Sunday, August 7, 2016

കാറ്റ് മാളിക (കഥ)

''പതിനാറാം നാളും കോളും''...''കര്‍ക്കിടകം'' നിര്‍ത്താതെ പെയ്യുന്ന നാളാണല്ലോ പതിനാറാം നാള്‍...രൌദ്ര താളത്തോടു കൂടി തിമര്‍ത്തു പെയ്യുന്ന കള്ള കര്‍ക്കടകിടകം തന്റെ ശക്തി മുഴുവന്‍ ആവാഹിച്ചെടുത്ത്‌ താണ്ഡവമാടുന്നതിനാല്‍ കാക്കകള്‍ പോലും കണ്‍ തുറക്കുന്നില്ല..
മുക്കുന്നി തോട്,ആലു വളപ്പ് ചിറയും കടന്നു ചാത്തോത്ത് താഴെ കണ്ടമെല്ലാം നിറഞ്ഞു പുഴപോലെ പരന്നൊഴുകുന്നു......രാമര്‍ മാഷ്‌ ചാത്തോത്ത് താഴെ എത്തിയപ്പോള്‍ കണ്ട കാഴ്ചയാണിത്...എന്റെ താഴത്തിടത്ത് ഭഗവതീ..കല്ല്യാട്ടിറയും കടന്നു എങ്ങിനെയാ ഞാന്‍ വീട്ടിലെത്തുക? ഒരു തുണാക്കാരെയും കാണുന്നില്ലല്ലോ? ആരും വരുന്നുമില്ല..വല്യശമാന്‍ ചാത്തോതു ഉണ്ടാവുമോ എന്തോ ?
.വല്യശമാനന്റെ സമപ്രായക്കാരനായിരുന്നു നാട് വിട്ടു പോയ, തന്റെ ഏട്ടന്‍ ഒതേനന്‍..അയിത്തവും തീണ്ടലും തൊടീലും ഒക്കെ ഉണ്ടായിരുന്നെങ്കിലും..വല്യസ്മാനന്‍ ഉള്ളപ്പോ അങ്ങിനെ ആരും അങ്ങിനെ എതിര്‍ക്കില്ലായിരുന്നു,,മാത്രമല്ല, നേത്യാരമ്മക്ക് തന്നോട് പ്രത്യക പ്രതിപത്തി ഉള്ളതായി പലപ്പോഴും തോന്നിയുട്ടുമുണ്ട്....വല്യസ്മാനനും ഒതേനേട്ടനും ഉറ്റ ചങ്ങാതിമാരും ആയിരുന്നു..
അച്ഛന് ഇവിടെ കാര്യസ്ഥ പണിയുണ്ടായിരുന്നല്ലോ..ഇപ്പഴത്തെ വല്യസ്മാനനും, ഒതെനെട്ടനും ആദ്യകാലത്ത് കോണ്‍ഗ്രസ്‌ ആയിരുന്നു,,,ഒതെനെട്ടന്റെ സഹവാസം കൊണ്ടാണ് വല്യസ്മാനന്‍ കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആയതു എന്ന്,വല്യസ്മാനനറെ അച്ഛന്‍ കുഞ്ഞമ്പു തമ്പ്രാന്‍ പറയുമായിരുന്നു പോലും..
എന്തിനും ഏതിനും പോന്ന, ആറടി രണ്ടിഞ്ചു നീളവും, ഒത്ത വണ്ണവും ഉണ്ടായിരുന്ന ഒതെനെട്ടനെ എല്ലാവര്ക്കും പേടിയും,അല്പം ബഹുമാനവും ഉണ്ടായിരുന്നു..ജന്മിത്ത വ്യവസ്ഥിതിയെ ഭയപെടാത്ത ആളെന്ന നിലയില്‍..
കുണ്ട് പറമ്പില്‍ ഉസ്മാനായിരുന്നു കുഞ്ഞമ്പു തമ്പ്രാന്റെ പടത്തലവന്‍.
ഉസ്മാന്റെ മകള്‍ ആയിശുവിനോട് ഒതെനെട്ടന് വല്ലാത്ത ''മുഹബത്ത് '' തോന്നി തുടങ്ങിയത് ആയിടക്കാണ്‌..ഗോപ്യമായി വച്ചിരുന്ന അവരുടെ സല്ലാപം അങ്ങാടി പാട്ടാവാന്‍ അധിക നാളെടുത്തില്ല..ഒടുവില്‍ വല്യസ്മാനന്‍ ഇടപെട്ടു ഒതെനേട്ടനെ ആ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിച്ചു..മനം മടുത്ത ഒതെനെട്ടന്‍ ഒരുനാള്‍ ആരോടും പറയാതെ സ്ഥലം വിട്ടു,,..വര്ഷം പത്തു കഴിഞ്ഞു തിരിച്ചെത്തിയത്‌ ''പെനാങ്കു'' കാരനായിട്ടായിരുന്നു...ഇടയ്ക്കു ബര്‍മ്മയിലും പോയിരുന്നത്രേ..ഒതെനെട്ടന്‍ കൊണ്ട് വന്ന മര്‍ഫി റേഡിയോ അക്കാലത്തു ഒരു അത്ഭുത വസ്തു തന്നെ ആയിരുന്നു..
കാലമെത്ര കടന്നു പോയിരിക്കുന്നു..പെനാങ്കിലേക്ക്‌ മടങ്ങിപോയ ഒതെനെട്ടന്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി,പത്തിരുനൂറു പേര്‍ മുങ്ങി മരിച്ച കൂട്ടത്തില്‍ തന്റെ ഒതെനെട്ടനും!!!നീറുന്ന .ഓര്‍മ്മ ചിത്രത്തില്‍ നിന്നും, തന്റെ ഒതെനെട്ടന്‍ മനസിലേക്ക് വീണ്ടും കയറിവന്നപ്പോള്‍ രാമര്‍ മാഷുടെ കണ്ണുകള്‍ സജലങ്ങളായി..ചാത്തോത്ത് പടിപ്പുരക്ക് താഴെ കുറച്ചു സമയം ശങ്കിച്ചു നിന്നു.
-----------------------------------------------------------------------
മഴയുടെ ശക്തി കുറയാതെ ഇനിയൊട്ടും മുന്നോട്ടു പോകാനാവില്ല, അമ്പലതും കുനിയില്‍ നടവരമ്പോടു ചേര്‍ന്ന് സമാന്യം വലിയൊരു കുളവുമുണ്ട്,,അവിടെയെങ്ങാനും കാല്‍തെറ്റി വീണാല്‍ കഥ തീര്‍ന്നത് തന്നെ..തെല്ലിട ആലോചിച്ചു, ഒന്നും നോക്കീല ചാത്തോത്ത് മാളികയില്‍ കയറി ചെല്ലുക തന്നെ...
മഴപെയ്തു വലിയ മുറ്റത്തും വെള്ളകെട്ടായിരിക്കുന്നു...വാസ്തു ഭംഗിയാല്‍ പ്രൌഡ ഗംഭീരമായ മൂന്നു നില മാളിക ഇതല്ലാതെ ഇന്നാട്ടില്‍ വേറെ ഇല്ല..രാമര്‍ മാഷ്‌ ഒന്ന് അന്തിച്ചു നിന്നു..എന്റെ അച്ഛന്റെ ഒപ്പം കുട്ടിക്കാലത്ത് വന്നത്,മനോമുകുരത്തില്‍ തെളിഞ്ഞു നിന്നു..കുട്ടിക്കാലത്തെ ഉള്ള മോഹമായിരുന്നു, കാറ്റ് മാളികയില്‍ കയറാന്‍..ഷഡ്ഭുജാകൃതിയില്‍ നിര്‍മ്മിച്ച കാറ്റ് മാളിക എനിക്ക് താജ് മഹല്‍ പോലെ മനോഹരമായാണ് അന്നും ഇന്നും തോന്നിയിട്ടുള്ളത്....വിവിധ വര്‍ണ്ണങ്ങളോട് കൂടിയ ചില്ലു ജാലകം, കാഴച്ചയുടെ മായാ ജാലകം തന്നെ ആയിരുന്നു..വര്‍ണ്ണങ്ങള്‍ വിടരുന്നത് അവിടെ നിന്നാണെന്ന് തോന്നിപ്പോകും വിധം മനോഹരം...
-----------------------------------------------------------------------------------------
‘’കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി-
നോര്‍ക്കിലവസാനമില്ലെന്നറിക നീ
എങ്കിലും ചോല്ലുവനൊട്ടു സംക്ഷേപിച്ചു
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍....’’
സാവിത്രി കുട്ടി നെത്യാരമ്മയുടെ ഈണത്തിലുള്ള രാമായണ പാരായണം പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്..
പടിപ്പുര കടന്നു വന്ന രാമര്‍ മാഷുടെ സന്നിധ്യമൊന്നും അവര്‍ അറിഞ്ഞില്ല..അതി വിശാലമായ പൂമുഖത് ആവണി പലകയിലുരുന്നു,ചെറിയ പീഠത്തിലുറപ്പിച്ച സ്റ്റാന്ടില്‍ പുസ്തകം നിവര്‍ത്തി വച്ചിട്ട്, അതിനു മുന്നില്‍ അഞ്ചു തിരിയിട്ട നിലവിളക്കിന്റെ പ്രഭയില്‍, ആസുര ചിന്തകളെ അവര്‍ രാമായണത്തിലൂടെ ആട്ടി പായ്ക്കുകയാണ്..
മഴ ഇപ്പോഴും ചിണുങ്ങിയും,പിണങ്ങിയും,കുറുമ്പ് കാട്ടി തുടരുന്നു..വീശിയടിക്കുന്ന കാറ്റില്‍, തൊടിയിലെ പീറ്റ തെങ്ങില്‍ നിന്ന് മുറ്റത്തെക്ക് മച്ചിങ്ങകള്‍ വീണു കൊണ്ടിരിക്കുന്നു..ചാഞ്ഞു പടര്‍ന്ന നാട്ട് മാവിന്റെ ഇലകളും ധാരാളം വീണുകൊണ്ടിരിക്കുന്നു...കാറ്റ് വട്ടം കറക്കുന്നത്‌ പീറ്റ തെങ്ങുകളെയാണ്, കൂടുതല്‍ മാനം മുട്ടെ വളര്‍ന്ന അവറ്റകളുടെ മുടിക്കുത്തു പിടിച്ചു ച്ചുഴറ്റുകയാണ് അഹങ്കാരിയായ കാറ്റ്..അല്ലെങ്കിലും തിരിച്ചു തല്ലില്ലെന്നു ഉറപ്പുള്ളവരുടെ മണ്ടക്ക്കേറാനാണല്ലോ പലരും ആഗ്രഹിക്കുന്നത്.. !!
നെടുനീളന്‍ കൊലായിയും,അന്ത്രാളങ്ങളും ഉള്ള ചാത്തോത്ത് മാളികയില്‍ വേണമെങ്കില്‍ ഒരു സ്ക്കൂള്‍ തുടങ്ങാനുള്ള സ്ഥലമുണ്ടല്ലോ എന്ന് ചുറ്റും കണ്ണോടിച്ചപ്പോള്‍ രാമര്‍ മാഷക്ക് തോന്നി...നെടുനീളന്‍ ശീലക്കുട ഒതുക്കി വച്ച് ഉമ്മറതെക്ക് കയറുന്ന പടികെട്ടിനരികെ ഒതുങ്ങി നിന്നു. ഒന്നു മുരുടനനക്കിയെങ്കിലും നെത്യാരമ്മയുടെ ശ്രദ്ധയില്‍ പെട്ടില്ല,,മഴ ശറപിറ പെയ്യുമ്പോള്‍, ഉടുത്ത മുണ്ട് മാടി ഒതുക്കിക്കൊണ്ട്,തെക്കേ മോന്തായത്തില്‍ നിന്ന് ഇറയത്തെ മേല്കൂരയിലെക്കും, അവിടെ നിന്ന്, പാത്തി ഓടിലൂടെ മുത്തു കണങ്ങള്‍ പോലെ ഇറ്റിറ്റു വീഴുന്ന മഴവെള്ളത്തിന്റെ താളാത്മകത നോക്കി നില്‍ക്കെ, .ഇടക്കെപ്പോഴോ വായനക്കിടെ രാമര്‍ മാഷെ കണ്ട നേത്ത്യാരമ്മ കൈ മാടി വിളിച്ചു.. എന്നിട്ടും രാമര്‍ മാഷ് ശങ്കിച്ചു നിന്നു..അന്നത്തെ രാമായണ പാരായണം പൂര്‍ത്തിയാക്കി അവര്‍ എഴുന്നേറ്റു,,,
അകത്തേക്ക് നോക്കി നീട്ടി വിളിച്ചു

''പാറുക്കുട്ട്യെ''.

''ഈ വിളക്കൊന്നു അകത്തേക്ക് കൊണ്ട് വക്ക്യ..''

ഓഹ്, രാമന്‍ വന്നിട്ട് ഇശ്ശി നേരയോ?

''കുറച്ചു നേരായി"

നെത്യാരമ്മ നല്ല വായനയിലായിരുന്നു..അത് കൊണ്ടാ ഞാന്‍ ഇവിടെ തന്നെ നിന്നത്..ഇന്ന് പതിനാറാം നാളും കൊളുമല്ലേ.. ശരിക്കും ഈ ക്കണ്ടമെല്ലാം പുഴയായിക്കുന്നു..വീട്ടിലെത്തിപെടാന്‍ ഒരു മാര്‍ഗമില്ല...ഇനി ഇവിടുത്തെ കുന്നും പുറത്തു കൂടി വളഞ്ഞു പോയിട്ട് ചിറമ്മല്‍ എത്തിയാല്‍ പിന്നെ സാരമില്ല...

എന്നാല്‍ അടിയന്‍ പോയ്കോട്ടേ? നേത്യാരമ്മേ?

അല്ല... വല്യസ്മാനെ കണ്ടില്ലല്ലോ..എവിടെ?

സുധാകരന്‍ മാങ്ങാട്ടിടത്തേക്ക് പോയിരിക്കയാണ്‌, രാമാ..

എന്റെ വല്യേട്ടന്‍ മഹാദേവന്‍ വാഴുന്നവര്‍ക്ക് തീരെ വയ്യ്യാതായിരിക്കണന്നും പറഞ്ഞു കുറിമാനം വന്നത് കൊണ്ട് കാണാന്‍ പോയതാ.. നെത്യാരമ്മ പറഞ്ഞു..
സുധാകരന്‍ വാഴുന്നവര്‍ എന്ന എന്റെ വല്യസ്മാനന്‍ ഇന്നിവിടെ ഇല്ലാത്തതു നന്നായി..ഉണ്ടായിരുന്നെങ്കില്‍ പെട്ടെന്നൊന്നും പോകാന്‍ അനുവദിക്കില്ല.
.''ആറും നൂറും'' പറഞ്ഞിരിക്കാന്‍ ബഹു മിടുക്കാണ്..ഓര്‍ക്ക്.... കൂട്ടത്തില്‍ പറയാലോ, രഹസ്യമായി അല്പം മധു സേവയും ഉണ്ടേ!!..തട്ടിന്‍ പുറത്തു കൂട്ടി കൊണ്ട് പോയി നല്ല ഏറ്റു കള്ള് തരും, ഓര് പറഞ്ഞാല്‍ കുടിക്കാതിരിക്കുന്നതെങ്ങിനെയാ!?
ഒരിക്കല്‍ കുടിച്ചു ലക്ക് കേട്ടപ്പോള്‍ എനിക്ക് നെത്യാരമമയാണ് രക്ഷകയായത്. അത് വരെ, രഹസ്യമായി നടത്തിയ ഇടപാട് ഞാന്‍ കാരണം കുളമായി എന്ന് പിന്നീടു കാണുമ്പോഴൊക്കെ വല്യസ്മാനന്‍ പറയുമായിരുന്നു...അന്ന് വല്യസ്മാന് നെത്യാരമ്മയുടെ വഴക്ക് നല്ല കണക്കിന് കിട്ടി..
''സുധാകരാ''
നിന്റെ അച്ഛന്‍ കുഞ്ഞമ്പു തമ്പ്രാന്‍ ഒരു തുള്ളി കഴിക്കില്ലായിരുന്നു..
ഏറ്റു കാരന്‍ കൊട്ടനെ ഞാനൊന്ന് കാണട്ടെ.. അവനാണ്നി ഈ വൃത്തികെട്ട സാധനം നിനക്ക്ന്റെ തരുന്നതല്ലേ ? ഈ സേവയൊക്കെ ഞാന്‍ നിര്‍ത്തുന്നുണ്ട്..അങ്ങിനെ പോയി നെത്യാരമ്മയുടെ പഴി പറച്ചില്‍..രാമര്‍ മാഷുടെ ഓര്‍മ്മകള്‍ പലപ്പോഴും ഫ്ലാഷ് ബാക് ആവുകയാണ്..
''ഞാന്‍ പോവാണേ നെത്യാരമ്മേ''
ഹേയ് എന്താ രാമാ ഇത്രടം വരെ വന്നിറ്റ് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ പോവ്യെ? അത് പറ്റില്ല..
വീണ്ടും അകത്തേക്ക് നോക്കി നീട്ടി വിളിച്ചു..
''പാറുകുട്ട്യേ..''
'അടുപ്പിന്‍റെ തട്ടും പുറത്തൂന്നു കാച്ചിയ പാലിങ്ങെടുത്തോളൂ..രാമന് ധൃതിയുണ്ടത്രേ..''
ഗോവിന്ദന്‍ പോയിട്ട് എത്ര വര്‍ഷായി രാമാ?
ഒതേനന്‍ പോയതില്‍ പിന്നെ നിന്റെ അമ്മയെ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ എവിടെയും പോകാറില്ലേ?
അച്ഛന്‍ പോയിട്ട് പത്തു നാല്‍പതു വര്‍ഷായല്ലോ?..അമ്മയ്ക്കിപ്പോള്‍ തീരെ വയ്യഅതുകൊണ്ട്എങ്ങുംപോകാറില്ലനെത്യാരമ്മേ
,അടുക്കളക്കാരി പാറു കൊണ്ട് വന്ന ചൂട് പാല് മൊത്തി കുടിച്ചപ്പോള്‍ കര്‍ക്കിടകതിനെറെ കുളിരെല്ലാം പമ്പകടന്നു..
..ഗോവിന്ദന്റെ കൂടെ എത്ര തവണ നന്നിരിക്കുന്നു നീയ് അല്ലെ?കുഞ്ഞായ നിനക്കന്നു എന്ത് ഒമാനത്വമായിരുന്നെന്നോ?
സുധാകരന്‍ ഇപ്പോളിവിടെ ഇല്ലാത്തതു നന്നായി അല്ലെങ്കില്‍ നിന്നെവേഗമൊന്നും പോകാന്‍ വിടുമായിരുന്നില്ലല്ലോ...
ഇറവെള്ള ത്തില്‍ ഗ്ലാസ് കഴുകാന്‍ ഭാവിച്ചപ്പോള്‍ നെത്യാരമ്മ പറഞ്ഞു..വേണ്ട കുട്ട്യേ അതവിടെ വച്ചേക്കൂ..പാറുക്കുട്ടി കഴുകിക്കൊള്ളും..നിനക്ക് പോകാന്‍ ധൃതിയുണ്ടോ ?
പോണെങ്കില്‍ വേഗം പൊയ്കോളൂ..മഴക്കല്പം ശക്തി കുറഞ്ഞെന്നു തോന്നുന്നു,,നേത്യാരമ്മ മാനത്തേക്ക് നോക്കി പറഞ്ഞു..
കുടയെടുത്തു, പടിയിറങ്ങാന്‍ തുടങ്ങിയ രാമര്‍ മാഷോടൊപ്പം.പടിക്കെട്ട് വരെ അനുഗമിച്ചു കൊണ്ട് അവര്‍തുടര്‍ന്നു..
ഗോവിന്ദന്‍ ഞങ്ങള്‍ക്ക് അന്യനായിരുന്നില്ല. കാര്യസ്ഥനെ പോലെ കണ്ടിരുന്നുമില്ല..ഇവിടുത്തെ ഒരംഗം തന്നെ ആയിരുന്നു,,.മോനും അന്യനല്ല, അതു കൊണ്ട്'. ഇനിയും വരണട്ടോ? അത് പറഞ്ഞപ്പോള്‍ നേത്ര്യാരമമയുടെ കണ്ണുകളില്‍ നിന്ന് ഒരിറ്റു കണ്ണീര്‍ പൊടിഞ്ഞുവോ? അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് അജ്ഞാതമായ മറ്റൊരു ഭാവമായിരുന്നു!!!
പണ്ട് ഇവിടെ വന്നപ്പോള്‍ വിസ്മയ കാഴ്ചയുടെ ഉറവിടമായ കാറ്റ് മാളികയിലെക്ക് സര്‍പ്പിളാകൃതി യിലുള്ള പടിക്കെട്ടുകള്‍ കടന്നു കയറിക്കൊണ്ട്‌, വര്‍ണ്ണ ജാലകങ്ങളിലൂടെ മായകാഴച്ചകള്‍ കണ്ടു നിന്നതും,.. മനോഹരമായ കല്‍പ്പടവുകളും,കുളിപ്പുരകളും ഉള്ള, ആമ്പല്‍ പൂക്കളാല്‍ സമൃദ്ധമായ താമരപോയ്ക പോലുള്ള നീന്തല്‍ കുളം കണ്ടു രസിച്ചു നിന്നതും, എന്നെ കാണാതെ വശംകേട്ട അച്ഛന്‍ എന്നെ തേടി കാറ്റു മാളികയില്‍ വന്നതും, കാറ്റ് മാളികയുടെ മായ കാഴ്ചയില്‍ മയങ്ങി നിന്ന എന്നെമതിരഞ്ഞുവന്ന അച്ഛന്‍ പിന്നില്‍ നിന്ന് വിളിച്ചിട്ടും , തെല്ലു നേരം കഴുഞ്ഞും അറിയാതെ നിന്നപ്പോള്‍, ക്ഷുഭിതനായ അച്ഛന്റെ ഉഗ്ര ശാസനം കേട്ടപ്പോള്‍ പിന്തിരിഞ്ഞോടിയതും,..പിന്നാലെ വന്ന അച്ഛന്റെ വക പോതിരേചൂരല്‍ കഷായം കിട്ടിയതും,അപ്പോള്‍ അച്ഛന്റെ അടിയില്‍ നിന്ന് ,പിടിച്ചു മാറ്റാന്‍ വന്നതുമായ നെത്യാരമ്മക്ക് ഇപ്പോഴും വല്യ മാറ്റമൊന്നുമില്ല....തലമുടികളില്‍ വെള്ളി കയറി തുടങ്ങയതൊഴിച്ചാല്‍...
നെത്യാരമ്മയെ കാണുമ്പോള്‍ എന്റെ വല്യമ്മയെ(അച്ഛന്റെ മൂത്ത പെങ്ങള്‍യാണ്) ഓര്‍മ്മ വരിക..അതെപോലുള്ള വട്ടമുഖവും തുടുത്ത കവിളും, നീളം കുറവാണെങ്കിലും നല്ല വെടിപ്പായ തൂവെള്ള പുളിയില കരയുള്ള മുണ്ടും വെള്ള ബ്ലൌസ് മാറ് പുതക്കാന്‍ വെള്ള തോര്‍ത്തും ഇപ്പോഴും വൃത്തിയും വെടിപ്പിലും ശ്രദ്ധാലുവായിരുന്നല്ലോ.വലിയമ്മയും അങ്ങിനെ ആയിരുന്നല്ലോ...
രാമര്‍ മാഷ്‌ ഒരിക്കല്‍ കൂടി കാറ്റ് മാളികയിലേക്ക്‌ തിരിഞ്ഞു നോക്കി
അച്ഛന്‍ സമ്മാനിച്ച അടിയുടെ പാട് കണം കാലില്‍ ഇപ്പോഴും ഉണ്ടോ?ഓര്‍മ്മകള്‍ നീറുന്ന നോവായി കണ്ണുകളിലേക്ക് പടര്‍ന്നു കയറിയപ്പോള്‍ അവിടെ കാറ്റു മാളിക.യുടെ സ്ഥാനം ശുദ്ധ ശൂന്യം...അതിവേഗം .കാഴ്ചയില്‍ നിന്ന് മറഞ്ഞു പോയിരിക്കുന്നു,..സ്മൃതി ഭംഗവും..
മുക്കുന്നി തോടിലൂടെ കുറച്ചു വാഴതടകളും, പൊങ്ങു തടികളും പെരുവെള്ള പാച്ചലില്‍ പടിഞ്ഞാറ് മുണ്ടേരിപുഴ ലക്ഷ്യമാക്കി കൂലം കുത്തി പായുന്നു....ഒടുവില്‍ അവിടെ നിന്നും, അവയെല്ലാം ജീര്‍ണ്ണിച്ച ഓര്‍മ്മകളായി മഹാസാഗരത്തില്‍ അലിഞ്ഞു ചെര്‍ന്നെക്കാം...
ആ ജീര്‍ണ്ണിച്ച പൊങ്ങു തടികള്‍ കാറ്റ് മാളികയോടുള്ള തന്റെ ഒടുങ്ങാത്ത തീഷ്ണതയുടെ ആഴപ്പരപ്പുകല്‍ തന്നെ ആയിരുന്നു എന്ന് രാമര്‍ മാഷ്‌ മനസ്സിലാക്കാന്‍ ഏറെ വൈകിപ്പോയിരുന്നു...പോക്ക് വെയിലിനു..മഞ്ഞ നിറമാകും വരെ
----------ശുഭം--------
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..

Saturday, August 6, 2016

ബലിച്ചോര്‍..(കവിത)

വെളുത്തിട്ടല്ല,കറുത്തിട്ടാണ്,വിരൂപനാം
വെറുമൊരു കാകനാമെന്നെ നീയെന്തേ
കൈമാടി വിളിക്കുന്നു? കൈ കൊട്ടി
വിളിക്കുന്നു ഇന്നുമാത്രം, എന്തിന്നുമാത്രം?

നാളിതുവരെയായി, നിന്റെയീ ഉമ്മറ പടിക്കല്‍
ഒരു ദയാവായ്പ്പിനായി നിന്‍ ചാരെ നിന്നതും
തൊണ്ട കീറി അലറി കരഞ്ഞതും നീ അറിഞ്ഞോ?
എന്നിട്ടെന്തേ നീ ഇന്നുമാത്രമെന്നെ വിളിക്കുന്നു?

ഇന്നലെ വരെ നിന്റെ എച്ചില്‍ പാത്രത്തിലെ വറ്റ്
ചികഞ്ഞപ്പോളെന്നെ നീ അശ്രീകരമെന്നോതിയില്ലേ
എന്നിട്ടുമെന്തേ ഇന്ന് നീ എന്നെ വിളിക്കുന്നു?
എന്തിനിന്നു നീ വിളിക്കുന്നു? നിന്റെ അശുദ്ധ
രക്തം കലര്‍ന്ന ബലിചോര്‍ ഉണ്ണുവാനല്ലേ ? മൃഷ്ടാന്നം
ഭോജന ശേഷ മേമ്പക്കമാലസ്യഭാവത്തിലാട്ടി
യോടിച്ച നിന്റെ യീ ചോറ് ബലിചോറല്ല
പൈദാഹം തീരാത്ത പിതൃക്കളെ മറന്ന നിന്റെ
യീ ചോറ് ഹവിസ്സെകും ബലിചോറല്ല,
നിന്റെ വ്യര്‍ത്ഥമാം വ്യയങ്ങളിലോടുങ്ങുന്ന
കൊലച്ചോറുണ്ണുവാനല്ലേ, ഉണ്ണീ നീ വിളിച്ചതു?

സാര്‍ത്ഥനാം നീ ഗര്‍വ്വ്‌ കാട്ടുവാന്‍ പിതൃക്കളെ
വിരുന്നൂട്ടാന്‍ വിളിച്ചത് ഇന്നമാവാസിയാണല്ലെ
വന്നു നില്‍ക്കണമല്ലെ?നിന്റെ പാദാന്തികെ ?
പിതൃവ്യനാമെന്നെ കണ്ടാലറിയാത്ത നിന്റെ
ബലിചോറിന്നു വേണ്ട, ഇന്നുമാത്രം വേണ്ട
എന്നെ അറിയുന്ന ഒരുനാളില്‍ ഞാന്‍ വരും
നിന്റെ അമൃതെത്ത് സ്വീകരിക്കുവാന്‍-
സദയം പൊറുക്കൂ,ഇന്നുവേണ്ടുണ്ണീ,ഇന്ന് വേണ്ട!!

കൃഷണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍..

ഫോട്ടോ: കടപ്പാട്

ഞാന്‍, കൃഷ്ണ കുമാര്‍.കൂടാളി..

എന്നെ  പറ്റി അല്പം..

ഞാന്‍  കൃഷ്ണ  കുമാര്‍ കൂടാളി.
കൃഷ്ണ കുമാര്‍ മൂലക്കല്‍  വീട്ടില്‍  എന്ന് ശരിയായ  നാമധേയം .. നാട്ടാര്‍ക്കിടയിലും ,വീട്ടാര്‍ക്കിടയിലും ,ബാബു  എന്നാണു  അറിയപ്പെടുന്നത്..

കായലും,പുഴയും, കൈത്തോടുകളും  നാല് ചുറ്റും  അതിരുകളിട്ട്  തുരിത്തിലെന്ന പോലെ  രമണീയ സുന്ദരമായ  കണ്ണാടി പറമ്പ്  എന്ന അമ്മ വീട്ടില്‍  വയറ്റാട്ടിയുടെ കൈകളിലേക്ക്  ചിത്രം നക്ഷത്ര  ഭൂജാതനായാണ് പിറന്നു  വീണത്‌  എന്ന് കേട്ടിട്ടുണ്ട്
നാല്‍പ്പെത്തെട്ട് വര്‍ഷം മുന്നേ  ചിങ്ങമാസത്തില്‍ (28.08.1968) പിറന്നു

എന്റ സ്വദേശം  കണ്ണൂര്‍ ജില്ലയിലെ  കൂടാളി..(മഹാകവി പി.കുഞ്ഞിരാമന്‍  നായര്‍  അധ്യാപകനായിരുന്നു  പേരുകേട്ട  കൂടാളി  ഹൈ സ്കൂളില്‍)
എന്റെ  അച്ഛന്‍  കവിമാഷുടെ ശിഷ്യനായിരുന്നു..

എന്റെ അച്ഛന്‍;ദിവംഗതനായ , ശ്രീ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ( റിട്ട്യേറഡ് ഹെഡ് മാസ്ടര്‍.കൂടാളി U.P സ്കൂള്‍ )
അമ്മ , വീട്ടമ്മയായ . ശ്രീമതി എം.വി.ഭാര്‍ഗ്ഗവി  അമ്മ 
എനിക്ക്  രണ്ടു  സഹോദരങ്ങള്‍
ഒരു അനുജത്തിയും. ഒരു അനുജനും..
രണ്ടു പേരും  സകുടുംബം  വെവ്വേറെ  താമസം..
ഞാന്‍  കഴിഞ്ഞ  പതിമൂന്നു  വര്‍ഷമായി  കണ്ണൂര്‍  വിമാനത്താവളത്തെ  തൊട്ടുരുമ്മി  കീഴല്ലൂരില്‍  ആണ്  കുടിയേറിയിരിക്കുന്നത്‌ .

എന്റെ  ഭാര്യ,,ശ്രീമതി ലിഷാ.സി.പി 
ബ്യൂട്ടി പാര്‍ലര്‍  നടത്തുന്നു 

എനിക്ക്  രണ്ടു ആണ്‍ കുട്ടികള്‍
മൂത്തയാള്‍, ഗോകുല്‍ കൃഷ്ണ..കൂടാളി ഹയര്‍  സെക്കണ്ടറി സ്കൂളില്‍  പ്ലസ്‌ ടു വിദ്യാര്‍ഥി, 
രണ്ടാമനും അതെ  സ്കൂളില്‍  പത്താം തരത്തില്‍  പഠിക്കുന്നു..
പേര്  ഗൌതം  കൃഷ്ണ 
ഞാന്‍  ഇരുപതു വര്‍ഷക്കാലം സൗദി അറേബ്യയില്‍  പ്രവാസ ജീവിതത്തിലും. കഴിഞ്ഞ  ഒരു വര്‍ഷത്തിലധികമായി  എന്റെ  പ്രവാസ ഭൂമിക  ഖത്തര്‍  ആണ് നിലവില്‍ ..ഖത്തറില്‍  ഗള്‍ഫാര്‍ അല്‍ മിസ്നാദ്  എന്ന കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്..
എഴുത്തും  വായനയും.മുഖ പുസ്തക  കൂട്ടായ്മയും  തന്നെ  ആണ്  ഇഷ്ട  വിനോദം..
കൂട്ടത്തില്‍  പറയട്ടെ..ആകസ്മികമായ പിതാവിന്റെ  മരണത്തെ  തുടര്‍ന്ന്  ഉണ്ടായ ശൂന്യതക്കൊപ്പം,അപകട രൂപത്തില്‍  വിധിയുടെ  വിളയാട്ട മുണ്ടായപ്പോള്‍  മൂന്നര വര്ഷം ഇരുണ്ട കോണില്‍  അകപ്പെട്ട  എനിക്ക്  അതില്‍ നിന്നെല്ലാം  മോചനം  നേടി തന്ന  ദൈവത്തിനും, ദൈവ ദൂതര്‍ക്കും  എന്റെ  അമ്മ, ഭാര്യ മക്കള്‍  ഇവരോടൊക്കെ  തീര്‍ത്താല്‍  തീരാത്ത  കടപ്പാടും  സ്നേഹമുണ്ട്..
കൂടുതലായി  പോയെങ്കില്‍  ക്ഷമിക്കുക..

സ്നേഹം  പൂര്‍വ്വം..

കൃഷ്ണ  കുമാര്‍. കൂടാളി.

Thursday, August 4, 2016

തെയ്യ പുറപ്പാട്..(കവിത)


അന്തിമാനത്തംബര ചായില്യചമയങ്ങള്‍
ചെമ്പനീര്‍ പൂപ്പോലന്തി ചുവപ്പിന്റെ
സിന്തൂര രാജികള്‍ തോരണം തൂക്കവേ
ചാന്തു കൂട്ടില്‍ തിറ ചന്തം ചമയ്ക്കുന്നു.

നാക്കില നീട്ടിപ്പിടിച്ചരിയെരിഞ്ഞു തിരി
കൊളുത്തി പന്തം തീ തുള്ളിയാടി തോറ്റം
വരവിളിച്ചലറി തലയില്‍ കൈവച്ചനുഗ്രം
ചൊല്ലി ''ഗുണം വരണേ''തെയ്യ ചേകവന്‍..

അന്തിതിരി പ്രഭ പുത്തരിയങ്കം വെള്ളാട്ട
മാടുബോള്‍ ചൂട്ടും വെളിച്ചവും മാറ്റു
ക്കൂട്ടും ചെമ്പക തറയിലുദയം കൊള്ളുന്ന
നാടിന്‍ ''പുതിയോതി'' ദേവിയും ദേവനും

തെയ്യങ്ങള്‍ ഉണരുകയായീ ചൂരുള്ള മണ്ണില്‍
തോരണ കുരുത്തോല ചമയ ചായില്യങ്ങള്‍
അണിയല കോപ്പുകള്‍ കാലില്‍ ചിലങ്കകള്‍
കൈവളകള്‍ തൂണീര നടനം വീര തെയ്യങ്ങള്‍
ചടുല വാദ്യം ചെണ്ട തിമില വാദ്യം ചാരുത
മുടിയണിഞ്ഞെത്തുന്നു നൃത്തമാടി തുടിക്കുന്നു
ചീനി കുഴല് വാദ്യം,തകൃത ചെണ്ട വാദ്യം
പള്ളിയറകകളില്‍ ചൈതന്യ നിറ വെളിച്ചം

ഗ്രാമികയെല്ലാം ഒത്തുകൂടുന്ന ഒരു നല്ല കാലം
വന്നണിഞ്ഞീടുന്ന കാര്‍ത്തിക മാസത്തിലാനന്ത
മോടെത്തും തെയ്യവും തിറകളും നല്ല കാലം
ഇതിനില്ല ആര്‍ത്തിയും തനതു വൈരങ്ങളും.

ഒരുമയാല്‍ നാടിനെ സമൃദ്ധമാക്കാന്‍ വന്നല്ലോ
പുത്തരിയങ്കവും പള്ളി പുറപ്പാടും ദൈവ
വരവിളിയും തോറ്റം പാട്ടില്‍ കനിവോടെ തുള്ളി
''വാശാല്‍'' കൈ വച്ചനുഗ്രഹ പുണ്യമേകും

നാടായ നാടെല്ലാം ഒഴുകിയെതീടുന്നു ഗ്രാമിക
ഉണരുന്നു ആര്‍പ്പും ബഹളവും പീപ്പിയൂതി
ഓടി കളിക്കും കിടാങ്ങളും ചൂട്ടു വെട്ടത്തില്‍
അന്തിയുറങ്ങാത്ത തെയ്യകാലമിതാഗമമായി..
----------------------------------------------------------------------
കുറിപ്പ്:- ഉത്തര മലബാറിലെ തെയ്യക്കാലത്തെ കുറിച്ചു ഒരല്പം മാത്രം..ദൈവിക നൃത്ത രൂപമായ തെയ്യം കാവുകളിലും, തറവാട് പുരകളിലും, മടപ്പുരകളിലും, പര ദേവതാ സങ്കലപ മായി കെട്ടി ആരാധിക്കപെടുന്നു.
ചെണ്ട, തിമില ചീനി കുഴല്‍ തുടങ്ങിയ ആസുര വാദ്യങ്ങളോടെ അന്തി ചുവപ്പിന്റെ ലാസ്യ ഭംഗിയോടെ ദൈവം വര വിളിയായി ആടി തിമര്‍ത്തു ഒടുവില്‍ അനുഗ്രഹിക്കുമ്പോള്‍ ''ഗുണം വരും'' ഏന് പറഞ്ഞു അനുഗ്രഹിക്കുന്നു..ആ പറച്ചിലിനോടൊപ്പം തന്നെ തെയ്യ തോറ്റം പാട്ടും, ഉലപ്പത്തിയും വാചാല മയി പറയുന്നതിനെ ''വാശാല്‍'' എന്നും നാടന്‍ പ്രമാണത്തില്‍
പറഞ്ഞു വരുന്നു..

കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..