കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ചുവന്ന മണല്‍ പരപ്പുകള്‍ മാത്രമേ ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കുകയുള്ളൂ.,,മിത ശീതോഷ്ണ കാലാവസ്ഥക്ക് നാന്ദി കുറിച്ച് കൊണ്ട് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി അതിശക്തമായ പോടിക്കാറ്റു ആഞ്ഞു വീശിയടിക്കുന്നുണ്ട്..കണ്ണിലും മൂക്കിലും തുളച്ചു കയറുന്ന പൊടിക്കാറ്റ്..മടുപ്പിക്കുന്നതെങ്കിലും ഉള്ളിലൊതുക്കി കഴിഞ്ഞു കൂടുക തന്നെ..ജീവിക്കാന്‍ എന്തെല്ലാം വേഷം കെട്ടേണ്ടിയിരിക്കുന്നു.?അന്തിമാനം ചുവന്നു തുടങ്ങി....ക്ഷീണിതനായ സൂര്യ ബിംബം .പടിഞ്ഞാറ് എക്സ്പ്രസ്സ് ഹൈ വെ ക്ക് അപ്പുറം മണല്‍ പരപ്പിലേക്ക് മുഖം താഴ്ത്തി നൂണിറങ്ങി പോയി...
സമയം എത്ര ആയികാണും ? ഒരു വാച്ച് വാങ്ങണമെന്ന് പലകുറി നിരീച്ചതാണ്..കഴിഞ്ഞ തവണത്തെ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ചു വാങ്ങാമെന്നു വിചാരിച്ചപ്പോഴാണ് സൈനബയുടെ കത്ത് വന്നത്....
''ഇക്കാ,പത്തില്‍ പഠിക്കുന്ന നമ്മുടെ പഞ്ചാര മുത്ത് കുഞ്ഞു റസിയ കുട്ടിക്കാണ് ക്ലാസ്സ് ടെസ്ടിലോക്കെ ഫസ്റ്റ് കിട്ടിയതത്രേ..ആരെങ്കിലും നാട്ടില്‍ വരുന്നുണ്ടെങ്കില്‍ ഇക്ക അവള്‍ക്കു വേണ്ടി അത്തറും,പിന്നെ നല്ലൊരു വാച്ചും,ടൈം പീസും കൊടുത്തയക്കണം കേട്ടോ? പിന്നെ ഓളുടെ കമ്മലിന്റെ ഒരു കൊളുത്ത് എങ്ങിനെയോ വീണു പോയിരിക്കണ്,അത് ഇക്ക വരുമ്പോ നല്ലൊരു ജമുക്കി കൊണ്ടരണം? എനിക്കെന്താ കൊണ്ട് തരിക? സറഫൂ,ബടുക്കൂസ് ഒന്നും പടിക്കൂല, എന്നാലും ഓനിക്കി
നീളന്‍ കൈയന്‍ കുപ്പായവും, പാന്‍സും കൊണ്ട് കൊടുത്തോളീ..കയിഞ്ഞായ്ച്ച ഞമ്മളെ കോയിക്കൂട്ടിനു നല്ലോണം മുട്ടയിടുന്ന ഒരു കോയിനെ ഒരു സുവര് കുറുക്കന് കട്ടോണ്ട് പോയിക്കണു കേട്ടാ..ഇക്ക വേണ്ടാതോന്നും ആലോചിച്ചു തല പുണ്ണാക്കണ്ട കേട്ടാ..പടച്ച റബ്ബ് എല്ലാം വസൂല്‍ ആക്കി തരട്ടെ,,''
രണ്ടാഴച്ചയിലോരിക്കല് സൈനബാടെ കത്ത് വരും,,അത് പോലെ ഞാനും അവള്‍ക്കു അയക്കും..ഓര്‍മ്മകള്‍ കൊലുസ്സിട്ട. സൈനബാടെ മണമുള്ള കത്തുകള്‍ പല കുറി വായിക്കുമ്പോള്‍ താനേ കണ്ണ് നിറയും..
കത്തില്‍ ആവശ്യ പെട്ട സാധങ്ങള്‍ എല്ലാം നാട്ടുകാരനായ അശോകന്റെ കൈവശം കൊടുത്തയച്ചു തന്നെ ആശ്വാസം..കുഞ്ഞു മലരുകള്‍ സുഗന്ധം പരത്തുന്ന റോസാ ദളങ്ങള്‍ ആവട്ടെ..
റസിയ മോളാണ് ഉമ്മാക്ക് വേണ്ടി എഴുതുക..വലിയ പഠിപ്പും പത്രാസുമോന്നു മില്ലെങ്കിലം എന്റെ സൈനബ ദീനി ബോധമുള്ള പെണ്ണാണ്..പാവം ഉള്ളത് കൊണ്ട് ജീവിക്കാന്‍ അറിയുന്നവള്‍..എന്റെ ഇക്ക്മത് എല്ലാം അറിഞ്ഞിട്ടും അവള്‍ക്കു എന്നെ ഇഷ്ടായത് മാമാന്റെ മോനായത് കൊണ്ട് മാത്രമല്ല പോലും..എന്നോട് പണ്ടേ അവള്‍ക്കു മുഹബ്ബതായിരുന്നു പോലും....അങ്ങിനെ പലതും ചിന്തിച്ചു,ചിന്തിച്ചു സമയം പോയത് അറിഞ്ഞില്ല..
ഹൈവെ യില്‍ നിന്ന് തെല്ലകലെ വിജനമായ മരുഭൂമിയില്‍ യൂക്കാലി മരങ്ങള്‍ അതിരിട്ട കുറച്ചു ഹരിതാഭമായ പ്രദേശം..ഇതിനെ മസ്ര എന്ന് വിളിക്കുന്നു,, ഈ .''മസ്രയില്‍ '' ( കൃഷി ഭൂമി) എത്തി ചേര്‍ന്നിട്ട് കൊല്ലം 20 ആവുന്നു...എണ്ണി കൊണ്ട് അഞ്ചു തവണയാണ് നാട്ടില്‍ പോയി വന്നത് ആദ്യം നാട്ടില്‍ പോയത് നാലു വര്‍ഷകാലത്തിനു ശേഷം..അതും കഫീലിന്റെ കൈയെ,കാലെ പിടിച്ചിട്ടു അപ്പോഴാണ് പെണ്ണ് കെട്ടിയത്.രണ്ടു മാസത്തെ ലീവിനിടയില്‍ ഒരു മാസം പെണ്ണും നോക്കി നടന്നിട്ടും നടക്കാതയപ്പോള്‍ ഉമ്മയാണ് പറഞ്ഞത് മാമാന്റെ മോള് സൈനബാനെ ആലോചിക്കാന്‍..അവര്‍ക്കും ഇഷ്ടായി ,എന്നിട്ടെന്താ കല്ബിന്റെ കരളായ മുത്ത് റസിയാനെ കിട്ടിയില്ലേ.ഓള്ക്ക് പഠിച്ചു വല്യ ഡോക്ടര്‍ ആകണം പോലും..പടച്ചോന് രഹമത് ആകി തരട്ടെ....
കഫീല്‍ മാസത്തില്‍ ഒരിക്കലെ വരാറുള്ളൂ..ഒന്നിടവിട്ട ദിവസങ്ങളില്‍ കഫീലിന്റെ ഹറാം പിറന്ന മൂത്ത മകന് നൌഫല്‍ മൂസയാണ് വരാറുള്ളത്..അയാള്‍ വരുമ്പോഴെല്ലാം താന്‍ എല്ല് മുറിയെ പണിയെടുക്കുകയാവും..എന്നാലും ''എന്നെ മൂക്ക് മാഫി '' എന്ന് വിളിക്കാതെ അയാള്‍ക്ക് ഉറക്കം വരില്ലെന്ന് തോന്നുന്നു..നിസ്സാര കാര്യമേ വേണ്ടു വഴക്കിടാന്‍,,എന്നാലും ചിലപ്പോള്‍ വലിയ സ്നേഹമൊക്കെ ആവും..ചെമ്മരിയാടുകളുടെ ഫാം ഉണ്ട് അയാള്‍ക്ക്..ഇടക്കെല്ലാം ആട്ടിരച്ചി കൊണ്ട് വന്നു തരും..ചിലപ്പോള്‍ ഷീഷ (പുകയില അല്ലാത്ത സുഗന്ധമുള്ള ഹുക്ക) വലിച്ചു കൊണ്ടിരിക്കുമ്പോള്‍ കാവയും ( തുര്‍ക്കിഷ് കാപ്പി)ഈത്തപ്പഴവും, തയ്യാറാക്കി കൊടുത്താല്‍ സ്നേഹം കൂടാറുണ്ട്..അപ്പോഴൊക്കെ 50 റിയാല്‍ തരികയും ചെയ്യും..എന്നാലും. ഹിമാര് വിളിയും മൂക്ക് മാഫി വിളിയും അലോസരം തന്നെ.അത് കൊണ്ടാണ് ഹറാം പിറന്നതെന്നു പറയുന്നത്..പക്ഷെ ആള് ശുദ്ധനാണ്,,,.നൌഫല്‍ മൂസ യെ സോപ്പിട്ടാണ് പലപ്പോഴും നാട്ടില്‍ പോയി വന്നിട്ടുള്ളത്..കഫീല്‍ നല്ല ആളൊക്കെ ആണെങ്കിലും അധികമൊന്നും സംസാരിക്കില്ല..പോരാത്തതിന് അദ്ദേഹമൊരു പോലീസ് കാരനുമാണ്...നാട്ടിലെ പോലീസ് പോലെ അല്ല ഇവിടുത്തെ ''ഷുര്‍ത്ത'', അത്ര ജാടയോന്നുമില്ല ..എന്നാലും പുലി, എലിയാകില്ലല്ലോ..വര്‍ഷാ വര്‍ഷം ശമ്പളം കൂട്ടി തരാന്‍ വേണ്ടി മാത്രമാണ് കഫീലിനോട് സംസാരിച്ചിരുന്നത്...മറുപടി ''ഇന്ഷാ അള്ള''യില്‍ ഒതുക്കും അദ്ദേഹം..എന്നെ കൂടാതെ ഒരു തമിഴനും ഒരു ബീഹാര്‍ കരനുമാണ് മസ്രയിലുള്ളത്..അദ്ദേഹം നൌഫല്‍ മൂസയോട് പറയാറുണ്ട് എനിക്ക് ''ഹിന്ദി'' കളെ മാത്രം മതിയെന്ന്....ആ വിശ്വാസം കാത്തു സൂക്ഷിക്കുന്നുണ്ട്..എങ്കിലും ശമ്പള വര്‍ധനയില്‍ പിശിക്ക് കാട്ടുന്ന അച്ഛനെയും മകനെയും എങ്ങിനെ എങ്കിലും മെരുക്കി എടുക്കണം എന്ന് ചിന്തിച്ചു ചിന്തിച്ചു അല്പം മയങ്ങി പോയി....തമിഴന് , ദൊരൈ പാണ്ടി വന്നു തോളില്‍ തട്ടിയപ്പോഴാണ് സ്ഥല കാല ബോധം വന്നത്.
.''അശ്രരഫ് അണ്ണാ ശീഘ്രം വാങ്കെ,,എല്ലാമേ പോച്ച്....നമ്മ വാഴകയെ പോച്ച് അണ്ണാ..
എനിക്കൊന്നും മനസ്സിലായില്ല..അവന് വീണ്ടും പറഞ്ഞു, വിഷയമോന്നും തെരയാതാ ഊങ്കളുക്ക്? അവന്റെ ഉദ്യെഗ പൂര്‍ണ്ണമായ വാക്കുകളില്‍ നിന്ന് എന്തോ പന്തി കേടു മണത്തു താന്‍..
പാണ്ടിയുടെ കൂടെ സൈകിളില്‍ വച്ച് പിടിക്കുമ്പോഴും മനസ്സിലായില്ല അവന് എങ്ങോട്ടാണ് കൂട്ടി പോകുന്നതെന്ന്..ചെമ്മരിയാടുകളുടെ വാട മൂക്കില്‍ തുളച്ചു കയറി തുടങ്ങിയപ്പോഴാണ് ഫാമിലെക്കാണെന്ന് മനസ്സിലായത്..വളരെ ദൂരെ നിന്ന് ചുവന്ന ബീക്കൺ ലൈറ്റ് കൾ കറങ്ങി തിരിഞ്ഞു കൊണ്ട് രണ്ടു പോലീസ് വാഹനങ്ങൾ കണ്ടപ്പോൾ ഉള്ളിൽ നിന്നൊരു ആന്തൽ..എന്ത് പറ്റിയാവോ ?അവടവിടെയായി കുറെ സുഡാനികൾ കൂട്ടം കൂടി നിൽക്കുന്നു..മൂകത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ , അവർ പരസ്പരം അവരുടെ നാട്ടറബിയിൽ എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്..ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല..കഫീലില്ലാത്തപ്പോൾ നൗഫൽ മൂസയുടെ കൂടെ ഈ കയമയിൽ (ടെന്റ്)നാലഞ്ചു തവണ വന്നതായി അഷറഫ് ഓർത്തു, കയമയുടെ ഉള്ളിലേക്ക് കടക്കാനൊരുമ്പട്ടപ്പോൾ അകന്നു നിന്ന് വന്ന ഒരു ഷുർത്ത (പോലീസ്) തടഞ്ഞു കൊണ്ട് പറഞ്ഞു.. മാഫി റോ ജുവ..മംനൂ.. (അകത്തു പ്രവേശനം ഇല്ല ) ഒന്ന് പാളി നോക്കിയപ്പോൾ അവിട ഒരു മൂലയിൽ കുറച്ചു രക്തം തളം കെട്ടി നില്കുന്നത് കണ്ടപ്പോൾ സംഭവം വലിയ പന്തികേടാണെന്നു മനസ്സിലായി, എന്തോ അപകടം സംഭവിച്ചിട്ടുണ്ട്..ഇവിടെ അധികം നിൽക്കുന്നത് പന്തികേടില്ലെന്നു ദുരൈ അഷറഫിനോട് പറഞ്ഞു കൊണ്ടിരിക്കെ, വണ്ടിയിൽ ഇരുന്ന പോലീസ് കാരൻ അങ്ങോട്ട് ചെല്ലാൻ ആംഗ്യം കാണിച്ചു...നോക്കിയപ്പോൾ ആ ഷുർത്ത യെ കണ്ടു പരിചയമുണ്ട്..ഇടയ്ക്കു നൗഫലിന്റെ കൂടെ മസ്രയിൽ വരാറുണ്ട്. അയാൾ ചോദിച്ചു, ''ഇന്ത ഷുഹുൽ മസ്ര. സവ സവ മുഹമ്മദ് മൂസ അൽ ബദർ.''(മൂസയുടെ മസ്ര യിലാണോ ജോലി ?) ഐവ മുദീർ..(അതെ) ധൈര്യം അവലംബിച്ചു കൊണ്ട് ചോദിച്ചു,.അയാളോട് ചോദിച്ചു എന്താണ് അകത്തു സംഭവിച്ചതെന്ന്? ഷുർത്ത പറഞ്ഞു ..''ഇന്ത മാ അറഫ് നൗഫൽ മൂസ ഫീ മൗത്''..ലാ മാഫി മുദീർ..കെഫ്? അതും പറഞ്ഞു വിശദീകരിക്കാൻ നിൽക്കാതെ പോലീസുകാർ വണ്ടിയിലേക്ക് കയറി പോയി.. എന്റെ ബദരീങ്ങളെ എന്തായിത് കേക്കുന്നെ? തലയിലേക്ക് ഒരു ഇടിത്തീ പാഞ്ഞു കയറി..എന്താവും സംഭവിച്ചത്..എങ്ങിനെയാണ് നൗഫൽ മൂസ മരിച്ചത്..ആരോടാണ് ചോദിക്കുക? അങ്ങിനെ നോക്കിയപ്പോഴാണ്, ടാങ്കറിൽ വെള്ളം കൊണ്ട് വരുന്ന ബംഗ്ളാദേശിയായ അമീനുൽ ഇസ്ളാമിനെ കണ്ടത് അവനോടു ചോദിച്ചപ്പോഴാണ് കാര്യാ ഗൗരവം മനസിലായത്.. അവൻ പറഞ്ഞു..ഷുർത്ത കൊണ്ട് പോയ ബോഡി ഉടനെ മയ്യത്തു നിസ്കാരത്തിനായി പള്ളിയിലേക്ക് കൊണ്ട് പോകും..തും ആനേക്കത്തോ മീരാ സാത്ത് ആജാവോ? ദൊരൈ സൈക്കിളിൽ തിരിച്ചു പോയി..അഷറഫ് അമീനുൽ ന്റെ കൂടെ പള്ളിയിലെത്തുമ്പോൾ തക്ബീർ ധ്വനികൾ മുഴങ്ങുന്നുണ്ടായിരുന്നു..
അപ്പോൾ അവിടെ മയ്യത് നിസ്കാരതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു....
വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന മയ്യത്തിന്റെ മുഖാവരണം ആരോ നീക്കി കാണിച്ചു തന്നു..ഒരിക്കലെ നോക്കാന്‍ പറ്റിയുള്ളൂ..ഒരു ആര്‍ത്തനാദം എന്റെ തൊണ്ടയില്‍ വന്നു കുരുങ്ങി നിന്നതിനാല്‍ പുറത്തേക്കു വന്നില്ല..നീണ്ടു നിവര്‍ന്നു കിടക്കുന്നു..നൌഫല്‍ മൂസ..
സ്ഥിരം വഴക്കാളി ആയിരുന്നെങ്കിലും, കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച എന്റെ കഫീലിന്റെ മകന്..അവിടെ ഷീഷ വലിക്കുന്നതിനടയില് ഏതോ ഒരു അറബിചെക്കനുമായി വഴക്ക് കൂടിയതാണത്രെ..വഴക്ക് മൂത്ത് അരയില്‍ തിരുകിയ തോക്കെടുത്ത് മര്‍മ്മത്തില്‍ തന്നെ പൊട്ടിച്ചു വെടി..ഒന്നല്ല, മൂന്നു തവണ എന്നാണ് ആ സുഡാനി പറഞ്ഞത്....
നാളെ നാട്ടിലേക്ക് യാത്ര ആവുകയാണ്..സ്വപ്നങ്ങള്‍ ഒക്കെ ബാക്കി വച്ചുള്ള മടക്ക യാത്ര,,നൌഫല്‍ മൂസ പോയതിനു ശേഷം കഫീല്‍ ആകെ തകര്‍ന്നു പോയി,,ഞങ്ങളോടൊക്കെ പിരിഞ്ഞു പോകാന്‍ പറഞ്ഞു.. താന്‍,നാട്ടു വളര്‍ത്തി വലുതാക്കിയ കദളി വാഴകളും,ചെമ്പും,കാച്ചിലും, മുരിങ്ങാ മരങ്ങളും നാരകവും,ഈന്ത പനകളും ,പന നൊങ്കുകളും, കോഴിയും പൂച്ചകളും ഒക്കെ മൂകമായി തേങ്ങിയോ എന്നെ പോലെ? എന്റെ റസിയ മോളുടെ നിക്കാഹിനു കൈ നിറയെ പണം തരാമെന്നു പറഞ്ഞ നൌഫല്‍ മൂസ എവിടെ? എല്ലാവര്ക്കും എല്ലാ കാലത്തും എല്ലാ സൌഭാഗ്യവും ഉണ്ടായെന്നു വരില്ലല്ലോ. അല്ലെ?ഉള്ളത് കൊണ്ട് ഓണം പോലെ..കഴിയാം.... അത് കൊണ്ട്
നാളെ യാത്ര ആവുകയാണ്..സ്വപ്നങ്ങള്‍ ബാക്കി വച്ച് കൊണ്ടുള്ള യാത്ര..
മാനത്ത് വടക്കേ കോണില്‍ ഒരു ചേലുള്ള നക്ഷത്രം ഉദിച്ചത് ഇപ്പോള്‍ മാത്രമാണ്..ശ്രദ്ധിച്ചത്..പ്രതീക്ഷയുടെ പൊന്‍ വെളിച്ചം നല്കുന്ന ധ്രുവ നക്ഷത്രമായിരിക്കുമോ ആവോ?
കൃഷണ കുമാര്‍.കൂടാളി

എന്തു രസമുള്ള എഴുത്ത്..ഇത്ര കഴിവുള്ള താങ്കളുടെ എഴുത്തുകൾ എന്തേ ഇതുവരെ വായിച്ചില്ല.. താങ്കൾ മറ്റുള്ള ആക്റ്റീവ് ബ്ലോഗറുമാരുടെ ബ്ലോഗിൽ എത്തുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുക..എല്ലാവരും താങ്കളുടെ ബ്ലോഗിലും എത്തും.. ആശംസകൾ
ReplyDeleteഇത്രയും സ്നേഹം പകര്‍ന്നു അങ്ങേക്ക് എല്ലാവിധ ആശംസകളും ആരിയിക്കുന്നു..നന്ദി..നിറഞ്ഞ സ്നേഹം ജീ.
Deleteവളരെ മനോഹരം എഴുത്തിന്റെ സപ്തവര്ണ്ണംചാലിച്ചു ജി അഭിനന്ദങ്ങള്‍ നേരുന്നു
ReplyDeleteഒരുപാട് നന്ദി..വായനക്കും പ്രോത്സ്സാഹനഗള്ക്കും..രാജേഷ് ജീ..
Delete