Monday, August 19, 2019

വ്രണിത മാനം (കവിത)

ഇരുൾ വീഴാറാകും വഴികളിലൊക്കെയും
ഉരുൾപൊട്ടി കുതിക്കാനൊരുങ്ങുന്നത്,
കണ്ടു നില്ക്കുവാൻ വയ്യെന്റെ കിടാങ്ങളേ!
കണ്ഠമിടറുന്നു, മിണ്ടുവാനാവതില്ലൊട്ടുമേ!

എന്തു ചേതം നമുക്കിന്നഹോ, ചിന്ത വേണ്ടാം
ചന്തമേറും മന്ദിരങ്ങളാൽ ഭുവി നിറയണം,
പന്തു നമ്മുടെ കളത്തിലാണന്നതോർക്കണം,
ചിന്ത വേണ്ടാം, നമുക്കിതിഘോഷിക്കണം !!

എന്നു പേർത്തു ചൊല്ലുന്ന നമുക്കുള്ളിൽ,
ചെന്നെത്തി നിന്നീടുന്നു മൂഢഭാവങ്ങളും !
ഇന്നീ പ്രകൃതി നല്കിയ ദൃഷ്ടാന്തങ്ങളിൽ,
ഊന്നി നില്ക്കണം വർത്തമാനങ്ങളിൽ !

മണ്ണുമൂടിക്കിടക്കും വഴിത്താരകൾ പിന്നിട്ട്
വിണ്ണിൽ നിന്നടരുന്ന പെരുമഴക്കിടയിലും
വണ്ണമുള്ള പെരുമരങ്ങൾ വീണതിലല്ലഹോ
കണ്ണുകൾ നിറയ്ക്കുന്നതീ, ജഢക്കാഴ്ചകൾ!

പ്രളയമിനിയും വരും, വ്രണിതമാനം നിറയും,
വളകിലുക്കങ്ങൾ ഭൂമിക്കുലുക്കത്തിലലിയും!
കളിയരങ്ങുകളുണരണം ജനഹൃദയങ്ങളിൽ
വളരണം, ഭൂമി മാതാവാണെന്ന ചിന്തയും !

രചന: കൃഷ്ണ കുമാർ കൂടാളി
അൽ ഖോർ, ഖത്തർ..
@ Copy Right Reserved .
16-08-2019