Friday, November 18, 2016

ആധാര്‍(രം) ചെറുകഥ

ഭാഗാധാര പ്രകാരം കിട്ടിയ ഭൂമി രജിസ്റ്റേര്‍ ചെയ്യുകയും അതിലൊരു ഭാഗം ആരും തുണയില്ലാത്ത കുഞ്ഞമ്മയുടെ ക്ഷേമത്തിന് നീക്കിവക്കണമെന്നും അമ്മാവന്മാരുടെ നേത്രുത്വതിലെടുത്ത തീരുമാനം അമ്മയുള്‍പ്പെടുന്ന അവരുടെ പെങ്ങന്മാര്‍ ശിരസ്സു കുലുക്കി സമ്മതം മൂളി യെന്നു കഴിഞ്ഞാഴ്ച സ്കൈപില്‍ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞപ്പോഴാണ് അറിഞ്ഞതു..
മരുമക്കത്തായ സമ്പ്രദായ പ്രകാര മുള്ള തറവാട് ഭൂമി ഭാഗം വക്കുമ്പോള്‍ മൊത്തം ഇരുപത്തിരണ്ടു പേര്‍ക്ക് ആയി ഭാഗിക്കണമത്രെ.കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി മുടങ്ങിക്കിടന്ന പ്രക്രിയ പുനരാംഭിച്ചത് കേരള സര്‍ക്കാരിന്റെ ഭാഗ പത്രതിന്മേലുള്ള ഫീസ് വര്‍ധന കുറച്ചത് കൊണ്ടാണ്,,എന്‍റെ ഷെയറിനു വേണ്ടിവരുന്ന തുക അമ്മയുടെ പേരില്‍ അയച്ചു കൊടുത്തത് ഈ മാസമാദ്യമായിരുന്നു..ഈ മാസം അഞ്ചാം തീയതി അതില്‍ നിന്ന് അത്യാവശ്യത്തിനു ഇരുപത്തി അയ്യായിരം രൂപ ബാങ്കില്‍ നിന്നു പിന്‍വലിച്ചു വീട്ടില്‍ അമ്മ സൂക്ഷിച്ചു വച്ചു..എട്ടാം തീയതി,,എട്ടുമണിക്ക് എട്ടിന്റെ പണിയുമായി പഴയ നോട്ടിന് കടലാസിന്റെ വിലപൊലുമില്ലാതാക്കിയ വിവരം,ആദ്യം അറിഞ്ഞത് പ്രവാസിയായ ഞാനായിരുന്നു..അല്ലെങ്കിലും നാട്ടില്‍ പ്രധാന സംഭവം നടക്കുമ്പോള്‍ ആദ്യം അറിയുന്നത് ഗള്‍ഫ്‌ പ്രവാസികള്‍ തന്നെ ആവും..അങ്ങിനെ എട്ടിന്റെ പണി കിട്ടിയ വിവരം അറിഞ്ഞപ്പോള്‍ അമ്മ വലിയ വായിലെ നില വിളിച്ചു,,അപ്പോള്‍ ഞാന്‍ പറഞ്ഞു..
''ഒന്ന് സമധാനപെടൂ അമ്മെ''
മുകളില്‍ നിന്ന് തിട്ടൂരങ്ങള്‍ ഇറങ്ങിക്കോളും..
അമ്മയീ പറയുന്നത് പോലുമോന്നുമല്ല കാര്യങ്ങള്‍,,കള്ളപ്പണക്കാരും കള്ളനോട്ടടിക്കാരും ഞെട്ടി വിറച്ചു നില തെറ്റി വീഴും ഈ സാമ്പത്തിക പ്രത്യാക്രമണം കൊണ്ട്,,നമ്മുടെ രാജ്യ പുരോഗതിക്കു അവശ്യം ആവശ്യമാണ്..എക്ണോമിക്സില്‍ സീറോ ആണെങ്കിലും,ഒരു ഹീറോവിനെ പോലെ ധനതത്വ ശാസ്ത്രം വെളിപ്പെടുത്തിയപ്പോള്‍ എക്നോമിക്സ് അരച്ചു കലക്കിയ എന്റെ മോള്‍ ഇടക്കെന്തോ ചോദിയ്ക്കാന്‍ വന്നപ്പോള്‍ ഞാന്‍ നൈസ് ആയി ഊരി സ്കൈപ് ഓഫ്‌ ചെയ്തു..
പിറ്റേ ദിവസം ഫോണ്‍ ചെയ്തപ്പോള്‍ അമ്മ ചോദിച്ചു മോനെ മിനിഞ്ഞാന്നു എടുത്ത പണം എന്തു ചെയ്യും ? ഞാന്‍ പറഞ്ഞു ഡെയിലി കളക്ഷന്‍ മണിയായി പണം ഇടാറുള്ള സഹകരണ ബാങ്കില്‍ നിക്ഷേപിക്കൂ നമുക്ക് ആവശ്യത്തിനു എടുക്കാമല്ലോ..അപ്പോള്‍ സഹകരണ ബാങ്കിലെ പിഗ്മി കലക്ടര്‍ ആയ ഹധര്‍മ്മിണി ചാടി വീണു പറഞ്ഞു അതിനു വഴിയുണ്ട് നാല്‍പ്പത്തോന്പതിനായിരം രൂപ നിക്ഷേപിക്കാം..അതിനു അടിയാധാരം വേണമോ മോനെ ? അമ്മ ചോദിച്ചു
''അല്ലപ്പാ ടിവിയിലൊക്കെ ആധാരം വേണം ബാങ്കിലും എന്ന് പറഞ്ഞു കേട്ടല്ലോ''?
അമ്മയുടെ അജ്ഞത മോള്‍ മുതലെടുത്ത്‌ ഊറി ചിരിച്ചു..
ഞാന്‍ പറഞ്ഞു അമ്മെ അധാരമല്ല "അധാര്‍" ആണ് വേണ്ടത്..അമ്മക്ക് മനസ്സിലായോ എന്തോ പിന്നെ ഒന്നും ചോദിച്ചില്ല..പന്ത്രണ്ടാം തീയതി തന്നെ അമ്മയെയും കൂട്ടി ബാങ്കില്‍ ചെന്നപ്പോള്‍ അവര്‍ അധാര്‍ നു ചോദിച്ചപ്പോള്‍ അമ്മ ഭൂമിയുടെ അടിയാധാരം എടുക്കുന്നത് കണ്ട എന്റെ ഭാര്യ സൂത്രത്തില്‍ അമ്മയോട്‌ പറഞ്ഞു അതല്ല..അധാര്‍ എടുക്കൂ എന്ന്
അപ്പൊ അമ്മ ചോദിച്ചത്രേ .
''അതെന്തൂട്ടാ സാധനം''?
ആ ചോദ്യം അവള്‍ അവഗണിച്ചു അധാര്‍ കാര്‍ഡ് തപ്പി എടുത്തു കൊണ്ട് കുടുംബത്തിന്റെ മാനം രക്ഷിച്ചു!!
അമ്മ ചോദിച്ചു പഴയനോട്ടു തന്നില്ലേ..പുതിയ നോട്ടു തരൂ ഇതിനു പകരം..കൌണ്ടറില്‍ ഇരുന്ന ചെറുപ്പക്കാരി അമ്മയോട് പറഞ്ഞു രണ്ടായിരം രൂപയെ തരൂള്ളൂ,,ഇപ്പോള്‍ അത്രേ ഉള്ളൂ,,ക്ഷിപ്ര കോപം വന്നത് കാരണം ചെറുപ്പക്കാരിയോട് എന്തോ പറയാന്‍ തുനിഞ്ഞ അമ്മയെ കൂടെയുള്ള ഭാര്യ അരുതെന്ന് വിലക്കി..കിട്ടിയ രണ്ടായിരം കൊണ്ട് മാവേലി സ്റ്റോറില്‍ ചെന്ന് ''ചുക്കുമുളകതി'' കളങ്ങനെ പല വ്യജ്ഞനങ്ങള്‍ വാങ്ങിയപ്പോള്‍ ചിലവായത് നാനൂറ്റി അമ്പതു രൂപ ബാക്കി അമ്പതും പിന്നെ രണ്ടു പഴയ അഞ്ഞൂറിന്റെ നോട്ടും..അപ്പോള്‍ അമ്മ അവിടെ എഴുതി വച്ചിരിക്കുന്ന വാചകം ഓര്‍ത്തു

''പഴയ ആയിരവും,അഞ്ഞൂറും നോട്ടുകള്‍ സ്വീകരിക്കുന്നതല്ല''
അവരോടും എന്തോ ചോദിക്കാന്‍ തുനിഞ്ഞപ്പോള്‍ ഭാര്യ വീണ്ടും രക്ഷകയായി..ഇതികര്‍ത്തവ്യാമൂഡരായി നില്‍ക്കുമ്പോഴാണ് അയല്‍ വീട്ടിലെ കുഞ്ഞുമോന്റെ ചെത്തു പയ്യന്‍ ''പജീറോ'' ബൈക്കില്‍ ചെത്തി മിനുക്കി എത്തിയത്,,ചെക്കനോട് നൂറു രൂപ അധികം എടുത്തോളാന്‍ പറഞ്ഞിട്ട് ചില്ലറ ആക്കാന്‍ കൊടുത്തു,,അങ്ങിനെ കിട്ടിയ ചില്ലറ കൊണ്ട് ചില്ലറ അരിവാങ്ങി കഞ്ഞി കുടിച്ചു വരവേ..അമ്മാവന്മാര്‍ അമ്മയോട് ആ വിവരം പറഞ്ഞത്,,ഭൂമി രജിസ്ട്രേഷന്‍ അടുത്താഴ്ച ചെയ്യാമെന്ന് ഏറ്റിട്ടുണ്ടത്രേ എഴുത്ത് കാരന്‍ മോഹനെട്ടനാണ് അതിനു ഏര്‍പ്പാട് ചെയ്തത് പോലും..അദ്ദേഹം ചില്ലറ പ്രശ്നം ശരിയാക്കി തരാമെന്നും വിദേശത്തുള്ള മക്കളോട് എത്രയും വേഗം എത്തണം എന്ന് പറഞ്ഞെന്നു ഇന്നലെ ആണ് ,അമ്മ എന്നോടു പറഞ്ഞത്,,ദുബായി കാരനായ എന്റെ ഷേക്ക്‌ നല്ലവനായത് കൊണ്ട് ലീവിന് ടെന്‍ഷന്‍ അടിക്കേണ്ടി വന്നില്ല..പക്ഷേ ഒരു നിബന്ധന വച്ചു,
''ഐ കാന്‍ ഗിവ് യു ഒണ്‍ലി വണ്‍ ഡേ ലീവ്''..ഇവിടെ പകരം ആളില്ലാന്നു നിനക്കറിയില്ലേ എന്ന് പറഞ്ഞപ്പോള്‍ എതിര്‍ത്തൊന്നും പറയാന്‍ തോന്നിയില്ല..പെട്ടന്ന് തന്നെ എമിരേറ്റ്സ് ഫ്ലൈറ്റ് ബുക്ക്‌ ചെയ്തു,,എന്റെ കൂടെയുള്ള കൊണ്ടോട്ടിക്കാരന്‍ അന്‍സിത് എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്തത് കാരണം കൃത്യ സമയത്തിന് എത്താന്‍ പറ്റി..നെടുമ്പാശ്ശേരി എത്തിയപ്പോള്‍ ഉറ്റ ചങ്ങാതി രവി ഉണ്ടായിരുന്നു..രവിയുടെ ഡ്രൈവിംഗ് വിരുതില്‍ തലശ്ശേരി എത്താന്‍ അഞ്ചു മണിക്കൂര്‍ മാത്രമേ എടുത്തുള്ളൂ..മമ്പറത്തു എത്തിയപ്പോള്‍ ഒരു ചായകുടിക്കാമെന്നു രവിയോട് പറഞ്ഞപ്പോള്‍ അഞ്ചരക്കണ്ടി പുഴയോരത്ത് വണ്ടി പാര്‍ക്ക് ചെയ്തു അയക്കൂറയും(നെയ്മീന്‍)കൊഞ്ചും വിലക്കുറവില്‍ തരപ്പെടുത്തുന്ന രവിയെ അവഗണിച്ചു ഞാന്‍ ചായകുടിക്കാനായി കൂത്തുപറമ്പ് റോഡിലെ ഹോട്ടെലില്‍ കയറി ചായക്ക് ഓര്‍ഡര്‍ ചെയ്തു..അപ്പോള്‍ രാത്രി നൈന്‍ അറ്റ്‌ നൈന്‍ വാര്‍ത്താ അവതാരിക പറഞ്ഞ വാചകം ആദ്യം മനസ്സില്‍ ഉടക്കിയില്ലെങ്കിലും തുടര്‍ന്ന് എഴുതികാണിച്ച വരികള്‍ വായിച്ചു എന്റെ ഇടനെഞ്ചു പൊള്ളി എന്ന് പറഞ്ഞാല്‍ മതിയല്ലോ..
''നോട്ടു മാറ്റം നാളെ മുതിര്‍ന്ന പൌരന്മാര്‍ക്ക് മാത്രം''
എന്റെ കൈവശം വച്ചതും കൂട്ടുകാര്‍ തന്നതുമായ പതിനായിരത്തോളം രൂപ മാറി എടുക്കാമെന് കരുതി വന്ന എന്റെ വാരിയെല്ലിനു തന്നെ കുത്ത് കിട്ടിയല്ലോ ദൈവമേ.?
നരച്ചു തുടങ്ങിയ എന്‍റെ മീശയിയിലേക്കും കഷണ്ടി തലയിലേക്കും നോക്കി..ഞാന്‍ മുതിര്‍ന്ന പൌരനായോ? ഇല്ലെന്നു പറഞ്ഞു തന്നത് അമ്മ പറഞ്ഞ ''ആധാര'' മായിരുന്നു..
എന്റെ വിഷമാവസ്ഥ കണ്ടു ''മനമലിഞ്ഞ'' രവി പറഞ്ഞു..
'' ഞാന്‍ നിനക്ക് പുതിയ രണ്ടായിരത്തിന്റെ നാല് നോട്ടുതരാം പകരം നീ എനിക്ക് പഴയ ആയിരത്തിന്റെ പത്ത് നോട്ടുകള്‍ തന്നാല്‍ മതിയെടാ.!!
എന്റെ സ്നേഹിതന്‍ എത്ര ദയാലുവാനെന്നു ഓര്‍ത്തുപോയി ''സന്തോഷാശ്രു ക്കളോടെ'' മഹത്തായ ആ കൈമാറ്റം നടത്തി..ദയാലുവായ അവന്‍ കുറച്ചു കൊഞ്ചുകൂടെ ഫ്രീ ആയി തന്നപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പഴയ ബാര്‍ട്ടര്‍ സമ്പ്രദായമായിരുന്നു..വീട്ടിലേക്ക് കടക്കുമ്പോള്‍,അവിടെ വഴിക്കണ്ണ്മായി അമ്മ പൂമുഖ പടിയില്‍ കാത്തിരുപ്പുണ്ടായിരുന്നു ,,അമ്മയുടെ കൂടെ കുറിഞ്ഞി പൂച്ചയും..
©Krishna Kumar Koodali 2016
കൃഷ്ണ കുമാര്‍,കൂടാളി.
ഗോകുലം കീഴല്ലൂര്‍..
ഫോട്ടോ കടപ്പാട്: വിക്കി പീഡിയ



Friday, November 11, 2016

വരദ (കവിത)

നിലാ മഴയില്‍, ഈ നിശാ മലരിന്‍
നീല നീരജ നയനങ്ങളില്‍...
അഴകിന്റെ രാഗോത്സവം,സഖീ
മൊഴികളില്‍ തൂണീരമോ?
വരദേ,ശുഭാനനേ,മലയജ ശോഭിത
സരസേ,മലയാള മനസ്സേ.....
ഹരിത മനോഹര സുന്ദരീ, സഖീ
ചരണങ്ങളില്‍ ചാഞ്ചാട്ടമോ?
എഴുതിയ വരികളിലെത്രയോ സുന്ദര
പഴമതന്‍ മാധുര്യ സ്മരണകളില്‍..
തഴുകുമിളം തെന്നലായ്,സഖീ
മുഴുക്കാപ്പിലഴകേറും ചന്ദ്രികയോ?
സപ്തവര്‍ണ്ണ പതംഗങ്ങള്‍ നഭസ്സിന്‍
തപ്ത കാഞ്ചന കിരണങ്ങളെ..
തൃപ്തിനല്കും സുന്ദര ഭൂമികെ,സഖീ,നാം
പ്രാപ്തരറിയുക ഒരുമയല്ലയോ പെരുമ?
നിലാ മഴയില്‍ നീഹാര സൗരഭ രാവിന്‍
നീല മിഴികളാം പുഷ്പ ബാണങ്ങളില്‍...
ചേലൊത്ത കാവ്യ ധരണീ ,സഖീ
അലിവിന്‍ സഹ്യാദ്രി സാനുവോ നീ ?
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍

Saturday, October 29, 2016

നക്ഷത്ര കണ്ണുള്ള മാലാഖ (ചെറു കഥ)

'' രണ്ടു മൂന്ന് ആവർത്തികളിലായി മൊബൈല്‍ റിംഗ് ടോണ്‍ ആവര്‍ത്തിച്ചപ്പോഴാണ് അയാള്‍ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്,,കൈയ്യെത്തുന്ന ദൂരത്തല്ലല്ലോ,ഉറങ്ങാന്‍ കിടന്നപ്പോള്‍ ഈ പണ്ടാരം വച്ചത്എന്ന് മനസ്സില്‍ പ്രാകുകയും ചെയ്തു.ആരാണാവോ ഈ നട്ട പാതിരക്ക് മനുഷ്യന്റെ ഉറക്കം കളയാനായിട്ട് വിളിക്കുന്നത്,? .അഴിഞ്ഞു കിടന്ന ഉടുമുണ്ട് വാരിച്ചുറ്റി മറുകൈയില്‍ ഫോണ്‍ എടുക്കാന്‍ ഭാവിച്ചപ്പോള്‍ പുതച്ചിരുന്ന കമ്പളി നിലത്തു വീണു കിടന്നത് അറിയാതെ കാല്‍ വഴുതി വീഴാന്‍ ഭാവിച്ചു,,,ആരുടെയോ ഭാഗ്യത്തിന് തെന്നി വീഴും മുന്നേ അടുത്തുണ്ടായിരുന്ന മേശയില്‍ പിടുത്തം കിട്ടി, അപ്പോഴേക്കും കാള്‍ കട്ട്‌ ആവുകയും ചെയ്തു..പരിചയമില്ലാത്ത നമ്പര്‍ ആയതിനാല്‍ തിരിച്ചു വിളിക്കണമോ, വേണ്ടയോ എന്നു ശങ്കിച്ചു നില്ക്കവേ,..ഉറക്കച്ചടവിന്റെയും,,തെന്നി വീഴാന്‍ പോയതിന്റെ വിഷമവും, എല്ലാം കൊണ്ടും കലികേറിയ നേരത്താണ് വീണ്ടും ഫോണ്‍ റിംഗ് ചെയ്തത്..ഇത്തവണ കൂടുതല്‍ നേരം, കാത്തു നില്‍ക്കാതെ ഫോണ്‍ എടുത്തു..ഇരട്ടിച്ച ദേഷ്യത്തോടെ ഫോണ്‍ എടുത്തു..
''ഹലോ'' ആരാണ് വിളിക്കുന്നത്‌? അയാള്‍ ചോദിച്ചു.
രാജെട്ടനല്ലേ.?
അതെല്ലോ..താങ്കള്‍ ആരാണ്..
രാജേട്ടാ ഞാന്‍ റഷീദാണ്..
ഏതു റഷീദ്.? ഉറക്കം നഷ്ട പെട്ടതിന്റെ ഈര്‍ഷ്യ മുഖത്തും വാക്കുകളിലും വ്യക്തമായിരുന്നു.തെറ്റായ നമ്പര്‍ ആണെന്ന് പറഞ്ഞു കാള്‍ കട്ട്‌ ചെയ്യാന്‍ ഭാവിച്ചപോള്‍ മറുഭാഗത്തെ വാക്കുകള്‍ക്കു ജീവന്‍ വച്ചു..അല്ല അപ്പൊ താങ്കള്‍ രാജന്‍ എന്ന് വിളിക്കുന്ന രാജേന്ദ്രന്‍ അല്ലെ?
തെല്ലിട കൊണ്ടു തന്നെ, തികട്ടി വന്ന ഈര്‍ഷ്യയുടെ അളവ് കുറഞ്ഞത് കൊണ്ട് സ്വരത്തില്‍ അല്പം മയപ്പെടുത്തി മറുപടി പറഞ്ഞു..
അല്ലല്ലോ സുഹൃത്തേ..ഞാന്‍ രാജശേഖരന്‍..അടുപ്പക്കാര്‍ രാജാന്നാ വിളിക്ക്യാ..
ഓക്കേ..എന്തായാലും ഒരുരാജേട്ടന്‍ തന്നെയല്ലേ,എന്റെ അയല്‍വാസി ഒരു രാജേട്ടനെ വിളിച്ചതായിരുന്നു,,ഇനിയൊരു പക്ഷെ നമ്പര്‍ മാറിപ്പോയതാണോ ? ..യാദര്‍ശച്ചികമെങ്കിലും..ഈ മണലാരണ്യത്തില്‍ നമുക്ക് ഉറ്റവരെന്നു പറയാന്‍ വേറാരുമില്ലല്ലോ..റഷീദ് വിടാനുള്ള ഭാവമില്ല.റഷീദ് നടക്കുകയാണെന്ന് തോന്നുന്നു,,ഇടയ്ക്കിടെ വണ്ടികള്‍ ചീറി പോകുന്നത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്,,.
അയാള്‍ പറഞ്ഞു ഏതായാലും റഷീദിന്റെ നമ്പര്‍ ഞാന്‍ നോട്ട് ചെയ്തു വക്കുന്നുണ്ട്..രാത്രിവൈകും വരെ സൈറ്റ് വിസിറ്റും മറ്റുമായി ധാരാളം തിരക്കുണ്ടായിരിന്നു..നമുക്ക് വിശദമായി നാളെ സംസാരിച്ചാല്‍ പോരായോ?..
മതി, രാജേട്ടാ സുഖ നിദ്ര നേരുന്നു..ശുഭരാത്രി..ഓക്കേ ബൈ രാജേട്ടാ..
എഴുന്നേറ്റു നിന്ന് എസിയുടെ റിമോട്ട് എടുത്തു ഊഷ്മാവ് നില കൂട്ടിവച്ചു സുഖ നിദ്രക്കു അതാണ്‌ നല്ലത്..
കട്ടിലിനടുത്തുള്ള സൈഡ് ടാബിളിലേക്ക് മൊബൈല്‍ ഫോണ്‍ ഒതുക്കി വച്ചിട്ട് കിടക്കാന്‍ നേരം.
അയാള്‍ മൊബൈല്‍ പാഡില്‍ നോക്കി സമയം അറിയാന്‍..ഹോ ശുഭരാത്രി പോലും..ശുഭ സുപ്രഭാതതിനുള്ള സമയമായി അപ്പോഴാ..എങ്കിലും കണ്ണുകള്‍ക്ക് നിദ്രാകടാക്ഷം കിട്ടിയതിനാല്‍ വേഗം തന്നെ ഉറക്കത്തിലേക്കു വഴുതി വീണതയാള്‍ അറിഞ്ഞില്ല..
പിറ്റേ ദിവസം..വെള്ളിയാഴ്ച..എല്ലാ പ്രവാസികളുടെയും സ്വപ്ന ദിനം..പ്രഭാത ശയന സുഖ കാംക്ഷികള്‍..
അലങ്കാര കര്‍ട്ടന്‍ തെന്നിമാറി കിടന്നതിനാല്‍ ജനാലയുടെ ഗ്ലാസ്സ് ഡോര്‍ന്‍റെ സുതാര്യതയിലൂടെ അനുസരണകേടുള്ള തന്റെ കിരണങ്ങള്‍ സൂര്യ ഭഗവാന്‍ അയാളുടെ കണ്ണുകളിലേക്കു കടത്തിവിട്ടപ്പോഴാണ് രാജന്‍ പള്ളിയുറക്കം വിട്ടെഴുന്നേറ്റത്...സമയം പത്തുമണിയായിക്കാണും..
''എന്തായിതു രാജാ പോത്തിനെ പോലെ കിടന്നുറങ്ങാതെ അന്‍റെ കെട്ട്യോളെ ഒന്ന് വിളിക്ക് പഹയാ..ഓള് തൊള്ള തൊറന്നു കാറുന്നുണ്ടെന് നിന്റെയാ കുന്ദ്രാണ്ടത്തൂന്നു.."
നാട്ടുകാരനും സഹ മുറിയനുമായ അന്ത്രുക്ക പറഞ്ഞപ്പോഴാണ് രാജന്‍ മൊബൈല്‍ നോക്കിയത്.!! ലേഖയുടെ നാലോളം മിസ്ഡ് കാളുകള്‍.!!
നൈറ്റ് ഷിഫ്റ്റ്‌ ജോലി കഴിഞ്ഞു വന്ന അന്ദ്രൂക്കാനു മൊബൈല്‍ റിങ്ങിംഗ് കാരണം ഉറക്കം നഷ്ടമായതിന്റെ ദേഷ്യ പ്രകടനമായിരുന്നെന്നു ചുരുക്കം..
അയ്യോ..ലേഖക്ക് ഇന്ന് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ,,ഞാനത് മറന്നല്ലോ ദൈവേ..ഇനിയിപ്പോള്‍ അവളുടെ മുഖം കടന്നല്‍ കുത്തിയത് പോലെ ഉണ്ടാകും..എന്നാലും വേണ്ടില്ല വിളിക്കുകതന്നെ.. റിംഗ് അടിച്ചു കൊണ്ടിരിക്കെ, കെട്ട്യോളുടെ ദേ ഷ്യം മാറ്റാനുള്ള മാര്‍ഗ്ഗം ആലോചിക്കുകയായിരുന്നു..
''ഹലോ''
രാജെട്ടന്താ ഇനീം എണീറ്റിനില്ലേ??
അവളുടെ സൌണ്ട് കേട്ടിട്ട് കടന്നല്‍ കുത്തിയില്ലെന്നു തോന്നുന്നു..അവളുടെ നിറവും ഓന്തിന്‍റെ നിറവും ഒരു പോലെ ആണെന്ന് തോന്നുന്നു..എപ്പോഴാണ് കാറും കോളും കയറി വരികെന്നു അറിയില്ലല്ലോ!! എങ്കിലും ശുദ്ധ പാവം പൊട്ടിയാണ്..
രാജാട്ടാ ഇന്റെര്‍വ്യൂ നാളേക്ക് മാറ്റി വച്ചു,,ഇന്ന് ജില്ലാ ഹര്‍ത്താല്‍ കാരണം..ഇടയ്ക്കിടെ വെട്ടും കുത്തും നടക്കുന്നുണ്ടല്ലോ അതിന്റെ ഭാഗമാണെന്നു തോന്നുന്നു
''പിന്നെ നിങ്ങളൊരു കാര്യം അറിഞ്ഞിനോ? നമ്മുടെ കുന്നും പുറത്തെ ഖദീസുമ്മാന്‍റെ മോനില്ലേ ഓന്‍ ഖത്തറില്‍ വണ്ടിയടിച്ചു മരിച്ചെന്നു കേട്ടു,,നിങ്ങടെ അടുത്താണെന്നും പറയുന്നത് കേട്ടു,,ഇന്ന് ടിവിയിലെല്ലാം കാണിച്ചിനു പോലും''
ഏതു നമ്മുടെ മീന്‍കാരന്‍ ബീരാനിക്കാന്റെ മോനോ? ഓന്‍ ചെറുപ്പത്തില്‍ നാട് വിട്ടുപോയതല്ലേ.? രാജന്‍ ചോദിച്ചു
''ആ അതന്നെ.''
ഞാനാ ചെക്കനെ നാലഞ്ചു വയസ്സുള്ളപ്പോഴോ മറ്റോ കണ്ടതാണ്..പേരു പോലും അറിയില്ല..ബീരാനിക്ക മരിച്ചപ്പോള്‍ കദീസുമ്മാനെയും കുട്ട്യോളെയും,ഓരുരെ അങ്ങളാര്‍ വന്നു കൂട്ടി പോയതാണ്..പിന്നെ ഈ ചെക്കന്‍ വലുതായപ്പോഴാണ്‌ വീണ്ടും അവിടെ വന്നതെന്ന് കേട്ടിരുന്നു..
ഇനീപ്പം ഖദീസുമ്മാന്റെ കാര്യം കഷ്ടം തന്നെ..മാത്രല്ല..പയ്യന്റെ കെട്ട്യോള്‍ക്ക്‌ ''മാസഭേദമാണെന്ന്'' പറയുന്നത് കേട്ടിരുന്നു,,
എന്റെ ദൈവേ അയിറ്റിങ്ങളെ ആരു ഇനി നോക്കും? നീ തന്നെ തുണ ദൈവേ..ലേഖയുടെ സങ്കട പറച്ചില്‍ എന്നിലേക്കും പടര്‍ന്നു..ഇന്നലെ രാത്രി ആരോടോ ഫോണ്‍ വിളിച്ചു കൊണ്ട് അവന്‍ താമസിക്കുന്ന വില്ലയുടെ പുറത്തു നില്‍കുമ്പോള്‍ ഏതോ ഒരു വണ്ടി നിയന്ത്രണം തെറ്റി വന്നു അവനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നത്രേ..
എന്തായിരുന്നു അവന്റെ പേര്? രാജന്‍ ചോദിച്ചു..
റഷീദ്..!!! ങേ? ഒരു മിന്നല്‍ പിണര്‍ മനസ്സിലൂടെ കടന്നു പോയോ ?
എന്താ പേരെന്ന് പറഞ്ഞെ? രാജന്‍ വീണ്ടും ചോദിച്ചു..
റഷീദ് എന്ന് പറഞ്ഞില്ലേ ?
ലേഖെ ഇന്നലെ രാത്രി ഒരു റഷീദ് എന്നെ വിളിച്ചിരുന്നു..ഞാന്‍ നല്ല ഉറക്കത്തില്‍ ആയിരുന്നു..നാളെ സംസാരിക്കാമെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു..ഇനിയിപ്പോ അതോ മറ്റോ ആണോ ദൈവമേ ? ലേഖെ ഞാന്‍ പിന്നെ വിളിക്കട്ടോ എന്ന് പറഞ്ഞു രാജന്‍ ഫോണ്‍ കട്ട് ചെയ്തു..
ഇന്നലെ വന്ന ഇന്‍കമിംഗ് കാള്‍ ലിസ്റ്റ് എടുത്തു റഷീദ് വിളിച്ച നമ്പരിലേക്ക് വിളിച്ചു..കാള്‍ പോകുന്നുണ്ട്,,ആരും എടുക്കുന്നില്ല..
മനസ്സില്‍ സംശയത്തിന് ആക്കം കൂടി..വീണ്ടും വിളിച്ചപ്പോള്‍ അറബിയില്‍ മറുപടി വന്നു,
''മീന്‍ മൈ?''
ആരാണ്? അന മിന്‍ ഷുര്‍ത്താ (ഞാന്‍ പോലീസ് ആണ്)
ഇന്ത അവുസ് മീന്‍ ? താങ്കള്‍ക്ക് ആരെയാണ് വേണ്ടത് ?
അന തസ്സ്ല്‍ റക്കം വാഹദ് നെഫര്‍ ഇസ്മു റഷീദ്,(ഞാന്‍ റഷീദ് എന്ന് പേരുള്ള വ്യക്തിയുടെ നമ്പറിലേക്ക് വിളിച്ചതാണ്)
തയ്യിബ്,ഓക്കേ
ഏഷ ഇസ്മാക് ഇന്ത..(എന്താ പേരു?)
അന രാജശേഖരന്‍..
മാഷി..ഹി ഈസ് യുവര്‍ റിലേറ്റീവ് ?
നോ സര്‍ ഒണ്‍ലി എ നെയിബര്‍ (എന്റെ അയല്‍ക്കാരന്‍ മാത്രമാണ് )
മാഫി മുഷ്കില്‍.. (സാരമില്ല)
ഹുവ ഫീ മൌത്ത് ഹംസ് ബില്ലേല്‍..(ഇന്നലെ രാത്രി അവന്‍ മരിച്ചു വണ്ടി ഇടിക്കുകയായിരുന്നു)
ഇറ്റ്‌ വാസ് എന്‍ എക്സിടെന്റ്റ്..
താല്‍ ഇന്ത മക്തബ് (പോലീസ് സ്റ്റേഷന്‍ വരെ വരണം)
അറബി നാട്ടിലെ പോലീസ് സ്റ്റേഷന്‍ നമ്മുടെ നാട്ടിലേക്കാളും സുതാര്യമാണ്..എങ്കിലും ഒരു ധൈര്യത്തിന് അന്ത്രുക്കാനെയും കൂട്ടിയാണ് പോലീസ് സ്റ്റേഷനില്‍ പോയത്..അവിടെ ചെന്നു സംസാരിച്ചപ്പോള്‍ അവര്‍ ഒരു മുറിയിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടു പോയി..അവര്‍ നക്ഷത്ര കണ്ണുകളുള്ള ഒരു വെള്ള മാലാഖ രൂപത്തിലുള്ള പാവ കുട്ടിയെ കാണിച്ചു തന്നു.!!.അവര്‍ പറഞ്ഞു വണ്ടി വന്നിടിച്ചു തെറുപ്പിച്ചപ്പോഴും പാവ കുട്ടിയെ കൈവിട്ടിരുന്നില്ലെന്നു,,അതു പറയുമ്പോള്‍ അറബി പോലീസിന്റെ കണ്ണുകളും നിറയുന്നത് കണ്ടു.!.
വിറയ്ക്കുന്ന കയ്യുകളോടെ റഷീദിന്റെ ആ കുഞ്ഞു മാലാഖയെ കൈയിലെടുത്തു..ഇതിനായിരുന്നോ റഷീദേ നീ എന്നെ വിളിച്ചിരുന്നത്‌.?രാജന്‍ പരിസരം മറന്നു തേങ്ങിയേങ്ങി കരഞ്ഞു..!!
ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി റഷീദിന്റെ ചലനമറ്റ ദേഹതോടൊപ്പംനക്ഷത്ര കണ്ണുള്ള പാവക്കുട്ടിയുമായി ഖത്തര്‍ എയര്‍ വെയ്സ് വിമാനം കോഴിക്കോട് എത്തിയപ്പോള്‍ വന്‍ ജനാവലി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു..ബോഡി ബന്ധുക്കളെ എല്പ്പിക്കുമ്പോഴും വലുതായത്തിനു ശേഷം കണ്ടിട്ടില്ലാത്ത റഷീദിനെ കാണണമെന്നു തോന്നിയില്ല..അവരുടെ വീടിന്റെ അകത്തളത്തില്‍ തളര്‍ന്നു കിടക്കുന്ന ഖദീസുമ്മാന്റെ കരങ്ങളില്‍ ആ വെളുത്ത കണ്ണുകളുള്ള പാവകുട്ടിയെ എല്പപ്പിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഉമ്മയുടെ മാറിലേക്ക്‌ മോഹാലസ്യപ്പെട്ടു വീണ പെണ്‍കുട്ടിയെ ഒരിക്കലെ ഞാന്‍ നോക്കൊയുള്ളൂ..കൂടുതല്‍ നേരം അവിടെ നില്കാനുള്ള കരുത്തുണ്ടായിരുന്നില്ല..ലേഖയുടെ കൈ പിടിച്ചു വീട്ടിലേക്കു നടന്നു------------------------------------------
ഈയിടെ ആയി ലേഖയെ ഫോണ്‍ വിളിക്കുമ്പോള്‍ ഒരു കുഞ്ഞിളം കിളിയുടെ ശബ്ദം കേള്‍കാറുണ്ട്..ലേഖ പറയാറുണ്ട്‌.. ഈ മാലാഖ കുട്ടിക്ക് വെളുത്ത നക്ഷത്ര കണ്ണുകളാണെന്ന്..
ഒരിക്കല്‍ ആ മാലാഖ കുഞ്ഞിനോട് ഞാന്‍ പേര് ചോദിച്ചു..നക്ഷത്ര കുഞ്ഞു മൊഴിഞ്ഞു
''നൂറാ റഷീദാ''
അപ്പോള്‍ നൂറായിരം നക്ഷത്ര കൂട്ടങ്ങള്‍ക്കിടയില്‍ ഒന്നിന് കൂടുതല്‍ തിളക്കമുള്ളതായി അയാള്‍ക്ക്‌ തോന്നി..
കൃഷ്ണ കുമാര്‍ കൂടാളി
ഗോകുലം,കീഴല്ലൂര്‍..
29.10.2016
(ഫോട്ടോ കടപ്പാട്< ഗൂഗിള്‍,),

Friday, October 14, 2016

കണ്ണീരുപ്പ്..(കവിത)

കൂടാരങ്ങളില്‍ നിന്ന് കുടീരങ്ങളിലേക്ക് പ്രണയിച്ചു
പ്രണമിച്ചു, ആനയിക്കപ്പെടുന്ന പ്രയാണമാണ്..
വിശുദ്ധ ചിന്തകളാല്‍ പതഞ്ഞൊഴുകുന്ന
സമര വീര്യങ്ങള്‍ തത് ഫലമീ നിണ ചൂരെന്നു വ്യക്തം!
പീത കാഞ്ചന പവിഴ, രക്ത സിന്ദൂര ഹരിതാഭ
ശുഭ ശുഭ്ര നീലിമ പീതങ്ങളും സപ്തവര്‍ണ്ണങ്ങ
ളത്രയും പതംഗങ്ങള്‍ വാനിലുയരട്ടെ,യാര്‍ക്കു ചേതം?
ചുടുചോര ചോറിനു കണ്ണീരുപ്പു രുചിയില്ലേ?
ആരാരോടു ചൊല്ലും, ചുറ്റിലും ഭീതി നിഴല്‍
വിരിക്കും പിന്‍ വിളിയൊച്ച,കളട്ടഹാസങ്ങള്‍
വാതില്‍മറക്കപ്പുറം കയ്യെത്താ ബലിഷ്ട കരങ്ങളാല്‍
സുഭദ്രം പിന്നണിയാളുകള്‍,ചുറ്റും കാവലാളുകള്‍!!
ചായില്യ ചോപ്പിലെ വീരതെയ്യങ്ങള്‍ തന്‍ അങ്കക്കലി
വാളുകള്‍ തട്ടി പറിച്ചഭിനവ കോമരങ്ങളാടി-
തിമിര്‍ക്കവേ, കോപ്പുകൂട്ടുന്ന കൂട്ടരെ, ഓര്‍ക്കുവിന്‍
തീകൊണ്ട് തലചൊറിഞ്ഞാലാര്‍ക്ക് നേട്ടം?
ഭയമുണ്ടതിലേറെ ഖിന്നതയും,കണ്ണീരുണങ്ങാത്ത
യെന്റെയൂരെ, നിന്‍റെ ഹൃദയം പിടയുന്നതറിവൂ ഞാന്‍.!
കണ്ണില്‍ പകയുടെ തീയാട്ടമാടുന്ന അന്ധരാം ജനതക്ക്
വെട്ടമേകാന്‍, പുലരി പൂക്കാന്‍ പകലോന്‍റെ കാത്തിരിപ്പ്‌!
ശാന്തി സന്ദേശമല്ല, സ്നേഹദുഗ്ദ്ധം പകരുവാനൊരുശ്രമം,
മഹാമൌനം പേറുന്ന കൌശല കുറുനരികളെ-
കരുതിയിരിക്കുക, നീണമൂറ്റിക്കുടിക്കും അട്ടകളുണ്ട്
മറക്കരുത്,നമുക്കമ്മയുണ്ട് ,പറക്കമുറ്റാ കുരുന്നുകളും,!
കൃഷ്ണ കുമാര്‍,കൂടാളി.
ഗോകുലം,കീഴല്ലൂര്‍,,

Friday, October 7, 2016

സ്മൃതി പഥം: മൂന്നരക്കുള്ള വണ്ടി (ചെറുകഥ)

സ്മൃതി പഥം: മൂന്നരക്കുള്ള വണ്ടി (ചെറുകഥ): ഇപ്പോള്‍ അയാളുടെ നടത്തത്തിനു വേഗത കൂടിയിരിക്കുന്നു..ഒറ്റയടി പാത പിന്നിടുമ്പോള്‍ മനസ്സ് കലുഷിതമാണെന്ന് മുഖഭാവം കണ്ടാല്‍ അറിയാം..സാധാരണയായി...

Sunday, August 7, 2016

കാറ്റ് മാളിക (കഥ)

''പതിനാറാം നാളും കോളും''...''കര്‍ക്കിടകം'' നിര്‍ത്താതെ പെയ്യുന്ന നാളാണല്ലോ പതിനാറാം നാള്‍...രൌദ്ര താളത്തോടു കൂടി തിമര്‍ത്തു പെയ്യുന്ന കള്ള കര്‍ക്കടകിടകം തന്റെ ശക്തി മുഴുവന്‍ ആവാഹിച്ചെടുത്ത്‌ താണ്ഡവമാടുന്നതിനാല്‍ കാക്കകള്‍ പോലും കണ്‍ തുറക്കുന്നില്ല..
മുക്കുന്നി തോട്,ആലു വളപ്പ് ചിറയും കടന്നു ചാത്തോത്ത് താഴെ കണ്ടമെല്ലാം നിറഞ്ഞു പുഴപോലെ പരന്നൊഴുകുന്നു......രാമര്‍ മാഷ്‌ ചാത്തോത്ത് താഴെ എത്തിയപ്പോള്‍ കണ്ട കാഴ്ചയാണിത്...എന്റെ താഴത്തിടത്ത് ഭഗവതീ..കല്ല്യാട്ടിറയും കടന്നു എങ്ങിനെയാ ഞാന്‍ വീട്ടിലെത്തുക? ഒരു തുണാക്കാരെയും കാണുന്നില്ലല്ലോ? ആരും വരുന്നുമില്ല..വല്യശമാന്‍ ചാത്തോതു ഉണ്ടാവുമോ എന്തോ ?
.വല്യശമാനന്റെ സമപ്രായക്കാരനായിരുന്നു നാട് വിട്ടു പോയ, തന്റെ ഏട്ടന്‍ ഒതേനന്‍..അയിത്തവും തീണ്ടലും തൊടീലും ഒക്കെ ഉണ്ടായിരുന്നെങ്കിലും..വല്യസ്മാനന്‍ ഉള്ളപ്പോ അങ്ങിനെ ആരും അങ്ങിനെ എതിര്‍ക്കില്ലായിരുന്നു,,മാത്രമല്ല, നേത്യാരമ്മക്ക് തന്നോട് പ്രത്യക പ്രതിപത്തി ഉള്ളതായി പലപ്പോഴും തോന്നിയുട്ടുമുണ്ട്....വല്യസ്മാനനും ഒതേനേട്ടനും ഉറ്റ ചങ്ങാതിമാരും ആയിരുന്നു..
അച്ഛന് ഇവിടെ കാര്യസ്ഥ പണിയുണ്ടായിരുന്നല്ലോ..ഇപ്പഴത്തെ വല്യസ്മാനനും, ഒതെനെട്ടനും ആദ്യകാലത്ത് കോണ്‍ഗ്രസ്‌ ആയിരുന്നു,,,ഒതെനെട്ടന്റെ സഹവാസം കൊണ്ടാണ് വല്യസ്മാനന്‍ കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആയതു എന്ന്,വല്യസ്മാനനറെ അച്ഛന്‍ കുഞ്ഞമ്പു തമ്പ്രാന്‍ പറയുമായിരുന്നു പോലും..
എന്തിനും ഏതിനും പോന്ന, ആറടി രണ്ടിഞ്ചു നീളവും, ഒത്ത വണ്ണവും ഉണ്ടായിരുന്ന ഒതെനെട്ടനെ എല്ലാവര്ക്കും പേടിയും,അല്പം ബഹുമാനവും ഉണ്ടായിരുന്നു..ജന്മിത്ത വ്യവസ്ഥിതിയെ ഭയപെടാത്ത ആളെന്ന നിലയില്‍..
കുണ്ട് പറമ്പില്‍ ഉസ്മാനായിരുന്നു കുഞ്ഞമ്പു തമ്പ്രാന്റെ പടത്തലവന്‍.
ഉസ്മാന്റെ മകള്‍ ആയിശുവിനോട് ഒതെനെട്ടന് വല്ലാത്ത ''മുഹബത്ത് '' തോന്നി തുടങ്ങിയത് ആയിടക്കാണ്‌..ഗോപ്യമായി വച്ചിരുന്ന അവരുടെ സല്ലാപം അങ്ങാടി പാട്ടാവാന്‍ അധിക നാളെടുത്തില്ല..ഒടുവില്‍ വല്യസ്മാനന്‍ ഇടപെട്ടു ഒതെനേട്ടനെ ആ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിച്ചു..മനം മടുത്ത ഒതെനെട്ടന്‍ ഒരുനാള്‍ ആരോടും പറയാതെ സ്ഥലം വിട്ടു,,..വര്ഷം പത്തു കഴിഞ്ഞു തിരിച്ചെത്തിയത്‌ ''പെനാങ്കു'' കാരനായിട്ടായിരുന്നു...ഇടയ്ക്കു ബര്‍മ്മയിലും പോയിരുന്നത്രേ..ഒതെനെട്ടന്‍ കൊണ്ട് വന്ന മര്‍ഫി റേഡിയോ അക്കാലത്തു ഒരു അത്ഭുത വസ്തു തന്നെ ആയിരുന്നു..
കാലമെത്ര കടന്നു പോയിരിക്കുന്നു..പെനാങ്കിലേക്ക്‌ മടങ്ങിപോയ ഒതെനെട്ടന്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി,പത്തിരുനൂറു പേര്‍ മുങ്ങി മരിച്ച കൂട്ടത്തില്‍ തന്റെ ഒതെനെട്ടനും!!!നീറുന്ന .ഓര്‍മ്മ ചിത്രത്തില്‍ നിന്നും, തന്റെ ഒതെനെട്ടന്‍ മനസിലേക്ക് വീണ്ടും കയറിവന്നപ്പോള്‍ രാമര്‍ മാഷുടെ കണ്ണുകള്‍ സജലങ്ങളായി..ചാത്തോത്ത് പടിപ്പുരക്ക് താഴെ കുറച്ചു സമയം ശങ്കിച്ചു നിന്നു.
-----------------------------------------------------------------------
മഴയുടെ ശക്തി കുറയാതെ ഇനിയൊട്ടും മുന്നോട്ടു പോകാനാവില്ല, അമ്പലതും കുനിയില്‍ നടവരമ്പോടു ചേര്‍ന്ന് സമാന്യം വലിയൊരു കുളവുമുണ്ട്,,അവിടെയെങ്ങാനും കാല്‍തെറ്റി വീണാല്‍ കഥ തീര്‍ന്നത് തന്നെ..തെല്ലിട ആലോചിച്ചു, ഒന്നും നോക്കീല ചാത്തോത്ത് മാളികയില്‍ കയറി ചെല്ലുക തന്നെ...
മഴപെയ്തു വലിയ മുറ്റത്തും വെള്ളകെട്ടായിരിക്കുന്നു...വാസ്തു ഭംഗിയാല്‍ പ്രൌഡ ഗംഭീരമായ മൂന്നു നില മാളിക ഇതല്ലാതെ ഇന്നാട്ടില്‍ വേറെ ഇല്ല..രാമര്‍ മാഷ്‌ ഒന്ന് അന്തിച്ചു നിന്നു..എന്റെ അച്ഛന്റെ ഒപ്പം കുട്ടിക്കാലത്ത് വന്നത്,മനോമുകുരത്തില്‍ തെളിഞ്ഞു നിന്നു..കുട്ടിക്കാലത്തെ ഉള്ള മോഹമായിരുന്നു, കാറ്റ് മാളികയില്‍ കയറാന്‍..ഷഡ്ഭുജാകൃതിയില്‍ നിര്‍മ്മിച്ച കാറ്റ് മാളിക എനിക്ക് താജ് മഹല്‍ പോലെ മനോഹരമായാണ് അന്നും ഇന്നും തോന്നിയിട്ടുള്ളത്....വിവിധ വര്‍ണ്ണങ്ങളോട് കൂടിയ ചില്ലു ജാലകം, കാഴച്ചയുടെ മായാ ജാലകം തന്നെ ആയിരുന്നു..വര്‍ണ്ണങ്ങള്‍ വിടരുന്നത് അവിടെ നിന്നാണെന്ന് തോന്നിപ്പോകും വിധം മനോഹരം...
-----------------------------------------------------------------------------------------
‘’കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി-
നോര്‍ക്കിലവസാനമില്ലെന്നറിക നീ
എങ്കിലും ചോല്ലുവനൊട്ടു സംക്ഷേപിച്ചു
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍....’’
സാവിത്രി കുട്ടി നെത്യാരമ്മയുടെ ഈണത്തിലുള്ള രാമായണ പാരായണം പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്..
പടിപ്പുര കടന്നു വന്ന രാമര്‍ മാഷുടെ സന്നിധ്യമൊന്നും അവര്‍ അറിഞ്ഞില്ല..അതി വിശാലമായ പൂമുഖത് ആവണി പലകയിലുരുന്നു,ചെറിയ പീഠത്തിലുറപ്പിച്ച സ്റ്റാന്ടില്‍ പുസ്തകം നിവര്‍ത്തി വച്ചിട്ട്, അതിനു മുന്നില്‍ അഞ്ചു തിരിയിട്ട നിലവിളക്കിന്റെ പ്രഭയില്‍, ആസുര ചിന്തകളെ അവര്‍ രാമായണത്തിലൂടെ ആട്ടി പായ്ക്കുകയാണ്..
മഴ ഇപ്പോഴും ചിണുങ്ങിയും,പിണങ്ങിയും,കുറുമ്പ് കാട്ടി തുടരുന്നു..വീശിയടിക്കുന്ന കാറ്റില്‍, തൊടിയിലെ പീറ്റ തെങ്ങില്‍ നിന്ന് മുറ്റത്തെക്ക് മച്ചിങ്ങകള്‍ വീണു കൊണ്ടിരിക്കുന്നു..ചാഞ്ഞു പടര്‍ന്ന നാട്ട് മാവിന്റെ ഇലകളും ധാരാളം വീണുകൊണ്ടിരിക്കുന്നു...കാറ്റ് വട്ടം കറക്കുന്നത്‌ പീറ്റ തെങ്ങുകളെയാണ്, കൂടുതല്‍ മാനം മുട്ടെ വളര്‍ന്ന അവറ്റകളുടെ മുടിക്കുത്തു പിടിച്ചു ച്ചുഴറ്റുകയാണ് അഹങ്കാരിയായ കാറ്റ്..അല്ലെങ്കിലും തിരിച്ചു തല്ലില്ലെന്നു ഉറപ്പുള്ളവരുടെ മണ്ടക്ക്കേറാനാണല്ലോ പലരും ആഗ്രഹിക്കുന്നത്.. !!
നെടുനീളന്‍ കൊലായിയും,അന്ത്രാളങ്ങളും ഉള്ള ചാത്തോത്ത് മാളികയില്‍ വേണമെങ്കില്‍ ഒരു സ്ക്കൂള്‍ തുടങ്ങാനുള്ള സ്ഥലമുണ്ടല്ലോ എന്ന് ചുറ്റും കണ്ണോടിച്ചപ്പോള്‍ രാമര്‍ മാഷക്ക് തോന്നി...നെടുനീളന്‍ ശീലക്കുട ഒതുക്കി വച്ച് ഉമ്മറതെക്ക് കയറുന്ന പടികെട്ടിനരികെ ഒതുങ്ങി നിന്നു. ഒന്നു മുരുടനനക്കിയെങ്കിലും നെത്യാരമ്മയുടെ ശ്രദ്ധയില്‍ പെട്ടില്ല,,മഴ ശറപിറ പെയ്യുമ്പോള്‍, ഉടുത്ത മുണ്ട് മാടി ഒതുക്കിക്കൊണ്ട്,തെക്കേ മോന്തായത്തില്‍ നിന്ന് ഇറയത്തെ മേല്കൂരയിലെക്കും, അവിടെ നിന്ന്, പാത്തി ഓടിലൂടെ മുത്തു കണങ്ങള്‍ പോലെ ഇറ്റിറ്റു വീഴുന്ന മഴവെള്ളത്തിന്റെ താളാത്മകത നോക്കി നില്‍ക്കെ, .ഇടക്കെപ്പോഴോ വായനക്കിടെ രാമര്‍ മാഷെ കണ്ട നേത്ത്യാരമ്മ കൈ മാടി വിളിച്ചു.. എന്നിട്ടും രാമര്‍ മാഷ് ശങ്കിച്ചു നിന്നു..അന്നത്തെ രാമായണ പാരായണം പൂര്‍ത്തിയാക്കി അവര്‍ എഴുന്നേറ്റു,,,
അകത്തേക്ക് നോക്കി നീട്ടി വിളിച്ചു

''പാറുക്കുട്ട്യെ''.

''ഈ വിളക്കൊന്നു അകത്തേക്ക് കൊണ്ട് വക്ക്യ..''

ഓഹ്, രാമന്‍ വന്നിട്ട് ഇശ്ശി നേരയോ?

''കുറച്ചു നേരായി"

നെത്യാരമ്മ നല്ല വായനയിലായിരുന്നു..അത് കൊണ്ടാ ഞാന്‍ ഇവിടെ തന്നെ നിന്നത്..ഇന്ന് പതിനാറാം നാളും കൊളുമല്ലേ.. ശരിക്കും ഈ ക്കണ്ടമെല്ലാം പുഴയായിക്കുന്നു..വീട്ടിലെത്തിപെടാന്‍ ഒരു മാര്‍ഗമില്ല...ഇനി ഇവിടുത്തെ കുന്നും പുറത്തു കൂടി വളഞ്ഞു പോയിട്ട് ചിറമ്മല്‍ എത്തിയാല്‍ പിന്നെ സാരമില്ല...

എന്നാല്‍ അടിയന്‍ പോയ്കോട്ടേ? നേത്യാരമ്മേ?

അല്ല... വല്യസ്മാനെ കണ്ടില്ലല്ലോ..എവിടെ?

സുധാകരന്‍ മാങ്ങാട്ടിടത്തേക്ക് പോയിരിക്കയാണ്‌, രാമാ..

എന്റെ വല്യേട്ടന്‍ മഹാദേവന്‍ വാഴുന്നവര്‍ക്ക് തീരെ വയ്യ്യാതായിരിക്കണന്നും പറഞ്ഞു കുറിമാനം വന്നത് കൊണ്ട് കാണാന്‍ പോയതാ.. നെത്യാരമ്മ പറഞ്ഞു..
സുധാകരന്‍ വാഴുന്നവര്‍ എന്ന എന്റെ വല്യസ്മാനന്‍ ഇന്നിവിടെ ഇല്ലാത്തതു നന്നായി..ഉണ്ടായിരുന്നെങ്കില്‍ പെട്ടെന്നൊന്നും പോകാന്‍ അനുവദിക്കില്ല.
.''ആറും നൂറും'' പറഞ്ഞിരിക്കാന്‍ ബഹു മിടുക്കാണ്..ഓര്‍ക്ക്.... കൂട്ടത്തില്‍ പറയാലോ, രഹസ്യമായി അല്പം മധു സേവയും ഉണ്ടേ!!..തട്ടിന്‍ പുറത്തു കൂട്ടി കൊണ്ട് പോയി നല്ല ഏറ്റു കള്ള് തരും, ഓര് പറഞ്ഞാല്‍ കുടിക്കാതിരിക്കുന്നതെങ്ങിനെയാ!?
ഒരിക്കല്‍ കുടിച്ചു ലക്ക് കേട്ടപ്പോള്‍ എനിക്ക് നെത്യാരമമയാണ് രക്ഷകയായത്. അത് വരെ, രഹസ്യമായി നടത്തിയ ഇടപാട് ഞാന്‍ കാരണം കുളമായി എന്ന് പിന്നീടു കാണുമ്പോഴൊക്കെ വല്യസ്മാനന്‍ പറയുമായിരുന്നു...അന്ന് വല്യസ്മാന് നെത്യാരമ്മയുടെ വഴക്ക് നല്ല കണക്കിന് കിട്ടി..
''സുധാകരാ''
നിന്റെ അച്ഛന്‍ കുഞ്ഞമ്പു തമ്പ്രാന്‍ ഒരു തുള്ളി കഴിക്കില്ലായിരുന്നു..
ഏറ്റു കാരന്‍ കൊട്ടനെ ഞാനൊന്ന് കാണട്ടെ.. അവനാണ്നി ഈ വൃത്തികെട്ട സാധനം നിനക്ക്ന്റെ തരുന്നതല്ലേ ? ഈ സേവയൊക്കെ ഞാന്‍ നിര്‍ത്തുന്നുണ്ട്..അങ്ങിനെ പോയി നെത്യാരമ്മയുടെ പഴി പറച്ചില്‍..രാമര്‍ മാഷുടെ ഓര്‍മ്മകള്‍ പലപ്പോഴും ഫ്ലാഷ് ബാക് ആവുകയാണ്..
''ഞാന്‍ പോവാണേ നെത്യാരമ്മേ''
ഹേയ് എന്താ രാമാ ഇത്രടം വരെ വന്നിറ്റ് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ പോവ്യെ? അത് പറ്റില്ല..
വീണ്ടും അകത്തേക്ക് നോക്കി നീട്ടി വിളിച്ചു..
''പാറുകുട്ട്യേ..''
'അടുപ്പിന്‍റെ തട്ടും പുറത്തൂന്നു കാച്ചിയ പാലിങ്ങെടുത്തോളൂ..രാമന് ധൃതിയുണ്ടത്രേ..''
ഗോവിന്ദന്‍ പോയിട്ട് എത്ര വര്‍ഷായി രാമാ?
ഒതേനന്‍ പോയതില്‍ പിന്നെ നിന്റെ അമ്മയെ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ എവിടെയും പോകാറില്ലേ?
അച്ഛന്‍ പോയിട്ട് പത്തു നാല്‍പതു വര്‍ഷായല്ലോ?..അമ്മയ്ക്കിപ്പോള്‍ തീരെ വയ്യഅതുകൊണ്ട്എങ്ങുംപോകാറില്ലനെത്യാരമ്മേ
,അടുക്കളക്കാരി പാറു കൊണ്ട് വന്ന ചൂട് പാല് മൊത്തി കുടിച്ചപ്പോള്‍ കര്‍ക്കിടകതിനെറെ കുളിരെല്ലാം പമ്പകടന്നു..
..ഗോവിന്ദന്റെ കൂടെ എത്ര തവണ നന്നിരിക്കുന്നു നീയ് അല്ലെ?കുഞ്ഞായ നിനക്കന്നു എന്ത് ഒമാനത്വമായിരുന്നെന്നോ?
സുധാകരന്‍ ഇപ്പോളിവിടെ ഇല്ലാത്തതു നന്നായി അല്ലെങ്കില്‍ നിന്നെവേഗമൊന്നും പോകാന്‍ വിടുമായിരുന്നില്ലല്ലോ...
ഇറവെള്ള ത്തില്‍ ഗ്ലാസ് കഴുകാന്‍ ഭാവിച്ചപ്പോള്‍ നെത്യാരമ്മ പറഞ്ഞു..വേണ്ട കുട്ട്യേ അതവിടെ വച്ചേക്കൂ..പാറുക്കുട്ടി കഴുകിക്കൊള്ളും..നിനക്ക് പോകാന്‍ ധൃതിയുണ്ടോ ?
പോണെങ്കില്‍ വേഗം പൊയ്കോളൂ..മഴക്കല്പം ശക്തി കുറഞ്ഞെന്നു തോന്നുന്നു,,നേത്യാരമ്മ മാനത്തേക്ക് നോക്കി പറഞ്ഞു..
കുടയെടുത്തു, പടിയിറങ്ങാന്‍ തുടങ്ങിയ രാമര്‍ മാഷോടൊപ്പം.പടിക്കെട്ട് വരെ അനുഗമിച്ചു കൊണ്ട് അവര്‍തുടര്‍ന്നു..
ഗോവിന്ദന്‍ ഞങ്ങള്‍ക്ക് അന്യനായിരുന്നില്ല. കാര്യസ്ഥനെ പോലെ കണ്ടിരുന്നുമില്ല..ഇവിടുത്തെ ഒരംഗം തന്നെ ആയിരുന്നു,,.മോനും അന്യനല്ല, അതു കൊണ്ട്'. ഇനിയും വരണട്ടോ? അത് പറഞ്ഞപ്പോള്‍ നേത്ര്യാരമമയുടെ കണ്ണുകളില്‍ നിന്ന് ഒരിറ്റു കണ്ണീര്‍ പൊടിഞ്ഞുവോ? അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് അജ്ഞാതമായ മറ്റൊരു ഭാവമായിരുന്നു!!!
പണ്ട് ഇവിടെ വന്നപ്പോള്‍ വിസ്മയ കാഴ്ചയുടെ ഉറവിടമായ കാറ്റ് മാളികയിലെക്ക് സര്‍പ്പിളാകൃതി യിലുള്ള പടിക്കെട്ടുകള്‍ കടന്നു കയറിക്കൊണ്ട്‌, വര്‍ണ്ണ ജാലകങ്ങളിലൂടെ മായകാഴച്ചകള്‍ കണ്ടു നിന്നതും,.. മനോഹരമായ കല്‍പ്പടവുകളും,കുളിപ്പുരകളും ഉള്ള, ആമ്പല്‍ പൂക്കളാല്‍ സമൃദ്ധമായ താമരപോയ്ക പോലുള്ള നീന്തല്‍ കുളം കണ്ടു രസിച്ചു നിന്നതും, എന്നെ കാണാതെ വശംകേട്ട അച്ഛന്‍ എന്നെ തേടി കാറ്റു മാളികയില്‍ വന്നതും, കാറ്റ് മാളികയുടെ മായ കാഴ്ചയില്‍ മയങ്ങി നിന്ന എന്നെമതിരഞ്ഞുവന്ന അച്ഛന്‍ പിന്നില്‍ നിന്ന് വിളിച്ചിട്ടും , തെല്ലു നേരം കഴുഞ്ഞും അറിയാതെ നിന്നപ്പോള്‍, ക്ഷുഭിതനായ അച്ഛന്റെ ഉഗ്ര ശാസനം കേട്ടപ്പോള്‍ പിന്തിരിഞ്ഞോടിയതും,..പിന്നാലെ വന്ന അച്ഛന്റെ വക പോതിരേചൂരല്‍ കഷായം കിട്ടിയതും,അപ്പോള്‍ അച്ഛന്റെ അടിയില്‍ നിന്ന് ,പിടിച്ചു മാറ്റാന്‍ വന്നതുമായ നെത്യാരമ്മക്ക് ഇപ്പോഴും വല്യ മാറ്റമൊന്നുമില്ല....തലമുടികളില്‍ വെള്ളി കയറി തുടങ്ങയതൊഴിച്ചാല്‍...
നെത്യാരമ്മയെ കാണുമ്പോള്‍ എന്റെ വല്യമ്മയെ(അച്ഛന്റെ മൂത്ത പെങ്ങള്‍യാണ്) ഓര്‍മ്മ വരിക..അതെപോലുള്ള വട്ടമുഖവും തുടുത്ത കവിളും, നീളം കുറവാണെങ്കിലും നല്ല വെടിപ്പായ തൂവെള്ള പുളിയില കരയുള്ള മുണ്ടും വെള്ള ബ്ലൌസ് മാറ് പുതക്കാന്‍ വെള്ള തോര്‍ത്തും ഇപ്പോഴും വൃത്തിയും വെടിപ്പിലും ശ്രദ്ധാലുവായിരുന്നല്ലോ.വലിയമ്മയും അങ്ങിനെ ആയിരുന്നല്ലോ...
രാമര്‍ മാഷ്‌ ഒരിക്കല്‍ കൂടി കാറ്റ് മാളികയിലേക്ക്‌ തിരിഞ്ഞു നോക്കി
അച്ഛന്‍ സമ്മാനിച്ച അടിയുടെ പാട് കണം കാലില്‍ ഇപ്പോഴും ഉണ്ടോ?ഓര്‍മ്മകള്‍ നീറുന്ന നോവായി കണ്ണുകളിലേക്ക് പടര്‍ന്നു കയറിയപ്പോള്‍ അവിടെ കാറ്റു മാളിക.യുടെ സ്ഥാനം ശുദ്ധ ശൂന്യം...അതിവേഗം .കാഴ്ചയില്‍ നിന്ന് മറഞ്ഞു പോയിരിക്കുന്നു,..സ്മൃതി ഭംഗവും..
മുക്കുന്നി തോടിലൂടെ കുറച്ചു വാഴതടകളും, പൊങ്ങു തടികളും പെരുവെള്ള പാച്ചലില്‍ പടിഞ്ഞാറ് മുണ്ടേരിപുഴ ലക്ഷ്യമാക്കി കൂലം കുത്തി പായുന്നു....ഒടുവില്‍ അവിടെ നിന്നും, അവയെല്ലാം ജീര്‍ണ്ണിച്ച ഓര്‍മ്മകളായി മഹാസാഗരത്തില്‍ അലിഞ്ഞു ചെര്‍ന്നെക്കാം...
ആ ജീര്‍ണ്ണിച്ച പൊങ്ങു തടികള്‍ കാറ്റ് മാളികയോടുള്ള തന്റെ ഒടുങ്ങാത്ത തീഷ്ണതയുടെ ആഴപ്പരപ്പുകല്‍ തന്നെ ആയിരുന്നു എന്ന് രാമര്‍ മാഷ്‌ മനസ്സിലാക്കാന്‍ ഏറെ വൈകിപ്പോയിരുന്നു...പോക്ക് വെയിലിനു..മഞ്ഞ നിറമാകും വരെ
----------ശുഭം--------
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..

Saturday, August 6, 2016

ബലിച്ചോര്‍..(കവിത)

വെളുത്തിട്ടല്ല,കറുത്തിട്ടാണ്,വിരൂപനാം
വെറുമൊരു കാകനാമെന്നെ നീയെന്തേ
കൈമാടി വിളിക്കുന്നു? കൈ കൊട്ടി
വിളിക്കുന്നു ഇന്നുമാത്രം, എന്തിന്നുമാത്രം?

നാളിതുവരെയായി, നിന്റെയീ ഉമ്മറ പടിക്കല്‍
ഒരു ദയാവായ്പ്പിനായി നിന്‍ ചാരെ നിന്നതും
തൊണ്ട കീറി അലറി കരഞ്ഞതും നീ അറിഞ്ഞോ?
എന്നിട്ടെന്തേ നീ ഇന്നുമാത്രമെന്നെ വിളിക്കുന്നു?

ഇന്നലെ വരെ നിന്റെ എച്ചില്‍ പാത്രത്തിലെ വറ്റ്
ചികഞ്ഞപ്പോളെന്നെ നീ അശ്രീകരമെന്നോതിയില്ലേ
എന്നിട്ടുമെന്തേ ഇന്ന് നീ എന്നെ വിളിക്കുന്നു?
എന്തിനിന്നു നീ വിളിക്കുന്നു? നിന്റെ അശുദ്ധ
രക്തം കലര്‍ന്ന ബലിചോര്‍ ഉണ്ണുവാനല്ലേ ? മൃഷ്ടാന്നം
ഭോജന ശേഷ മേമ്പക്കമാലസ്യഭാവത്തിലാട്ടി
യോടിച്ച നിന്റെ യീ ചോറ് ബലിചോറല്ല
പൈദാഹം തീരാത്ത പിതൃക്കളെ മറന്ന നിന്റെ
യീ ചോറ് ഹവിസ്സെകും ബലിചോറല്ല,
നിന്റെ വ്യര്‍ത്ഥമാം വ്യയങ്ങളിലോടുങ്ങുന്ന
കൊലച്ചോറുണ്ണുവാനല്ലേ, ഉണ്ണീ നീ വിളിച്ചതു?

സാര്‍ത്ഥനാം നീ ഗര്‍വ്വ്‌ കാട്ടുവാന്‍ പിതൃക്കളെ
വിരുന്നൂട്ടാന്‍ വിളിച്ചത് ഇന്നമാവാസിയാണല്ലെ
വന്നു നില്‍ക്കണമല്ലെ?നിന്റെ പാദാന്തികെ ?
പിതൃവ്യനാമെന്നെ കണ്ടാലറിയാത്ത നിന്റെ
ബലിചോറിന്നു വേണ്ട, ഇന്നുമാത്രം വേണ്ട
എന്നെ അറിയുന്ന ഒരുനാളില്‍ ഞാന്‍ വരും
നിന്റെ അമൃതെത്ത് സ്വീകരിക്കുവാന്‍-
സദയം പൊറുക്കൂ,ഇന്നുവേണ്ടുണ്ണീ,ഇന്ന് വേണ്ട!!

കൃഷണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍..

ഫോട്ടോ: കടപ്പാട്