അണയാത്ത ദീപമേ, ജ്വലന പ്രകാശമേ...
നിന്റെ തിരിനാളമെന്നു മണയാതിരിക്കട്ടെ..
ഇരുട്ടിലമരാത്ത സൗഹൃദ ഗോപുരങ്ങൾ
ഉയർന്നു തന്നെ നില്ക്കട്ടെയെന്നുമെന്നും !!.
നുറുങ്ങുവെട്ടമൊന്നു തരുമോ ഉറക്കമുണ -
രുവാൻ, രാ തല്പങ്ങളിലഭിരമിച്ചു പോയി..
മടിയുണ്ട്, പക്ഷെ ഉദയ സൂര്യൻ മാടി വിളിക്കു-
ന്നവെന്നയലത്തെ പൂവൻ, വിളിച്ചുകൂവി.!!
അണമുറിയാതെ പെയ്യുന്നു മഴ, തോരാമഴ ..
ഇഴപിരിയാതെ ചേമ്പിലകളോട് കലമ്പുന്നു!.
ഇടി വെട്ടിത്തിരിത്തി കൂടുന്നുണ്ടൊന്നൊറ്റക്കി -
രിക്കട്ടെ,യീ തിണ്ണയിറമ്പിലെ ഗത കാലങ്ങളിൽ !
ഈ പ്രഭാതവുമീ മണ്ണും, കടന്നു വേണമെനിക്ക് -
നാളെയൊരു യാത്രക്കിറങ്ങുവാ,നതു വരെയീ-
യഷ്ടാക്ഷരീ ജപമുയർന്നീ ഗേഹത്തിൻ നടുമുറ്റ-
ത്തിറങ്ങി നില്ക്കട്ടെ, ഒരല്പമാശ്വാസത്തിനായ്.!!
ഇവിടുച്ഛ്വാസ വായുവിനെന്തു സുഗന്ധമെന്നോ?
ഓർമ്മകളിലേക്ക് തിരികെ നടക്കവെ പിന്നിലൊരു
കണ്ഠ ശുദ്ധി കേട്ട ഞാൻ തിരിഞ്ഞു നോക്കവെ,
ഇളം തെന്നലെന്നെ തഴുകിയെങ്ങോ മറഞ്ഞു!!
ഒരു ഭദ്രദീപം കൊളുത്തി വച്ചിട്ടുണ്ടെന്റെ നെഞ്ചി -
നു ള്ളൽ സുഭദ്രമാ,യതുമതി തിരികെ വരുവോ -
ളതു,മതിയെന്റെ യാത്രയിൽ വഴിനടത്തുവാൻ !
അതു വരെയീ, പടിവാതിൽ തുറന്നിരുന്നോട്ടെ !!
കൃഷ്ണ കുമാർ.കൂടാളി
ഗോകുലം, കീഴല്ലൂർ ..
അണമുറിയാതെ പെയ്യുന്നു മഴ, തോരാമഴ ..
ReplyDeleteഇഴപിരിയാതെ ചേമ്പിലകളോട് കലമ്പുന്നു!.
ഇടി വെട്ടിത്തിരിത്തി കൂടുന്നുണ്ടൊന്നൊറ്റക്കി -
രിക്കട്ടെ,യീ തിണ്ണയിറമ്പിലെ ഗത കാലങ്ങളിൽ..
കൂടാളി മാഷെ എന്തു രസമുള്ള വരികൾ .. മരുഭൂമിയിൽ ഇന്നത്തെ അമ്പതു ഡിഗ്രി ചൂടിൽ ഒരു മഴ നനഞ്ഞ സുഖം..
അവസാനത്തെ വരികൾ അതിമനോഹരം ..
ഒരു ഭദ്രദീപം കൊളുത്തി വച്ചിട്ടുണ്ടെന്റെ നെഞ്ചി -
നുള്ളില്‍ സുഭദ്രമാ,യതുമതി തിരികെ വരുവോ -
ളതു,മതിയെന്റെ യാത്രയിൽ വഴിനടത്തുവാൻ !
അതു വരെയീ, പടിവാതിൽ തുറന്നിരുന്നോട്ടെ !!
കവിത ..പ്രമാദം
ഒത്തിരി ഒത്തിരി സ്നേഹം ഈ വാക്കുകളില്‍ കാണുന്നു,,ഈ സ്നേഹ വായ്പ്പിനു ഒരുപാട് നന്ദി,,,സാംസണ്‍ ജീ..
ReplyDelete