു  കൊണ്ട് അങ്ങിനെ തന്നെ നിലക്കുകയാണ്.. ഡാബക്കാരൻ ചായകൊണ്ടു തന്നു.. *ഇലാച്ചിയിട്ട നല്ല അസ്സൽ ചായ..

ചൂടു ചായ മൊത്തിക്കുടിക്കുന്നതിനിടെ ചൗരസ്യ തന്നോട് സഹായം ചെയ്യാമോ എന്ന് ആവർത്തിച്ചു ചോദിച്ചു..
സാബ്ജീ .. മേരാ *ഛോപഡി മേം ഏക് ചിട്ടി ഹെ..
ആപ്കാ കേരൾ കീ ഭാഷാ സേ ലിക്കാ ഹുവാ ഹേ.. ഇധർ അബ്കോയി നഹിഹേ, വോ പഠനേ കേ ലിയേ ,ആപ് കാ അലാവാ ..
ഓ.. അപ്പോൾ അതാണ് കാര്യം.. ഇപ്പോഴല്ലേ തനിക്ക് കാര്യം പിടികിട്ടിയത്..

ഇങ്ങേരുടെ കുടിലിൽ നിന്ന് കിട്ടിയ മലയാളത്തിലുള്ള എഴുത്ത് വായിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്കിടയിലാണ്, അദ്ദേഹത്തിന് താൻ ഒരു മലയാളി ആണെന്ന് മനസ്സിലായതും, ആയത് വായിക്കാൻ വേണ്ടി തന്നെ തേടി വന്നതും ..

ഞാൻ, തിരിച്ചും ചോദിച്ചു..
ആപ്കോ കൈസേ  മാലൂം പഢാ? മേം... കേരൾ കാ ഹൂം?
ഞാൻ ഒരു മലയാളെന്ന് എങ്ങിനെ അറിഞ്ഞെന്ന് ചോദിക്കണമല്ലോ..

"മേരാ പഠോസീ ഹേ, കേശവ് പത്ര, ഉസ്നേ ബതായ സാംബ്ജീ .. "

അല്ലെങ്കിലും കേശവ് പത്ര ഒരു വിട്ടു വായനാണ് .. തനി നാരദൻ...
എന്തായാലും കേശവ് പത്ര തന്നോട് മുമ്പൊരു കാര്യം  പറഞ്ഞത് ശരിയാണോ എന്ന് ചോദിക്കണമല്ലോ..

ആപകീ ബേട്ടി അമേശ അസ്തീ രഹ്തീ ഹേ ക്യാ .. ഐസാ മുഝേ മെസൂസ് ഹോതാ കേ , ഇസേ മേനേ കഭീ ദേഖാ ഹേ..

താൻ ഈയിടെ മാത്രമായി കണ്ടുവരുന്നതും, എന്നും ചിരിച്ചു കൊണ് മാത്രം കാണപ്പെടുന്ന താങ്കളുടെ മകളെ എവിടെയൊക്കയോ കണ്ടതായൊരു തോന്നൽ തനിക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ചൗരസ്യയോട് പറഞ്ഞപ്പോൾ അയാൾ ഒന്ന് പരുങ്ങിയതായി തോന്നി..
തൻ്റെ തോന്നൽ ശരിവച്ചു കൊണ്ട് ഹരിചരൺ ചൗരസ്യ തുടർന്നു..

സാബ്ജീ സഹീ ബാത് ബോലേഗേ തോ  .. ഏഹ് മേരീ ബേട്ടി നഹി ഹേ ജീ,, ഏ ബഹുത് ബഢാ കഹാനി ഹേ... സാബ്ജീ ..

"അച്ഛാ.. "

താൻ അതിശയം കൂറിയതു പോലെ അയാളോട് സംസാരം തുടരാൻ തൻ്റെ മനസ്സ് പ്രേരിപ്പിച്ചു.
അല്ലെങ്കിലും, കഥകൾ കേൾക്കാൻ പണ്ടേ തനിക്കിഷ്ടമാണല്ലോ..

അഴകാർന്ന ചിരിയുള്ള ഈ കുട്ടിയുടെ കഥ,
അയാൾ പറയുന്നതിന് മുമ്പേ തന്നെ, ഇപ്പോൾ അയാളുടെ  കൂടെ കാണുന്ന പെൺകുട്ടി ചൗരസ്യയുടെ മകളല്ലെന്ന് തനിക്ക് മുന്നെ തന്നെ മനസ്സിലായിരുന്നെങ്കിലും, അയാളുടെ നാവിൻ തുമ്പിൽ നിന്ന് തന്നെ കേട്ടപ്പോൾ സമാധാനമായി..
എങ്കിലും അയാൾ പറയാൻ പോവുന്ന കഥ എന്തായിരിക്കും?.
താൻ അക്ഷനനാണ്...
അയാൾ കഥ പറഞ്ഞു തുടങ്ങി ..

ഓഫീസിൽ പോകാനായി ഇറങ്ങിയ താൻ  അയാൾ പറയുന്ന ഓരോ വാക്കുകളും എന്നിൽ കൂടുതൽ ആകാംക്ഷ കൂട്ടുന്നവയായിരുന്നു....
അയാളുടെ വാക്കുകൾ എന്നിലെ ചിന്തകളെ ഉദ്ദീപിക്കുന്നവയായിരുന്നു ..

  ഇതിന് മുമ്പ് ഹരിചരൺ ചൗരസ്യയുടെ പ്രവർത്തന കേന്ദ്രം ചർച്ച് ഗേറ്റ് പരിസരവും, ഗേറ്റ് വേ ഇന്ത്യ പരിസവും കേന്ദ്രീകരിച്ചായിരുന്നു .. തൻ്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അമ്മാവൻ്റെ മകളെ കല്യാണം കഴിച്ച ചൗരസ്യക്ക് പത്തു വർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ എന്നും ദു:ഖിതരായിരുന്നു, വാരണാസിയിൽ നിന്ന് ഇവിടെ വന്ന് സ്ഥിരതമാസമാക്കിയിട്ട് അഞ്ചു വർഷം കഴിഞ്ഞു ..അന്നു മുതൽ മുംബാ ദേവീ മന്ദിറിൽ പോയി പ്രാർത്ഥിക്കമായിരുന്നു .. ചൗരസ്യയും ഭാര്യയും...
അങ്ങിനെയിരിക്കേ ദിനേനയുള്ള തൻ്റെ ഉന്തുവണ്ടിയുമായി പോവുന്നതിനിടെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കടലിലേക്ക് ഇറങ്ങുന്ന പടവുകൾക്ക് അരികിൽ ബോധരഹിതയായ ഒരു സ്ത്രീയേയും, മാറോടടക്കിയ നിലയിൽ ഒരു കൈ കുഞ്ഞിനേയും കണ്ടത്.. പലരും ഈ കാഴ്ചകൾ കണ്ടിട്ടും അനങ്ങിയതേ ഇല്ല ..
എന്തുകൊണ്ടോ കൈ കുഞ്ഞിനെ കണ്ടപ്പോൾ ഉപേക്ഷിച്ചു പോരാൻ തനിക്ക് തോന്നിയില്ലെന്ന് ചൗരസ്യ പറഞ്ഞത് ഗദ്ഗദ കണ്ഠത്തോടെയായിരുന്നു ..

അയാൾ തുടർന്നു .. 

അതിനടുത്തുണ്ടായിരുന്ന പോലീസുകാരുടെ സഹായത്താൽ താൻ ബോധരഹിതയായ സ്ത്രീയേയും, കൈ കുഞ്ഞിനേയും കൂട്ടി നേരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി .. ആശുപത്രിയിൽ നിന് തക്കസമയത്ത് ചികിത്സ ലഭിച്ചതിനാൽ ആ സത്രീ രക്ഷപ്പെട്ടു... അവർ സുഖം പ്രാപിച്ചു കൊണ്ടിരിക്കെ താൻ അവരോട് ഊരും, പേരുമൊക്കെ ചോദിച്ചു.. അവർ ആംഗ്യ ഭാഷയിൽ എന്തൊക്കെയോ മുദ്രകൾ കാണിച്ചു .. തനിക്കതൊന്നും മനസ്സിലായില്ലെങ്കിലും, വെറൊരു കാര്യം മനസ്സിലായി.. അവർക്ക് സംസാര ശേഷിയില്ലെന്ന് .. അതായത് ഊമയാണെന്..
ഹരിചരൺ ചൗരസ്യ ഇത്രയും പറഞ്ഞു നിറുത്തിയപ്പോൾ, തൻ്റെ തലക്കകത്തു നിന്നൊരു കൊള്ളിയാൻ പാഞ്ഞതു പോലെ തോന്നി, അത് കേൾക്കേണ്ട താമസം,
താൻ ചാടിയെഴുന്നേറ്റു അയാളോട് ചോദിച്ചു..

ആപ് ഫിർ വോ  ഔറത് കീ നാം നഹീ പൂച്ചാ? ചൗരസ്യ പറഞ്ഞു, താൻ പേരെന്താണെന്ന് വീണ്ടും ചോദിച്ചപ്പോൾ ആംഗ്യം കാണിക്കുകയായിരുന്നു, സാബ്ജീ ..

താൻ പിന്നെയും, അയാളോട് അവരെ കുറിച്ച് ഒരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു..
അയാൾ പറഞ്ഞ ഉത്തരത്തിലൊന്നും അവരുടെ പേരോ നാടോ മനസ്സിലാക്കാനായില്ല...

ഒടുവിൽ സഹികെട്ട് താൻ അയാളേട് ചോദിച്ചു..
"വോ അഭി കഹാം ഹേ?
ദൂസരാ സവാൽ, ഇസ് ലട്കീ കോ അപ്പനീ മാം കീ സാത് ക്യൂം നഹി ബേജാ "?

' ചൗരാസ്യയും, ഭാര്യയും പഞ്ചപാവങ്ങളായിരുന്നതിനാൽ അവരെ അങ്ങിനെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.. തങ്ങളുടെ പരിമിതമായ സൗകര്യത്തിൽ അവർ അവരെയും കൂടെ താമസിപ്പിച്ചു...

"സാബ് ജീ ആപ് സുൻതാ നഹി ഹേ ക്യാ..?

ചൗരസ്യ ശ്രദ്ധ ക്ഷണിച്ചപ്പോഴാണ് ഇടക്കെപ്പോഴോ ചിന്തയിൽ ആണ്ടു പോയതാൻ അയാളുടെ വാക്കുകൾ വീണ്ടും ശ്രവിക്കാൻ തുടങ്ങിയത്..

ചൗരസ്യ വോ ഔറത് അഭി ആപ് കീ സാഥ് മേ ഹേ ക്യാ?
താൻ വീണ്ടും ചോദിച്ചു...
ഇല്ല ..
അയാൾ മറുപടി പറഞ്ഞു.
അവർക്ക് വീണ്ടും ഇടക്കിടെ ബോധക്ഷയം ഉണ്ടായിക്കൊണ്ടിരുന്നു.. ഇടക്ക് അപസ്മാരവും..
അപ്പോഴെല്ലാം ഞങ്ങൾ ആശുപത്രിയിൽ കൊണ്ടു പോവുമായിരുന്നു ..
ഏകദേശം അഞ്ചു വർഷം മുമ്പ്, ലോകമെമ്പാടും മഹാമാരി പടർന്നു പിടിച്ചപ്പോൾ ഈ മഹാ നഗരത്തേയും,വെറുതെവിട്ടില്ല...സ്വാഭാവികമായും ഞങ്ങളടക്കം എല്ലാവരെയും ബാധിച്ചപ്പോൾ അവരെ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല. ഈ ചോപഢയിൽ വന്ന ആരോഗ്യ പ്രവർത്തകർ കൂട്ടിക്കൊണ്ടുപോയ അവരെ കുറിച്ച് പിന്നീട് അടുത്ത ദിവസം വരെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല .. വളരെ യാദൃശ്ചികമായാണ് മിനിഞ്ഞാന്ന് പഴയ അലമാരവൃത്തിയാക്കുമ്പോൾ ഒരു തുണിക്കെട്ടും അതിൽ കുറച്ച് പഴകി മുഴിഞ്ഞ ഏതാനും നൂറിൻ്റെ നോട്ടുകള്ളും. ചില്ലറ നാണയ തുട്ടുകളും ഒരു പഴയ ഡയറിയും, അതിനുള്ളിലെ ഈ കത്തുകളും കിട്ടിയത്.. ഡയറിൽ ചില നമ്പറുകളും കാണുന്നുണ്ട്.. കണ്ടിട്ട് ഫോൺ നമ്പറാണെന്ന് തോന്നി..തനിക്ക് അതൊന്നും വായിക്കാനറിയാത്തതിനാൽ കേശവ് പത്രയോട് ചോദിച്ചു.. അയാളാണ് പറഞ്ഞത് ഇത് "മലബാറി" ഭാഷയിലാണെന്..
അതിനാലാണ് സാബ്‌ ജീ താങ്കളെ വിളിച്ചത്..
ചൗരസ്യയോട് താൻ പറഞ്ഞു..

"കൽ ആത്തേ വക്ത് ലേകർ ആവോ "
ടികെ സാബ്ജീ ..

അയാളോട് താൻ ആവശ്യപ്പെട്ടത് പ്രകാരം ഡയറിയും കത്തുകളും കൊണ്ടുവന്നു...
 തൻ്റെ ഊഹം തെറ്റിയില്ല.. മലയാളത്തിൽ അതി മനോഹരമായ കൈപ്പടയിൽ കോറിയിട്ട കുറെ അക്ഷര മുത്തുകൾ .. പതിനാറു വർഷം മുന്നെയുള്ള ഡയറിയാണ് ..

 അതീവ ഉദ്യേഗത്തോടെ ഡയറി തുറന്നപ്പോൾ ആദ്യ പേജിൽ തന്നെ എഴുതി കണ്ട ഫോൺ നമ്പറുകളിൽ ഒന്ന് ഈ മഹാനഗരത്തിലെ ഏതോ പഴയ നമ്പറാണെന്ന് തോന്നി.. സംശയ നിവാരണത്തിന് പഴയ ഡയക്ടറി എടുത്തു നോക്കിയപ്പോൾ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു..

"ആനന്ദ് മാജി തപസ് ധ്യാൻ - മാട്ടുംഗ "

ഏതോ സന്യാസിനി മഠമോ, ആശ്രമമോ ആയിരിക്കണം ..

ഡയരക്ടറിയിൽ നോക്കി പുതിയ നമ്പർ കണ്ടു പിടിച്ചു..
ഫോൺ ഡയൽ ചെയ്തു .. മറുതലക്കൽ ഒരു കുലീന സ്ത്രീ ശബ്ദം..

അതെ, ആനന്ദ് മാജീ മഠമാണ്..
ശരണ്യ മാജീ എന്നാണത്രെ സന്യാസിനിയുടെ പേര് ..

അപ്പോഴാണ് താൻ ഓർത്തത്, ആരെ കുറിച്ചാണോ തനിക്ക് അന്വേഷിക്കേണ്ടത്? അവരുടെ പേര് പോലും താൻ നോക്കിയില്ലല്ലോ എന്ന് ..
ഡയറിൽ എവിടെയും അവരുടെ പേര് എഴുതി കണ്ടില്ല .. താൻ ഓരോ പേജുകളും മറിച്ചു മറിച്ചു നോക്കി.. അതിലെ എഴുത്തുകൾ ശ്രദ്ധിക്കാൻ തുടങ്ങി ..

തൻ്റെ കണ്ണുകളിൽ ഇരട്ടു കയറുന്നുണ്ടോ? ഈ കയ്യക്ഷരങ്ങൾ തനിക്ക് പരിചിതമല്ലേ.. ഈ വാക്കുകൾ താൻ കേട്ടു മറന്നതല്ലേ? തൻ്റെ അന്ത: രംഗം തന്നോട് ചോദിക്കുന്നു ..
സംശയ നിവാരണത്തിനായി ഡയറിക്കുള്ളിലെ കത്തു തുറന്നു നോക്കി..
അതിലെ വരികൾ ഇതാ തനിക്ക് നേരേ വിരൽ ചൂണ്ടുന്നു ...

തലക്കുള്ളിൽ മരവിപ്പ് പടർന്നു കയറുന്നു..
നാവു വരണ്ടുപോവുന്നു..

ശബ്ദം പുറത്തു വരാതെ തൊണ്ടയsഞ്ഞു പോയിരിക്കുന്നു ..
 തനിക്ക് ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ..
തൻ്റെ പര വേശം കണ്ടപ്പോൾ ചൗരസ്യ പറഞ്ഞു...
സാബ് ജീ ക്യാ ഹുവാ..
സാബ്ജീ ..പാനീ പീയോ
അയാൾ തനിക്ക് വെള്ളം നീട്ടുകൊണ്ട് പറഞ്ഞു ..
ഇന്നാ കുടിക്ക് ..

അയാൾ നീട്ടിയ വെള്ളം ഒരു കവിളിറക്ക് കടിച്ചു തിനു ശേഷം തുടർന്ന് വായിച്ചു..

കാർമേഘം പെയ്തിറങ്ങിയതു പോലെ മഴ തോർന്നതു പോലെ കണ്ണുകളിലെ നനവ് കാരണം അക്ഷരങ്ങൾക്ക് തെളിമയില്ല.., ആയാസപ്പെട്ട് വായിച്ചു
 അവസാന വരികളിൽ കണ്ണുടക്കി ..
എന്ന്
സസ്നേഹം,
കുട്ടേട്ടൻ്റ മാത്രമായ ഊമപ്പെണ്ണ് ഉമ ...
എൻ്റെ ദൈവമേ..
ഒരു വെള്ളിടി പൊട്ടിയത് മാനത്തു നിന്നോ?അതോ തൻ്റെ തലക്കുള്ളിൽ നിന്നോ?
സപ്ത നാഢികളും തളർന്ന് പരവശനായി തീർന്ന തൻ്റെയടുക്കൽ ഓടി വന്നിട്ട് തനിക്ക് സാന്ത്വനം നല്കിക്കൊണ്ട് ചൗരസ്യ ചോദിച്ചു..

ആപ് ക്യൂം ഇത്തനാ പരിഷാൻ മേം.. മുത്സേ സമജ് നഹീം ആതാ ഹൂം

തൻ്റെ പരവേശം അയാൾക്ക് മനസ്സിലായിട്ടുണ്ടാവില്ല..

താൻ വിക്കി വിക്കിക്കൊണ്ട് പറഞ്ഞു
താങ്കൾ പരിപാലിച്ച് കൂടെ കൂട്ടിയ, നിങ്ങളന്വേഷിക്കുന്ന ആ സ്ത്രീ ആരെന്നറിയോ?
ഒരിക്കൽ തൻ്റെ പ്രാണനായിരുന്നവളായിരുന്നു അവൾ...

ചൗരസ്യ, നിയതിയുടെ നിയോഗം എന്നൊക്കെ പറയില്ലേ.. അതായിരിക്കാം നാം തമ്മിൽ കണ്ടു മുട്ടാനിടയായത്..

ദൂരെ കാണുന്ന മൈതാനത്ത് പട്ടം പറത്തി, കലപില കൂട്ടി കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ നോക്കി ലയിച്ചിരിക്കുകയാണ്, ചൗരസ്യയുടെ മക്കൾ ..
അല്ല തൻ്റെ മകൾ ..

"മിഴുങ്ങസ്യ"യായി നിന്ന ചൗരസ്യയോട് തനിക്ക് ഉമയോടുണ്ടായിരുന്ന അടക്കാനാവാത്ത പ്രണയവും,  സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം, നിസ്സഹായനായ തനിക്ക്  അവളെ പിരിയേണ്ടിവന്നതും, തുടർന്ന് അവൾ വിവാഹിതയാവുന്നു എന്ന് അറിഞ്ഞപ്പോൾ താൻ നാടുവിട്ട് ഈ മഹാനഗരത്തിൽ വന്നെത്തിയതും,, ഉമയെ അല്ലാതെ മറ്റൊരു പെണ്ണിനെ ഭാര്യയായി കാണാൻ കഴിയാത്തതിനാൽ താൻ ഇപ്പോഴും, അവിവാഹിതനായി തുടരുകയാണെന്നതും, ഈ പെൺകുട്ടി തൻ്റെ മകളായിരിക്കാനുള്ള സാധ്യതയും, എല്ലാം ചൗരസ്യയോട് വിശദീകരിച്ചു..

എല്ലാം കേട്ടു കഴിഞ്ഞമ്പോൾ വിതുമ്പിക്കരഞ്ഞുകൊണ്ട് ലോല ഹൃദയനായ അയാൾ പെൺകുട്ടിയുടെ കരം തൻ്റെ ഉള്ളം കയ്യിൽ വച്ച് തന്നിട്ട് പറഞ്ഞു ..
സാബ് ജീ, ആപ് ലേ ജായിയേ.. അപ്പനീ ബേട്ടീക്കോ..ലേ ജായിയേ..ലേ ജായിയേ..

ചൗരസ്യക്ക് തൻ്റെ പ്രാണനായ പെൺകട്ടിയെ പിരിയാനാവില്ലെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ, പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ചരസ്യയോട്  താൻ പറഞ്ഞു..

ചൗരസ്യ ..തല്ക്കാലം ഇവൾ നിങ്ങളുടെയും, ഭാര്യയുടെയും കൂടെ നിലക്കട്ടെ, തൻ്റെ ഉമയെ കണ്ടെത്തുന്നതു വരെ...
വളർന്നു വരുന്ന പെൺകുട്ടികൾ വീട്ടിൽ ഉള്ളപ്പോൾ, അവർക്ക് തുണയായിട്ട് സ്ത്രീകൾ തന്നെ വേണം..

പലവട്ടം അയാളോട് ചോദിക്കാൻ തുനിഞ്ഞ ചോദ്യം, താൻ ഇത്തവണ ചോദിച്ചു..

ചൗരസ്യ, താങ്കളെന്തു കൊണ്ടായിരുന്നു ഈ കുട്ടിയെ വീട്ടിൽ നിറുത്താതെ കൂടെ കൊണ്ടു നടക്കുന്നത് ..?

ഒരു നിമിഷം മൗനിയായ അയാൾ പറഞ്ഞു.
സാബ് ജീ.. ഞങ്ങളുടെ ചോപഢ പരിമിത സൗകര്യങ്ങൾ ഉള്ളതാണ്...പകൽ നേരങ്ങളിൽ ഭാര്യ, വീട്ടുജോലിക്കാരിയായി പോയിക്കഴിഞ്ഞാൽ അവൾ ഒറ്റക്കാവും. മാത്രമല്ല. തൊട്ടപ്പുറത്ത് കേശവ് പത്രക്ക് ഒരു മുതിർന്ന മകനുണ്ട്, കള്ളും *ഭാംഗുമായും .. നടക്കുന്നവൻ... അവനെ എനിക്ക് തീരെ വിശ്വാസമില്ല സാബ്ജീ ..

ചൗരസ്യ താങ്കൾ മഹാമനസ്കനാണ്.. കരുണ നിറഞ്ഞവൻ .. നിഷ്കളങ്കനായ താങ്കളെ എനിക്ക് "ബഹുത് പസന്ത് ഹേ" എന്നുള്ള തൻ്റെ ഇഷ്ടം പറഞ്ഞപ്പോൾ ആ സ്ഥൂല ശരീരം കണ്ണീർ വാർത്തു...

അയാളെ മാറോടണച്ചു കൊണ്ട് താൻ തുടർന്നു ..

താങ്കൾക്കും കുടുംബത്തിനും ഇന്നു മുതൽ എൻ്റെ ഫ്ലാറ്റിൽ താമസിക്കാൻ ഇടം തരാം, സമ്മതമാണോ?
സന്തോഷാശ്രുക്കൾ തുടച്ചു കൊണ്ട് ,വൈക്ലബ്യത്തോടെ അയാൾ പറഞ്ഞു.

"ഹം ബഹുത് ഗരീബ് ലോക് ഹേ സാബ് .. ജാതാ പഠാ ലിക്കാഭി നഹിയേ.... ആപ്കാ ജൈസാ ബഡാ ലോ കോംകെ സാത് കൈസാ ഹേ.."

ആകുലതയോടെ അയാൾ ഇത് പറഞ്ഞപ്പോൾ അയാളുടെ കരം കവർന്ന് തൻ്റെ തോളിൽ വച്ചു കൊണ്ട് മറുപടി പറഞ്ഞു..
താങ്കൾ ചോദിച്ചില്ലെ നിങ്ങൾ പാവപ്പെട്ടവരും, ഞങ്ങൾ വലിയവരുമെന്നും ..
ആ ധാരണ വേണ്ട കേട്ടോ..
ആരും വലിയവനോ, അല്ലെങ്കിൽ ചെറിയവനോ അല്ല ..
ഒരുവൻ ചെയ്യുന്ന നന്മ നിറഞ്ഞ കർമ്മങ്ങളാണ് അവനെ വലിയവനാക്കുന്നത് ..
ആയതിനാൽ ചൗരസ്യ താങ്കൾ വലിയവനാണ്..
ഇന്നുതന്നെ കുടുംബസമേതം ഇങ്ങോട്ട് പോന്നോളൂ.. താങ്കൾ ഇപ്പോൾ മുതൽ എൻ്റെ ബന്ധുവാണ് ..

അയാൾ, ആനന്ദത്തോടെ, പെൺകുട്ടിയുമായി പുതിയ തുടക്കത്തിനായി നടന്നകലുമ്പോൾ, ആ പെൺകുട്ടി ഒന്ന് കൂടി പിന്തിരിഞ്ഞു നോക്കിച്ചിരിച്ചു..താൻ ഒരിക്കൽ കൂടെ ഓടിച്ചെന്ന് വാത്സല്യത്തോടെ അവളെ മാറോണടച്ചപ്പോൾ അവളുടെ വിടർന്ന കണ്ണുകളിൽ താൻ നക്ഷത്ര തിളക്കം കണ്ടു.. അവളുടെ നുണക്കുഴികളിലേക്ക് നോക്കിയപ്പോൾ കണ്ടത് തൻ്റെ മുന്നിലുള്ളത് ഉമ തന്നെയാണോ എന്ന് ഒരു നിമിഷത്തേക്ക് തോന്നി..

അതെ ഇവൾ ഉമയുടെ മകൾ, തൻ്റെയും ..
ഇവളെ താൻ "അമ്മു " എന്ന് വിളിക്കും..
അമ്മു പോയ് വരൂ ..ഈ മട്ടുപ്പാവിൽ താൻ കാത്തിരിക്കും.. ആംഗ്യ ഭാഷയിൽ പറത്തപ്പോൾ അവളും തല കുലുക്കി സമ്മതിച്ചു..

കുടുംബ മഹിമയെന്ന ദുര കൊണ്ട് തനിക്ക് അന്യയായ എൻ്റെ ഉമയെ കണ്ടെത്തണം ..
അവളെങ്ങിനെ ഈ മഹാനഗരത്തിൽ എത്തിപ്പെട്ടു എന്നതും അന്വേഷിക്കണം ..
അപ്പോൾ ശുഭ സൂചനയെന്നോണം പടിഞ്ഞാറൻ മാനത്ത് നിന്ന് വെൺകൊറ്റികൾ കൂടണയാൻ പറന്നു വരികയും, സാംയം സൂര്യൻ കനകാംബരം ചമയ്ക്കൂമ്പോൾ നഗരപാലിക മന്ദിരത്തിൽ നിന്നുള്ള സൈറണും മുഴങ്ങി.. രണ്ടും ശുഭസൂചനകളാണ്..
തൻ്റെ ഉമയെ താൻ കണ്ടെത്തും..
താൻ കണ്ടെത്തും.. 
ഞാൻ എന്നോടു തന്നെ പറഞ്ഞു ..
                          - ശുഭം -
 by: 
കൃഷ്ണ കുമാർ.കൂടാളി
ഗോകുലം - കീഴല്ലൂർ..

@ Copy Right Reserved
NB : ചില ഹിന്ദി വാക്കുകളുടെ അർത്ഥങ്ങൾ:
* ഛോപഢീ .. = ചേരിപ്രദേശത്തെ കുടിൽ
* ഢാബ   = ചെറിയ ചായക്കട
* ഇലാച്ചി = ഏലക്കായ.
*ഭാംഗ് = കഞ്ചാവിൽ നിന്നുള്ള ഒരു തരം  ലഹരി പാനീയം..
ചിത്രം - കടപ്പാട് - ഗൂഗിൾ

Thursday, June 4, 2020

അകലങ്ങളിൽ മിഴി നട്ടൊരാൾ (കഥ)

അകലങ്ങളിൽ മിഴിനട്ടൊരാൾ .. (കഥ)
>>>>>>>>>>>>>>>>>>>>>>>>>
"ഇൻറർ കോം ശബ്ദിച്ചു..
നൂറ്റി ആറിൽ നിന്നാണ്..
നൂറ്റിയാറ് രവീന്ദ്രൻ സാറിൻ്റെ സിക്രട്ടറി സീനയുടെതാണ് ..

ഒരു നിമിഷം ചിന്തിച്ചു നിന്നു..

ഫോൺ എടുക്കണോ വേണ്ടയോ..
ഒടുവിൽ എടുക്കാൻ തന്നെ തീരുമാനിച്ചു.. ..

എന്താ രഘുവേട്ടാ ഫോൺ എടുക്കാൻ താമസം?
സീന ചോദിച്ചു..

രഘു വേട്ടനെ സാർ വിളിക്കുന്നു, കാബിനിലേക്ക് ..

ഇൻറർ കോം ശബ്ദിക്കുമ്പോൾ ശരീരത്തിൽ ഒരു തരം വിറയലായിരിക്കും മിക്കപ്പോഴും, നൂറ്റിയാറാം നമ്പറിൽ നിന്നോ നൂറ്റിയേഴാം നമ്പറിൽ നിന്നോ ആണെങ്കിൽ പറയുകയും വേണ്ട.. മൂന്നു നില കെട്ടിടത്തിലെ ഓഫീസ് സമുച്ചയത്തിൽ നൂറു മുതൽ നൂറ്റി അറുപത്തിരണ്ടു വരെ ഇൻ്റർ കോം നമ്പരുകളുണ്ട്.. അതിൽ ഏറ്റവും പേടിപ്പെടുത്തുന്ന നമ്പറുകളാണ് മേൽ പറഞ്ഞ വ രണ്ടും..
വിളിച്ചാൽ ഉടനെ ചെല്ലണം.. അങ്ങിനെയാണ് തിട്ടൂരം..
ചെല്ലാൻ വൈകിയതിനാൽ വീണ്ടും ഇൻറർ കോം ബെല്ലടിച്ചു.. ഇത്തവണ നമ്പർ 107 ൽ നിന്നാണ് കോൾ..
ഉള്ളം ഒന്ന് പിടഞ്ഞു ..
രവി സാറാണ്..
"രഘുവിന് ചെവി കേൾക്കാൻ വയ്യേ?
അതോ ബോസ്സ് തന്നെ നേരിട്ട് വിളിച്ചാലേ ഇയാള് വരത്തുള്ളൂ? ഹേ..?
  സർ, സാറല്ലെ കാലത്ത് പറഞ്ഞിരുന്നത് അഷ് ഗലിൻ്റെ ഒരു സബ്മിഷൻ ഉണ്ടെന്ന് ..
അതിനുള്ള ക്വാണ്ടിറ്റി എടുക്കുകയായിരുന്നു സാറെ..
നിന്ന് താളമിടക്കാതെ ഒന്നിങ്ങു വാടോ..
ഓഫീസിലെ ട്രെയിനി എൻജിനീയർ പുതിയ പയ്യൻ രമിത് ഓടിക്കൊണ്ടു വന്നു.രഘുവേട്ട ഒന്ന് പെട്ടെന്ന് വായോ?
  തിടുക്കപ്പെട്ട് ക്യാബിനിലേക്ക് കയറുന്നതിന് മുന്നേ സീന പറഞ്ഞു
ഇന്ന് സാറ് നല്ല കലിപ്പിലാണ് ..
ആവശ്യത്തിന് രമിതിന് കിട്ടിയിട്ടുണ്ട് ..
അതിൻ്റെ ബാക്കി നിങ്ങൾക്കും കിട്ടും..
പതിവു പോലെ വാതിലിൽ കൊട്ടിക്കൊണ്ട് അകത്തു കടന്നു ..

ചെന്നപ്പോൾ തന്നെ കിട്ടി.. വലിയൊരു "ബുൾ ഷിറ്റ് "

രവി സാറും ദുർവ്വാസാവും ഒരേ തരക്കാരാണ്..
മൂക്കത്താണ് ശുണ്ഠി..ദേഷ്യം കയറിയാൽ പിന്നെ കോമരം തുള്ളുന്നതു പോലെ തുള്ളും.. കൈയ്യിലൊരു വാളുണ്ടാവില്ലെന്ന് മാത്രം..
ചിലപ്പോൾ കൈയ്യിലുള്ള ഫയലുകളൊക്കെ വലിച്ചെറിയും..
ആദ്യം നന്നായൊരു ആട്ടു തരും.. പിന്നെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാന്തരം പുളിച്ച വാക്കുകളുടെ അഭിഷേകമായിരിക്കും..
"ഇങ്ങേരെന്താ ശശി തരൂരിന് പഠിക്കുകയാണോ? ഇത്രയും കടുകെട്ടി ഇംഗ്ലിഷ് വെള്ളം തൊടാതെ വിഴുങ്ങിക്കൊണ്ടിരിക്കന്നത് "
എന്നാവും രഘു ചിന്തിക്കുക ..
എത്ര തെറി കേട്ടാലും രഘു അക്ഷോഭ്യനായി നില്ക്കും..
ഒടുവിൽ സഹികെട്ട് രവി സാർ തന്നെ പറയും..
"ഒന്ന് പോയി തരാവോ എൻ്റെ മുമ്പീന്ന് "
ഇത്തവണ പക്ഷെ മുൻപത്തേതിലുള്ള അത്ര മൂർച്ചയില്ല..

എങ്കിലും പരിഹാസത്തോടെ പറഞ്ഞു..
ഇന്നലെ വീക്കെൻ്റായിരുന്നില്ലല്ലോ ..
"എത്രണ്ണം അടിച്ചു "?
അഞ്ച്, ആറ്?
ഇല്ല സാർ, ഇന്നലെ ഒന്നും അടിച്ചില്ല.. രഘു പറഞ്ഞു
ഉടനെ രമിത്തിനെ നോക്കി പറഞ്ഞു..

"നല്ല പാർട്ടിയാ, ഈ നിക്കുന്ന ആളേ..
കള്ളെന്ന് എഴുതി കാണിച്ചാൽ മതി.. അവിടം വീഴുന്ന ആളാ.. ഒന്ന് പോ മാഷേ ..

എന്നിട്ട് രമിത്തിനോട് പറഞ്ഞു.
നിനക്ക് എൻ്റെ മോൻ്റെ പ്രായമേ ഉള്ളൂ.. അതു കൊണ്ട് പറയുവാ..ഇങ്ങേരുടെ കെണിയിലൊന്നും വീണേക്കരുത് കേട്ടാ..

അതു കേട്ടപ്പോൾ രഘു പറഞ്ഞു ..
അയ്യോ പാവം..

രമിത് രഘുവിനെ കണ്ണിറുക്കി കാട്ടി.. ഒന്നും പറയല്ലേ എന്നർത്ഥത്തിൽ ..
അതൊന്നും ശ്രദ്ധിക്കാത്ത മട്ടിലിരുന്ന രവി സാർ തല ഉയർത്തിക്കൊണ്ട് കയ്യിലിരുന്ന ഫയൽ രഘുവിനെ കാണിച്ചു കൊണ്ട് തുടർന്നു ..
ഇതിൽ റെഡ് ഇൻകുകൊണ്ട് വട്ടമിട്ട ഭാഗങ്ങൾ കണ്ടോ?
ഇയാൾ വരുത്തിയ തെറ്റുകളാണ് അവയൊക്കെ
ഇന്നു ഉച്ചക്ക് ശേഷം 2 മണിക്ക് സബ്മിഷനാണെന്ന വല്ല ബോധവും തനിക്കുണ്ടോ?

ഷഹീനാണ് ക്വാണ്ടിറ്റി തന്നത് സർ ..

മാത്യൂസിനോട് പ്ലംബ്ലിങ്ങിൻ്റെ ക്വാണ്ടിറ്റി ചോദിച്ചിരുന്നു.. അങ്ങേര് ഇന്നു വന്നിട്ടില്ല ..
രവി സാർ സീനയോട് വിളിച്ചു പറഞ്ഞു ..
സീന .. ഒന്ന് ഷഹീനോട് വരാൻ പറയൂ..

ഷഹീൻ ഇലക്ട്രിക്കൽ ഓട്ടോ കാഡ് ഒപ്പറേറ്ററാണ്.. കൂടാതെ ക്വാണ്ടിറ്റി സർവ്വേയറായും ജോലി ചെയ്യുന്നു...

ഷഹീൻ പരിഭ്രമത്തോടെ എത്തി ..
എടോ.. തനിക്കൊന്നും ജോലി ചെയ്യാൻ വയ്യെങ്കിൽ വീട്ടിപ്പോക്കൂടെ.. മറ്റുള്ളവരുടെ മനസ്സമാധാനം ഇല്ലാതാക്കാൻ?
താനെ വിടെ നോക്കിയാ ക്വാണ്ടിറ്റി എടുത്തത്?
കറാമ അപ്രൂവൽ ഡ്രോയിങ്ങ് എവിടെ?
അപ്പോഴേക്കും രവി സാറിൻ്റെ മൊബൈൽ ഫോൺ ശബ്ദിച്ചു..

ഏതോ വെണ്ടർ ആണ്..
ഷഹീന് ആശ്വാസമായി..

അങ്കം വെട്ടിന് പുതിയൊരാളെ സാറിന് കിട്ടിയതിൽ ..

രമിത്തിനോടും, ഷഹീനോടും, പുറത്തുപോവാൻ കൈ കൊണ്ട് ആഗ്യം കാണിച്ചിട്ട്, ഒപ്പം പുറത്തു പോവാൻ നിന്ന രഘുവിനോട് അവിടെ തന്നെ കാത്തിരിക്കാനും ആഗ്യം കാണിച്ചു ..

പല തരം ഡ്രോയിങ്ങുകളും ഫൈലുകളും അടുക്കി വച്ചിരുന്ന ഡോക്കുമെൻറ് ഫയൽ റേക്കിലേക്കും, ഭിത്തിയിൽ തൂക്കിയിട്ട വൈറ്റ് ബോർഡിലെ കറുത്ത അക്ഷരങ്ങളിലേക്കും രഘു വെറുതെ നോക്കി നിന്നു..

നീല കർട്ടനിട്ട ജനലുകളിലെ നോക്കിയാൽ മതിൽ കെട്ടിനപ്പുറത്തുള്ള പുതിയ കെട്ടിടത്തിൽ വർക്ക പണിക്കാരുടെ ബഹളം ..

പണിക്കാരിൽ ഇന്ത്യക്കാരും, നേപ്പാളികളുമാണെന്ന് തോന്നുന്നു.
അവരുടെ മേസ്ത്രി ഒരു മസറി (ഈജിപ്ഷ്യൻ ) ആണെന്ന് തോന്നുന്നു.. അയാൾ ഉച്ചത്തിൽ ശകാരിക്കുന്നുണ്ട്..

അല്ലങ്കിലും മൂശേട്ടകളാണ് ചില മസറികൾ
രഘു ഓർത്തു ..
പണ്ടേ അവറ്റകളുടെ കൂടെ ജോലി ചെയ്തതിൻ്റെ തിക്താനുഭവങ്ങൾ തനിക്കുണ്ടല്ലോ..

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി.. രവി സാർ കൈയ്യിലൊരു സിഗരറ്റ് തിരുകി പുറത്തു പോവുകയാണ്.. പോകുന്നതിനിടെ തന്നോടായി പറഞ്ഞു.
രഘു ഒരു അഞ്ചു മിനുട്ട് ഇപ്പം വരാട്ടൊ ..
താഴെക്കുള്ള ഗോവണിപ്പടിക്കരികെ വിത്തളയിൽ തീർത്ത ഹാൻ്റ് റയിലിൽ മുറുകെ പിടിച്ച് കൊണ്ട് വലതു കൈയിലെ സിഗരറ്റ് ചുണ്ടിൽ തിരുകിക്കൊണ്ട് ലൈറ്ററിൽ നിന്ന് തീപകർന്ന് ആത്മാവിന് ശാന്തി നല്കുകയാണ് രവി സാർ..

രഘു ഓർക്കുകയാണ്..
ആരാണ് ഈ മനുഷ്യൻ ?
ഒരേ സമയം ചീറ്റപ്പുലിയായി ചാടി വീണ് കഴുത്തിൽ പിടിമുറുക്കാനും, അതേ പോലെ, പൂച്ചയെ പോലെ സ്നേഹം പ്രകടിപ്പിക്കാനും ഇദ്ദേഹത്തിന് എങ്ങിനെ കഴിയുന്നു?
വല്ലാത്ത സമസ്യ തന്നെ ...

അഞ്ചു മിനുട്ടിനകം തിരിച്ചു വന്ന രവി സാർ ചോദിച്ചു..

"രഘു നമുക്കൊന്ന് ഇരിക്കണം..
വീട്ടിൽ പോകാൻ തിരക്കൊന്നുമില്ലല്ലോ?"

ഉണ്ടെന്ന് പറഞ്ഞാലും രക്ഷയില്ല.. ഒരഞ്ചു മിനുട്ട് വരൂ എന്ന് പറഞ്ഞ് വിളിക്കും..
അദ്ദേഹത്തിൻ്റെ നിഘണ്ടുവിൽ അഞ്ചു മിനുട്ടെന്ന് പറഞ്ഞാൽ ഒരു മണിക്കൂർ എന്നാണർത്ഥം..
അതു കൊണ്ട് തന്നെ രഘു മുപടി ഒന്നും പറഞ്ഞില്ല..
***
രണ്ടു ദിവസം മുമ്പായിരുന്നു, ജോലിക്കിടെ, രേവതി നാട്ടിൽ നിന്ന് വിളിച്ചത്.. സാധാരണ ഡ്യൂട്ടി സമയങ്ങളിൽ അവളങ്ങിനെ വിളിക്കാറില്ല, അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ..
ഇരുപത്തിനാലു കൊല്ലങ്ങളിലായി തൻ്റെ ശീലങ്ങൾ അവളും അവളുടെ ശീലങ്ങളുമായി താനും സമരസപ്പെട്ട് പോവുകയാണല്ലോ..
ടെണ്ടർ സബ്മിഷൻ്റെ തിരക്കിലായതിനാൽ ആദ്യ തവണ അവൾ വിളിച്ചപ്പോൾ ഗൗനിച്ചില്ല.. രമിത് പറഞ്ഞതുമാണ് ഫോണെടുക്കാൻ, രണ്ടാമതും അവൾ വിളിച്ചു..
തെല്ലു ഈർഷ്യയോടെയാണ് താൻ ഫോൺ എടുത്തത്..

"എന്താടീ... ഞാൻ നല്ല തിരക്കിലാണ്
നീ കാര്യം പറയൂ..

രഘുവിൻ്റെ സ്വഭാവം നന്നായറിയുന്നതിനാൽ രേവതി പറഞ്ഞു
അതു രഘുവേട്ടാ.. കഴിഞ്ഞാഴ്ച കീർത്തൂനെ പെണ്ണുകാണാൻ വന്നവൻ്റെ അമ്മാവനും, അളിയനും ഇവിടെ വന്നിട്ടുണ്ട് .. അവർക്ക് അവളെ വളരെ ഇഷ്ടമായി പോലും..കീർത്തൂനും അവനെ ഇഷ്ടാണെന്ന് പറഞ്ഞിരുന്നു..
ചെറുക്കൻ ആർമിക്കാരനായത് കൊണ്ട് കല്യാണം എത്രയും വേഗം വേണമെന്നാണ് അവരുടെ ഡിമാൻ്റ് .. സ്ത്രീധനമൊന്നും അവർ ആവശ്യപ്പെടുന്നില്ലെന്നും പറഞ്ഞു..
നമ്മുടെ ഭാഗത്തുനിന്ന് സമ്മതം മൂളുകയാണെങ്കിൽ വിവാഹ നിശ്ചയവും, കല്യാണവും പെട്ടെന്ന് നടത്താമെന്നാണ് അവര് പറയുന്നത് ..

ഇത്രയും കേട്ടതോടെ രഘുവിന് എന്താണ് മറുപടി പറയേണ്ടതെന്ന നിശ്ചയമില്ലാതായി..
ഒരു നിമിഷം ആലോചിച്ചു കൊണ്ട് രഘു മറുപടി കൊടുത്തു..
ശരി.. നിനക്കും സമ്മതമെങ്കിൽ എനിക്കും പ്രശ്നമില്ല... എല്ലാം നമ്മുടെ മോളുടെ ഭാവിക്ക് വേണ്ടിയല്ലേ..
ജാതകപ്പൊരുത്തം നോക്കണ്ടേ? രേവതി ചോദിച്ചു..
മനപ്പൊരുത്തത്തിൽ വലിയ പൊരുത്തമുണ്ടോ? രേവതി പറഞ്ഞു രഘുവേട്ടാ, ഇതാ ഞാൻ ചെറുക്കൻ്റെ അമ്മാവന് ഫോൺ കൊടുക്കാം ..
നിങ്ങൾ സംസാരിക്കൂ..
രഘു കാതോർത്തു..
മറുതലക്കൽ സൗമ്യതയോടെ, പതിഞ്ഞ സ്വരം..

"ഹലോ.. "

ഞാൻ വാസുദേവൻ അടിയോടി.. ചെറുക്കൻ്റെ അമ്മയുടെ മുത്ത സഹോദരൻ , അതായത് വല്യമ്മാവൻ..
ഞാൻ മാനദേവൻ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററാണ്..
ചെറുക്കൻ്റെ അച്ഛനും ആർമിയിലായിരുന്നു ..
കാർഗിൽ യുദ്ധത്തിൽ മരിച്ച വീര സൈനികൻ രാധാകൃഷ്ണനെ കേട്ടിട്ടുണ്ടാവും..
ഞാൻ കാര്യത്തിലേക്ക് കടക്കാം ..
നിങ്ങൾക്കും കല്യാണത്തിന് ഇഷ്ടമായ സ്ഥിതിക്ക് നമുക്കത് അങ്ങട് നടത്താം അല്ലേ?
രഘു പറഞ്ഞു ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല.. ഇനി നിങ്ങൾക്ക് നാൾ പ്പൊരുത്തമൊക്കെ നോക്കണമെങ്കിൽ ആവാം കേട്ടോ..

ചെറുക്കൻ്റെ അമ്മാവൻ പറഞ്ഞു
മോളുടെ നക്ഷത്രവും സമയവും നോക്കി ഞാൻ തന്നെ ഒന്ന് ഗണിച്ചെടുത്തിട്ടുണ്ട് .. അല്പസ്വല്പം ജ്യോതിഷം അറിയാവുന്നതുകൊണ്ട് ഒന്നു നോക്കാമെന്ന് വച്ചതാ..
മോൾക്ക് മധ്യമരജു ദോഷമുണ്ട്.. എന്നാൽ ചെറുക്കൻ്റെ നക്ഷത്രവുമായി ദീർഘപ്പൊരുത്തം കാണുന്നുമുണ്ട്.. ആയതിനാൽ പ്രശ്നമില്ല..
വാസുദേവൻ മാഷ് തൻ്റെ പാണ്ഡിത്യം പുറത്തെടുത്തു..

എങ്കിൽ എല്ലാവർക്കും സൗകര്യമുള്ള ഒരു ഞായറാഴ്ച വിവാഹ നിശ്ചയം നടത്തിയാലോ?
രഘു സമ്മതം മൂളി..

ഇനിയുള്ള കടമ്പ രവി സാറിൻ്റെ സമ്മതം വാങ്ങിക്കുക എന്നുളളതാണ്...

രണ്ടു ദിവസമായി താൻ അവസരത്തിനായി കാത്തു നില്ക്കുന്നു ..
കഴിഞ്ഞ രണ്ടു ദിവസമായി ആശാൻ നല്ല കലിപ്പിലാണ് ..
അതു കൊണ്ട് തന്നെ അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ..
രവി സാർ പലതും ചോദിച്ചു കൊണ്ടിരുന്നു.. താൻ യാന്ത്രികമായി അതിനൊക്കെ ഉത്തരവും കൊടുത്തു..
തൻ്റെ ചിന്ത മുഴുവൻ കർത്തു നെറെ വിവാഹകാര്യത്തിലാണ്..
രഘു, രവി സാറിനെ ഒന്നു പാളി നോക്കി..
സാർ ഒരു എൻജിനീറിങ്ങ് ഡ്രോയിങ്ങ് വിശദമായി ചെക്കു ചെയ്യുകയാണ്..
അപ്പോഴാണ് രവി സാറിൻ്റെ ഭാര്യ സുമതി മേഡം
ഡോർ തുറന്ന് അകത്തേക്ക് വന്നത്
മെയിൻ ഓഫീസിൽ നിന്ന് വരുന്ന വഴിയാകണം .. രാത്രി എട്ടര കഴിഞ്ഞിട്ടും ഓഫീസിൽ നിന്ന് ഇറങ്ങാത്തതിൻ്റെ നീരസം മേഡത്തിൻ്റെ മുഖഭാവം കണ്ടാലറിയാം ..
മേഡം രഘുവിനോട് പറഞ്ഞു..
രഘുന് പറഞ്ഞൂടെ, തൻ്റെ സാറിനോട് നേരത്തിനം, കാലത്തിനും വീട്ടിലെത്താൻ...

രവി സാർ ഒന്ന് മൂളിയതിനു ശേഷം രഘുവോട് സബ്മിഷനെ കുറിച്ച് എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു....
സുമതി മേഡം വീണ്ടും രഘുവോട് പറഞ്ഞു... മതി രഘുവീട്ടിപ്പോകാൻ നോക്ക്..
നല്ല കഥയായി മേഡം,
ഒരഞ്ചു മിനുട്ടെന്ന് പറഞ്ഞിട്ട് ഇപ്പോൾ തന്നെ ഇരുപത് മിനുട്ടായി ..

രഘു കരുതി..
ഇതു തന്നെ നല്ല അവസരം ലീവിൻ്റെ കാര്യം അവതരിപ്പിക്കാൻ..
മാഡത്തിൻ്റെ സാന്നിദ്ധ്യം ശ്രദ്ധിക്കാതെ രവി സാർ തുടർന്നു ..

രഘു, അൽ ബിദ ടവറിൻ്റെ സബ്മിഷൻ നാളെ ചെയ്യണ്ട .. ഫൈനൽ ക്വാണ്ടിറ്റിയിലും പ്രയിസിലും മാറ്റം വരുത്തണം.. ഇതു നമ്മുടെ പ്രസ്റ്റീജ് ഇഷ്യൂ ആണ് ..
നാളെ ക്യൂപിയുമായി ജി എമ്മും,എം ഡി ക്കും ക്ലയൻ്റ് മീറ്റിങ്ങുണ്ട്, അതു കഴിഞ്ഞു അവർ നാലു മണിക്കെത്തും.. അപ്പോൾ നമുക്ക് അവരുമായി ഡിസ്കസ് ചെയ്ത് തീരുമാനിക്കാം കേട്ടോ..
രവി സാർ പിന്നെയും എന്തൊക്കെയോ സംസാരം തുടർന്നപ്പോൾ മേഡം വീണ്ടും ഇടപെട്ടു.

മതി... ഇന്നിനി ഇത്രയും മതി.. വരൂ നമുക്ക് പോവാം..
അതു കേട്ടുപ്പാൾ
മേഡത്തിനെ നോക്കി ചിരിച്ചു കൊണ്ട് രവി സർ പറത്തു, ശരി എങ്കിൽ ഇറങ്ങിയേക്കാം ..
രഘുവിന് അപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്,
സാറിനോട് ഒരു കാര്യം പറയാറുണ്ടായിരുന്നു ..
മുഖവുരയോടെ രഘു തുടർന്നു ..

സാർ, എൻ്റെ മോൾക്ക് രണ്ടു ദിവസം മുന്നെ ഒരു അന്വേഷണം വന്നിരുന്നു..
ഇരുകൂട്ടർക്കും ഇഷ്ടമായി .. ചെറുക്കന് ആർമിയിലാണ് ജോലി..
ചുരുങ്ങിയ ദിവസമേ അവധിയുള്ളൂ.. ആയതിനാൽ എത്രയും വേഗം കല്യാണം നടത്തണമെന്നാണ് പറയുന്നത് .. കഴിവതും വരുന്ന ഞായറാഴ്ച വിവാഹ നിശ്ചയവും, തുടർന്ന് അടുത്ത ദിവസം തന്നെ കല്ലാണവും എന്നാണ് പറയുന്നത് .. അതിനാൽ ഒരു മാസത്തെ ലീവ് തരണം സർ..

മേഡത്തിനെ നോക്കി രഘു അങ്ങിനെ പറഞ്ഞപ്പോൾ മേഡവും സപ്പോർട്ട് ചെയ്തു ..
രവിസർ ഒന്നാലോചിച്ചു കൊണ്ട് തുടർന്നു...

രഘു ഒരു കാര്യം ചെയ്യ്..
അത്താഴ്ചയിലെ സൺഡേ എന്നല്ലേ പറഞ്ഞത് .. ഇന്ന് സാറ്റർഡേ, വരുന്ന തേർസ്ഡേ ഇവനിങ്ങിൽ പൊക്കോളൂ.. അതാവുമ്പോ, ഫ്രൈഡേയും, സെക്കൻറ് സാറ്റർഡേയും അവധിയാണല്ലോ..അങ്ങിനെ വരുമ്പം സൺഡേ ഒരു ദിവസം ലീവെടുത്താൽ മതി.. മൺഡേ ഇവിടെ തിരിച്ചു വരിക.. എന്നിട്ട് വേണമെങ്കിൽ മാറിയേ ജിൻ്റെ അടുപ്പിച്ച ദിവസത്തിന് പോയിട്ട് ഒരാഴ്ച ലീവെടുത്തോളൂ.. അതല്ലാതെ ഒരു തരത്തിലും ഇപ്പോൾ ലീവ് തരാനൊക്കൂല.. "

രഘു പ്രതീക്ഷിച്ചത് തന്നെയാണ്
ഉത്തരം കിട്ടിയതെങ്കിലും ഒരിക്കൽ കൂടി താണുകേണപേക്ഷിച്ചു ..

ശാന്തനായിരുന്ന രവി സാർ ചൂടായി കൊണ്ട് പറഞ്ഞു ..
കമ്പനി മൊത്തം ഷട്ട്ഡൗൺ ചെയ്യാൻ നോക്കുവാ.. നമുക്ക് വീണു കിട്ടിയ കച്ചിതുരുമ്പാണ് ഈ ടവർ വർക്കിൻ്റെത്..
രഘു കൊച്ചു കുഞ്ഞുങ്ങളെ പോലെ സംസാരിക്കരുത്..

അദ്ദേഹം അല്ലം സ്വരം മയപ്പെടുത്തിക്കൊണ്ട് തുടർന്നു ..
ഒരു മാസം കഴിഞ്ഞാൽ താൻ ഒരു മാസത്തെ അവധിയെടുത്തോളൂ.... ഇപ്പോൾ ഇങ്ങനെ ചെയ്യൂ..
രഘു പിന്നെ ഒന്നും മിണ്ടാൻ നില്ക്കാതെ, രവി സാറും മാഡവും ഇറങ്ങുമ്പോൾ കൂടെ ഇറങ്ങി തൻ്റെ ക്യാബിനിൽ ചെന്നു ..
ചെയറിൽ ഇരുന്ന് സ്പടികക്കുപ്പിയിൽ നിന്ന് തണുത്ത വെള്ളമെടുത്ത് കുടിച്ചു ..

കമ്പ്യൂട്ടർ ഓഫ് ചെയ്തു വണ്ടിയുടെ ചാവിയെടുത്തു പുറത്തിറങ്ങി..

ഡിക്കിയിൽ സൂക്ഷിച്ചിരുന്ന കിങ്ങ് ഫിഷറിൻ്റെ രണ്ടു ബിയർ ക്യാനുകൾ എടുത്ത് ഡാഷ് ബോർഡിൽ വച്ചു.. റൂമിൽ പോയി രണ്ടും അകത്താക്കി ഉറങ്ങണം.. എന്നാലേ കലിപ്പ് മാറൂള്ളൂ..

ഗൾഫ് കാരൻ്റെ ദുര്യോഗം.. എന്ന് മനസ്സിൽ പ്രാകിക്കൊണ്ട് വണ്ടി മുന്നോട്ടെടുത്തു ..
തുമാമയിലേക്ക് പോകേണ്ട രണ്ടാമത്തെ സിഗ്നലിൻ്റെ അടുത്തെത്തിയപ്പോൾ വണ്ടി ഒന്ന് വിളി.. മനസ്സിനെ സ്വയം നിയന്ത്രിച്ചു.
റൂമിലെത്തിയ ഉടൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു ..

നെടുമ്പാശ്ശേരിയിലേക്ക് താഴത്തെ ശാന്തേടത്തീടെ മകൻ ദീപുവിനെ വണ്ടിയുമായി എയർപ്പോർട്ടിൽ ചെല്ലാൻ രേവതിയോട് വിളിച്ചു പറഞ്ഞു... റൂമിൻ്റെ എതിർവശത്തുള്ള കഫ്റ്റേരിയിൽ രണ്ടു സാൻ്റ്വിച്ചിന് ഓർഡർ ചെയ്ത് രഘു ബിയർ ക്യാനിൻ്റെ കേപ്പ് ഓപ്പൺ ചെയ്ത് സ്വിപ്പ് ചെയ്യാൻ തുടങ്ങിയപ്പോഴേക്കം സാൻ്റ്വിച്ചമായി ഡെലിവറി ബോയ് എത്തി ..
പലതും ആലോചിച്ചു കൊണ്ട് ഒരു സാൻ്റ്വിച്ചും രണ്ട് ബിയറും അകത്താക്കി..

സുഖായിട്ട് ഒന്ന് മയങ്ങി..
മയക്കത്തിൽ എന്ന് ഉണർന്നത് പിറ്റേന്ന് കാലത്ത് നാല് മണിക്കാണ്.. അപ്പോഴാണ് ഓർത്തത് താൻ രാത്രിയിൽ ഡ്രസ്സ് പോലും മാറ്റാതെയാണല്ലോ ഉറങ്ങിയതെന്ന് ..

തലക്കകത്തെ ഭാരം കൂടി വന്നത് കാര്യമാക്കാതെ പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് നന്നായൊന്നു കുളിക്കുകയും, ചൂടോടെ ഒരു കട്ടൻ ചായ കുടിക്കുകയും ചെയ്തപ്പോൾ നല്ല  ഉന്മേഷം ലഭിച്ചു..
കാലത്ത് ഉപ്പുമാവുണ്ടാക്കി .. ഒരു ഏത്തപ്പഴവും ചേർത്ത് കഴിച്ചു കൊണ്ടിരിക്കയാണ് ഫോൺ ബെല്ലടിച്ചത് ..

ഫോൺ എടുത്തപ്പോൾ നടുക്കുന്ന വാർത്തയാണ് കേട്ടത്..
എച്ച് ആറിലെ, പി ആർ ഒ , സുദീപായിരുന്നു മറുതലക്കൽ ..

രഘു സാറേ ഒരു കാര്യം പറയാനാ വിളിച്ചത്..
ഇന്നലെ രാത്രി ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ രവി സാറിൻ്റെ വണ്ടിയിൽ ഒരു ആഫ്രിക്കക്കാരൻ്റെ വണ്ടി വന്നിടിച്ചു.. സാറിൻ്റെ കാലിന് ഫ്രാക്ടറുണ്ട്.. മേഡത്തിന് കാര്യമായൊന്നും പറ്റിയില്ല..

മേഡം സാറിനെ രാത്രിയിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് പറഞ്ഞത് ..
അപ്പോഴാണ് രഘു മൊബൈലിൽ കാൾ ലിസ്റ്റ് ശ്രദ്ധിച്ചത് ..
ശരിയാണ് മാഡം വിളിച്ചിരുന്നു.. മൂന്നു തവണകളിൽ ..

താൻ നല്ല ഫിറ്റായിരുന്നെന്ന് സുദീപിനോട് പറഞ്ഞില്ല.''
രഘുവിൻ്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നി ..
ദൈവമേ എൻ്റെ നാട്ടീപ്പോക്ക് ..

ഉടനെ രവി സാറിൻ്റെ മൊബൈലിലേക്ക് ഡയൽ ചെയതപ്പോൾ സ്വിച്ച്ഡ് ഓഫ് എന്ന കിളിമൊഴി കേട്ടപ്പോൾ മേഡത്തിനെ വിളിച്ചു..
രണ്ടാമത്തെ റിങ്ങിൽ മേഡം ഫോണെടുത്തു
ഞാൻ ഇന്നലെ ഒത്തിരി ട്രൈ ചെയ്തു രഘുവിനെ കിട്ടിയില്ല..
ഫോൺ സൈലൻറ് മോഡിലായിപ്പോയി മേഡം എന്ന് രഘു കള്ളം പറഞ്ഞു..
രഘു ചോദിച്ചു..
മേഡം സാറിന് എങ്ങിനെയുണ്ട്.?
തുടയെല്ലിന് ഫ്രാക്ടറുണ്ട് രഘു .. പിന്നെ താടിയെല്ലിനും ചതവുണ്ട് .. സംസാരിക്കാനും ബുദ്ധിമുട്ടാണ്..
ഇപ്പോൾ സാർ ഹമദിലാണുള്ളത്..
ഒരാഴ്ച കിടക്കേണ്ടി വരും പോലും..
അതു കഴിഞ്ഞാലും കുറച്ചു റസ്റ്റ് വേണ്ടി വരും..
മേഡം സാറിനെ വിളിച്ചിട്ടു കിട്ടുന്നില്ല ..
രഘു, സത്യം പറഞ്ഞാ, വണ്ടീടെ അവസ്ഥ കണ്ടാൽ ഞങ്ങളാരും ജീവനോടെ ഉണ്ടെന്ന് തോന്നില്ല .. അമ്മാതിരി ഇടിയായിരുന്നു അവന്മാരുടെത് ..
അതിലിടെ സാറിൻ്റെ മൊബൈലും തരിപ്പണമായി ..
മാഡം എനിക്കൊന്ന് സാറിനെ കാണാൻ പറ്റുമോ?

ഇപ്പോൾ പറ്റുമെന്ന് തോന്നുന്നില്ല രഘു ..
ജി.എം.ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ..
ജി.എം.രഘുവിനെ വിളിക്കുമായിരിക്കും ..
മേഡം പറത്തുനിറുത്തി...

ഏതാണ്ട് പത്തു മണിയോടെ ജി.എം രഘുവിനെ വിളിച്ചു..

ഹലോ സർ..

രഘു, രവിയുടെ കാര്യം താൻ അറിഞ്ഞിരിക്കുമല്ലോ..
നിങ്ങൾ നാട്ടിൽ പോകുവാൻ ഉദ്ദേശിക്കുന്നെന്ന് കേട്ടു ..

ബൈ, ദ ബൈ, അൽബിദ ടവർ നമ്മുടെ പ്രസ്റ്റീജ് ഇഷ്യൂ ആണെന്നറിയാലോ, രവി ഇപ്പോൾ ഹോസ്പിറ്റലിൽ ആയതിനാൽ താൻ ടെൺഡർ മീറ്റിങ്ങിൽ വന്നേ പറ്റൂ.. അതു കൊണ്ട് നാട്ടിൽപ്പോകുന്നത് മാറ്റി വക്കണം എന്ന് പറയാനാ ഞാൻ വിളിച്ചത്..

രഘുവിൻ്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറിയെങ്കിലും മറുപടി ഒരു മൂളലിൽ ഒതുക്കി ..
തൻ്റെ മുഖഭാവം കണ്ടിട്ടാവണം ഏതോ സംശയം ചോദിക്കാൻ വന്ന രമിത് പെട്ടെന്ന് പിന്മാറി...
എങ്കിലും രഘുവിട്ടില്ല ..
എന്താടോ?
ആരോടൊക്കെയോ ഉള്ള ദേഷ്യം രമിതിനോട് തീർത്തു..

ഈ യാളൊന്നും നേരെ ചൊവ്വേ പണി ചെയ്തിരുന്നെങ്കിൽ ഈ ഡൗട്ട് ചോദിച്ച് വരേണ്ട ആവശ്യമുണ്ടായിരുന്നോ?

സാധാരണ സൗമ്യതയിൽ സംസാരിക്കാറുള്ള തൻ്റെ ഇന്നത്തെ ദേഷ്യം കണ്ടിട്ടാവണം രമിത് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി..
രഘു രേവതിയെ വിളിച്ച് തൻ്റെ അവസ്ഥ പറഞ്ഞു...
രേവതി പറഞ്ഞു.. സാരമില്ല രഘുവേട്ടൻകല്യാണത്തിന് എത്തിയാൽ മതി ,കല്യാണ നിശ്ചയത്തിൻ്റെ കാര്യങ്ങൾ ഞാൻ കൈകാര്യം ചെയ്തോളാം...
പിന്നെ വല്യേട്ടനും അടുത്തു തന്നെ ഉണ്ടല്ലോ..
അതെ രഘു ഓർത്തു ..

രേവതിയുടെ മൂത്ത ചേട്ടൻ രാമകൃഷ്ണൻ നാട്ടിലെത്തിയത് വലിയ അനുഗ്രഹം തന്നെ ..

ഉടനെ തന്നെ എച്ച് ആറിൽ വിളിച്ച് ടിക്കറ്റ് കേൻ സൽ ചെയ്യിച്ചു..
യാന്ത്രികമായി തൻ്റെ പ്രവൃത്തികളിൽ വ്യാപൃതനാണെങ്കിലും, രഘുവിൻ്റെ ഉള്ളം തേങ്ങിക്കൊണ്ടിരുന്നു..
വിവാഹ നിശ്ചയം ലൈവ് വീഡിയോയിൽ കണ്ടു ..
തൻ്റെ സ്ഥാനത്ത് രേവതിയുടെ മുത്ത സഹോദരൻ രാമകൃഷ്ണൻ ചെറുക്കൻ്റ അമ്മാവൻ വാസുദേവൻ അടിയോടിയുമായി വിവാഹസന്ധി ചെയ്യുന്നു..

തൻ്റ അഭ്യർത്ഥന മാനിച്ച് കല്യാണം ഒരു മാസം കഴിഞ്ഞ്
വരുന്ന മാർച്ച് 29 ഞായറാഴ്ച
കൈലാസം ഓഡിറ്റോറിയത്തിൽ വച്ച് നടത്താമെന്ന് തീരുമാനിച്ചു..

ആയിരം പേർക്കുള്ള സദ്യക്ക് പപ്പേട്ടനെ വിളിച്ച് ഏർപ്പാടാക്കി ..
തൻ്റെ അയൽവാസിയും ഉറ്റ സുഹൃത്തുമായ രമേശനെ വിളിച്ച് സ്വർണ്ണവും, വസ്ത്രങ്ങളെടുക്കാനും, കല്യാണക്കുറി തയ്യാറാക്കാനും  ഏർപ്പാടാക്കി .. രേവതിയോടൊപ്പം സരസ്വതി കുഞ്ഞമ്മ സദാ സമയം സഹായത്തിനുണ്ട്..
മകൻ അശ്വന്ത് എക്സാം കഴിഞ്ഞാൽ അവനും എത്തും ..

അശ്വന്ത്, മെഡിസിന് പഠിക്കുകയാണ് അങ്ങ് ചൈനയിൽ ഷാൻഹായ് എന്ന സ്ഥലത്ത് ..
കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ അവൻ പറയുകയുണ്ടായി..

അച്ഛാ.. ഇവിടെ വുഹാനിൽ കൊറോണ എന്ന പുതിയ തരം വൈറസ് വല്ലാത്ത ഭീഷണി പരത്തുന്നുണ്ട്.. വുഹാനിൽ മാത്രം രണ്ടായിരത്തിലധികം പേർക്ക് ഈ രോഗം പിടിപ്പെട്ടിട്ടുണ്ട് .. ചൈന മൊത്തം ഭീതിയിലാണ് ..
പനിയും, ജലദോഷവും വന്ന് തൊണ്ടവേദനയും പിന്നെ സന്ധിവേദനയും അങ്ങിനെ രോഗിയെ തളർത്തുമത്രേ...

താൻ ചോദിച്ചു..
മോനുള്ളിടത്ത് എങ്ങിനെ?
ഇവിടം ഇപ്പോൾ സേഫ് ആണച്ഛാ.
സമൂഹ വ്യാപനം നടന്നിട്ടില്ല ..
സർക്കാരിൻ്റെ ഭാഗത്തുനിന്ന് ബോധവത്കരണം തുടങ്ങിയിട്ടുണ്ട് ..
ശരി മോനേ സൂക്ഷിക്കണം കേട്ടാ..
****
രാവിലെ ഏഴ് മണിക്കെത്തിയാൽ രാത്രി ചുരുങ്ങിയത് എട്ടു മണി വരെയെങ്കിലും ജോലിയിൽ മടുപ്പില്ലാതെ ചെയ്തു കൊണ്ടിരുന്ന തനിക്കിപ്പോൾ മിനുട്ടുകളും, മണിക്കൂറുകളും ഇഴഞ്ഞു നീങ്ങുന്നതായി തോന്നുന്നു..
അപകടം മൂലമുണ്ടായ ഒടിവും ചതവും ഭേദമായി, ഓഫീസിൽ തിരിച്ചെത്തിയ രവി സാറും പറഞ്ഞു..
രഘുവിന് പഴയ സ്മാർട്ട്നെസ്സ് ഇപ്പോൾ കാണുന്നില്ലെന്ന് ..
മോളുടെ കല്യാണമിങ്ങടുത്തു വരികയല്ലേ സാർ.. അതിൻ്റെ ടെൻഷനാണേ..

താൻ ടെൻഷനാകാതെടൊ ..
ഒക്കെ ശരിയാകും..
ഡോണ്ട് ബി പാനിക് ..
ബീ കൂൾമാൻ ..

രവിസർ തോളിൽ തട്ടി ആശ്വസിപ്പിച്ചു...
ഒരു പെൺകുഞ്ഞിൻ്റ കല്യാണം നടത്താനുള്ള തത്രപ്പാട് രവി സാറിനെന്തറിയാൻ..
അദ്ദേഹത്തിന് ഒറ്റ ആൺതരിയല്ലേ ഉള്ളൂ..
രഘു കലണ്ടറിലേക്ക് നോക്കി ഇന്ന് മാർച്ച് 8 കൃത്യം ഇരുപത് ദിവസമേ ബാക്കിയുള്ളൂ.
രേവതി നാട്ടിൽ നിന്ന് വിളിക്കുമ്പോഴൊക്കെ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് അറിയിക്കുന്നത് ..

രമിത്തിൻ്റെ ഫോൺ ശബ്ദിക്കുന്നത് കേട്ടപ്പോഴാണ്, ഇന്ന് രേവതി വിളിച്ചില്ലല്ലോ എന്നോർത്തത്...
സീറ്റിൽ ചാരിയിരുന്ന് ഒന്ന് നടുനിവർന്നിരിക്കുമ്പോഴാണ് സീന കടന്നു വന്നത്..

രമിതിനോട് പറയുന്നത് കേട്ടു ..
ഈയിടെയായി രഘുവേട്ടൻ ഇവിടെ ഒന്നുമല്ല .. ആളങ്ങ് നാട്ടിലെത്തിന്നാ തോന്നണെ..
ശരിയാ മേഡം എനിക്കും തോന്നി..
രഘുവിന് ചെറുതായി ദേഷ്യം വന്നു..

തന്നെടാ.. തന്നെ ..

എന്നിട്ടല്ലെ ഇന്നലെ രാത്രി 12 വരെ ഇരുന്നത് ..
നിന്നോടടക്കം പറഞ്ഞതല്ലേ സാറ് ഇരിക്കാൻ
ഏതോ കള്ളകാമുകിയോട് കൊഞ്ചാനല്ലേ നീയൊക്കെ ആറരയായപ്പോഴേക്കും മണ്ടിയത്..
രംഗം ശരിയല്ലെന്ന് കണ്ട് സീന സ്ഥലം കാലിയാക്കി..

ടേപ്പിൽ നിന്ന് വെള്ളം ചീറ്റുന്നതു പോലെ നിറുത്താതെ പിറുപിറുത്തു കൊണ്ടിരുന്ന രഘുവിന് രേവതിയുടെ കാൾ വന്നപ്പോഴാണ് സമാധാനമായത്..

ആ സമാധാനം അധിക സമയം നീണ്ടില്ല ..

"രഘുയേട്ടാ അശ്വന്ത് വിളിച്ചിരുന്നു.. ഡെൽഹിയിലേക്ക് തിരിച്ചിട്ടുണ്ടത്രെ..
അവനാകെ പേടിച്ചിരിക്കുകയാ .
കീർത്തൂൻ്റെ കല്യാണത്തിന് പങ്കെക്കാനാവില്ലെന്നാ തോന്നണെ.."

നാട്ടിലെത്തിയാൽ പതിനാലു ദിവസം ക്വാറൻ്റെ നിൽ കഴിയേണ്ടി വരും പോലും.. ഇന്നിപ്പോൾ തീയ്യതി 14 ആയില്ലേ..

അവൻ നാട്ടിലെത്തിയാൽ മേലെ വീട്ടിൽ കഴിയട്ടെ.. അവിടെ ജാനകി കുഞ്ഞമ്മ നോക്കിക്കോളും..

രഘുവേട്ടൻ 18 ന് യാത്ര തിരിക്കുമല്ലോ അല്ലേ?
ശരിയെടി .. സമാധാനപ്പെട് നമുക്ക് നോക്കാം..
ഞാൻ പിന്നെ വിളിക്കാം.. ഇത്തിരി തിരക്കിലാണ് ..

അൽ ബിദ ടവറിൻ്റെ ടെൺഡർ സബ്മിഷൻ കഴിഞ്ഞ് കറാമയിൽ നിന്ന് സംതൃപ്തമായ മനസ്സോടെ നെരെ മത്താർ ഗതീമിലേക്ക് വണ്ടി വിട്ടു..

ലുലുവിൽ കയറി, നാട്ടിലേക്ക് പോവുമ്പോൾ വല്ലതും കൊണ്ടു പോകണ്ടേ..
എത്ര തവണ പ്രവാസികൾ നാട്ടിൽ പോകുമ്പോൾ ഭാണ്ഡം പേറുന്നു
ഇത്തിരിയെങ്കിലും സാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാത്തവൻ ഗൾഫ് പ്രവാസികളിൽ ഉണ്ടാവില്ല..

പാർക്കിങ്ങ് ഏറിയയിൽ വണ്ടി ഒതുക്കുമ്പോഴാണ് ഓഫീസിൽ നിന്ന് സീനയുടെ വിളി വന്നത്...

രഘുവേട്ടൻ എവിടെയാ?
എന്താ സീനേ..
സാറിനോട് പറഞ്ഞിട്ടാണല്ലോ ഞാൻ ഇറങ്ങിയത്..
രഘുവേട്ട, അതല്ല ..
നിങ്ങൾ മൊബൈലിൽ ന്യൂസ് കാണൂ..
എന്താ കാര്യം സീനേ..
മനപുഷ്യനെ ടെൻഷനടിപ്പിക്കാതെ കാര്യം പറയൂ...

അതേ.. ഗൾഫിൽ എല്ലായിടത്തും കൊറോണ പടരുന്നുണ്ട് പോലും..
ഇവിടെയും വലിയ പ്രശ്നമാണ് പോലും.

മാത്രമല്ല, ഇന്ത്യയുൾപ്പടെ നാല്പതോളം രാജ്യങ്ങളിലേയ്ക്ക് വിമാന സർവ്വീസുകൾ നിറുത്തുന്നു .. നാട്ടിൽ നിന്ന് ഒരറിയിപ്പ് ലഭിക്കും വരെ ഇങ്ങോട്ടേക്ക് വരാനും സാധിക്കില്ലെന്നും വാർത്തയിൽ കാണിക്കുന്നുണ്ട്..
രഘു ഉടനെ മൊബൈലിൽ നോക്കി..
സംഗതി സത്യമാണ്..

ഇതിപ്പോ .. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണു എന്ന സ്ഥിതിയിലായല്ലോ ദൈവമേ..

തൻ്റെ നാട്ടിൽ പോക്ക് ..?
കീർത്തൂൻ്റെ കല്യാണം ?

ഓരോന്നും ആലോചിച്ച്, ആലോചിച്ച് ചെറുതായി തലകറക്കം തോന്നിയപ്പോൾ കാർപ്പാർക്കിങ്ങ് ഏരിയയിലെ കൈവരിയിൽ മുറുകെ പിടിച്ചു...

പ്രതീക്ഷിച്ചതു പോലെ രേവതിയുടെ വിളിയും പിന്നാലെ എത്തി..
രഘുവേട്ട, നിങ്ങളറിഞ്ഞോ?
രേവതി കരയുകയാണ് ..
നീ കരയാതെ പെണ്ണെ ..

നമുക്ക് ഒന്നും ചെയ്യാനാകില്ലല്ലോ ..
ഞാനൊന്ന് ചെറുക്കൻ്റെ അമ്മാവനെ വിളിക്കട്ടെ..

കല്യാണം മാറ്റാൻ വല്ല വഴിയുമുണ്ടോ എന്ന്?

ഉടനെ രഘു, കല്യാണ ചെറുക്കൻ്റ അമ്മാവൻ ,വാസുദേവൻ മാഷിന് ഫോൺ ചെയ്തു ..
മാഷേ .. ഞാനെന്താ പറയേണ്ടത് ചോദിക്കേണ്ടത് എന്ന് നിശ്ചയമില്ലാണ്ടിരിക്കുകയാണ്..

കല്യാണം കുറച്ച് മാസങ്ങളിലേക്ക് നീട്ടി വക്കാനാകുമോ?

വാസുദേവൻ മാഷു പറഞ്ഞു ..
നിങ്ങളെ അങ്ങോട്ടു വിളിക്കുവാൻ തുടങ്ങുകയായിരുന്നു ഞങ്ങൾ
താങ്കൾക്ക് ഈ സമയത്ത് വരാനൊക്കുമോ? ഇല്ലല്ലോ?

പറയുന്നതിൽ ഖേദം തോന്നരുത് ..
കല്യാണം നീട്ടി വക്കാൻ ഒരു തരത്തിലും നിർവ്വാഹമില്ല..

ഒരാഴ്ചക്കകം ഇവിടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമത്രെ.. അതിന് മുമ്പ് ചെറുക്കന് ഡൽഹിയിലെത്തണം .. പഞ്ചാബിലോ മറ്റോ ആണ് പോസ്റ്റിങ്ങ്..

കേരളത്തിൽ ഇപ്പോഴെ തികഞ്ഞ ജാഗ്രതയിലാണ്..
ആയതിനാൽ നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ മറ്റെന്നാൾ ഒരു ശുഭമുഹൂർത്തമുണ്ട് .. രാവിലെ പതിനൊന്നരക്കും, പന്ത്രണ്ടിനും മുൻപേ
രു നാലഞ്ചു പേരും നിങ്ങടെ ഭാഗത്തു നിന്നും അതേപോലെ ചുരുക്കം പേർ ചേർന്ന് താലികെട്ടു നടത്താം.... മറ്റു ചടങ്ങുകൾ തല്ക്കാലം ഒഴിവാക്കാം.. അവന് മോളെ കൂടെ കൂട്ടിപ്പോവാനും ആഗ്രഹമുണ്ടെന്നും പറഞ്ഞു..
ബാക്കിയൊക്കെ നിങ്ങടെ ഇഷ്ടം.. അദ്ദേഹം പറഞ്ഞു നിറുത്തി.

രേവതിയെ തിരിച്ചുവിളിച്ചപ്പോഴും അവൾ കരച്ചലിൽ തന്നെ ..

നീയൊരു തീരുമാനം പറയൂ പെണ്ണേ.
താൻ ആവർത്തിച്ചു ചോദിച്ചു..
കീർത്തു ഇടയിൽ കയറിപ്പറയുകയാണ് ..

"അച്ഛന് പങ്കെടുക്കാൻ പറ്റാത്ത കല്യാണം ഇപ്പോ വേണ്ടച്ഛാ.. "
താൻ പറഞ്ഞു..
വിഡ്ഡിത്തം പറയാതെ കുട്ടീ..
കല്യാണം എന്ന് പറയുന്നത് ജന്മത്തിൽ ഒരിക്കൽ നടക്കുന്നതാണ് ..
ദൈവം കാണിച്ചു തന്ന വഴി മടക്കരുത്..
ആരാ പറഞ്ഞേ അച്ഛൻ പങ്കെടുക്കില്ലെന്ന് ..
എൻ്റെ മോളുടെ കഴുത്തിൽ താലികെട്ടുന്നത് അച്ഛൻ ലൈവായ് കാണുമല്ലോ..
പിന്നെ മോളുടെ നെറ്റിത്തടത്തിലൊരുമ്മ അച്ഛൻ വന്നിട്ടു തരുന്നുണ്ട്.. അത്രമാത്രം ക്ഷമിച്ചാൽ മതിയെൻ്റ കുട്ടീ..കെട്ടോ?

ഫോൺ കട്ടാക്കി ..രഘു കാറിൽ കയറിയിരുന്നു .. സ്റ്റീയറിങ്ങിൽ തല താഴ്ത്തി ...
കണ്ണീർ കണങ്ങൾ ധാരധാരയായ് പെയ്തിറങ്ങി..
സമ്മേളിച്ചിരുന്ന മനസ്സിലെ കാർമേഘങ്ങൾ മേഘവിസ്ഫോടനത്തിലൂടെ പെയ്തിറങ്ങിയപ്പോൾ തൻ്റെ കൺട്രോൾ നഷ്ടപ്പെട്ട് രഘു പൊട്ടിക്കരഞ്ഞു...

കാറിൻ്റെയുള്ളിലെ ഏസിയുടെ തണുപ്പിലും രഘുവിൻ്റെ നെറ്റിത്തടത്തിൽ നിന്ന് വിയർപ്പുകണങ്ങൾ ഇറ്റിറ്റു വീണു കൊണ്ടിരുന്നു..
***
നിർന്നിമേഷനായ് ഓഫീസിൽ ചെന്നിരുന്നപ്പോൾ
തൻ്റെ തലയിൽ സാന്ത്വനം പടരുന്നത് രഘു അറിഞ്ഞു ...
രവി സാറിൻ്റെ മൃദുലമായ കൈവിരലുകളാൽ തൻ്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു ..

രഘു .. പ്രവാസി ഒരിക്കലും കരയരുത്..

അവൻ്റെ മനുഷ്യനിർമ്മിത ഹൃദയത്തിൻമേൽ പ്രവാസ ലോകത്തെത്തിയാൽ ഒരു ഉരുക്കു ചട്ടവാങ്ങി പുതച്ചേക്കുക ..

നമ്മൾ നേരിടും, ഈ കൊറോണ കാലം അതി ജീവിക്കും ..
മനസ്സുകൊണ്ട് ഒരുമിക്കുക, സാമൂഹിക അകലം പാലിക്കുക ..

രവി സാർ മുഴുവൻ സ്റ്റാഫിനോടും പറഞ്ഞു
ലോകമെങ്ങും മഹാമാരി പിടിമുറുക്കുമ്പോൾ നമുക്ക് നാടിനൊപ്പം നില്ക്കാം ..

പ്രളയ സമയത്ത് ചെയ്തു പോലെ നമ്മളാൽ കഴിയുന്ന തുക സർക്കാറിൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാം..

"ലോക സമസ്താ സുഖിനോ ഭവന്തു.. "
------ശുഭം ---
@Copy Right Reserved .
by:
കൃഷ്ണ കുമാർ കൂടാളി
അൽഖോർ, ഖത്തർ..
03 - 04-2020

Tuesday, May 26, 2020

ഇണയാണ് മറക്കരുത്

ഇണയാണ് മറക്കരുത്.. (കവിത)
-----------------------------------
എന്തേ മറന്നു നാം പെൺ സൂനമെന്നതും
ചന്തമേറും വർണ്ണ ശലഭമാണെന്നതും...
എന്തുകൊണ്ടെൻ്റെ കാതുകൾ കേട്ടില്ല ?
ചിന്തനീയങ്ങളാം മാതൃ രോദനങ്ങൾ !!

വാരിവലയെറിഞ്ഞും പ്രൗഡിക്കാട്ടീടുവാൻ,
വിരുതരല്ലോ നമ്മൾ മലയാള നാട്ടുകാ
വാരിക്കുഴിയൊട്ടു കണ്ടെത്താനാവാത്ത 
വിവര ദോഷികൾ നമ്മളിൽ പലരുമേ..!

ഫണമുയർത്താടുന്നു കരിനാഗങ്ങളെങ്ങും,
ഋണവും, കനകവും കാളകൂടങ്ങളും..
തുണയാകേണ്ടവൻ തക്ഷക വേഷത്തിൽ
ഇണയെ ചതിക്കുന്ന കാലഘട്ടങ്ങളും..

കാലികം ഇങ്ങനെ കലി തുള്ളിയുറയവെ,
കോലങ്ങൾ പലതും പലവുരു കണ്ടു 
കണവനെയും മക്കൾ പരിവാരമെന്നാകെ
കൊന്നൊടിക്കിയ താടകമാരെത്രയോ ?

എവിടെ ചിരിക്കണം എവിടൊന്നു കരയണം
എനിയെന്ന് വരുമിവിടെ നല്ലകാലം ?
ഏറിക്കുറയുന്ന കാചക്രത്തിൻ ഗതിയാൽ
ഏതേതു വ്യാധികൾ,മാരണങ്ങടരാടും?
              > കൃഷ്ണ കുമാർ.കൂടാളി

Friday, February 28, 2020

ഇവിളനി ദേവ നന്ദന

ഇവളിനി ദേവ നന്ദന (കവിത)
--------------------------------------------
ഇത്തിക്കരയാറിലിറ്റിറ്റു വീഴുന്നൊ-
രെത്രയോ കണ്ണീർ മഴത്തുള്ളികൾ !
ഇത്തിരി പോന്നോരു കുഞ്ഞിളം -
പൈതലിൻ ജീവനെടുത്തതാരിതയ്യോ?

മൊട്ടിട്ടു പൂവായ് വിരിഞ്ഞു നിന്നിൽ
മൊത്തിക്കുടിക്കാനെത്തും പൂമ്പാറ്റയോ?
കാട്ടുപൂന്തേനുകൾ കട്ടെടുത്തുണ്ണും
കാമ വെറിയുള്ള കഴുകൻ ഗണങ്ങളോ?

എങ്ങു പോയെങ്ങു പോയ് പൂങ്കുരുന്നേ?
എങ്ങിനെ വീടിൻ വെളിയിൽ പോയി?
മങ്ങിയ കാഴ്ചകൾ കാണാൻ കഴിയാത്ത
മണ്ഡൂകങ്ങളല്ലയോ നമുക്കു ചുറ്റിലും!
@ Copy Right Reserved .
by: കൃഷ്ണ കുമാർ കൂടാളി
കണ്ണൂർ ജില്ല

Friday, February 21, 2020

കീഴല്ലൂരപ്പൻ ( കവിത )

കീഴാളനായും, കിരാതനായും
ഊഴിയിൽ വാഴുന്നോനല്ലെ, എൻ്റെ
കീഴല്ലൂരപ്പൻ നീയല്ലേ?.. ശങ്കരാ..
കൈ തൊഴാം, കൂവള മാല തരാം ..
.
തിരു തെച്ചിപ്പൂക്കളും, ചെറുതുളസി  
ദളങ്ങളും,, മാലേയ മാല്യമണിഞ്ഞ്
അതികാലെ, കുളിരല പൂണ്ട്, 
ഗംഗാധരനിന്ദുചൂഢൻ തമ്പുരാനെ കണ്ട്,
ശ്രീലകത്തുതിരും ഢമരുവിൻ തുടി-
താളം കേൾക്കുവോൾ,
 മൗലിയെ കണ്ടു ഞാൻ..
ചന്ദ്ര മൌലിയെ കണ്ടു ഞാൻ..

പണിയേറെയുണ്ടെന്നാകിൽ 
പടിവാതിൽ കടന്നീടാൻ, 
പതിവായെത്തും കാറ്റും
ചാരത്തണിയിക്കുമ്പോൾ, തിരുമേനിയെ
കണ്ടു തൊഴാനായ് ഈറൻ മിഴിയാൽ..
പലകുറി ജന്മം മാറി വരാനോ ,
ശിവ ശിവ നിന്നെ, കൈവല്യമോടെ 
തൊഴുന്നേൻ ഞാൻ!

@ കൃഷ്ണ കുമാർ കൂടാളി

Thursday, January 2, 2020

അച്ഛനുറങ്ങുകയായിരുന്നപ്പോഴും (കവിത)

അച്ഛനുറങ്ങുകയായിരുന്നപ്പോഴും... (കവിത)
>>>>>>>>>>>>>>>>>>>>>>>>>>
സ്വച്ഛന്ദമായ് ഉറങ്ങുകയാവുമെന്നച്ഛൻ!
ഉമ്മറത്തിണ്ണയിലൊരു പുൽപായ
വിരിച്ചതിൽ കാറ്റു കൊണ്ടു കൊണ്ടങ്ങിനെ
കിടന്നപ്പോൾ ഉറങ്ങിപ്പോയതാകാം!

ചിലപ്പോഴെന്നല്ല, പലപ്പോഴുമെന്റെച്ഛൻ
നീണ്ടു നിവർന്നും, ചുരുണ്ടുകൂടിയും
തെക്കുവടക്കെന്നില്ലേതു കോണിലും,
തലചായ്ച്ചുറങ്ങാറുണ്ടായിരുന്നു !

എന്തിനീ പുൽപ്പായയിൽ കിടക്കുന്നു,
അകത്തെ പട്ടുമെത്തയിൽ കിടക്കാലോ
അമ്മയും, ഞങ്ങളും പലവുരുവോതി
യെന്നാകിലും, സുഖപ്രദമിവിടെയത്രെ!

കിഴക്കെ കിളിവാതിലൂടരുണൻ ഒഴുകി
ത്തഴുകി, യനിലനും ചുരത്തി സ്നഹ-
ത്തികവെങ്കിലും, മതിവരാതെ,യിറയ-
വക്കിലെ കാറ്റു കൊള്ളും ശയനം, സുഖം!

എത്ര സന്ധ്യകൾ പിന്നിട്ടിരവുകളുമെന്നിട്ടു -
മച്ഛന്റെ ശീലത്തിനൊട്ടു മാറ്റമില്ലെന്നു,
മാത്രമോ, അകത്തു ശീതീകരണി മുരണ്ടു
നില്ക്കയാൽ, സുഖകരമല്ലെന്നു ന്യായം.!

നാളുകളെണ്ണിെയെണ്ണിക്കൊഴിഞ്ഞു, ഞാൻ
എന്റെ ഉണ്ണി ദേഹം വളർന്നു, വിപ്രവാസം
തേടി, പ്രയാണത്തിലൊടുവിൽ മടങ്ങി വന്ന-
പ്പോഴും അച്ഛനുറങ്ങുകയായിരുന്നു സ്വച്ഛന്ദം ..!!

നീണ്ടു നിവർന്നു കിടക്കുകയാണച്ഛൻ! !!
വെള്ളക്കച്ച പുതച്ച്, ഘനമുള്ള കണ്ണട ധരിച്ച്
കട്ടി കൂടിയ ശീതീകരണിപ്പെട്ടിയിൽ കിടന്നു
ഉറങ്ങുന്നു പാവം, ഈ പാപിയെ കാത്ത് !!

കണ്ണടക്കുള്ളിലെ കുഞ്ഞിക്കണ്ണിൽ നിന്നൊരു
തുള്ളിയുറ്റുവീണുവോ? എന്തെ നീ വന്നില്ലെൻ
പൊൻ മകനെ, നിന്റെ വരവും കാത്തിവിടെ
നില്പൂ ,മടുപ്പിക്കും ശീതികരണിയിൽ രണ്ടു നാൾ?

പേടിച്ച്, മൂത്രശങ്കയാൽ  പരതി ഞാൻ ചുറ്റിലും
ഒരു കൈ സഹായം തരുമോ ആരെങ്കിലും
തലതല്ലി വീഴാതിരിക്കുവാൻ? ആരെയും
കണ്ടതില്ല, എനിക്ക് മുന്നിൽ ശുദ്ധ ശൂന്യം !!

അച്ഛൻ ഉറങ്ങിയ പുൽപ്പായയെവിടെയോ?
ഉമ്മറപൂമുഖ മുഖപ്പിന്നെവിടെയോ? ഞാൻ
ഇന്നെവിടെയോ? ഓർമ്മ പൂമുഖ പടിവാതിലിൽ
എന്നെയും കാത്തച്ഛനുണ്ടാവും നിശ്ചയം !!

@Copy Right Reserved.
Image: കടപ്പാട് - Google..
by:
കൃഷ്ണ കുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ.