വെളുത്തിട്ടല്ല,കറുത്തിട്ടാണ്,വിരൂപനാം
വെറുമൊരു കാകനാമെന്നെ നീയെന്തേ
കൈമാടി വിളിക്കുന്നു? കൈ കൊട്ടി
വിളിക്കുന്നു ഇന്നുമാത്രം, എന്തിന്നുമാത്രം?
നാളിതുവരെയായി, നിന്റെയീ ഉമ്മറ പടിക്കല്‍
ഒരു ദയാവായ്പ്പിനായി നിന്‍ ചാരെ നിന്നതും
തൊണ്ട കീറി അലറി കരഞ്ഞതും നീ അറിഞ്ഞോ?
എന്നിട്ടെന്തേ നീ ഇന്നുമാത്രമെന്നെ വിളിക്കുന്നു?
ഇന്നലെ വരെ നിന്റെ എച്ചില്‍ പാത്രത്തിലെ വറ്റ്
ചികഞ്ഞപ്പോളെന്നെ നീ അശ്രീകരമെന്നോതിയില്ലേ
എന്നിട്ടുമെന്തേ ഇന്ന് നീ എന്നെ വിളിക്കുന്നു?
എന്തിനിന്നു നീ വിളിക്കുന്നു? നിന്റെ അശുദ്ധ
രക്തം കലര്‍ന്ന ബലിചോര്‍ ഉണ്ണുവാനല്ലേ ? മൃഷ്ടാന്നം
ഭോജന ശേഷ മേമ്പക്കമാലസ്യഭാവത്തിലാട്ടി
യോടിച്ച നിന്റെ യീ ചോറ് ബലിചോറല്ല
പൈദാഹം തീരാത്ത പിതൃക്കളെ മറന്ന നിന്റെ
യീ ചോറ് ഹവിസ്സെകും ബലിചോറല്ല,
നിന്റെ വ്യര്‍ത്ഥമാം വ്യയങ്ങളിലോടുങ്ങുന്ന
കൊലച്ചോറുണ്ണുവാനല്ലേ, ഉണ്ണീ നീ വിളിച്ചതു?
സാര്‍ത്ഥനാം നീ ഗര്‍വ്വ് കാട്ടുവാന്‍ പിതൃക്കളെ
വിരുന്നൂട്ടാന്‍ വിളിച്ചത് ഇന്നമാവാസിയാണല്ലെ
വന്നു നില്‍ക്കണമല്ലെ?നിന്റെ പാദാന്തികെ ?
പിതൃവ്യനാമെന്നെ കണ്ടാലറിയാത്ത നിന്റെ
ബലിചോറിന്നു വേണ്ട, ഇന്നുമാത്രം വേണ്ട
എന്നെ അറിയുന്ന ഒരുനാളില്‍ ഞാന്‍ വരും
നിന്റെ അമൃതെത്ത് സ്വീകരിക്കുവാന്‍-
സദയം പൊറുക്കൂ,ഇന്നുവേണ്ടുണ്ണീ,ഇന്ന് വേണ്ട!!
കൃഷണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍..

No comments:
Post a Comment