അരൂപികൾ ... ( കഥ )
= = = = = = = = = = = =
സദാനേരവും എഫ്.ബിയിൽ അഭിരമിക്കുന്ന രാജപ്പൻ ചേട്ടന് ഒരിക്കൽ ഒരബദ്ധം സംഭവിച്ചു....
അതെന്താണന്നല്ലേ ...?
തന്റെ പോസ്റ്റുകൾക്ക് റീച്ച് കിട്ടാനാവണം,മററുള്ളവരുടെ ഫേസ് ബുക്ക് പോസ്റ്റുകൾക്ക് ഇൻ ബോക്സുകളിൽ അത്യാവശ്യം കമന്റിടാറുണ്ടെന്നൊഴിച്ചാൽ വാട്സാപ്പ്, മെസഞ്ചർ ഇത്യാദികളിലെ, ചാറ്റിങ്ങും, ചീറ്റിങ്ങും അത്രകണ്ട് അദ്ദേഹത്തിന് വശമില്ലായിരുന്നു..
ഫേക്ക് എന്നു പറഞ്ഞാൽ എന്താണെന്നു പോലും അറിയാത്ത രാജപ്പൻ ചേട്ടൻ നിദ്രാവിഹീനമായ ഏതോരു രാത്രി നേരത്ത്, തന്റെ അന്തിരവൻ ഈയിടെ പേർഷ്യയിൽ നിന്ന് വന്നപ്പോൾ സമ്മാനിച്ച ടച്ച് ഫോണിൽ കിണിം കിണീം ന്നും പറഞ്ഞ് എന്തൊക്കെയോ ശബ്ദം കേട്ടതു കൊണ്ട് കൈ നീട്ടിയെടുത്ത് അതിന്റെ മായാ വെളിച്ചത്തിലേക്ക് കടന്നു..!!
ദാണ്ടെടാ എഫ് ബി മെസഞ്ചറിൽ ഒരു മെസ്സേജ് വന്നു കിടക്കുന്നു..!!
"ഹായ് മുത്തേ.. "
അതു വായിച്ചപ്പം തൊട്ട് രാജപ്പൻ ചേട്ടന് ഉടലാകെ വിറച്ചിട്ട് വയ്യ !
പ്രൊഫൈൽ ഡി പി നോക്കിയപ്പോ തന്നെ ചേട്ടന്റെ കിളി പോയി..
ഒരു ഭൂലോക രംഭയുടെ ചിത്രം..
സൂക്ഷിച്ചു നോക്കിയപ്പോൾ മലയാളത്തിലെ ഏതോ ഒരു സുന്ദരിക്കൊച്ചിനെ പോലിരിക്കുന്നു..
രാജപ്പൻ ചേട്ടൻ അടുത്തുണ്ടായിരുന്ന തന്റെ വാമഭാഗത്തേക്ക് ഒന്ന് പാളി നോക്കി..
" പാതിരയായിട്ടും ഉറക്കമില്ലാത്ത ഒരു സാധനം "
ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ വലതോരം ചേർന്ന് ചേട്ടൻ ഉറങ്ങാൻ കിടന്നു..പക്ഷെ നിദ്രാ ദേവി കടാക്ഷിച്ചില്ല എന്നു പറഞ്ഞാൽ മതിയല്ലോ..
ഏഴര വെളുപ്പാൻ കാലത്ത്, മൂപ്പത്തിയാർ കൂർക്കം വലിച്ചുറങ്ങുന്ന നേരത്ത് രാജപ്പൻ ചേട്ടൻ വീണ്ടും മൊബൈൽ തപ്പിയെടുത്ത് , മാർജാര പദവിന്യാസത്തോടെ വാതിൽ പാളി പതുക്കെ തുറന്ന് ഉമ്മറത്തേക്കിറങ്ങി..
മഴ മേഘക്കൾക്കിടയിലൂടെ ഇടക്കിടെ ഒളിഞ്ഞു നോക്കുന്ന ചന്ദ്രിക രാജപ്പൻ ചേട്ടനോട് ആക്കിയ ഒരു ചിരി പാസ്സാക്കിയപ്പോൾ , തലേന്ന് അടച്ചു വച്ച എഫ് ബി മെസ്സഞ്ചർ തിടുക്കത്തിൽ തുറന്നു..
മെസഞ്ചറിലെ സന്ദേശം വായിച്ച ചേട്ടന്റെ മുഖം വീണ്ടും റോസാദളങ്ങൾ പോലെ തുടുത്തു വന്നു..
"ഹായ് മുത്തേ... '
പേർത്തും, പേർത്തും ആ സന്ദേശം വായിച്ചപ്പോഴുണ്ടായ രോമാഞ്ച ശിഞ്ചിതം മേനിയിലാകെ പടർന്നു കയറുകയും വെപ്രാളത്തോടെ എഫ് ബി മെസഞ്ചറാണെന്ന് തെറ്റിദ്ധരിച്ച് തന്റെ എഫ് ബി വാളിൽ താഴെ പറയും വിധം ഇങ്ങനെ എഴുതി ...
"ഹായ് മിത്തേ...
സുഖല്ലേ..?"
എഴുതിയത് രണ്ടാമത് വായിക്കാൻ മിനക്കെടാതെ ചേട്ടൻ , എഫ് ബി വാളിൽ കണ്ണിൽ കണ്ട ഏതോ കുന്തത്തിൽ വിരലുകൊണ്ട് കുത്തിയപ്പോൾ സംഗതി എഫ് ബിയിൽ ചേട്ടനും പോസ്റ്റ് മുതലാളിയായി..
താൻ ഒരു പോസ്റ്റ് മുതലാളി ആയെന്ന നിർവൃതിയിലായിട്ടോ എന്തോ, വീട്ടിന് അടുത്ത കമുക് പാടം കവലയിലെ ജോസേട്ടന്റെ ചായകടേൽ ചെന്ന് പറ്റു ചായ കുടിക്കുമ്പോഴാണ് കുഞ്ഞുമോൻ കയറി വന്നത് .... വന്നപാടെ കുഞ്ഞുമോൻ ജോസേട്ടനോട് പറയുവാ..
അല്ല ജോസേട്ടാ ഞാനോർക്കുവാ, ഫയങ്കര ബുദ്ധിമാനല്ലോ എന്റെപ്പനെന്ന് ... അതോണ്ടല്ലേ എനിക്ക് കുഞ്ഞുമോൻ എന്ന് പേരിട്ടേക്കുന്നേ..
നീയെന്നതാടേ, കാലത്തു തന്നെ രണ്ടെണ്ണം വീശിയോ? ഏതാണ്ട് പിച്ചും പേയും പറയുന്നത്
രാജപ്പൻ ചേട്ടൻ ഏറ്റു പിടിച്ചു...
അല്ല രാജപ്പണ്ണാ നിങ്ങളൊക്കെ ഏതു ലോകത്താ..?
ആനുകാലിക സംഭവ വികാസം അറിയത്തില്ലയോ?
എന്തെരടേ.... പയലേ നീ തെളിച്ചു പറ
രാജപ്പൻ ചേട്ടന് അരിശം മൂത്തു..
അണ്ണാ, വിശ്വാസം , മിത്ത് എന്നൊക്കെ പറഞ്ഞ് പുകില് ഉള്ളതു അറിയോ?
ഓ.. തന്നെ..
എന്തായാലും എന്റെ വിഘ്നേശ്വരാ.. ഈ പുകില് നീ തന്നെ തീർത്തോളണേ..
രാജപ്പൻ ചേട്ടൻ കണ്ണടച്ച് കാലുകൾ പിണച്ച് പന്ത്രണ്ട് തവണ ഏത്തമിട്ടു..
ഇതൊക്കെ കണ്ട് ആർത്തു ചിരിക്കുന്ന കുഞ്ഞി മോനോട് ജോസേട്ടൻ ചോദിച്ചു, അല്ലട കുഞ്ഞി മോനെ, നീ നിന്റെ അപ്പന്റെ പേരിൽ ഊറ്റം കൊണ്ടത് എന്തിനായിരുന്നു...
അതോ..?
ഇപ്പം ചില കൂട്ടർ നാമജപം നടത്തുന്നത് ടീവിലൊക്കെ കണ്ടില്ലയോ ?
അതിനും മുമ്പ് ദൈവം സത്യമാണോ അതോ മിത്താണോ എന്നൊക്കെ വടക്കൂന്നുള്ള ഏതോരു വ്യക്തി പറഞ്ഞെന്നും പറഞ്ഞ് എന്തോരം പുകലുകളായിരുന്നു..
ഇനി ആ പറഞ്ഞയാളിന്റെ പേര് എന്നെ പോലെ "കുഞ്ഞിമോൻ " എന്നോ മറ്റോ ആയിരുന്നേൽ ഒരു പൊല്ലാപ്പും ഉണ്ടാകത്തില്ലാർന്നു..
അതാ ഞാമ്പറഞ്ഞതിന്റെ ട്രിക്ക്..
മനസ്സിലായോ..?
കുഞ്ഞി മോൻ പറഞ്ഞത് കേട്ടപ്പഴാണ് ജോസേട്ടന്റെ തലക്കകത്ത് ബൾബ് കത്തിയത് .....
അയ്യോ എന്റെ കർത്താവേ, ഞാനൊരു നിഷ്ക്കുവാണേ..
ജോസേട്ടൻ നയം വ്യക്തമാക്കിയപ്പോഴാണ് ചെറിയ ഇടവേള ലഭിച്ചപ്പോൾ മൊബൈലിലേക്ക് തലപൂഴ്ത്തിയ രാജപ്പൻ ചേട്ടൻ ഞെട്ടിയത് കണ്ട് ഇരുവരും അദ്ദേഹത്തിന് നേരെ തിരിഞ്ഞു...
രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു...
എന്നാ.. എന്നതാ ?
എന്നാ പറ്റി ?
രാജപ്പൻ ചേട്ടൻ ഭയചികതനായി തന്റെ കൈയ്യിലെ മൊബൈൽ ഫോൺ കുഞ്ഞുമോന് നേരെ നീട്ടി..
Rajappan malayalanadu എന്ന തന്റെ ഫേസ്ബുക്ക് വാളിൽ ഏതാനും മണിക്കൂർ മുന്നേ ഇട്ടിരുന്ന പോസ്റ്റിന് വന്ന ഇരുപതോളം കമന്റുകൾ കണ്ടു ഞെട്ടിയതായിരുന്നു പാവം !!
കുഞ്ഞിമോൻ രാജപ്പൻ ചേട്ടൻ ഇട്ട പോസ്റ്റ് ഒന്നുകൂടി വായിച്ചു...
"ഹായ് മിത്തേ..
സുഖല്ലേ''
അതിനു വന്ന കമന്റുകളും വായിച്ചു...
ഇരുപതോളം പേർ അയച്ച കമന്റുകളിൽ തങ്ങളുടെ അയൽപക്കത്തുള്ള ഒരുവന്റെ പേര് കണ്ടപ്പോൾ ആകാംക്ഷയോടെ അതു വായിച്ചു..
പ്രൊഫൈൽ പേര്: കിച്ചുമണി നരേന്ദ്രനാഥ് ..
മ്മടെ , നരേട്ടന്റെ മോൻ ..
"രാജപ്പണ്ണൻ ഇത്ര ചീപ്പാണെന്ന് വിചാരിച്ചില്ല കേട്ടാ.. അണ്ണാ, അണ്ണൻ ഞങ്ങടെ മുത്തിനെ മിത്താണെന്ന് പറഞ്ഞാൽ, അണ്ണനാണെന്നും നോക്കില്ല.. കേട്ടാ.."
കൂടെ😡😡😡
ഇതു പോലെ കോപം നിറഞ്ഞ ഇമാജികളുടെ അഭിഷേകവും..
എന്തായാലും അണ്ണൻ മാപ്പു പറഞ്ഞേ പറ്റൂ..
കമന്റു വായിച്ച കുഞ്ഞുമോൻ രാജപ്പൻ ചേട്ടനോട് ചോദിച്ചു ....
അണ്ണാ.. അണ്ണൻ മാപ്പു പറയോ?
ഓ..പിന്നെ ഞാൻ മാപ്പല്ല, കോപ്പാ പറയുക..
രാജപ്പൻ ചേട്ടൻ മുഖം വക്രീകരിച്ചു...
തന്നെ, അണ്ണന് ആനുകാലിക സംഭവം മനസ്സിലാകാഞ്ഞിട്ടാണ്..
ഇനിയും കുറെ കമന്റുകൾ ഉണ്ടല്ലോ
കുഞ്ഞുമോൻ ഫോൺ രാജപ്പൻ ചേട്ടന് തിരികെ കൊടുത്തു..
ഒരു സത്യജിത്തിന്റെ കമന്റ് ഇങ്ങനെ ആയിരുന്നു..
സഖാവേ, മിത്തെന്നും, സത്യമെന്നും പറഞ്ഞ് നിങ്ങടെ ഇരട്ടത്താപ്പൊ ന്നും ഇവിടെ ചിലവാകില്ല പറഞ്ഞേ ....
പിന്നൊരുത്തൻ എഴുതിയിരിക്കുന്നു..
ഹായ് നിങ്ങൾ പൊളിയനാണല്ലോ..
ഇങ്ങനെ തുറന്നെഴുതാൻ എങ്ങിനെ ധൈര്യം വന്നളിയാ... നമിച്ചണ്ണാ നമിച്ചു.😂😂😂
വാവിനും, സംക്രാന്തിക്കു പോലും താനിടുന്ന പോസ്റ്റിന് കമന്റിടുക പോയിട്ട് ഒരു ലൈക് പോലും തരാത്ത അയൽ വാസികളും നാട്ടുകാരുമായ പഹയന്മാരാണ് ഇപ്പോൾ തനിക്കിട്ട് താങ്ങിയിരിക്കുന്നത്...
ഇവന്മാരെ വികാരം കൊള്ളിക്കുന്ന ചേതോവികാരമെന്താണെന്നും, , എഫ്.ബി മെസഞ്ചറിൽ ഇട്ട വാക്കുകൾ എങ്ങിനെ തന്റെ എഫ്.ബി വാളിൽ വന്നുവെന്നും കൂലം കഷമായി ചിന്തിച്ച രാജപ്പൻ ചേട്ടൻ താനിട്ടിരിക്കുന്ന പോസ്റ്റിലേക്ക് ഒന്നുകൂടി കണ്ണോടിച്ചു..
തള്ളേ... എന്തരിത് ..
ഹായ് മുത്തേ.. എന്നെഴുതേണ്ടിടത്ത് മിത്തെന്ന് എഴുതിയിരിക്കുന്നു..
മുത്തിനെ മിത്താക്കിയ "വള്ളിയേയും, പുള്ളിയേയും, തന്റെ വിരലിനെയും പ്രാകുകയും തന്റെ തലക്കിട്ട് കിഴുക്കുയും ചെയ്തു...
അനന്തരം, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിട്ട് രാജപ്പൻ ചേട്ടൻ തിരിഞ്ഞു നോക്കാതെ തന്റെ ഗൃഹത്തിലേക്ക് വച്ചു പിടിച്ചു...
- ശുഭം -
@ Copy Right Reserved
കൃഷ്ണകുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ
No comments:
Post a Comment