Wednesday, September 20, 2017

ശീവോതിപ്പൂക്കള്‍ (ലേഖനം)

''ശ്രീലകത്തേക്കമ്മേ,ശീവോതിയമ്മേ എഴുന്നെള്ളിയാലും..
'' അത്തം തൊട്ട് പത്തോണം, തിരുവോണം അങ്ങിനെ ആണല്ലോ നാട്ടിലെങ്ങും കൊണ്ടാടുന്നത്.....
ചിങ്ങമാസപ്പൊലിമയിൽ പൂവിളികളുടെ ഗരിമയിൽ പൂക്കള വിസ്മയം ഒരുക്കി, ഗംഭീരമായ ഓണസദ്യയും ഉണ്ട്, ഏമ്പക്കം വിട്ടാൽ അവിടെ പൂക്കളങ്ങള്‍ക്ക് പരിസമാപ്തിയായെന്നു കരുതിയാൽ തെറ്റി.. വടക്കേ മലബാറിലെ കാര്യമാണ് പറയുന്നത് കേട്ടോ?
ഓണക്കാലത്ത് പച്ചോലകൾ ചീന്തിയെടുത്ത് കരകൗശലത്തോടെ പുച്ചെല്ലം ( ഞങ്ങളുടെ നാട്ടിൽ "കൊമ്മ" എന്നാണ് അറിയപ്പെടുന്നത് )മെടഞ്ഞു തരുന്നത് അച്ഛനായിരുന്നു ... ഓലപ്പീപ്പി.. ഓല പന്ത് ഇവയൊക്കെ നല്ല ചാരുതയോടെ ഉണ്ടാക്കി തന്നിരുന്നത് ഇത്തരുണത്തിൽ ഓർക്കൂ യാണ്.. പറഞ്ഞു വന്നത്, പൂച്ചെല്ലത്തിൽ പൂക്കൾ ശേഖരിക്കാൻ തൂമഞ്ഞ് പുതഞ്ഞ മരതകപ്പച്ച വിരിച്ച പാടവരമ്പുകളിൽ കാക്കപ്പൂ ,അരിപ്പൂ എന്നിവയൊക്കെ പതുക്കെ ഇടർത്തിയെടുത്ത്, തോട്ടിറമ്പിലെ വെള്ളമന്താരങ്ങൾ, കോളാമ്പിപ്പൂ ,കൃഷ്ണ കാന്തി, തെച്ചി പിന്നെ തൊടിയിലെ വർണ്ണ വൈവിധ്യമുള്ള പൂക്കളില്ലാത്ത ചെടികളുടെ ഇലകൾ എന്നിവയെല്ലാം ശേഖരിച്ച് കൊണ്ടു വന്നാൽ, അമ്മയും, പെങ്ങളും,ഞങ്ങളുമെല്ലാം ചേര്‍ന്ന് ഭംഗിയുള്ള പൂക്കളം ഒരുക്കുമായിരുന്നു ... ഇത് ഓണക്കാഴ്ചയുടെ ചിത്രം .. തിരുവോണത്തിന്റെ അന്നേ ദിവസം പൂവിടുമ്പോൾ അത്രയും നാൾ ഇടാത്തൊരു പൂവ്,വലിയ പൂക്കളഞ്ഞിന്റെ ഒപ്പവും, അല്ലാതെ മുറ്റത്ത് ചെറിയ പൂക്കളത്തിലും ഇടേണ്ടതുണ്ട്, അതാണ് ശീവോതിപ്പൂവ്.. പേരുകേട്ടിട്ട്, ഇതൊരു പൂവാണെന്ന് കരുതേണ്ട..വീടുകളുടെ മുന്നാമ്പുറവും, പിന്നാമ്പുറവും, തിട്ടുകളുടെ ഭാഗത്തൊക്കെ ധാരാളം കാണാം.. നനവുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ചും.. പച്ച നിറത്തിത്തിലുള്ള ഏകദേശം മല്ലിയില പോലെ ഒക്കെ (ഏതാണ്ട് സാമ്യമുണ്ടെന്നേ അർത്ഥമുള്ളൂ) തോന്നുന്ന കുറ്റിച്ചെടിയാണിത്... ചിങ്ങ തിരുവോണം തൊട്ട് അടുത്ത മകം നാൾ വരെ ശീവോതിപ്പൂവിടണം .. മറ്റു പൂക്കളൊന്നും വേണ്ട.. വെറുതെ ഇട്ടാൽ പോരാ... മുറ്റമടിച്ച് വൃത്തിയാക്കി, ചാണകം തെളിച്ച് ഭക്ത്യാ, ശീവോതിപ്പൂവിട് അരിമാവുകൊണ്ട് മുറ്റത്ത് നിന്ന്, വീട്ടിന്റെ ശ്രീലകത്തേക്ക് കാല്പാടുകൾ വരച്ച് ഭദ്രദീപം കൊളുത്തി, ശ്രീ ഭഗവതിയെ ധ്യാനിക്കുന്നു ..അങ്ങിനെ മകം നാളിൽ ശ്രീ ഭഗവതി നമ്മുടെ ഭവനത്തിൽ ഐശ്വര്യവും അനുഗ്രഹങ്ങളും വർഷിക്കുന്നു എന്നാണ് വിശ്വാസം .. അന്നേ ദിവസം ശ്രീ ഭഗവതിക്കുള്ള നേദ്യമായി ( ശ്രീ ഭഗവതി = ശീവോതി ) ശീവോതിക്കഞ്ഞി തയ്യാറാക്കുന്നു... ഉണക്കലരി കൊണ്ട് വെള്ളം വറ്റിച്ച്, തേങ്ങപ്പീരയുമൊക്കെ ചേർത്താണ് ശീവോതിക്കത്തി തയ്യാറാക്കുന്നത് ... ഈ പ്രവാസതീഷ്ണതയിൽ നിന്ന് അതൊക്കെ ഓർക്കുമ്പോൾ ഇമയിഴകളിൽ നനവ് പടരുന്നു...
നാളെയാണ് മകം നാൾ ... എല്ലാവരും ശീവോതിക്കഞ്ഞി കഴിക്കാൻ മറക്കേണ്ട കേട്ടോ! എല്ലാവരുടെയും, ശ്രീലകങ്ങളിൽ ഐശ്വര്യം വർദ്ധിക്കുമാറാകട്ടെ...
കൃഷ്ണ കുമാർ.കൂടാളി
 ദോഹ, ഖത്തർ.
(Copy Right Reserved)
ഫോട്ടോ കടപ്പാട്..വിക്കിപ്പീഡിയ

No comments:

Post a Comment