Saturday, October 29, 2016

നക്ഷത്ര കണ്ണുള്ള മാലാഖ (ചെറു കഥ)

'' രണ്ടു മൂന്ന് ആവർത്തികളിലായി മൊബൈല്‍ റിംഗ് ടോണ്‍ ആവര്‍ത്തിച്ചപ്പോഴാണ് അയാള്‍ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്,,കൈയ്യെത്തുന്ന ദൂരത്തല്ലല്ലോ,ഉറങ്ങാന്‍ കിടന്നപ്പോള്‍ ഈ പണ്ടാരം വച്ചത്എന്ന് മനസ്സില്‍ പ്രാകുകയും ചെയ്തു.ആരാണാവോ ഈ നട്ട പാതിരക്ക് മനുഷ്യന്റെ ഉറക്കം കളയാനായിട്ട് വിളിക്കുന്നത്,? .അഴിഞ്ഞു കിടന്ന ഉടുമുണ്ട് വാരിച്ചുറ്റി മറുകൈയില്‍ ഫോണ്‍ എടുക്കാന്‍ ഭാവിച്ചപ്പോള്‍ പുതച്ചിരുന്ന കമ്പളി നിലത്തു വീണു കിടന്നത് അറിയാതെ കാല്‍ വഴുതി വീഴാന്‍ ഭാവിച്ചു,,,ആരുടെയോ ഭാഗ്യത്തിന് തെന്നി വീഴും മുന്നേ അടുത്തുണ്ടായിരുന്ന മേശയില്‍ പിടുത്തം കിട്ടി, അപ്പോഴേക്കും കാള്‍ കട്ട്‌ ആവുകയും ചെയ്തു..പരിചയമില്ലാത്ത നമ്പര്‍ ആയതിനാല്‍ തിരിച്ചു വിളിക്കണമോ, വേണ്ടയോ എന്നു ശങ്കിച്ചു നില്ക്കവേ,..ഉറക്കച്ചടവിന്റെയും,,തെന്നി വീഴാന്‍ പോയതിന്റെ വിഷമവും, എല്ലാം കൊണ്ടും കലികേറിയ നേരത്താണ് വീണ്ടും ഫോണ്‍ റിംഗ് ചെയ്തത്..ഇത്തവണ കൂടുതല്‍ നേരം, കാത്തു നില്‍ക്കാതെ ഫോണ്‍ എടുത്തു..ഇരട്ടിച്ച ദേഷ്യത്തോടെ ഫോണ്‍ എടുത്തു..
''ഹലോ'' ആരാണ് വിളിക്കുന്നത്‌? അയാള്‍ ചോദിച്ചു.
രാജെട്ടനല്ലേ.?
അതെല്ലോ..താങ്കള്‍ ആരാണ്..
രാജേട്ടാ ഞാന്‍ റഷീദാണ്..
ഏതു റഷീദ്.? ഉറക്കം നഷ്ട പെട്ടതിന്റെ ഈര്‍ഷ്യ മുഖത്തും വാക്കുകളിലും വ്യക്തമായിരുന്നു.തെറ്റായ നമ്പര്‍ ആണെന്ന് പറഞ്ഞു കാള്‍ കട്ട്‌ ചെയ്യാന്‍ ഭാവിച്ചപോള്‍ മറുഭാഗത്തെ വാക്കുകള്‍ക്കു ജീവന്‍ വച്ചു..അല്ല അപ്പൊ താങ്കള്‍ രാജന്‍ എന്ന് വിളിക്കുന്ന രാജേന്ദ്രന്‍ അല്ലെ?
തെല്ലിട കൊണ്ടു തന്നെ, തികട്ടി വന്ന ഈര്‍ഷ്യയുടെ അളവ് കുറഞ്ഞത് കൊണ്ട് സ്വരത്തില്‍ അല്പം മയപ്പെടുത്തി മറുപടി പറഞ്ഞു..
അല്ലല്ലോ സുഹൃത്തേ..ഞാന്‍ രാജശേഖരന്‍..അടുപ്പക്കാര്‍ രാജാന്നാ വിളിക്ക്യാ..
ഓക്കേ..എന്തായാലും ഒരുരാജേട്ടന്‍ തന്നെയല്ലേ,എന്റെ അയല്‍വാസി ഒരു രാജേട്ടനെ വിളിച്ചതായിരുന്നു,,ഇനിയൊരു പക്ഷെ നമ്പര്‍ മാറിപ്പോയതാണോ ? ..യാദര്‍ശച്ചികമെങ്കിലും..ഈ മണലാരണ്യത്തില്‍ നമുക്ക് ഉറ്റവരെന്നു പറയാന്‍ വേറാരുമില്ലല്ലോ..റഷീദ് വിടാനുള്ള ഭാവമില്ല.റഷീദ് നടക്കുകയാണെന്ന് തോന്നുന്നു,,ഇടയ്ക്കിടെ വണ്ടികള്‍ ചീറി പോകുന്നത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്,,.
അയാള്‍ പറഞ്ഞു ഏതായാലും റഷീദിന്റെ നമ്പര്‍ ഞാന്‍ നോട്ട് ചെയ്തു വക്കുന്നുണ്ട്..രാത്രിവൈകും വരെ സൈറ്റ് വിസിറ്റും മറ്റുമായി ധാരാളം തിരക്കുണ്ടായിരിന്നു..നമുക്ക് വിശദമായി നാളെ സംസാരിച്ചാല്‍ പോരായോ?..
മതി, രാജേട്ടാ സുഖ നിദ്ര നേരുന്നു..ശുഭരാത്രി..ഓക്കേ ബൈ രാജേട്ടാ..
എഴുന്നേറ്റു നിന്ന് എസിയുടെ റിമോട്ട് എടുത്തു ഊഷ്മാവ് നില കൂട്ടിവച്ചു സുഖ നിദ്രക്കു അതാണ്‌ നല്ലത്..
കട്ടിലിനടുത്തുള്ള സൈഡ് ടാബിളിലേക്ക് മൊബൈല്‍ ഫോണ്‍ ഒതുക്കി വച്ചിട്ട് കിടക്കാന്‍ നേരം.
അയാള്‍ മൊബൈല്‍ പാഡില്‍ നോക്കി സമയം അറിയാന്‍..ഹോ ശുഭരാത്രി പോലും..ശുഭ സുപ്രഭാതതിനുള്ള സമയമായി അപ്പോഴാ..എങ്കിലും കണ്ണുകള്‍ക്ക് നിദ്രാകടാക്ഷം കിട്ടിയതിനാല്‍ വേഗം തന്നെ ഉറക്കത്തിലേക്കു വഴുതി വീണതയാള്‍ അറിഞ്ഞില്ല..
പിറ്റേ ദിവസം..വെള്ളിയാഴ്ച..എല്ലാ പ്രവാസികളുടെയും സ്വപ്ന ദിനം..പ്രഭാത ശയന സുഖ കാംക്ഷികള്‍..
അലങ്കാര കര്‍ട്ടന്‍ തെന്നിമാറി കിടന്നതിനാല്‍ ജനാലയുടെ ഗ്ലാസ്സ് ഡോര്‍ന്‍റെ സുതാര്യതയിലൂടെ അനുസരണകേടുള്ള തന്റെ കിരണങ്ങള്‍ സൂര്യ ഭഗവാന്‍ അയാളുടെ കണ്ണുകളിലേക്കു കടത്തിവിട്ടപ്പോഴാണ് രാജന്‍ പള്ളിയുറക്കം വിട്ടെഴുന്നേറ്റത്...സമയം പത്തുമണിയായിക്കാണും..
''എന്തായിതു രാജാ പോത്തിനെ പോലെ കിടന്നുറങ്ങാതെ അന്‍റെ കെട്ട്യോളെ ഒന്ന് വിളിക്ക് പഹയാ..ഓള് തൊള്ള തൊറന്നു കാറുന്നുണ്ടെന് നിന്റെയാ കുന്ദ്രാണ്ടത്തൂന്നു.."
നാട്ടുകാരനും സഹ മുറിയനുമായ അന്ത്രുക്ക പറഞ്ഞപ്പോഴാണ് രാജന്‍ മൊബൈല്‍ നോക്കിയത്.!! ലേഖയുടെ നാലോളം മിസ്ഡ് കാളുകള്‍.!!
നൈറ്റ് ഷിഫ്റ്റ്‌ ജോലി കഴിഞ്ഞു വന്ന അന്ദ്രൂക്കാനു മൊബൈല്‍ റിങ്ങിംഗ് കാരണം ഉറക്കം നഷ്ടമായതിന്റെ ദേഷ്യ പ്രകടനമായിരുന്നെന്നു ചുരുക്കം..
അയ്യോ..ലേഖക്ക് ഇന്ന് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ,,ഞാനത് മറന്നല്ലോ ദൈവേ..ഇനിയിപ്പോള്‍ അവളുടെ മുഖം കടന്നല്‍ കുത്തിയത് പോലെ ഉണ്ടാകും..എന്നാലും വേണ്ടില്ല വിളിക്കുകതന്നെ.. റിംഗ് അടിച്ചു കൊണ്ടിരിക്കെ, കെട്ട്യോളുടെ ദേ ഷ്യം മാറ്റാനുള്ള മാര്‍ഗ്ഗം ആലോചിക്കുകയായിരുന്നു..
''ഹലോ''
രാജെട്ടന്താ ഇനീം എണീറ്റിനില്ലേ??
അവളുടെ സൌണ്ട് കേട്ടിട്ട് കടന്നല്‍ കുത്തിയില്ലെന്നു തോന്നുന്നു..അവളുടെ നിറവും ഓന്തിന്‍റെ നിറവും ഒരു പോലെ ആണെന്ന് തോന്നുന്നു..എപ്പോഴാണ് കാറും കോളും കയറി വരികെന്നു അറിയില്ലല്ലോ!! എങ്കിലും ശുദ്ധ പാവം പൊട്ടിയാണ്..
രാജാട്ടാ ഇന്റെര്‍വ്യൂ നാളേക്ക് മാറ്റി വച്ചു,,ഇന്ന് ജില്ലാ ഹര്‍ത്താല്‍ കാരണം..ഇടയ്ക്കിടെ വെട്ടും കുത്തും നടക്കുന്നുണ്ടല്ലോ അതിന്റെ ഭാഗമാണെന്നു തോന്നുന്നു
''പിന്നെ നിങ്ങളൊരു കാര്യം അറിഞ്ഞിനോ? നമ്മുടെ കുന്നും പുറത്തെ ഖദീസുമ്മാന്‍റെ മോനില്ലേ ഓന്‍ ഖത്തറില്‍ വണ്ടിയടിച്ചു മരിച്ചെന്നു കേട്ടു,,നിങ്ങടെ അടുത്താണെന്നും പറയുന്നത് കേട്ടു,,ഇന്ന് ടിവിയിലെല്ലാം കാണിച്ചിനു പോലും''
ഏതു നമ്മുടെ മീന്‍കാരന്‍ ബീരാനിക്കാന്റെ മോനോ? ഓന്‍ ചെറുപ്പത്തില്‍ നാട് വിട്ടുപോയതല്ലേ.? രാജന്‍ ചോദിച്ചു
''ആ അതന്നെ.''
ഞാനാ ചെക്കനെ നാലഞ്ചു വയസ്സുള്ളപ്പോഴോ മറ്റോ കണ്ടതാണ്..പേരു പോലും അറിയില്ല..ബീരാനിക്ക മരിച്ചപ്പോള്‍ കദീസുമ്മാനെയും കുട്ട്യോളെയും,ഓരുരെ അങ്ങളാര്‍ വന്നു കൂട്ടി പോയതാണ്..പിന്നെ ഈ ചെക്കന്‍ വലുതായപ്പോഴാണ്‌ വീണ്ടും അവിടെ വന്നതെന്ന് കേട്ടിരുന്നു..
ഇനീപ്പം ഖദീസുമ്മാന്റെ കാര്യം കഷ്ടം തന്നെ..മാത്രല്ല..പയ്യന്റെ കെട്ട്യോള്‍ക്ക്‌ ''മാസഭേദമാണെന്ന്'' പറയുന്നത് കേട്ടിരുന്നു,,
എന്റെ ദൈവേ അയിറ്റിങ്ങളെ ആരു ഇനി നോക്കും? നീ തന്നെ തുണ ദൈവേ..ലേഖയുടെ സങ്കട പറച്ചില്‍ എന്നിലേക്കും പടര്‍ന്നു..ഇന്നലെ രാത്രി ആരോടോ ഫോണ്‍ വിളിച്ചു കൊണ്ട് അവന്‍ താമസിക്കുന്ന വില്ലയുടെ പുറത്തു നില്‍കുമ്പോള്‍ ഏതോ ഒരു വണ്ടി നിയന്ത്രണം തെറ്റി വന്നു അവനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നത്രേ..
എന്തായിരുന്നു അവന്റെ പേര്? രാജന്‍ ചോദിച്ചു..
റഷീദ്..!!! ങേ? ഒരു മിന്നല്‍ പിണര്‍ മനസ്സിലൂടെ കടന്നു പോയോ ?
എന്താ പേരെന്ന് പറഞ്ഞെ? രാജന്‍ വീണ്ടും ചോദിച്ചു..
റഷീദ് എന്ന് പറഞ്ഞില്ലേ ?
ലേഖെ ഇന്നലെ രാത്രി ഒരു റഷീദ് എന്നെ വിളിച്ചിരുന്നു..ഞാന്‍ നല്ല ഉറക്കത്തില്‍ ആയിരുന്നു..നാളെ സംസാരിക്കാമെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു..ഇനിയിപ്പോ അതോ മറ്റോ ആണോ ദൈവമേ ? ലേഖെ ഞാന്‍ പിന്നെ വിളിക്കട്ടോ എന്ന് പറഞ്ഞു രാജന്‍ ഫോണ്‍ കട്ട് ചെയ്തു..
ഇന്നലെ വന്ന ഇന്‍കമിംഗ് കാള്‍ ലിസ്റ്റ് എടുത്തു റഷീദ് വിളിച്ച നമ്പരിലേക്ക് വിളിച്ചു..കാള്‍ പോകുന്നുണ്ട്,,ആരും എടുക്കുന്നില്ല..
മനസ്സില്‍ സംശയത്തിന് ആക്കം കൂടി..വീണ്ടും വിളിച്ചപ്പോള്‍ അറബിയില്‍ മറുപടി വന്നു,
''മീന്‍ മൈ?''
ആരാണ്? അന മിന്‍ ഷുര്‍ത്താ (ഞാന്‍ പോലീസ് ആണ്)
ഇന്ത അവുസ് മീന്‍ ? താങ്കള്‍ക്ക് ആരെയാണ് വേണ്ടത് ?
അന തസ്സ്ല്‍ റക്കം വാഹദ് നെഫര്‍ ഇസ്മു റഷീദ്,(ഞാന്‍ റഷീദ് എന്ന് പേരുള്ള വ്യക്തിയുടെ നമ്പറിലേക്ക് വിളിച്ചതാണ്)
തയ്യിബ്,ഓക്കേ
ഏഷ ഇസ്മാക് ഇന്ത..(എന്താ പേരു?)
അന രാജശേഖരന്‍..
മാഷി..ഹി ഈസ് യുവര്‍ റിലേറ്റീവ് ?
നോ സര്‍ ഒണ്‍ലി എ നെയിബര്‍ (എന്റെ അയല്‍ക്കാരന്‍ മാത്രമാണ് )
മാഫി മുഷ്കില്‍.. (സാരമില്ല)
ഹുവ ഫീ മൌത്ത് ഹംസ് ബില്ലേല്‍..(ഇന്നലെ രാത്രി അവന്‍ മരിച്ചു വണ്ടി ഇടിക്കുകയായിരുന്നു)
ഇറ്റ്‌ വാസ് എന്‍ എക്സിടെന്റ്റ്..
താല്‍ ഇന്ത മക്തബ് (പോലീസ് സ്റ്റേഷന്‍ വരെ വരണം)
അറബി നാട്ടിലെ പോലീസ് സ്റ്റേഷന്‍ നമ്മുടെ നാട്ടിലേക്കാളും സുതാര്യമാണ്..എങ്കിലും ഒരു ധൈര്യത്തിന് അന്ത്രുക്കാനെയും കൂട്ടിയാണ് പോലീസ് സ്റ്റേഷനില്‍ പോയത്..അവിടെ ചെന്നു സംസാരിച്ചപ്പോള്‍ അവര്‍ ഒരു മുറിയിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടു പോയി..അവര്‍ നക്ഷത്ര കണ്ണുകളുള്ള ഒരു വെള്ള മാലാഖ രൂപത്തിലുള്ള പാവ കുട്ടിയെ കാണിച്ചു തന്നു.!!.അവര്‍ പറഞ്ഞു വണ്ടി വന്നിടിച്ചു തെറുപ്പിച്ചപ്പോഴും പാവ കുട്ടിയെ കൈവിട്ടിരുന്നില്ലെന്നു,,അതു പറയുമ്പോള്‍ അറബി പോലീസിന്റെ കണ്ണുകളും നിറയുന്നത് കണ്ടു.!.
വിറയ്ക്കുന്ന കയ്യുകളോടെ റഷീദിന്റെ ആ കുഞ്ഞു മാലാഖയെ കൈയിലെടുത്തു..ഇതിനായിരുന്നോ റഷീദേ നീ എന്നെ വിളിച്ചിരുന്നത്‌.?രാജന്‍ പരിസരം മറന്നു തേങ്ങിയേങ്ങി കരഞ്ഞു..!!
ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി റഷീദിന്റെ ചലനമറ്റ ദേഹതോടൊപ്പംനക്ഷത്ര കണ്ണുള്ള പാവക്കുട്ടിയുമായി ഖത്തര്‍ എയര്‍ വെയ്സ് വിമാനം കോഴിക്കോട് എത്തിയപ്പോള്‍ വന്‍ ജനാവലി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു..ബോഡി ബന്ധുക്കളെ എല്പ്പിക്കുമ്പോഴും വലുതായത്തിനു ശേഷം കണ്ടിട്ടില്ലാത്ത റഷീദിനെ കാണണമെന്നു തോന്നിയില്ല..അവരുടെ വീടിന്റെ അകത്തളത്തില്‍ തളര്‍ന്നു കിടക്കുന്ന ഖദീസുമ്മാന്റെ കരങ്ങളില്‍ ആ വെളുത്ത കണ്ണുകളുള്ള പാവകുട്ടിയെ എല്പപ്പിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഉമ്മയുടെ മാറിലേക്ക്‌ മോഹാലസ്യപ്പെട്ടു വീണ പെണ്‍കുട്ടിയെ ഒരിക്കലെ ഞാന്‍ നോക്കൊയുള്ളൂ..കൂടുതല്‍ നേരം അവിടെ നില്കാനുള്ള കരുത്തുണ്ടായിരുന്നില്ല..ലേഖയുടെ കൈ പിടിച്ചു വീട്ടിലേക്കു നടന്നു------------------------------------------
ഈയിടെ ആയി ലേഖയെ ഫോണ്‍ വിളിക്കുമ്പോള്‍ ഒരു കുഞ്ഞിളം കിളിയുടെ ശബ്ദം കേള്‍കാറുണ്ട്..ലേഖ പറയാറുണ്ട്‌.. ഈ മാലാഖ കുട്ടിക്ക് വെളുത്ത നക്ഷത്ര കണ്ണുകളാണെന്ന്..
ഒരിക്കല്‍ ആ മാലാഖ കുഞ്ഞിനോട് ഞാന്‍ പേര് ചോദിച്ചു..നക്ഷത്ര കുഞ്ഞു മൊഴിഞ്ഞു
''നൂറാ റഷീദാ''
അപ്പോള്‍ നൂറായിരം നക്ഷത്ര കൂട്ടങ്ങള്‍ക്കിടയില്‍ ഒന്നിന് കൂടുതല്‍ തിളക്കമുള്ളതായി അയാള്‍ക്ക്‌ തോന്നി..
കൃഷ്ണ കുമാര്‍ കൂടാളി
ഗോകുലം,കീഴല്ലൂര്‍..
29.10.2016
(ഫോട്ടോ കടപ്പാട്< ഗൂഗിള്‍,),

Friday, October 14, 2016

കണ്ണീരുപ്പ്..(കവിത)

കൂടാരങ്ങളില്‍ നിന്ന് കുടീരങ്ങളിലേക്ക് പ്രണയിച്ചു
പ്രണമിച്ചു, ആനയിക്കപ്പെടുന്ന പ്രയാണമാണ്..
വിശുദ്ധ ചിന്തകളാല്‍ പതഞ്ഞൊഴുകുന്ന
സമര വീര്യങ്ങള്‍ തത് ഫലമീ നിണ ചൂരെന്നു വ്യക്തം!
പീത കാഞ്ചന പവിഴ, രക്ത സിന്ദൂര ഹരിതാഭ
ശുഭ ശുഭ്ര നീലിമ പീതങ്ങളും സപ്തവര്‍ണ്ണങ്ങ
ളത്രയും പതംഗങ്ങള്‍ വാനിലുയരട്ടെ,യാര്‍ക്കു ചേതം?
ചുടുചോര ചോറിനു കണ്ണീരുപ്പു രുചിയില്ലേ?
ആരാരോടു ചൊല്ലും, ചുറ്റിലും ഭീതി നിഴല്‍
വിരിക്കും പിന്‍ വിളിയൊച്ച,കളട്ടഹാസങ്ങള്‍
വാതില്‍മറക്കപ്പുറം കയ്യെത്താ ബലിഷ്ട കരങ്ങളാല്‍
സുഭദ്രം പിന്നണിയാളുകള്‍,ചുറ്റും കാവലാളുകള്‍!!
ചായില്യ ചോപ്പിലെ വീരതെയ്യങ്ങള്‍ തന്‍ അങ്കക്കലി
വാളുകള്‍ തട്ടി പറിച്ചഭിനവ കോമരങ്ങളാടി-
തിമിര്‍ക്കവേ, കോപ്പുകൂട്ടുന്ന കൂട്ടരെ, ഓര്‍ക്കുവിന്‍
തീകൊണ്ട് തലചൊറിഞ്ഞാലാര്‍ക്ക് നേട്ടം?
ഭയമുണ്ടതിലേറെ ഖിന്നതയും,കണ്ണീരുണങ്ങാത്ത
യെന്റെയൂരെ, നിന്‍റെ ഹൃദയം പിടയുന്നതറിവൂ ഞാന്‍.!
കണ്ണില്‍ പകയുടെ തീയാട്ടമാടുന്ന അന്ധരാം ജനതക്ക്
വെട്ടമേകാന്‍, പുലരി പൂക്കാന്‍ പകലോന്‍റെ കാത്തിരിപ്പ്‌!
ശാന്തി സന്ദേശമല്ല, സ്നേഹദുഗ്ദ്ധം പകരുവാനൊരുശ്രമം,
മഹാമൌനം പേറുന്ന കൌശല കുറുനരികളെ-
കരുതിയിരിക്കുക, നീണമൂറ്റിക്കുടിക്കും അട്ടകളുണ്ട്
മറക്കരുത്,നമുക്കമ്മയുണ്ട് ,പറക്കമുറ്റാ കുരുന്നുകളും,!
കൃഷ്ണ കുമാര്‍,കൂടാളി.
ഗോകുലം,കീഴല്ലൂര്‍,,

Friday, October 7, 2016

സ്മൃതി പഥം: മൂന്നരക്കുള്ള വണ്ടി (ചെറുകഥ)

സ്മൃതി പഥം: മൂന്നരക്കുള്ള വണ്ടി (ചെറുകഥ): ഇപ്പോള്‍ അയാളുടെ നടത്തത്തിനു വേഗത കൂടിയിരിക്കുന്നു..ഒറ്റയടി പാത പിന്നിടുമ്പോള്‍ മനസ്സ് കലുഷിതമാണെന്ന് മുഖഭാവം കണ്ടാല്‍ അറിയാം..സാധാരണയായി...