Friday, October 6, 2017

ഇടയിലിതാ ഒരു കടല്‍...(കവിത)

"എത്രയെത്രയോ, അകലെയായാണു നാമിരുവരും;
ഇരു വഴികൾ പിരിയുമിടത്തിലൊരേയുടലി -
ലോടെങ്കിലും, അകലെയാണ് നാം പ്രിയേ,
നമ്മളിരുകരകളിൽ; ഇടയിലിതാ ഒരു കടൽ!
എത്ര, സന്ധ്യകൾ ത്യജിച്ചു നാം;ജീവിതയാത്ര
വഴികളിൽ പകലു ചോർത്തുന്നയൂർജ്ജവും
രാത്രി തൻ ലവണ വേഗവും, നഷ്ടബോധവും,
ജ്വര മാപിനികൾ തളർത്തിയ യൗവനങ്ങളും?
എത്ര മന്ദാരങ്ങൾ വാടിക്കരിഞ്ഞു, നാം വളർ-
ത്തിയരാമങ്ങളിൽ! എത്ര വാസന്ത വാസനാ
സൂനങ്ങൾ കണ്ടില്ലെന്നു നടിച്ചു, വഴി തിരിഞ്ഞു
നടന്നു, തഴഞ്ഞു പിഞ്ഞിയ പാദുകം സാക്ഷീ !!
എത്ര, കണ്ണീര്‍ തടങ്ങള്‍ അണകെട്ടി നിറുത്തി;
സജല നയനങ്ങളാല്‍ കാഴ്ചകള്‍ മറഞ്ഞിട്ടും..?
സീമന്തിനി നിൻ സീമന്തരേഖ തെളിഞ്ഞീടവെ,
അകലെ, ദിവാസ്വപ്നഗേഹ വാസികളായി നാം!
എത്ര രാത്രിയാമങ്ങളില്‍ വഴിവക്കിൽ കാത്തി-
രുന്നിരിക്കണം അകലെ മാനത്തൊരാകാശ യാ -
നം,താഴ്ന്നിറങ്ങുന്നുവോ? നവോഢ നീ സ്വപ്ന -
തല്പങ്ങളില്‍ ശര റാന്തലുമായ് കാത്തിരുന്നുവോ ?
എത്ര മന്വന്തരങ്ങൾ കഴിഞ്ഞിരിക്കുന്നു, കുഴിഞ്ഞ
നേത്രങ്ങൾ കറുത്തു തുടങ്ങിയത്രെ, ശുഷ്കമാം-
കോശങ്ങൾ,ദേഹ ബലം പോരാ, വെളിച്ചമിനിയും
അകലെയേതുമലമുകളിൽ? അതോ കടലിലോ?
എത്രയോ അകലെയാണു നാ,മിരു ധ്രുവങ്ങളിൽ..
നേർത്ത ശബ്ദ ധാരകൾ കൂട്ടിപ്പെറുക്കി,സ്വപ്ന
സൗധം പണിയവെ, പ്രണയ ജപമാല മുത്തുകൾ
കോർത്തു നാം,സായന്തനങ്ങൾ നെയ്തെടുക്കും?
എത്ര വ്യക്തമായ് കേൾക്കാം, കടൽപ്പെരുക്കം;
ദൂര മാപിനികൾ വിളക്കു കാലിൽ തപസ്സിലായ്
ഉയരുന്നുണ്ട്, കടൽ ജലം, അളവുകോൽ കടന്ന -
വിടെ ത്വജിക്കുന്നു സ്വപ്നം! ഇടയിലിതാ കടൽ!!

കൃഷ്ണ കുമാര്‍.കൂടാളി
ദോഹ,ഖത്തര്‍..
(Copy Right Reserved)
ഫോട്ടോ കടപ്പാട്--ഗൂഗിള്‍ .

2 comments:

  1. എത്ര മന്ദാരങ്ങൾ വാടിക്കരിഞ്ഞു, നാം വളർ-
    ത്തിയരാമങ്ങളിൽ! എത്ര വാസന്ത വാസനാ
    സൂനങ്ങൾ കണ്ടില്ലെന്നു നടിച്ചു, വഴി തിരിഞ്ഞു
    നടന്നു, തഴഞ്ഞു പിഞ്ഞിയ പാദുകം സാക്ഷീ !!

    പ്രമാദം.. കൂടാളി മാഷെ.. ഇതാണ് കവിത. കാച്ചികുറുക്കിയെടുത്ത കവിത. പ്രവാസത്തിന്റെ വിരഹവും പ്രവാസിയുടെ ആത്മനൊമ്പരവും ഇത്ര മനോഹരം ആയി കോറി ഇടാൻ അങ്ങേക്കെ കഴിയൂ.. ആശംസകൾ

    ReplyDelete
  2. അങ്ങയെ പോലുള്ളവരുടെ ആശീര്‍വാദങ്ങളാണ് മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം തരുനത്...ഹൃദയം നിറഞ്ഞ നന്ദി..സ്നേഹം ,പുനലൂരാന്‍ ജീ.

    ReplyDelete