Friday, October 14, 2016

കണ്ണീരുപ്പ്..(കവിത)

കൂടാരങ്ങളില്‍ നിന്ന് കുടീരങ്ങളിലേക്ക് പ്രണയിച്ചു
പ്രണമിച്ചു, ആനയിക്കപ്പെടുന്ന പ്രയാണമാണ്..
വിശുദ്ധ ചിന്തകളാല്‍ പതഞ്ഞൊഴുകുന്ന
സമര വീര്യങ്ങള്‍ തത് ഫലമീ നിണ ചൂരെന്നു വ്യക്തം!
പീത കാഞ്ചന പവിഴ, രക്ത സിന്ദൂര ഹരിതാഭ
ശുഭ ശുഭ്ര നീലിമ പീതങ്ങളും സപ്തവര്‍ണ്ണങ്ങ
ളത്രയും പതംഗങ്ങള്‍ വാനിലുയരട്ടെ,യാര്‍ക്കു ചേതം?
ചുടുചോര ചോറിനു കണ്ണീരുപ്പു രുചിയില്ലേ?
ആരാരോടു ചൊല്ലും, ചുറ്റിലും ഭീതി നിഴല്‍
വിരിക്കും പിന്‍ വിളിയൊച്ച,കളട്ടഹാസങ്ങള്‍
വാതില്‍മറക്കപ്പുറം കയ്യെത്താ ബലിഷ്ട കരങ്ങളാല്‍
സുഭദ്രം പിന്നണിയാളുകള്‍,ചുറ്റും കാവലാളുകള്‍!!
ചായില്യ ചോപ്പിലെ വീരതെയ്യങ്ങള്‍ തന്‍ അങ്കക്കലി
വാളുകള്‍ തട്ടി പറിച്ചഭിനവ കോമരങ്ങളാടി-
തിമിര്‍ക്കവേ, കോപ്പുകൂട്ടുന്ന കൂട്ടരെ, ഓര്‍ക്കുവിന്‍
തീകൊണ്ട് തലചൊറിഞ്ഞാലാര്‍ക്ക് നേട്ടം?
ഭയമുണ്ടതിലേറെ ഖിന്നതയും,കണ്ണീരുണങ്ങാത്ത
യെന്റെയൂരെ, നിന്‍റെ ഹൃദയം പിടയുന്നതറിവൂ ഞാന്‍.!
കണ്ണില്‍ പകയുടെ തീയാട്ടമാടുന്ന അന്ധരാം ജനതക്ക്
വെട്ടമേകാന്‍, പുലരി പൂക്കാന്‍ പകലോന്‍റെ കാത്തിരിപ്പ്‌!
ശാന്തി സന്ദേശമല്ല, സ്നേഹദുഗ്ദ്ധം പകരുവാനൊരുശ്രമം,
മഹാമൌനം പേറുന്ന കൌശല കുറുനരികളെ-
കരുതിയിരിക്കുക, നീണമൂറ്റിക്കുടിക്കും അട്ടകളുണ്ട്
മറക്കരുത്,നമുക്കമ്മയുണ്ട് ,പറക്കമുറ്റാ കുരുന്നുകളും,!
കൃഷ്ണ കുമാര്‍,കൂടാളി.
ഗോകുലം,കീഴല്ലൂര്‍,,

5 comments:

  1. രക്തമല്‍സരങ്ങള്‍ക്ക് പകരം ശുഭ ശൂഭ്രനീലിമ പീതങ്ങളും സപ്തവര്‍ണ്ണ
    പതംഗങ്ങള്‍ വാനിലുയരട്ടെ...

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ സ്നേഹം സര്‍..സ്നേഹ സൌഹൃദത്തിനു..

      Delete
  2. ചുടുചോര ചോറിനു കണ്ണീരുപ്പു രുചിയില്ലേ?

    ReplyDelete
    Replies
    1. ഉണ്ടെന്നറിഞ്ഞിട്ടും.. അന്ധത ബാധിച്ചവരുടെ നാടായി പോയി നമ്മുടേത്‌,, വളരെ നന്ദി, രാജേഷ്‌ ജീ,,വായനക്കും പ്രതികരണത്തിനും..

      Delete
    2. ഉണ്ടെന്നറിഞ്ഞിട്ടും.. അന്ധത ബാധിച്ചവരുടെ നാടായി പോയി നമ്മുടേത്‌,, വളരെ നന്ദി, രാജേഷ്‌ ജീ,,വായനക്കും പ്രതികരണത്തിനും..

      Delete