Monday, February 19, 2018

അഗ്നിശിഖ-(നോവല്‍) Part-2

"അഗ്നിശിഖ " ( നീണ്ട കഥ) - ദളം -ഒന്‍പതു (9)
=========================
സൗഗന്ധികം.
-----------------------
''സുഗന്ധി.''.
പേരു ദ്യോതിപ്പിക്കുന്നതു പോലെ സൌഗന്ധിക പാരിജാത പൂവിനെ പോൽ അഴകുള്ളവൾ സുഗന്ധീ .. എണ്ണക്കറുപ്പിന്റെ ഏഴഴകോടു കൂടിയവള്‍...

കടക്കണ്ണിലൂടെ ഇടയ്ക്കിടെ അവളുടെ കടാക്ഷം സുമേഷിൽ ചെന്നെത്തുന്നുണ്ട്‌...അത് കൊണ്ട് തന്നെ ചെണ്ടമേളം പാരമ്യത്തിലെത്തിയിട്ടും സുമേഷ് എന്തോ മറന്നവനെ പോലെ നില്ക്കുകയാണ്.. .ദര്‍പ്പണം കയ്യില്‍ കിട്ടാതെ ആയപ്പോള്‍ കൊലധാരിയായ കിട്ടുണ്ണി പെരുവണ്ണാന്‍ അലറി..കല്ലാടി...

കുമ്പള വീരന്‍റെ കോലം ധരിച്ച് തിരിച്ചെത്തിയ നാണു പ്പെരുവണ്ണാൻ ദര്‍പ്പണം കാണിച്ചപ്പോഴാണ് സുമേഷിന് അമളി മനസ്സിലായത്.. വെളുത്ത ഭൂതത്തിന്‍റെ ക്രൂദ്ധ ഭാവം കൈവരിച്ച കോലധാരി സടകുടഞ്ഞെഴുന്നേറ്റു...മറ്റു തെയ്യങ്ങൾക്കുള്ളത് പോലെ പള്ളിയറക്ക് മുന്നില്‍ വന്നു തോറ്റം ചൊല്ലുന്ന പതിവില്ലാത്തതിനാല്‍ ക്ഷേത്രാങ്കണം വേഗം തന്നെ, തെയ്യത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി...
ദ്രുത താളത്തിലാണ് ചെണ്ടമേളം..വാദ്യക്കാര്‍ തങ്ങളുടെ കഴിവുകളുടെ മാറ്റുരക്കുന്നതും വെളുത്ത ഭൂതത്തെയ്യപ്പുറപ്പാടിലാണ്... ഭൂതത്താർ ചെമ്പക തറയില്‍ നിന്ന് നേരെ പടിഞ്ഞാറ് മുറ്റത്ത്‌ വന്നു പതുങ്ങി നിന്നു..
അതിനിടയില്‍വൈദുതി വിളക്കുകള്‍ അണയുകയും നല്ല തീവെട്ടികളും ഓലച്ചൂട്ടുകളും പൊൻപ്രഭ ചൊരിയുകയും ചെയ്തപ്പോള്‍ തെയ്യത്തിന്റെ ചുണ്ടുകള്‍ ചായില്യ ചോപ്പിന്റെ അഴകിനാല്‍ ചോര കിനിഞ്ഞിറങ്ങിയത് പോലെ കാണപ്പെട്ടു..താളം മുറുകവേ...ജനാരവങ്ങൾ മാറ്റൊലിയായി മുഴങ്ങവേ...ആസുര നർത്തന ചുവടുമായി വെളുത്ത ഭൂതം പള്ളിയറക്ക് മുന്നിലേത്തി, അകത്തേക്ക് നേരെ കൈചൂണ്ടി അവ്യക്തമായി എന്തോ ഉച്ചരിച്ചു കൊണ്ടു ഭൂതത്തറയിലെ ഇരുമ്പ് ദണ്ഡടുത്തു ചുഴറ്റി ചുമലിലേന്തിക്കൊണ്ടു, തലങ്ങും വിലങ്ങും പാഞ്ഞു വന്നു പള്ളിയറയുടെ നടക്ക് മുന്നില്‍ സ്ഥാപിച്ച വെട്ടു കല്ലുകളില്‍ കലി തീരുവോളം ആഞ്ഞടിച്ചു.. ഇരുമ്പ് ദണ്ഡുകൊണ്ടുള്ള പ്രഹരത്താല്‍ വെട്ടു കല്ലുകള്‍ ചിന്നി ചിതറി...പിന്നെയും കലിപൂണ്ട് നടനം..ഇടയ്ക്കു വാദ്യം നിര്‍ത്താന്‍ ആഗ്യം കാണിക്കും..അപ്പോള്‍ നിലത്തു ഒറ്റ മുട്ട് കുത്തിയിരുന്ന്, മറ്റേ കൈയിലെ ദണ്ഡും, നിലത്തു കുത്തിക്കൊണ്ട് അവ്യക്തവും ആംഗ്യ രൂപത്തിലും ഉള്ളതായ വാഗ് പ്രയോഗങ്ങള്‍, ഗുണം വരണെ എന്നാണ് പ്രഘോഷിക്കുന്നത് എന്ന് സാകൂതം ശ്രദ്ധിച്ചാൽ മനസ്സിലാകും.....മറ്റു തെയ്യക്കോലങ്ങൾക്ക് ഉളളത് പോലെ വിശദമായ വാശാല്‍ പ്രയോഗം ഇല്ലാത്തതിനാല്‍ അനുഗ്രഹം ചൊരിയൽ ചടങ്ങുകൾ കാണാനും നല്ല ചേലാണ്. അതു കഴിഞ്ഞാൽ,പിന്നെ ഒരു പോക്കാണ് ക്ഷേത്രാങ്കണം കടന്നു പാടങ്ങള്‍ കടന്നു അദൃശ്യമായ ദിക്കിലേക്ക്..പോകുന്ന പോക്കില്‍ ബലി അര്‍പ്പിക്കാനുള്ള കോഴിയെ കൈയ്യില്‍ കൊടുക്കും...കൊഴിയുടെ വായില്‍ അരിയിടുന്ന ചടങ്ങ്...അത് കഴിഞ്ഞു അജ്ഞാത സ്ഥലത്തേക്ക് അരവങ്ങളിലെല്ലാതെ യാത്ര,,,രഹസ്യ പൂജയ്ക്കക്കാക്കാവണം, ആ യാത്ര..തദവസരങ്ങളിൽ ആരും തന്നെ തെയ്യം പോകാന്‍ ഇടയുള്ള സ്ഥലങ്ങളിലൂടെ വഴി നടക്കുകയില്ല....ഏകദേശം അരമണിക്കൂര്‍ നീളുന്ന രഹസ്യ സ്ഥലത്തെ പൂജക്കൊടുവില്‍ കോഴി ചോരക്കുടിച്ച രൌദ്ര ഭാവതിലൂടെയുള്ള മടങ്ങി വരവും അതി ഗംഭീരമാക്കുമ്പോഴാണ് കൊലധാരിയുടെ മികവ് കൂടി വരുന്നത്..ഇത്തവണയും വെട്ടുകല്ലുകള്‍ ആഞ്ഞു പൊട്ടിക്കും...പുരുഷാരങ്ങള്‍ ആർപ്പ് വിളിക്കുമ്പോൾ കോലധാരി ക്രൂദ്ധനായി ദണ്ഡുമായി ജനങ്ങൾക്ക് നേരെ തിരിയുന്നതും ഹരമുള്ള കാഴ്ച്ചയാണ്. ചില സമയങ്ങളിൽ നിയന്ത്രണം നഷ്ടപ്പെട്ട് ജനങ്ങൾ തമ്മിലടിക്കാനും കാരണമുണ്ടാകാറുണ്ട്.. എങ്കിലും വലിയൊരു അനിഷ്ട സംഭവം നാളി തേവരെയായി ഉണ്ടായിട്ടില്ല എന്നതാണ് സമാശ്വാസം ...തത്സമയം ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ തണ്ടും തടിയുമുള്ള ചെറുപ്പക്കാര്‍ കൈകള്‍കോര്‍ത്ത്‌ മനുഷ്യക്കോട്ട പോലെ അണി നിരക്കും. നിയന്ത്രണം നഷടപ്പെടാതിരിക്കാന്‍..!

''ഭൂതം കോഴിയെ മേടിക്കാണ്ടാന്നല്ലോപോയത്''

എന്നാരോ പറഞ്ഞത് പോലെ സുമേഷിനു തോന്നി..

അതിനിടയില്‍ ഇത്തിരി ചാറ്റല്‍ മഴ പൊടിയുകയും ചെയ്തു..

വളരെ പെട്ടെന്നാണ് സുമേഷു ചാടി എഴുന്നേറ്റത്‌..!!.

സ്ഥലകാല വിഭ്രമം പൂണ്ടു അവന്‍ ചുറ്റും നോക്കി..

അച്ഛന്‍ കെട്ടിയ വെളുത്ത ഭൂതം എവിടെ?ചെണ്ടമേളവും കേള്‍ക്കുന്നില്ലല്ലോ?
താന്‍ എവിടെയാണ? സ്വബോധം നഷ്ടപ്പെട്ടവനെ പോലെ സുമേഷ് ചുറ്റിലും പരതി..
ചെമ്പക ചോട്ടില്‍ ഓലപ്പായയില്‍ കിടക്കുകയാണല്ലോ താന്‍..
സുമേഷ് തല തിരിച്ചു നോക്കുമ്പോല്‍ അച്ഛന്‍ തന്റെ ചാരെ കിടക്കുണ്ട്....അപ്പോള്‍ സ്വപനം കണ്ടതായിരുന്നു താന്‍ അല്ലെ? അവന്‍ ആത്മ ഗതം ചെയ്തു..എന്നിട്ടും സംശയം തീരാഞ്ഞിട്ടു സുഗന്ധിയെ കണ്ട സ്ഥലത്തേക്ക് പാളി നോക്കി..അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല..ഇന്നെന്തേ താന്‍ സുഗ്നധിയെ ഓര്‍ക്കാന്‍ കാരണം?

സുമേഷ് വീണ്ടും ഉറക്കത്തിലേക്കു ഊളിയിട്ടു..
------------------
കുഭം അഞ്ചാം തീയ്യതിയിലെ പ്രഭാതം...ഹിമ കണങ്ങള്‍ക്ക് പകരം മേഘങ്ങള്‍ പെയ്യാന്‍ കൊതിച്ചിരിക്കുകയാണെന്ന് തോന്നും....തലേന്ന് പെയ്ത ചാറ്റല്‍ മഴ ഇന്ന് വീണ്ടും ശക്തികാട്ടാനുള്ള ഭാവത്തിലാണെന്നു തോന്നുന്നു,,പറഞ്ഞു തീരും മുമ്പേ മഴ എത്തി...വടക്കന്‍ കാറ്റിന്റെ അകമ്പടിയോടെ..

"ശിവ, ശിവ .. ഭേഷായിരിക്കണു.. കുംഭമാസത്തീ മഴ പെയ്യോ?
" കുഭത്തിൽ മഴ പെയ്താൽ കുപ്പയിലും, മാണിക്യം " എന്നാണല്ലോ ചൊല്ല്
അല്ലേ കിട്ടുണ്ണീ ..
പടിഞ്ഞിറ്റയിലെ ഉമ്മറത്ത്ചാരുകസേരയിൽ ഇരുന്ന് കൈവരികളിൽ താളം പിടിച്ചു കൊണ്ടാണ് കുഞ്ഞമ്പുക്കൈക്കോർ മഴ നന്നായ് ആസ്വദിക്കുന്നതെന്ന് കാണുന്നവർക്ക് അറിയാം..
വട്ടത്തൂണിനോട് ചേർന്ന് നിലത്തിരുന്ന് വെറ്റില പരതുകയായിരുന്ന കിട്ടുണ്ണിപ്പെരുവണ്ണാൻ അതു കേട്ട് കുംഭ കലുങ്ങി ചിരിച്ചു..
തെയ്യച്ചടങ്ങുകൾക്കായി അരിപ്പൊടി വാങ്ങാൻ വേണ്ടി അതു വഴി വന്ന വേലുപ്പണിക്കർ പറഞ്ഞു,

"അടിയത്തറത്തിന്റെ ചെല വർത്താനം കേട്ടാ ഞാൾക്ക് ഒന്നും തിരിയലില്ല, എന്തിന്നാ പറഞ്ഞേന്ന് "

അതെന്നാന്ന് വച്ചാല് , കൈക്കോർ കുറെ കൊല്ലായി നാട് വിട്ട് നിന്നതോണ്ടാ, വേലു...

"നമ്മള് തെയ്യം കെട്ടിക്കഴിഞ്ഞാൽ വാശാല് പറയന്നതും വെറെ രീതിയിലല്ലേ "

ഇതും അത്രേയുള്ളൂ.

"അതേപ്പാ.. ഞാളും ബെറുതേ പറഞ്ഞീന്നേ ഉള്ളൂ",

വേലുപ്പണിക്കർ ചിരിച്ചു കൊണ്ട് പറഞ്ഞു

രാവിലെ തെയ്യക്കാർക്ക് ചാമക്കത്തി തയ്യാറാക്കുമ്പോഴായിരുന്നു സാമാന്യം ശക്തമായ മഴ പെയ്തത് ..
"ഊയ്യെന്റെ ദേവീശ്വരാ.. വിറകെല്ലാം നനഞ്ഞു പോകുലോ."
പാറ്യോ .. വടക്കോറത്തെ ആ വിറകെല്ലാം ബാരിവക്കോ?
ദേവകി അമ്മ തലയിൽ തോർത്തെടുത്ത് വച്ച് വിറകു വച്ചിടത്തേക്ക് ഓടുന്നതിനിടയിലാണ് പണിക്കാരി തച്ചങ്കണ്ടി പാറുവിനോട് പറഞ്ഞത്...
പ്രഭാതങ്ങളിലും വൈകുന്നെരങ്ങിലും. കുറേശ്ശെ മഞ്ഞു വീഴ്ച ഉണ്ടാകാറുണ്ടെങ്കിലും സാധാരണയായി കുംഭമാസത്തില്‍ മഴ പെയ്യാറില്ല...മേലേടത്ത് കാവിലെ തിറയാട്ടം, പൊടി, പൊടിക്കവേ, എത്ര പെട്ടെന്നാണ് മാനത്ത് മേഘങ്ങള്‍ ഉരുണ്ട് കൂടിയത്..?
*********
പ്രായം എത്ര കൂടിയാലെന്താ ഒതേന പെരുവണ്ണാന്റെ ശ്രീപോര്‍ക്കലി കോലം, സൗമ്യതയുടെ മൂർത്തീഭാവവും, അനുഗ്രഹ ഭാഷണ ചാരുത കൊണ്ടും അനുപമം തന്നെ എന്ന് പറയാതെ വയ്യ..തമ്പുരാട്ടിയുടെ തോറ്റം ചടങ്ങുകള്‍ക്ക് ഒടുവിലാണ്,, തെയ്യച്ചടങ്ങുകള്‍ ആരംഭിക്കുന്നത്,,, കലശക്കാരന്‍ സുകുമാരന്‍ കാലെക്കൂട്ടി എത്തി വാഴത്തടകള്‍ കൊണ്ട് കലാശത്തറ ഒരുക്കി പന്തം കൊളുത്തി വരുമ്പഴേക്കും,
കുമ്പള വീരന്‍ എന്ന പരുത്തി വീരന്‍ തെയ്യം പുറപ്പെട്ടിരിക്കും...
സിദ്ധ ശക്തിയുള്ള മനുഷ്യര്‍ വീര ചരമം പ്രാപിക്കുന്നതാണ് വീരന്മാര്‍..
കുമ്പള വീരനും ആക്കൂട്ടത്തില്‍ തന്നെ...ദേഹമാസകലം പരുത്തി അണിഞ്ഞു മെയ് വഴക്കത്തോടെ കളരി മുറകള്‍, ആയോധന മുറകള്‍ എന്നിവ കാട്ടി, ചാടി മറിഞ്ഞു ജനത്തെ അത്ഭുത പരതന്ത്രനാക്കുകയാണ്..നാണു പ്പെരുവണ്ണാന്‍ കെട്ടിയ കുമ്പള വീരന്‍...
വിനുക്കുട്ടന്‍ സുമേഷിനോട് ചോദിച്ചു

"മാമാ ഈ കുമ്പള വീരനെന്യാ പരുത്തി വീരന്‍ ? പിന്നെ ആ തെയ്യത്തിന്റെ കഥ ഒന്ന് പറഞ്ഞു തര്യോ മാമാ?"

സുമേഷ് പറഞ്ഞു

"മാമന് കൂടുതലൊന്നും അറിയില്ല മോനെ.. "

മാമന് അറിയുന്നത് പറഞ്ഞു തന്ന മതി..

വിനു ക്കുട്ടന്‍ വിടാനുള്ള ഭാവമില്ല

"ശരി അറിയുന്ന കാര്യം പറയാം.. "

കുമ്പള ദേശത്തെ ഒരു സാധു ബ്രാഹ്മണന്‍ ആയിരുന്നു പൂര്‍വ്വ കാലത്ത് കുമ്പള വീരന്‍,,ദേവി ആദിപരാശക്തിയില്‍ വിശ്വസിച്ചു പോന്ന ബ്രാഹ്മണനില്‍ ദേവി പ്രസാദിക്കുകയും മാനുഷ വേഷത്തില്‍ ഒപ്പം കൂട്ടാന്‍ നിവൃത്തിയില്ലാത്തതതിനാല്‍ ബ്രാഹ്മനെനെ നിഗ്രഹിച്ചു ഒപ്പം കൂട്ടിയെന്നുമാണ് ഞാന്‍ കേട്ടിട്ടുള്ളത് കേട്ട്വാ മോനെ..
വിനുക്കുട്ടന്‍ ശരിയെന്നർത്ഥത്തില്‍ തല കുലുക്കി.

സുരേശന്‍ പണിക്കരുടെ ഗുളികന്‍ തകർത്താടുന്നതിനിടയില്‍ പെയ്ത ചാറ്റല്‍ മഴ അധികമാരുടെയും ശ്രദ്ധയില്‍ പെട്ടില്ല,,

രാജന്‍ പണിക്കരുടെ ദൃഷ്ടിയില്‍ ഒഴികെ;മിന്നുന്ന കഷണ്ടി തലയില്‍ ജല കണങ്ങള്‍ പതിച്ചപ്പോള്‍ അയാള്‍ ഓടി പോയി ഒരു തോർത്തെടുത്തു തലയില്‍ വരിഞ്ഞു കെട്ടി..
വേലുപ്പണിക്കര്‍ ഇതൊക്കെ സാകൂതംനോക്കിക്കാനുന്നുമുണ്ട്..

''നീയെന്നാ മോനെ രാജ പീപ്പി ഊതല്‍
നിര്‍ത്തീറ്റ് തെയ്യം കെട്ടാന്‍ പോലാനോ?''
വെളുപ്പണിക്കര്‍ കളിയാക്കി ചോദിച്ചു

''ഇങ്ങളെന്നാപ്പാ ഏതു സമയം നോക്ക്യാലും ആളെ മക്കാറാക്കുന്നത്''

രാജന്‍ പണിക്കര്‍ക്ക് ദേഷ്യം വന്നു...

''മര്യാദക്ക് ചെണ്ടാകൊട്ടാനറിയോ നിങ്ങക്ക്''

പോട്ടു ചീനി വായിക്കാനറിയോ ഇതാ ഇത് പോലെ?
അതും പറഞ്ഞു രാജന്‍ പണിക്കര്‍ ചീനിക്കുഴലെടുത്തു വാദനം ആരംഭിച്ചു..
പീ,പീപീ... ഇതുപോലെ എന്ന് പറഞ്ഞിട്ട് ചീനിക്കുഴലൂതാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ഭാഗ്യത്താല്‍ അപശ്രുതിയാണ് പുറത്തു വന്നത്..
വേലുപ്പണിക്കര്‍ക്ക് കളിയാക്കാന്‍ ഒരുകാരണവും കൂടിയായി..
.
''അമ്പട മോനെ രാജാ..നീയാള് ജഗജില്ലിയന്നെ...ജോറായിട്ടുണ്ട്'' നിന്‍റെ പീപ്പി വിളി..പക്കെങ്കീ..ബയ്യെപ്പുറം ഒരു പാള എടുത്തു വച്ച് കെട്ടണമെന്നെയുള്ളൂ..''
അതും പറഞ്ഞു വേലുപ്പണിക്കര്‍ ഉച്ചത്തില്‍ ചിരിച്ചു..
രംഗം പന്തിയല്ലെന്നു കണ്ടപ്പോള്‍ ഇളിഭ്യനായി രാജന്‍ പണിക്കര്‍ അവിടെ നിന്നും സ്ഥാനം മാറിനിന്നു,,

രാജന്‍ പണിക്കര്‍ അരസികനും വിടുവായിക്കാരനുമാണ്..

വേലുപ്പണിക്കറാകട്ടെ, സാന്ദര്‍ഭികമായി ഹാസ്യഭാഷണം ചെയ്യുന്നതില്‍ ബഹു കേമനുമാണ്....കുറിക്കു കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ നര്‍മ്മ രസം എന്ന് എടുത്ത് പറയേണ്ടതാണ്..

ആകാശം മേഘാവൃതമാണ്..ഏതു നിമിഷവും മഴ പെയ്യാം..

ഇനിയാണ് യഥാര്‍ത്തില്‍ ആവേശം കൊള്ളിക്കുന്ന വെളുത്ത ഭൂത പ്പുറപ്പാട്..മുഖത്തെഴുതിന്നു സുമേഷിനെ കൂടാതെ വിനുക്കുട്ടനും കാര്യമായി ചമയ രംഗത്തുണ്ട്...കൂടാതെ അച്ഛാച്ചന്റെ വലം കൈയ്യായി തന്നെ അവന്‍ സജീവമാണ്.
.
വൈദ്യുത വിളക്കുകളും, അലങ്കാരങ്ങളും അണച്ചപ്പോൾ,തീവെട്ടിപ്പന്തങ്ങളുടെ ചന്തത്തോടൊപ്പം, ഒല ചൂട്ടിന്റെ ജ്വാലയും ചേർന്ന് മേലേടത്ത് തിരുമുറ്റം .. വെളുത്ത ഭൂതത്താറുടെ തെയ്യപ്പുറപ്പാടിന്റെ മുന്നൊരുക്കങ്ങളാണിവയൊക്കെ ..
ആസുര താളം മുറുകി വരുന്നു ... ആകാംക്ഷയുടെ കൊടുമുടിയിലാണ് കാണികൾ.. വലം തല ചെണ്ടയിൽ നാദവിസ്മയം തീർക്കുകയാണ് വാദ്യക്കാർ .. അനുമോനും, വേലുപ്പണിക്കരുടെ മക്കൾ, ശ്രീരാജും,ശബരീഷും, ചന്തുപ്പണിക്കരുടെ ഇടം തല ചെണ്ടപ്പെരുമയ്ക്ക് മാറ്റുകൂട്ടുന്നത് എഴുപതിന്റെ നിറുകയിലും ചുറുചുറുക്കോടെയുള്ള കൈ താളമാണ് .. എല്ലാവരും ഉററുനോക്കുന്നത് കിഴക്കോട്ടാണ്...
അപ്പോൾ, ചെമ്പകച്ചോട്ടിലെ അണിയയറിൽ സുമേഷിന്റെയും, കൂട്ടരുടെയും, കരവിരുതിനാൽ കിട്ടുണ്ണിപ്പെരുവണ്ണാൻ വെളുത്ത ഭൂതത്തിലേക്കുള്ള പരകായപ്രവേശത്തിലായിക്കുന്നു ..
ചായില്യച്ചോപ്പും, മനയോലയും ചേർന്ന നിറം, ചെമ്പോരയൊലിപ്പിക്കുന്ന ചുണ്ടുകളെ ദ്യോതിപ്പിക്കുന്നതും, കരിമഷിച്ചാന്തിനാൽ കണ്ണൂകളാണെങ്കിൽ ആസുര ഭാവവത്തേയും സൂചിപ്പിക്കുന്നു ....കൂടാതെ, വെള്ള നിറം കിട്ടാൻ വേണ്ടി ദേഹമാസകലം പുരട്ടിയ അരിച്ചാന്തും, ഭൂതത്താർക്കു യോജിച്ച കിരീടവും മറ്റു അണിയലങ്ങളും എല്ലാം ചേർന്നാൽ വെളുത്ത ഭൂതത്താറെന്ന തെയ്യക്കോലമാകാൻ സുമേഷ് നീട്ടിയ ദർപ്പണത്തിലേക്ക് കിട്ടുണ്ണിപ്പെരുവണ്ണാന്റെ കരിമഷി കണ്ണുകൾ പതിഞ്ഞപ്പോൾ അവ കൂടുതൽ ക്രൌരങ്ങളായി.. വലിഞ്ഞു മുറുകി, കാൽ വളകൾ കിലുങ്ങി .. പതുക്കെ കിഴക്കോട്ട് ചെന്ന്, കാൽചിലങ്കകൾ കിലുക്കി ജനവരങ്ങൾക്കൊപ്പം അലറിപ്പാഞ്ഞു ഭൂതത്തറയിലേക്ക് ..പാതിരാവിന്റെ മൂർദ്ധന്യത്തിലാണെങ്കിലും, ഈ തെയ്യത്തിന്റെ പുറപ്പാടു കാണാൻ ക്ഷേത്ര പരിസ്സരം ജന നിബിഢമായിക്കും, വിശിഷ്യാ ചെറുപ്പക്കാർ .. അവരുടെ ആവേശപ്പെരുമഴയോടൊപ്പം ദ്രുതതാളത്തിലുള്ള ചെണ്ടമേളവും..
*****************
അജ്ഞാത ദിക്കിലെക്കു ഭൂതം യാത്ര പോയിട്ട് ഒരുപാട് നേരമായിരിക്കുന്നു...സാധാരണഗതിയില്‍ രണ്ടു മൂന്നു പേര്‍ രഹസ്യമായി തെയ്യത്തെ അനുഗമിക്കാറുണ്ട്..അവരെയും കാണുന്നില്ല..അക്ഷമനായ സുമേഷു തെയ്യം പോയ ദിക്കിലേക്ക് പോകാന്‍ ഇറങ്ങി തിരിച്ചപ്പോള്‍ അകലെ നിന്ന് ആരവം കേട്ടു,, വീണ്ടും ചെണ്ടമേളം..ആവേശത്തോടെ തെയ്യ ചടങ്ങുകള്‍ പൂര്‍ത്തി കരിച്ചു അണിയലങ്ങള്‍ അഴിച്ചു മാറ്റുമ്പോള്‍ സുമേഷ് പറഞ്ഞു-

i"എന്തോ ഇപ്പ്രാവശ്യം ഞാന്‍ വല്ലാതെ പേടിച്ചു....

അച്ഛന് ആപത്തൊന്നും പറ്റിയില്ലല്ലോ അല്ലെ?

അച്ചാച്ചന്റെ ഒപ്പരം തന്നെ ഞാനും ഉണ്ടെനു മാമാ...അച്ചാച്ചന്‍ അറിയാണ്ട് ബയ്യതന്നെ ഞാനും പോയിനെനു... "

"അന്‍റെ അച്ചാച്ചനും മാമനും ഒന്നും ഞാനുള്ളടത്തോളം പേടിക്കണ്ട കേട്ടോ..!!"

വിനുക്കുട്ടന്‍റെ വാക്കുകള്‍ കേട്ടപ്പോൾ അത്ഭുതത്തോടെ സുമേഷും കിട്ടുണ്ണി പ്പെരുവണ്ണാനും അവനെ സ്നേഹാധിക്യത്തോടെ മാറോടണച്ചു..

അവിടെ ഉണ്ടായിരുന്ന ഉഷയും സന്തോഷത്തോടെ കണ്ണുകൾ തുടച്ചു..
ശ്രീ പോർക്കലി അമ്മ കൂടെയുള്ളപ്പോൾ എന്തിന് പേടിക്കണം അല്ലെ എന്റെ തമ്പുരാട്ടി, പോരാത്തതിന് അമ്മയുടെ സ്വന്തം ഭൂതത്താറും ..
കിട്ടുണ്ണിപ്പെരുവണ്ണാൻ പള്ളിയറയിലേക്ക് നോക്കി തൊഴുതു പ്രാർത്ഥിച്ചു!

തദവസരം,വിശ്വ സ്വരൂപിണി മേലെടത്തമ്മ(പുതിയ ഭഗവതി) പുലരിയുടെ പൂ വെട്ടമായി കത്തി ജ്വലിക്കുന്ന തീപന്തവുമായി പീഠത്തിലെറി നില്‍ക്കുകയും മേലേടത്ത് സ്ഥാനികനായ ദിവാകരന്‍ നമ്പ്യാര്‍ ഗുരുത് തർപ്പണത്തിനു വേണ്ടി, വലിയ വട്ടളത്തില്‍ ജലത്തില്‍ മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത് രക്തമയമാക്കിയതില്‍ നേർച്ചക്കോഴിയെ ബലി കഴിപ്പിച്ചു ഗുരുതി തര്‍പ്പണം ചെയ്യുകയായിരുന്നു...

ഇതെല്ലാം, കണ്ടു കൊണ്ടാണ് കിഴക്കേ ചെരുവില്‍ അരുണന്‍ തേർ തെളിച്ചെത്തിയത് പകലിന്നു പൊന്‍ പ്രഭയേകാന്‍...
ശ്രീ പോർക്കലീയുടെ തിരുമുടിയുയരാൻ യാമങ്ങൾ ഇനിയും കാത്തിരിക്കണം.
ചോന്നമ്മക്കോട്ടത്തിൽ നിന്നും കൊണ്ടുവന്ന നീളൻ തിരുമുടിയിൽ തമ്പുരാട്ടിയമ്മയുടെ ചമയങ്ങൾ ഒരുക്കുന്ന തിരക്കിലാണ് നാണു പ്പെരുവണ്ണാനും, കൂട്ടരും .. കൂട്ടത്തിൽ വിനുക്കുട്ടനുമുണ്ട് ..

കഥ ഇനിയും ,തുടരും ..
@ copy Right Reserved .
ഫോട്ടോ കടപ്പാട് .. ( ശ്രീ Venugopalan Nambiar Thalimadathil- കൂടാളി, താറ്റിയോട് ശ്രീ ചെറുകൊട്ടാരം ക്ഷേത്രം)
ഈ ലക്കത്തിലെ പദ പരിചയം..

*അടിയത്തര്ത്ത്= മലയന്‍ പണിക്കര്‍ സമുദായക്കാര്‍ മേല്ജാതിക്കാരെ അഭി സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന വാക്ക്
* വടക്കോറം= വടക്ക് ഭാഗം
* മക്കാറാക്കൽ = കളിയാക്കൽ

No comments:

Post a Comment