Tuesday, August 22, 2017

മഹാ മൗന ഗേഹം സാക്ഷി..(കവിത)

മുറ്റത്ത് ചിതറിക്കിടക്കും കരിയിലകൾ താണ്ടി
മുറ്റി നില്ക്കും മഹാ മൗന ഗേഹവും തേടി
വരവുണ്ടൊരു വട്ടമല്ല, പലവുരുവങ്ങിനെ,
ഈ തീർത്ഥയാത്രയെന്നൊടുങ്ങുമെന്നറിയാതെ !!

കാൽപ്പെരുമാറ്റം കേട്ടുവോ കാലാതീതനാം ഗൗളി നീട്ടിയൊന്നുചിലമ്പിയോ,അകത്തളത്തിലെങ്ങോ
കാലാന്തരത്തിൻ ചോറ്റുപാത്രം വീണുടഞ്ഞുവോ?
കേട്ടുവോ? നേർത്തുനേർത്ത ചിലമ്പിൻ നിസ്വനം?

നേത്രധാരകളൊഴുകിയെത്തുമീ കിണറുറവകൾ
വറ്റിയോ? ദാഹാർദ്രമാം മനസ്സുകൾ വിങ്ങിയോ?
നേർത്ത കാഴ്ചകൾ കൂട്ടി വിളക്കുന്ന സൂത്രപ്പണി
യറിയുവോർ പറയണേ, ഇരുൾ കനക്കും മുമ്പേ!

വേലിപ്പടർപ്പിലാഴത്തിൽ വേരുറച്ചു പോം,മരവേരു കൾതേടിപ്പോകും,അനാഥമാംകണിക്കൊന്നകൾ!
കർണ്ണികാരം പൂത്തതറിഞ്ഞോ അറിയാതെയോ
അകത്തെ ഭിത്തിമേൽ ഛായാ ചിത്രം, ദൈന്യം!

കണ്ണു വേണമൊന്നെത്തി നോക്കുവാ,ണുണരുന്ന
സുപ്രഭാതങ്ങളും, കനിവുണ്ടാകണമെത്രയോ,രാ-
പ്പകലുകൾ താരാട്ടു കേട്ടുറങ്ങിയതല്ലേ,പേറ്റുനോറ്റ
ഭൂമിയിലോർമ്മതൻ മണിക്കിലുക്കം കേൾക്കാം!!

മടങ്ങണമൊരുനാൾ വില്വ പത്രങ്ങൾ ഹവിസ്സേകു
മൊടുവിലെ ഗർഭഗേഹത്തിലന്നേരം തിരിഞ്ഞു,
നോക്കീടവെ പൊടിയുന്നുവോ യിത്തിരി കണ്ണു
നീർ, മഹാമൗനഗേഹമെ, നീയപ്പോഴും സാക്ഷി..!!

കൃഷ്ണ കുമാർ.കൂടാളി
ദോഹ, ഖത്തർ..

(Copy Right Reserved.)

ഫോട്ടോ കടപ്പാട്..ഗൂഗിള്‍.

Friday, August 18, 2017

ഹൃദയ താരകം മിഴി തുറക്കട്ടെ..(കവിത)

തരുമോ ഇത്തിരി തിരിവെട്ടം,
നറുവെണ്മയൂറുന്ന നറുവെട്ടം?
കനലെരിയുന്ന ഹൃദയങ്ങളിൽ..
കനിവിന്റെ തിരുനാളമുയർന്നിടുമോ??

ഇഹപര ദു:ഖമാശാന്തികളാൽ ..
ദുരിതങ്ങൾക്കറുതി വരുത്തുവാനൊരു
കൈ സഹായം നല്കീടാമോ?
സന്തതമാശാ തീരങ്ങളിൽ?

പുലരയിൽ പൂക്കും, പുന്തോട്ടങ്ങളാൽ..
നിറയട്ടെ, ഈ ഭൂലോകമെങ്ങും ..
മാനസപ്പടിവാതിൽ തുറന്നീടാമോ?
പാരിതിൽ താരങ്ങൾ മിഴി തുറക്കുവോളം !!

ആതിരാ താരകൾ മിഴി തുറന്നീടും,
ആരതിയുഴിയുമീ യാവണി രാവുകളിൽ..
ആർദ്രമായാരവ, പ്പൂവിളിപ്പാട്ടുമായ്,
ആമോദമാദരം, ചിങ്ങം പിറന്നിsട്ടെ !!

കൃഷ്ണ കുമാർ.കൂടാളി
ഗോകുലം, കീഴല്ലൂർ ..
( copy right Reserved)

Friday, August 4, 2017

ഭൂത പൂർവ്വം..(കവിത)

ഭൂതകാലത്തിന്റെ നേർസാക്ഷ്യപത്രം,
ബോധപൂർവ്വമായോടിയെത്തിയെന്റെ
കാരുണ കാട്ടാത്ത, മാനസ ചെപ്പിൽ.!!
കാണുവതെല്ലായിന്നലെയെന്നപോൽ!!

കാലപ്രവാഹത്തിന്നൂർജ്ജ വേഗമാർജ -
വമോടെന്നെ, നേർക്കുനേർ നിന്ന് പോര -
ടിച്ചീടവെ, യെന്റെ തെളിയാത്ത ബുദ്ധി
യൊന്നൂറി ചിരിക്കുന്നതെന്തിനോ?

ഗതകാലത്തിൻ, വെള്ളിത്തിരശീലയിൽ
തെളിയുമാനിറമില്ലാ ചിത്രങ്ങൾ മാറിയിന്ന-
തിവേഗമോടെത്തും, ത്രിമാനചിത്രങ്ങളും,
പിന്നെയുമെത്ര മാനങ്ങൾ കടന്നീടുന്നു?

എന്തിനിത്രയതി മോഹങ്ങൾ, മാനവർക്ക-
നുവാദമില്ലാ ഗർവ്വുകൾ, ഗീർവ്വാണങ്ങളാ-
ചരണങ്ങളീ ഭുവന്നത്തിങ്കലാചരിക്കുന്നു?
അരുതരുതിനി, കണ്ണീർ തൂവരുതാരുമേ!

മാഞ്ഞു പോയ സന്ധ്യയും കനകാംബരങ്ങ -
ളു മെത്ര സുന്ദരമായിരുന്നെങ്കിലുമാശിപ്പ -
തെന്തിനോ? എത്തി നോക്കാനാവാതുയര-
ത്തിലുത്തരീയം കെട്ടി വയ്ക്കരുതാരുമേ !!

കാലമെത്ര കടന്നു പോയീടിലുമോർമ്മയിൽ
തെളിയുമെത്ര നഖചിത്രങ്ങളവയൊക്കെവെ,
ചില്ലു ഭരണിയിൽ സൂക്ഷിച്ചു വക്കണം, മുദ്ര -
വച്ച് ഹൃദയ നിധിയറയിൽ സുഭദ്രമാക്കിടണം!!

കൃഷ്ണ കുമാര്‍.കൂടാളി
ദോഹ,ഖത്തര്‍..