Wednesday, May 26, 2021

വരപാച്ചിൽ അഥവാ പോക്ക് വരവ്..

വരപാച്ചിൽ...
(അഥവാ പോക്ക് വരവ് )

ദക്ഷിണായന സൂര്യൻ പടിഞ്ഞാറേക്ക് കൂടുതൽ ചരിഞ്ഞിരിക്കുന്നു .. കൂരാളി തെരുവിലെ അമ്പു സ്രാപ്പിൻ്റെ പീടിയയുടെ പടിഞ്ഞാറെ ചുമരിൽ പോക്കുവെയിൽ കൊണ്ട് സൂര്യൻ്റെ വിളയാട്ടം..
ഉച്ചയേറി കഴിയുമ്പോഴേക്കും വെയിൽ ചാഞ്ഞു ചാഞ്ഞു സന്ധ്യയെ വരവേല്ക്കും..
തടിച്ച ചണക്കയറുകൊണ്ട് കെട്ടിയിട്ട, നമ്പർ പ്രകാരം നിര നിരയായി അടുക്കി വച്ച നിരപ്പലകൾക്ക് മേലെ ചാരി നിന്ന് കൊണ്ട് നേരെ കാണുന്ന നിരത്തിലേക്ക് നോക്കി നില്ക്കുകയാണ്, അമ്പു സ്രാപ്പിൻ്റെ തൊട്ടടുത്ത അനാദി പീടികക്കാരൻ തൂത്തുക്കുടി കിട്ടൻ നമ്പ്യാർ...
കോയസ്സൻ കുന്നുകയറി വരുന്ന വണ്ടിക്കാരൻ ആലങ്ങാട് പൊക്കനെ കാത്തു നില്ക്കുകയാണ് അയാൾ...
സദാസമയവും നിരത്തിനപ്പുറം പാവും, നൂലും ഘടിപ്പിച്ച *മഗ്ഗത്തിൻ്റെ ഒച്ച കേൾക്കുന്നതിനാൽ സാധാരണ ആരു വന്നാലും തിരിഞ്ഞു നോക്കാതെ തൻ്റെ പ്രവൃത്തികളിൽ വ്യാപൃതനാകാറുള്ള സ്രാപ്പ് വണ്ടി വന്ന്  നിന്ന് മണിയടിച്ചത് കേട്ടാൽ  ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കും..
നെയ്യൻ നാണുവും, ആ സമയത്ത് വണ്ടിക്കടുത്തെത്തും..
പത്താംനമ്പർ തിരിയുള്ള റാന്തൽ വിളക്ക് കത്തിച്ച കാളവണ്ടിയുടെ മുന്നിലെ കൈവരിയിൽ പിടിച്ച് ഇറങ്ങി കൊണ്ട് പൊക്കൻ കിട്ടൻ നമ്പ്യാരുടെ പീടികയിലേക്ക് ഇറക്കി വക്കുമ്പോൾ ചിലപ്പോഴൊക്കെ അമ്പുസ്രാപ്പിൻ്റെ മകൻ കരുണൻ സഹായിക്കാനെത്താറുണ്ട്....
കൈത്തറി സാമഗ്രികളും, ശീലത്തുണികളും മറ്റു തുണിത്തരങ്ങളും മറ്റും എടുക്കുവാനും, പിറ്റെന്നേക്ക് കണ്ണൂർ പട്ടണത്തിൽ എത്തിക്കുവാനുമായി കൂരാളി തെരുവിലെ ചില അംഗനമാരും ആ സമയത്ത് എത്തും.
നീലഭ്യംഗ്യാദി വെളിച്ചെണ്ണ തേച്ച കാർ കൂന്തലഴകുമായെത്തുന്ന നീലപ്പാറുനെ കാണാനും, ലോഗ്യം പറയാനുമാണ് അമ്പു ഡ്രാപ്പിൻ്റെ മകൻ മകൻ കരുണൻ കിട്ടൻ നമ്പ്യാറെ സഹായിക്കാനെത്തുന്നത് എന്നായിരുന്നു നെയ്യൻ നാണൂൻ്റെ കണ്ടുപിടുത്തം...
അതിൽ അല്പ മാത്രം ശരിയുണ്ടെങ്കിലും നീലൻ പാറുന് മുറച്ചെറുക്കനായ നെയ്യൻ നാണുവിനെ അത്ര പഥ്യമല്ല തന്നെ..
നേരം സസ്യ കഴിഞ്ഞിരിക്കുന്നു ..
തെരുവിലെ മണ്ഡപത്തിൽ ചെണ്ട "കൊട്ടിക്കയറൽ " തകൃതിയായി നടക്കുന്നു ..
"ണ്ടണ്ടണ്ടണ്ടം ണ്ടണ്ടണ്ടണ്ടം
ണ്ടണ്ടണ്ടണ്ടം ണ്ടണ്ടക്ക ഗണപതി "
എന്നതാണാവോ കൊട്ടുന്നത് ..
****
അകത്തെ കളരിയിൽ കയറി തിരിതെളിയിക്കാൻ ചെന്നപ്പോഴാണ് കോമരം വേലൂന്  വിളക്കതിരിയും എണ്ണയും തീരാറായ കാര്യം മനസ്സിലായത്... ഉടനെ പുറത്തെ കളരിയിൽ വന്ന് വടക്ക് ദിശയിലേക്ക് നോക്കി..
കളരിക്ക് പുറത്ത് ഉലാത്തുകയായിരുന്ന രാമൻ ഗുരുക്കള്ളച്ചൻ വേലൂൻ്റെ പരിഭ്രമം കണ്ടപ്പോൾ കാര്യം തിരക്കി..
എന്നാ വേലൂ നീ കാര്യം പറയ്...
"വിളക്കീരിയും, എണ്ണയും കയ്യാനായി എശ്മാനേ.. "
ഗുരുക്കളച്ചൻ ഉടനെ കാര്യസ്ഥൻ കുഞ്ഞാമൻ നമ്പ്യാറെ വിളിപ്പിച്ചു വരുത്തി.. ..
കുഞ്ഞാമാ.. നീയ്യ് ഒന്ന് ചെയ്യ്..

 ചിങ്ങൻ അമ്പൂനെയും,, എമ്മെൻനായരെയും
വിളിച്ചു വരുത്തിക്ക് ..

ചിങ്ങൻ അമ്പു ശീലത്തുണികളുമായി ഇന്നലെ എത്തുമെന്നായിരുന്നു പുറം കാര്യസ്ഥൻ കോമൻ  നമ്പ്യാർ പറഞ്ഞിരുന്നത് ,ഇന്ന് നേരം മയ്യാലയായിട്ടും കാണുന്നില്ലല്ലോ, ചാമുണ്ഡീശ്വരീ..
സമയ നിഷ്ഠ എന്നത് അയാൾക്ക് പണ്ടേ പറഞ്ഞിട്ടില്ലല്ലോ ..
കുഞ്ഞാമൻ സ്വയം പറഞ്ഞു..
താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം മനസ്സിലായന്നെ മട്ടിലാണ്, തക്ക സമയത്ത് തന്നെ ചിങ്ങൻ അമ്പുവിൻ്റെ രംഗപ്രവേശം .. ഒന്നാം കാര്യസ്ഥനായ കുഞ്ഞാമൻ നമ്പ്യാരുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ, പതുങ്ങിക്കൊണ്ട് ശീല തുണിയുമായി വന്ന ചിങ്ങൻ അമ്പു,വടക്കെപ്പുറം വഴി കടന്നു കളയാൻ തക്കം പാർത്തിരുന്നപ്പോഴാണ് ഗുരിക്കളച്ചൻ ചിങ്ങൻ അമ്പുവിനെ കണ്ടത്..
പൂമുഖ മുഖപ്പിലെ ചാരുകസേരയിലി യി രു ന്ന് മുറുക്കാൻ ചെല്ലത്തിൽ നിന്നും ഇളം വെറ്റില എടുത്ത് അതിൻ്റെ തളിര് നുളളിയെടുത്ത് അല്പം പുകയിലയും, ചുണ്ണാമ്പും, അടക്ക കഷ്ണിച്ചതും ചേർത്ത് നന്നായി മടക്കി, വായ്ലോട്ട് വച്ച് അരികത്ത് വച്ചിട്ടുള്ള കോളാമ്പിയിലേക്ക നീട്ടി തുപ്പിക്കൊണ്ട് തൂണിൻ്റെ മറവിൽ നില്ക്കുക്കുകയായിരുന്ന ചിങ്ങൻ അമ്പുവിനെ വിളിച്ചു..
റാൻ...
അനുസരണയുള്ള കുഞ്ഞാടായി അമ്പു ...
പാവത്താനായി നിലകൊണ്ട അമ്പുവിനോട് കുരിക്കളച്ഛൻ പറഞ്ഞു ..
എനി ഇങ്ങനെ വൈകിക്കണ്ട കെട്ടാ.. വൈകിച്ചാൽ നിന്നയിടെയിനി കാണൂല കെട്ടാ..
ഉം.. പോട്..
അമ്പു ശരവേഗത്തിൽ സ്ഥലം വിട്ടു..

Monday, May 17, 2021

സഹന വീഥിയിലെ അഭയമരച്ചില്ലയിൽ (ആത്മകഥ ) - ഭാഗം - 3

#സഹന വീഥിയിലെ അഭയമരച്ചില്ലയിൽ# (ആത്മകഥ ) - ഭാഗം - 3
>>>>>>>>>>>>>>>>>>>
പേരിനും പ്രശസ്തിക്കും വേണ്ടിയൊന്നുമല്ലെങ്കിലും എന്റെ ആത്മകഥയുടെ മൂന്നാം ഭാഗവും വായനക്കാർ സമക്ഷം സമർപ്പിക്കുകയാണ്... 
സദയം സ്വീകരിച്ചാലും...

ഇത് എന്റെ മാത്രം കഥയല്ല..
നാട്ടകങ്ങളുടെയും, നാട്ടറിവിന്റെയും, വംശാവലിയുടെയും കഥയാണ് ..
കേവലം പഴം പുരാണങ്ങളെന്നു പറഞ്ഞു തള്ളിക്കളയാതിരിക്കുക..

നമ്മെ ബന്ധപ്പെടുത്തുന്ന പഴയ കാല ജീവിത ചര്യകളെയും, അതോടനുബന്ധിച്ച് കണ്ണികളാക്കപ്പെട്ടവരെയും ഇഴചേർത്തുള്ള സാമൂഹിക പശ്ചാത്തല വിവരണം പുതുതലമുറകൾക്ക് പ്രചോദനമാവുകയാണെങ്കിൽ ഞാൻ ധന്യനാകും..

സ്വന്തം ജീവിതകഥ എഴുതാൻ മാത്രം, ഞാൻ അതിപ്രശസ്തനൊന്നുമല്ല, അല്ലെങ്കിൽ പ്രശസ്തിക്ക് വേണ്ടിയല്ല ഞാനിതെഴുതുന്നതന്ന ഉത്തമ ബോദ്ധ്യമെനിക്കുണ്ട് താനും.!

ഒരു കഥയെഴുതി സമൂഹ മധ്യമങ്ങളിൽ പങ്കുവച്ചാൽ, ആയത് നിരവധി പേർ വായിക്കുകയോ കണ്ണോടിച്ചു പോവുകയോ ചെയ്യാറുണ്ട്.. പക്ഷെ വായിച്ചു കഴിഞ്ഞാൽ ലൈക്ക് ചെയ്യാൻ വരെ പലരും വിമുഖത കാട്ടുന്നു എന്നത് എഴുത്തുകാരെ സംബന്ധിച്ച് ഖേദകരം തന്നെയാണ്.. ലൈക്ക് ചിഹ്നങ്ങളിലൂടെ തന്നെ ഇഷ്ടവും ,സ്നേഹവും, അതിശയവും, സങ്കടങ്ങളും കോപവും എല്ലാം രേഖപ്പെടുത്താമല്ലോ... കമന്റിന്റെ കാര്യത്തിലാണെങ്കിൽ വിമർശനാത്മക സംവാദം നടക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ.. അതു കൊണ്ട് തന്നെ, പ്രശസകൾ മാത്രമേ എഴുതാവു എന്ന പക്ഷവുമില്ല.. ആരോഗ്യകരമായ വിമർശനങ്ങൾ എഴുത്തുകാരെ കൂടുതൽ മികവു പുലർത്താൻ സഹായിക്കും എന്നതിൽ തർക്കമില്ല..
***

ആത്മകഥ 
(സഹന വീഥിയിലെ അഭയമരച്ചില്ലയിൽ.. )

ഭാഗം-3

"യക്ഷിയും, കൊല്ലങ്കോടും പിന്നെ മഹാകവി പി യും .."
---------------
കഥയിലേക്ക് കടക്കട്ടെ ....
വരൂ നമുക്കൊരു യാത്ര പോകാം.. രസകരമായ ചില കഥകൾ പങ്കുവെച്ചു കൊണ്ട് പഴയ കാലത്തിലേക്ക് ഊളിയിട്ടു കൊണ്ട് യക്ഷിക്കഥകൾ കേട്ടുകൊണ്ട് .. ഇത്തിരി പാലക്കാടൻ കാറ്റേറ്റുകൊണ്ട് ..

അച്ഛന്റെ ട്രെയിനിങ്ങ് കാലഘട്ടത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത് ..
1936ൽ ജനിച്ച എന്റെ അച്ഛൻ 1952 ആണ്ടോടു കൂടി SSLC പാസ്സാവുകയും, തുടർന്ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്ന സ്ഥലത്ത് അദ്ധ്യാപന ട്രെയിനിങ്ങിനായി (TTC) കൊല്ലങ്കോട് രാജാസ് ട്രെയിനിങ്ങ് സ്കൂളിൽ ചേരുകയും ചെയ്തു... രണ്ടു വർഷത്തെ കോഴ്സ് ആയിരുന്നു ..കൊല്ലങ്കോട് രാജാക്കന്മാരുടെ അധീനതയിലുള്ള രാജാസ് ഹൈസ്കൂളിനോട് ചേർന്നാണ് ട്രെയിനിങ്ങ് സ്കൂളും ഉണ്ടായിരുന്നത് ..

പാണ്ടി നാടിന്റെ ചൂടും ചൂരും പ്രത്യക്ഷത്തിൽ തന്നെ അറിയാനാവുന്ന ഒരുപാലക്കാടൻ പ്രദേശമാണ് കൊല്ലങ്കോട്..യക്ഷിക്കഥകളിൽ നിറഞ്ഞു നില്ക്കുന്ന, എണ്ണപനകളാൽ സമൃദ്ധമായ നാട് .. കാറ്റിൽ പനം പട്ടകൾ ആടിയുലമ്പോൾ രാക്ഷസന്മാരെ പോലെ ഉന്മാദ നൃത്തം ചെയ്യുകയാണോ അവറ്റകൾ എന്ന് തോന്നിപ്പോകും... വിശാലമായ പാടശേഖരങ്ങളും പാടങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ചില പനകളും അവിടങ്ങളിലെ കാഴ്ചകളാണ് ..
സ്കൂളിനോട് ചേർന്ന പ്രധാന പാതയിൽ നിന്ന് രണ്ടു മൂന്ന് ഫർ ലോങ്ങ് നടന്നാൽ പാതകൾ നേർത്ത് ഒറ്റയടിപാതകളാവുകയും, അങ്ങിനെ പാടവരമ്പിലൂടെ നടന്ന് മറുകരയിലെ തോട്ടുവക്കിനടുത്ത ഓട്ടുപുരയിലായിരുന്നത്രെ അച്ഛനും കൂട്ടുകാരും താമസിച്ചിരുന്നത് ..ഉമ്മറത്തിരുന്നാൽ വിശാലമായ വയൽ കാണാം...
അതിന്റെ അക്കരയിലാണ് അങ്ങാടി ..
അച്ഛനെ കൂടാതെ കണ്ണൂരുകാരായ അഞ്ചോ ആറോ പേർ വേറെയും ഒരേ സ്ഥലത്ത് താമസിച്ച് പഠിച്ചു പോരുന്നുണ്ടായിരുന്നു ..

അദ്ധ്യാപക യൂനിയൻ സംസ്ഥാന നേതാവായിരുന്ന ശ്രീ M T കുഞ്ഞിരാമൻ നമ്പ്യാരും, പിന്നെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായിരുന്ന ശ്രീ എടക്കാട് നാരായണൻ മാസ്റ്റരും ഒക്കെ ഇതേ സ്ഥലത്തെ താമസക്കാരും സഹപാഠികളും ആയിരുന്നത്രെ.. വെറെയും ഒന്നു രണ്ടു നാട്ടുകാരായ സഹപാഠികളെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും അവരുടെ പേരുക്കൾ ഓർമ്മയിൽ വരുന്നില്ല ..

അങ്ങാടിയിൽ പോയി സാധനങ്ങൾ വാങ്ങി വരുന്നത് ഓരോ തവണവും ഓരോരുത്തരുടെ ചുമതലയായിരുന്നത്രെ.. അവരവരുടെ ഊഴമനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും..
നാട്ടുകാരനായ സുഹൃത്ത് വളരെ രസികനായിരുന്നത്രെ..
ഈ പറയുന്ന സുഹൃത്ത് പല കഥകളും പറയുന്നതിലും, കഥകൾ ഉണ്ടാക്കുന്നതിലും ബഹു മിടുക്കനായിരുന്നു പോലും!
രാവിലെയും, വൈകുന്നേരങ്ങളിലും ഉമ്മറത്തിരുന്ന് അച്ഛനും, ആ സുഹൃത്തും ഒരുമിച്ചായിരുന്നു പഠിച്ചു കൊണ്ടിരുന്നത് ..
അങ്ങിനെ ഇരിക്കെ ഒരു ദിവസം രാത്രി അങ്ങാടിയിൽ പോയി വൈകി വന്നയാൾ പിറ്റെന്ന് രാവിലെ എഴുന്നേൽക്കാൻ വയ്യാതെ പനിച്ച് കിടക്കുന്നതാണ് മറ്റുള്ളവർ കണ്ടത്..
കാരണം തിരക്കിയപ്പോൾ അയാൾ പറയുകയാണ്, വരും വഴിവയലിലെ ഒറ്റപ്പനയുടെ അവിടെ വച്ച് ഒരു "യക്ഷിയെ " കണ്ടുവെന്ന് ..

അതിനു മുമ്പും യക്ഷിയെ കണ്ടു എന്ന് അവകാശപ്പെട്ടവർ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇയാൾക്ക് അതിലൊട്ടു വിശ്വാസവും ഭയവും ഉണ്ടായിരുന്നില്ല..
അച്ഛന് ഭയമില്ലെന്ന് പുറമേക്ക് നടിച്ചുവെങ്കിലും, പലപ്പോഴും രാത്രി കാലങ്ങളിൽ ഒരേ സമയത്ത് സൈക്കിൾ ശബ്ദം കേൾക്കുകയും, അതോടൊപ്പം പട്ടികുരക്കുകയും ചെയ്യുന്നത് കേട്ടിരുന്നു പോലും, ആയത് യക്ഷിയുടെ സഞ്ചാര പഥമാണ് എന്ന് ചിലർ പറയുന്നതിനാൽ ആയതിനെ കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചിരുന്നില്ല..

അത്രയും നാൾ ധൈര്യശാലിയെന്നവകാശപ്പെട്ട മേൽ പറഞ്ഞ വിദ്വാൻ പനിച്ച് കിടപ്പായതിനെ കുറിച്ച് ചോദിച്ചപ്പോൾ യക്ഷിയെ നേരിട്ട് കണ്ടു എന്ന് പറഞ്ഞു..

ആദ്യം സൈക്കിളിന്റെ ബെൽ കേൾക്കുകയും.. പിന്നാലെ പട്ടി ഓരിയിടുന്ന ശബ്ദവും കേട്ടു. പിന്നെ നല്ല നിലാവത്ത് ഒരു സ്ത്രീരൂപം മുന്നോട്ട് നീങ്ങുന്നു.. ആദ്യം മെല്ലെ നടന്നിരുന്നയാൾ സ്ത്രീരൂപത്തെ കാണാൻ വേഗത്തിൽ നടക്കുന്തോറും അതിനടുത്ത് എത്താൻ കഴിയാത്ത വിധം ആ രൂപം മുന്നോട്ട് ചലിക്കകയാണ് .. അപ്പോഴേക്കും, ആരോ പിന്നോട്ട് വലിക്കുന്നതു പോലെ .. പിന്നെയും ധൈര്യം അവലംബിച്ച് അടുത്തെത്തുമ്പോൾ, ആ രൂപം പെട്ടെന്ന് തെന്നിയകലുന്നു .. തെല്ലിട മാത്ര അയാൾ ആ രൂപത്തിന്റെ കാൽപ്പത്തിയിലേക്ക് നോക്കിയപ്പോൾ സപ്തനാഡികളും തളർന്ന് സ്തബ്ധനായത്രെ.. കാരണം, ആ രൂപത്തിന്റെ കാലടികൾ നിലത്തു ഉറക്കുന്നുണ്ടായിരുന്നില്ല, പോരാത്തതിന് രൂപം മുന്നോട്ടാണ് നീങ്ങുന്നതെങ്കിലും, കാല്പത്തികൾ രണ്ടും പിന്നോട്ടയാണത്രെ കാണപ്പെട്ടത്.. ഇത്രയും കണ്ട ആ സുഹൃത്ത് എങ്ങിനെയൊക്കയോ ഭാഗ്യം കൊണ്ട് താമസസ്ഥലത്തെത്തി വന്ന പാടെ കിടക്കയിലേക്ക് വീഴുകയായിരുന്നു പോലും..
ഈ സംഭവത്തോടെ അയാൾ കളിയാക്കലുകൾ നിറുത്തിയെന്നാണ് മറുമൊഴി..

പിന്നീട് ഇക്കാര്യങ്ങൾ എല്ലാവരും കൂടി ഇക്കാര്യങ്ങൾ സമീപവാസികളോട് ചോദിച്ചപ്പോഴാണ് അവർക്ക് പുതിയൊരു വാക്ക് കിട്ടിയത്..

"ഒടിയൻ.."

എതിരാളിയെ ഒടിവച്ച് മലർത്തിയടിച്ചും, മാറു പിളർന്നും മാരണം ചെയ്തും മായാജാലവിദ്യകൾ സ്വായത്തമാക്കിയ ചില അടിയാള വർഗ്ഗത്തിൽപ്പെട്ടവരാണത്രെ ഒടിയന്മാർ
ഒടിവച്ച് വീഴ്ത്തുന്നത് മേലാളരുടെ പീഡനങ്ങളും, താഢനങ്ങളും സഹിക്കവയ്യാതെ ചെയ്യുന്നതാണത്രെ ഈ ദുഷ്കർമ്മം, പാലക്കാടും, വള്ളുവനാട്ടിലും ഒടി വിദ്യ അറിയാവുന്ന ചിലരെങ്കിലും ഇപ്പോഴും ഉണ്ടെന്ന്  ഈയ്യിടെ ഇറങ്ങിയ ചലചിത്രം സാക്ഷ്യപ്പെടുത്തുന്നു .. ആയതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല ..
***
കൊല്ലങ്കോട് ട്രെയിനിങ്ങ് സമയത്തും കവി മാഷ് എന്ന ഭക്ത കവി ശ്രീ പി. കുഞ്ഞിരാമൻ നായർ അച്ഛനെ പഠിപ്പിച്ചിരുന്നു പോലും..

അതിന് മുമ്പ് കൂടാളി ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന സമയത്തെ പരിചയം അപ്പോൾ കൂടുതൽ ദൃഢമായി ..

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിന്റെ സമീപവാസിയായിരുന്ന മലയാളത്തിന്റെ മഹാകവിയായിരുന്ന ശ്രി പി. കുഞ്ഞിരാമൻ നായർ ചെറുപ്പത്തിലെ സംസ്കൃതം അഭ്യസിക്കുകയും തന്റെ പതിനാലാമത്തെ വയസ്സു മുതൽ കവിതയെഴുത്ത് ആരംഭിക്കുകയും ചെയ്തിരുന്നത്രെ.. അറിയപ്പെടുന്ന കവിയായതിനാലും സംസ്കൃതത്തിൽ നല്ല പാണ്ഡിത്യം ഉള്ളതിനാലും അദ്ധ്യാപന ബിരുദമില്ലാതെ തന്നെ സർക്കാർ അദ്ദേഹത്തെ കൂടാളി ഹൈസ്കൂൾ അധ്യാപക നാകാൻ അനുമതി കൊടുക്കുയായിരുന്നത്രെ..
നിഷക്കളങ്കനും, സഹാനുഭൂതിയും കൈമുതലായിരുന്ന ഇദ്ദേഹത്തിന് പഠിപ്പിക്കുന്ന ശിഷ്യരോട് എന്നും സ്നേഹവാത്സല്യമായിരുന്നു .
പഠിപ്പിക്കുന്ന സമയങ്ങളിൽ പാo ഭാഗങ്ങൾ തെറ്റിക്കുന്ന ശിഷ്യരുടെ നേരെ അപൂർവ്വമായെങ്കിലും ചൂരൽപ്രയോഗം നടത്താറുണ്ടത്രെ... ഇദ്ദേഹത്തിന്റെ സഹാനുഭൂതി എന്ന ബലഹീനത മനസ്സിലാക്കിയ ചില വിരുതന്മാർ അടി കിട്ടിയാൽ നിലവിളിച്ചു കരയുമായിരുന്നു.. അതു കേട്ടാൽ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞ് ജുബ്ബയുടെ പോക്കറ്റിൽ നിന്ന് നാരങ്ങാ മിട്ടായി കൊടുക്കുകയും, അടി കിട്ടിയ വിദ്യാന് ചായയും കടിയും വാങ്ങിക്കൊടുക്കുകയും ചെയ്യുമായിരുന്നു.. 
കൂടാളിയിൽ താമസിച്ചപ്പോൾ സ്ഥിരമായി ഊണു കഴികഴിക്കുമ്പോൾ ശിഷ്യമാരെ ആരെയെങ്കിലും കണ്ടാൽ ഉടനെ വയറുനിറച്ചു ആഹാരം വാങ്ങിക്കൊടുക്കുന്നതും ഇദ്ദേഹത്തിന്റെ ശീലമായിരുന്നു:
കൂടാളി ഹൈസ്കൂളിൽ പഠിപ്പിക്കവെ ഒരിക്കൽ മലയാളം വിദ്വാൻ പരീക്ഷയെഴുതിയ കഥ പ്രസിദ്ധമാണ്..  ചോദ്യക്കടലാസിൽ ആദ്യത്തെ ചോദ്യം എഴുത്തച്ഛനെ കുറിച്ച് എഴുതാനായിരുന്നു.,.. ആ ചോദ്യത്തിന് നാല്പതു പേജോളം എഴുതിയപ്പോഴേക്കും സമയം തീർന്നുവത്രെ.. ഒറ്റ ചോദ്യത്തിന് മാത്രം ഉത്തരം എഴുതിയ അദ്ദേഹം തോറ്റു എന്ന് പറയേണ്ടതില്ലല്ലോ ..

കൊല്ലങ്കോട് പഠിപ്പിക്കുന്ന സമയത്ത് അച്ഛനെ ഒരിക്കൽ ഗുരുവായൂർ വച്ച് കവി മാഷ് കണ്ടുമുട്ടി.. കിഴക്കെ നടയിൽ കൊടിമരത്തിനടുത്തു നിന്ന് തൊഴുതുനില്ക്കെയാണത്രെ കണ്ടത്..
അച്ഛനെ കണ്ടപാടെ പോക്കറ്റിൽ കയ്യിട്ട് കിട്ടിയ ചില്ലറ പൈസ അച്ഛന്റെ കൈയ്യിൽ കൊടുത്തിട്ട്, തലയിൽ കൈവച്ച് അനുഗ്രഹിച്ചിട്ട് പറഞ്ഞു...

"വീണൂട് .. "

എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കി വരുമ്പോഴേക്കും കക്ഷി അമ്പലനടയിൽ സാഷ്ടാംഗം പ്രണാമം ചെയ്തു കഴിഞ്ഞിരുന്നു..
അച്ഛനും അതുപോലെ ചെയ്തു ..
കവി മാഷ് സാഷ്ടാംഗം നമസ്കരിക്കുന്നതിനിടയിൽ ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടേ ഇരുന്നു ..
വളരെ നേരം ഇഴഞ്ഞു നീങ്ങി.. ആ ദീർഘനമസ്കാരം കിടന്ന കിടപ്പിൽ ഒളികണ്ണിട്ട് അച്ഛൻ നോക്കിക്കൊണ്ടിരുന്നു..
എന്തിനേറെ പറയട്ടെ, ഇരുപതു മിനുനോളം നീണ്ട ദീർഘനമസ്കാര പ്രാർത്ഥനയായിരുന്നാൽ .. അച്ഛൻ പറഞ്ഞു കഴുത്തു ഉളുക്കാതിരുന്നത് ഭാഗ്യം..

അതിന് ശേഷം അവിടുന്ന് ഊണും വാങ്ങിക്കൊടുത്തിട്ടെ കവി മാഷ് തന്റെ ശിഷ്യനെ മോചിപ്പിച്ചുള്ളൂ.
ഗുരുവായൂരപ്പനോട് അകമഴിഞ്ഞ  ഭക്തി അച്ഛന്റെ ഉള്ളിൽ നിറഞ്ഞതിൽ ആ ഭക്ത കവിക്കും പങ്കുണ്ട് ..
അച്ഛന് ഗുരൂവായൂരിൽ വച്ച് ലഭിച്ച അനുഗ്രഹത്തിന്റെ ചെറിയൊരു പങ്കു ലഭിച്ചതിനാലാകാം ഈയുള്ളവനും വല്ലതും കോറിയിടാൻ സാധിക്കുന്നതെന്നൊരു തോന്നൽ ഇല്ലാതില്ല ..
വീണേടം വിഷ്ണു ലോകമാക്കിയ "കളിയച്ഛൻ" ഉൾപ്പെടെ മഹത്തര കാവ്യങ്ങൾ മലയാളിക്ക് നല്കിയ മഹാകവി ശ്രീ പി. കുഞ്ഞിരാമൻ നായരുടെ ഓർമ്മകൾക്ക് എന്റെ ആത്മ പ്രണാമം..
- ശേഷം കഥ - അടുത്ത ഭാഗത്തിൽ ..
@ Copy Right Reserved .
( ഫോട്ടോ - മഹാകവി - ശ്രീ പി .കുഞ്ഞിരാമൻ നായർ - അവലംബം - ഗൂഗിൾ )

by: കൃഷ്ണ കുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ ..
തുടർവായന ആഗ്രഹിക്കന്നവർക്ക് വേണ്ടി, കഴിഞ്ഞ ഭാഗത്തിന്റെ Link താഴെ ചേർക്കുന്നു ..
https://m.facebook.com/story.php?story_fbid=3144366408940332&id=100001010113458

Friday, May 14, 2021

സഹന വീഥിയിലെ അഭയമരച്ചില്ലയിൽ (ആത കഥ ) ഭാഗം-2

ഇത് എന്റെ കഥ
----------------------
സ്നേഹ ഭാജനങ്ങളെ,
എന്റെ ആത്മകഥ രചനയുടെ ഒന്നാം ഭാഗം മുഖപുസ്തക താളിൽ Post ചെയ്തതിനു ശേഷം നീണ്ട ഇടവേള ഉണ്ടായിരുന്നു ..
" അഗ്നിശിഖയുടെ " പ്രകാശന തിരക്കും മറ്റുമാ യി തുടർ രചന നീണ്ടുപോയി, ക്ഷമാപണ പൂർവ്വം 2 മത് ഭാഗം ഇവിടെ സദയം  സമർപ്പിക്കട്ടെ, സ്വീകരിച്ചാലും..

#സഹന വീഥിയിലെ അഭയ മരച്ചില്ലയിൽ.. (ആത്മകഥ ) #
============
ഭാഗം-2
പൂ വിരിയും പോലെ ..

"എന്നാ ബാ പോവ്വാം ..
കുറേ പിന്നോട്ടേക്കാണ് കേട്ടോ.. "

 നിമിഷങ്ങളും, മിനുട്ടുകളും, മണിക്കൂറുകളും അങ്ങിനെ അനേകായിരം ദിവസങ്ങളും പിന്നിട്ട് പിന്നാക്കത്തിലേക്ക് .. ക്ലോക്കിലെ മണിക്കൂർ സൂചികൾക്ക് പിന്നാക്കം കറങ്ങുന്നതനുസരിച്ച് കൃസ്ത്യബ്ദ്യം 1968 ഉം കടന്ന് 1936 മാണ്ട് എത്തുന്നതു വരേക്കും നടക്കണം..

1968 നെ പറ്റി പറയുകയാണെങ്കിൽ ആയാണ്ടിലാണ് ഈയുള്ളവൻ ജനിച്ചതത്രെ.... എന്നെക്കുറിച്ച് പറയുന്നതിന് മുന്നെ എന്റെ അച്ഛനെക്കുറിച്ച് പറയേണ്ടതുണ്ട്.. അതിനാലാണ് 1936 വരെ പിന്നാക്കം നടക്കാമെന് പറഞ്ഞത് ..
****
1936 ന് ഒരു പ്രത്യേകതയുണ്ട്, തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഹിന്ദു മതത്തിലെ നാനാജാതിക്കാർക്കും ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം എന്ന നിലയിൽ..
വൈക്കം സത്യാഗ്രഹത്തിന്റെയും, ഗുരുവായൂർ സത്യാഗ്രഹത്തിന്റെ അലയൊളികൾ ഇങ്ങ് മലബാറിലും മാറ്റൊലി കൊണ്ടപ്പോൾ, ഇവിടെയും പുത്തനുണർവ്വുകൾ ഉണ്ടായി..

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിലായിരുന്നു മലബാർ എങ്കിലും സാമന്തൻമാരായ നാട്ടുരാജാക്കന്മാരെ അവർ പാടെ അവഗണിച്ചിരുന്നില്ല.. ബ്രിട്ടീഷ് കോയ്മ അംഗീകരിച്ചു കൊണ്ടു തന്നെ ഭൂസ്വത്തുകളിൽ കപ്പം പിരിക്കാനും ക്രയവിക്രയം ചെയ്യാനുമുള്ള പരിമിതമായ അവകാശങ്ങൾ നാട്ടുരാജാക്കന്മാർക്കും, അവരുടെ അനുര ചന്മാരായ നായർ തുടങ്ങിയ മേൽജാതി ഭൂപ്രഭുക്കന്മാർക്കും പതിച്ചു നല്കുകയുണ്ടായി..
ഇന്നത്തെ കണ്ണൂർ ജില്ല, കോട്ടയം രാജാക്കന്മാരുടെയും (മലബാർ കോട്ടയം) കോലത്തിരി രാജാക്കന്മാരുടെയും അധീനതയിലായിരുന്നു. വീര പഴശ്ശിരാജാവുൾപ്പെടെയുള്ള കോട്ടയം രാജവംശം ഭരിച്ചിരുന്ന പഴയ കോട്ടയം താലൂക്ക് ഇന്ന് തലശ്ശേരി ഇരിട്ടി താലൂക്കുകളിലും
കോലത്തിരി ഭരിച്ചിരുന്ന പഴയ ചിറക്കൽ താലൂക്ക്, കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളും ആകുന്നു...

ഇത്രയും വിശദമായി പറഞ്ഞത് പഴയ കാലത്തെ കുറിച്ച് സൂചിപ്പിക്കാൻ മാത്രമാണ്.. അങ്ങിനെ പഴയ മലബാർ കോട്ടയം താലൂക്കിലെ കൂട്രാളി അംശം, താറ്റിയോട് ദേശത്താണ് എന്റെ അച്ഛൻ ജനിച്ചത്.. കൂടാളി അംശം എന്നത് ഏഴോളം ദേശങ്ങൾ ഉൾപ്പെട്ട പ്രദേശമായിരുന്നു .. ഈ അംശം ഭരിച്ചിരുന്നത് കൂടാളി താഴത്ത് വീടെന്ന ജന്മി കുടുംബമായിരുന്നു .. നായർ ( നമ്പ്യാർ ) സമുദായക്കാരായ അവരുടെ പ്രധാന കാര്യസ്ഥനായിരുന്ന ശ്രീ മുണ്ടയാടൻ കമ്മാരൻ നമ്പ്യാരുടെ അനന്തിരവനായ എന്റെ അച്ഛൻ വളർന്നത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരുന്നു ..

അഞ്ചരക്കണ്ടിക്കടുത്ത പാളയം എലിമെന്ററി സ്കൂൾ അദ്ധ്യാപകനായിരിക്കേ സർക്കാർ ഉദ്യോഗം ഉപേക്ഷിച്ച് കൂടാളി താഴത്തെ വീടെന്ന ജന്മി ഭരണ കേന്ദ്രത്തിലെ മുഖ്യ കാര്യസ്ഥ പദവിയേറ്റെടുത്തത് കേവലം ധന വർദ്ധന ഉപായം കൊണ്ടു മാത്രമല്ല, ഒരു പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത്ര ഗരിമ ലഭിക്കുമായിരുന്നെന്ന് ഒരിക്കൽ എന്നോട് കമ്മാരൻ വലിയച്ഛൻ ( അദ്ദേഹത്തെ അങ്ങിനെയാണ് ഞങ്ങൾ വിളിച്ചിരുന്നത്) പറയുകയുണ്ടായി..
ആലങ്കാരികമായി സൂചിപ്പിച്ചത് അന്നത്തെ സാമൂഹിക വ്യവസ്ഥ ചൂണ്ടിക്കാട്ടാനായിരുന്നു...

ഇനി അച്ഛനിലേക്ക് വരാം..
എന്റെ അച്ഛന്, അദ്ദേഹത്തിന്റെ അച്ഛന്റെ രൂപം വളരെ അവ്യക്തമായേ ഓർമ്മയിലുണ്ടായിരുന്നുള്ളു പോലും..

നേരത്തെ പറഞ്ഞല്ലോ 1936 ലാണ് എന്റെ അച്ഛൻ ജനിച്ചതെന്ന് .. കൃത്യമായി പറഞ്ഞാൽ 1936 ഫിബ്രവരി മാസം 22 ന് ശനിയാഴ്ച അമാവാസി ദിവസം (കൊല്ലവർഷം 1111 കുംഭമാസം 10 തീയ്യതി - അവിട്ടം നാളിലായിരുന്നു ജനനമെന്ന് പഴയ ഡയറിയിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു ..

കൂടാളി,താററിയോട് ദേശത്ത് മേച്ചിറ വീട്ടിൽ ശ്രീ
പാക്കുന്നുമ്മൽ വെന്നപ്പാലൻ  കുഞ്ഞിരാമൻ നമ്പ്യാരുടെയും, ശ്രീമതി മുണ്ടയാടൻ ലക്ഷ്മിയമ്മയുടെയും നാലു മക്കളിൽ ഇളയവനായിരുന്നു എന്റെ അച്ഛൻ, പിൽക്കാലത്ത് നാട്ടുകാർ കണ്ണൻ മാഷെന്നും, എം.കുഞ്ഞിക്കണ്ണൻ മാഷെന്നും സ്നേഹപൂർവ്വം വിളിച്ചിരുന്ന ശ്രീ മുണ്ടയാടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ..

അച്ഛന്റെ അമ്മയുടെ തറവാട് ,ഇപ്പോൾ ഞാൻ അധിവസിക്കുന്ന കീഴല്ലൂർ ദേശത്തായിരുന്നു.
അച്ഛമ്മയുടെ മുറച്ചെറുക്കനായിരുന്നു എന്റെ അപ്പൂപ്പൻ, അതായത് അച്ഛന്റെ അച്ഛൻ ശ്രീ കുഞ്ഞിരാമൻ നമ്പ്യാർ ..
തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്തേ താന്തോന്നി എന്ന 'ദുഷ്പേര് ' നേടിയെടുത്ത വ്യക്തിയായിരുന്നത്രെ ഞങ്ങളുടെ അപ്പുപ്പൻ ..

    അവർണ്ണരോടൊപ്പവും, ദളിതരോടൊപ്പവും ചേർന്നു കൊണ്ട് " കുറത്തിയാട്ടം" പോലുള്ള കലാ രംഗങ്ങളിൽ നിപുണനായിരുന്നത്രെ അദ്ദേഹം.. എന്റെ അച്ഛന് അദ്ദേഹത്തെക്കുറിച്ച് വളരെ അവ്യക്തമായ ഒർമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ പോലും..
അച്ഛന് അഞ്ചോ ആറോ വയസ്സ് പ്രായമുള്ളപ്പോഴാണ് അപ്പൂപ്പൻ മരണപ്പെട്ടത്... അല്ലെങ്കിലും പണ്ട് മരുമക്കത്തായ സമ്പ്രദായമായിരുന്നതിനാൽ ഒരു കുടുംബത്തിന്റെ ഗൃഹസ്ഥൻ മാതുലൻ ആയിരിക്കും.. അച്ഛന്റെ അമ്മയെ എനിക്ക് വ്യക്തമായ ഒർമ്മയുണ്ട്.. അവരുടെ ചെറുപ്പകാലം കീഴല്ലൂർ പുതുക്കുടി ഭവനത്തിലും, അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു .. എന്നിരുന്നാലും അച്ഛമ്മയുടെ അച്ഛൻ വെന്ദപ്പാലൻ കുഞ്ഞമ്പു നമ്പ്യാർ കൂടാളി താഴത്തു വീട്ടിലെ മുഖ്യ കാര്യസ്ഥനും, കൂടാളി താറ്റിയോട് ചെറു കെട്ടാരം ഭഗവതി കളിയാട്ടകാവും, വീടും സംരക്ഷിച്ചു കൊണ്ട് അവിടെ സംബന്ധം ചെയ്ത് പരിപാലിച്ചു പോരുകയും, ഒന്നും,രണ്ടും, മൂന്നും ഭാര്യമാരെയും ,മൂന്നു ഭാര്യമാരിലെ മക്കളുമായും ഒത്തൊരുമയോടു കൂടി പലപ്പോഴും താമസിച്ചു പോന്നിരുന്നു.. ഇപ്പോഴും ഈ കുടുംബങ്ങളെല്ലാം ചെറുകൊട്ടാരത്തിലെ കളിയാട്ട സമയത്തും, വൈവാഹിക, മറ്റു ഇതര സന്ദർഭങ്ങളിലും ഒത്തുചേരാറുണ്ട്.. അന്നത്തെ കാരണവന്മാർക്ക് കൂട്ടുകുടുംബത്തെ, മെയ് വഴക്കത്തോടെ നിലനിറുത്തി പോരുവാനുള്ള കരുത്തും തന്റെടവും ഉണ്ടായിരുന്നു എന്നാണ് വരുത്തമാനകാല അണുകുടുംബ ശിഥില വ്യവസ്ഥിതിയുമായി കൂട്ടി വായിക്കേണ്ടത്..
അച്ഛന്റെ അച്ഛന്റെ മരണത്തോടെ അച്ഛമ്മയും അച്ഛനും, വലിയമ്മയും, വലിയച്ഛനും നേരത്തെ പറഞ്ഞ അച്ഛന്റെ അമ്മാവൻ ശ്രീ കമ്മാരൻ നമ്പ്യാരുടെ സംരക്ഷണയിൽ മേച്ചറ എന്ന വീട്ടിൽ കഴിഞ്ഞിരുന്ന കാലഘട്ടത്തെ കുറിച്ച് പലപ്പോഴായി അച്ഛൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയിൽ മുഴങ്ങുന്നു..

മേച്ചിറ വയൽ എന്ന വയൽഭാഗവും, മേച്ചിറ പറമ്പും പിന്നെയും പലയിടങ്ങളിലായി സ്ഥലങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നത്രെ എന്റെ അപ്പൂപ്പൻ .. മേച്ചിറ പറമ്പിൽ 3 വീടുകളുണ്ടായിരുന്നതിൽ നടുവിലുള്ള വീട്ടിലായിരുന്നു അച്ഛനം അച്ഛമ്മയും, അച്ഛന്റെ അമ്മാവനുമൊപ്പം താമസിച്ചിരുന്നത് .. 
അച്ഛന്റെ അമ്മാവൻ തങ്ങളുടെ പരിപാലനം കൃത്യമായി ചെയ്തു പോന്നിരുന്നെങ്കിലും, കൂടാളി താഴത്തെ വീട്ടിലെ കാര്യസ്ഥനെന്ന ഭരണകാര്യങ്ങളിലെ കൃത്യാന്തരബാഹുല്യം കാരണം വീട്ടുകാര്യങ്ങളിലും, മരുമക്കളുടെ കാര്യങ്ങളിലോ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞിരുന്നില്ല .. പരീക്ഷ സമയങ്ങളിൽ പരീക്ഷ ഫീസടക്കാൻ പണം ചോദിക്കാൻ ഭയം കാരണം പലപ്പോഴും വൈകിയായിരുന്നത്രെ അടച്ചു കൊണ്ടിരുന്നത് ..

താറ്റിയോട് മേച്ചിറ വീടിന് അടുത്തു തന്നെയുള്ള താറ്റിയോട് നോർത്ത് എൽ പി സ്കൂളിലായിരുന്നു അച്ഛന്റെ പ്രാഥമിക വിദ്യാഭ്യാസം, അവിടെ അച്ഛന്റെ ഒരു അമ്മാവൻ ശ്രീ CH നാരായണൻ നമ്പ്യാർ അദ്ധ്യാപകനായുണ്ടായിരുന്നു .. പിന്നെ കോരൻ മാഷ്, ഗോപാലൻ മാഷ്.. അച്ഛന്റെ അദ്ധ്യാപകരായിരുന്ന ഇവരെപ്പറ്റി നല്ല മതിപ്പായിരുന്നു അച്ഛന് ..അതിൽ അച്ഛന്റെ അമ്മാവനായ ശ്രീ CHനാരായണൻ നമ്പ്യാരാണ് എനിക്ക് അറിവിന്റെ ലോകത്തേക്ക് എത്താനുള്ള ആദ്യാക്ഷരം നാവിൽ കുറിച്ചു തന്നത് .. തികഞ്ഞ ധിഷണാശാലിയായിരുന്നു അദ്ദേഹം.

താറ്റിയോട് സ്കുളിൽ നിന്ന് അഞ്ചാം തരം പാസ്സായതിന് ശേഷം, മുഴപ്പാല ഗ്രാമത്തിലെ നരിക്കോട് യു .പി സ്കൂളിൽ *ESSLC വരെ പഠിച്ചു..
തുടർന്ന് വളരെ പ്രസിദ്ധിയാർജ്ജിച്ച കൂടാളി ഹൈസ്കൂളിൽ നിന്ന് SSLC പാസ്സായി..
വൈദ്യുതി എത്തി നോക്കാത്ത അക്കാലത്ത് മണ്ണെണ്ണ വിളക്കിന് മുന്നിൽ രാത്രി വൈകും വരെ പഠിച്ച്,അതികാലെ ഉറക്കമുണർന്ന് പഠിക്കുകയും കാലത്ത് *"കുളുത്തത് " കഴിച്ച് (ചിലപ്പോൾ അതും ഉണ്ടാവുമായിരുന്നില്ലത്രെ ) സ്കൂളിൽ പോയതിനെ പറ്റിയൊക്കെ അച്ഛൻ പറഞ്ഞു തരാറുണ്ടായിരുന്നു ..

കൂടാളി ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു മഹാകവി ശ്രീ പി കുഞ്ഞിരാമൻ നായർ അവിടെ പഠിപ്പിക്കാനെത്തിയിരുന്നത് ..

അതിനിടെ അച്ഛന്റെ മൂത്ത ജേഷ്ഠൻ ശ്രീ മുണ്ടയാടൻ ദാമോദരൻ നമ്പ്യാർ രണ്ടാം ലോക മഹായുദ്ധകാലത്ത് ആർമിയിൽ സേവനമനുഷ്ഠിക്കുകയും, തുടർന്ന് റെയിൽവേയിൽ ജോലി നേടുകയും ചെയ്തിരുന്നു.. മംഗലാപുരം മുതൽ ഷോർണ്ണൂർ വരെയുള്ള റൂട്ടിൽ എൻജിൻ ഡ്രൈവറായി (ലോക്കോ പൈലറ്റായി) സേവനമനുഷ്ടിച്ച വ്യക്തിയായിരുന്നു .. അച്ഛന്റെ പഠന കാര്യത്തിൽ ദാമോദരൻ വലിയച്ഛന്റെ സഹായവും ഉണ്ടായിരുന്നു ..

അച്ഛന് ഒരു സഹോദരി ,ശ്രീമതി നാരായണിയമ്മക്ക് ഒരു മകൻ രവികുമാർ ..
അവരുടെ വൈവാഹിത ജീവിതം അധികനാൾ നീണ്ടു നിന്നില്ല .. ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിന്റെ വിയോഗത്താൽ പിന്നെ എന്നും എന്റെ അച്ഛന്റെ നിഴലായ് അവർ ജീവിച്ചു പോന്നു.
അച്ഛന് വെറൊരു ജേഷ്ഠൻ കൂടിയുണ്ടായിരുന്നത്രെ.. അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗവും എന്റെ ജനനത്തിന് മുന്നിലായിരുന്നതിനാൽ ഗോപാലൻ എന്ന നാമധേയമല്ലാതെ കൂടുൽ ഒന്നും എനിക്കറിവില്ല..

കൂടാളി ഹൈസ്കൂളിലെ പഠനത്തിന് ശേഷം അച്ഛൻ പഠനം തുടർന്നത് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് രാജാസ് ഹൈ സ്കൂളിനോടു ചേർന്ന ട്രെയിനിങ്ങ് സ്കൂളിൽ അദ്ധ്യാപനവൃത്തിക്ക് വേണ്ടിയുള്ള ട്രെയിനിങ്ങിന് വേണ്ടിയായിരുന്നു ..
അവിടെയും മേൽപ്പറഞ്ഞ മഹാകവി ശ്രീ കുഞ്ഞിരാമൻ നായർ അവിടെയും ഉണ്ടായിരുന്നുവത്രെ..

സംഭവബഹുലമായ കൊല്ലംങ്കോട് ട്രയിനിങ്ങ് സ്കൂൾ വിശേഷങ്ങൾ ഇനി അടുത്ത ലക്കത്തിൽ... 

by:
കൃഷ്ണ കുമാർ കൂടാളി
@ Copy Right Reserved.

*ESLC = പണ്ടുകാലത്ത് Upസ്കൂളുകളിൽ 6, 7, 8 തരം വരെ പഠിക്കണമായിരുന്നു, അതിൽ അവസാനത്തെ കൊല്ലം Public Exam ആണ്, അത് pass ആയവർuntrained അദ്ധ്യാപകരായി ജോലി ചെയ്തിരുന്നത്രെ..
 ഹൈസ്കൂൾ ക്ലാസ്സുകൾ ഇപ്പോഴത്തെ പോലെ 3വർഷം തന്നെ,അതായത് SSLC ആകുമ്പോഴേക്കും 11 കൊല്ലത്തെ പഠിപ്പ് വേണ്ടി വരുമെന്ന് സാരം.
* കുളുത്തത് = പഴം കഞ്ഞി ( തലേ ദിവസത്തെ ചോറ് )
-----
Note--ഒന്നാം ഭാഗം കഴിഞ്ഞ ദിവസത്തെ Post ൽ കാണുക