സഹന വീഥിയിലെ അഭയമര ചില്ലയില്‍...
(ആത്മ കഥ)
>>>>>>>>>>>>>>>>>>>>>>>>>>
പ്രിയപ്പെട്ടവരെ,
ഞാൻ ഒരു കഥ പറയുകയാണ് ..
അല്ല, ഞാൻ നിങ്ങളെ എന്റെ സഞ്ചാര വഴികളിലൂടെ ഒരിക്കൽ കൂടി കൂട്ടിക്കൊണ്ടു പോവുകയാണ്..
അതെ, ഈ ഉൾപ്പിരിവിൽ വച്ചാണ് കഥ തുടങ്ങേണ്ടത്; അതോ കഥ പറച്ചിൽ എന്നതിൽ ഉപരി യാത്ര ചെയ്യുക എന്നല്ലേ പറയേണ്ടത് ? എങ്കിൽ വരൂ നമുക്കൊരുമിച്ച് യാത്ര തുടങ്ങാം.. മുന്നോട്ട് പോകുന്ന യാത്രയിൽ ഇടയിൽ വച്ച് പിന്നാക്കവും പോകേണ്ടതായും വരാം..
പ്രിയരേ, കൂടെ നില്ക്കുമല്ലോ..
ഭാഗം - 1
------------
കൊല്ലവർഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറ്, തൊണ്ണൂറ്റെഴ് കാലഘട്ടത്തിൽ നിന്ന് തുടങ്ങാം..
***
''അല്‍ ഖര്‍ജ്'' റോഡിലെ പന്ത്രണ്ടാം നമ്പര്‍ പാലം
ഇറങ്ങി വരുന്ന വണ്ടികളുടെ വെളിച്ചമായിരുന്നു, രാത്രി വെട്ടമായി എനിക്ക് കൂട്ടിനുണ്ടായിരുന്നത്..അതും ഒരു നാളല്ല, രണ്ടോ മൂന്നോ നാളുകള്‍ അല്ല.നാല് വര്‍ഷങ്ങളോളം...ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറ് മുതല്‍ രണ്ടായിരത്തി ഒന്നുവരെ..ഇരുണ്ടയാമങ്ങളില്‍,ഭയാനകത കൂട്ടിനായി എത്തുമ്പോള്‍ വണ്ടിയുടെ വെളിച്ചം കൂടുതല്‍ കിട്ടുന്ന ഭാഗത്തേക്ക് പോയിരിക്കുമായിരുന്നു...
പെരുമഴക്കാലത്ത്, പുതുമണം മറാത്ത കല്യാണ പെണ്ണിനെ അച്ഛനമ്മ മാരെ ഏല്‍പ്പിച്ചു മരുഭൂമിയുടെ തിളച്ചു മറയുന്ന നിമ്നോന്നതി കളിലേക്ക് കടന്നെതിയപ്പോള്‍ കാത്തിരുന്നത് അല്‍ഖര്‍ജ് റോഡിലെ സ്റ്റോറും,അഞ്ചേക്കറോളം പരന്നുകിടക്കുന്ന ,നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ച യാര്‍ഡുമായിരുന്നു..
ഏകദേശം നാനൂര്‍ മീറ്റര്‍ അകലത്തിലുള്ള ഒരു കമ്പനിയില്‍ കുറച്ചു മലയാളികള്‍ ഉണ്ട് എന്ന് മാത്രമാണ് ആകെ ഒരു ആശ്വാസമുണ്ടായിരുന്നത്....പകല്‍ നേരങ്ങളില്‍ കറങ്ങി നടങ്ങുന്ന പൂച്ചകളും മതില്‍ കെട്ടിന്റെ വിടവിലൂടെ വല്ലപ്പോഴും കടന്നു വരുന്ന നായകളും പിന്നെ ഇഴ ജന്തുക്കലുമാല്ലാതെ വേറൊരു ജന്തുവും ആവിടെ ഉണ്ടായിരുന്നില്ല.മാസത്തില്‍ രണ്ടു തവണ വരുന്ന അക്കൌണ്ടന്റ് ഒഴികെ..
ഇതു വെറുമൊരു കഥയായി മാത്രം തോന്നുന്നുണ്ടോ ?വെറും കഥയല്ല, കയ്പേറിയ എന്റെ സ്വന്തം കഥ ..
ഇനിയൊരു പക്ഷെ ഇതൊരു കെട്ടുകഥയായി തോന്നിയാലും വിരോധമില്ല..
അസഹിഷ്ണുതയുമില്ല..
സഹന പര്‍വ്വം തന്നെ ആണ് എന്റെ മുഖമുദ്ര... മൂന്നു, നാലു വര്ഷം മുന്നേ ഈ സാഹചര്യങ്ങളെ ആസ്പദമാക്കി ഒരു കഥ എഴുതിയിരുന്നു..
ഇത് പക്ഷെ, സഹന പർവ്വങ്ങൾ താണ്ടിയുള്ള എന്റെ പ്രയാണത്തിന്റെ കഥ, ആത്മകഥ ..
* * *
ചൂടും, പുഴുക്കവും അസഹനീയമാവുമ്പോള്‍ ഉടുത്തിരിക്കുന്ന കൈലിമുണ്ടും ഷര്‍ട്ടുമൊക്കെ വലിച്ചെറിഞ്ഞു ഒറ്റ പോക്കുണ്ട് , പാതയോരത്തെ വലിയ വഴി വിളക്കിലെ തൂവെളിച്ചം വീഴുന്ന സ്റ്റോര്‍ യാര്‍ഡിലെ മിനുസമുള്ള കോണ്‍ക്രീറ്റ് ചെയ്ത ഇടനാഴിയിലേക്ക്..അവിടെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആകാശത്തിന്റെ മേലേപ്പരപ്പിലെ നീല യവനിക നീട്ടി നക്ഷത്ര കുഞ്ഞുങ്ങള്‍ എന്നെ നോക്കി കണ്ണിറുക്കി കാട്ടും.. അങ്ങിനെ പതിയെ ഉറക്കത്തിലേക്കു വഴുതി വീഴും.. പ്രിയതമ ഉറങ്ങിയോ എന്ന് പേര്‍ത്തും പേര്‍ത്തും ആലോചിക്കുമ്പോള്‍ ഒരു വിടനെ പോലെ ചിരിക്കും, ആകാശത്തിലെ കിഴക്കെ ചെരുവിലെ ചന്ദ്രികയെ നോക്കിക്കൊണ്ട് ..
മറ്റു ചിലപ്പോൾ സുബോധത്തിലേക്കെത്തിയാൽ ഉറങ്ങുന്നതിനിടെ ഞെട്ടിവിറക്കും എന്തെന്നാല്‍, ഈ തുറന്ന സ്ഥലത്ത് .പഴുതാരകളെയോ മരുഭുമിയിലെ മഞ്ഞ നിറത്തിലുള്ള പാമ്പുകളെ കുറിച്ചോ യാതൊരു ബോധവുമില്ലാതെ പ്രജ്ഞ അട്ടവനെ പോലെ ഉണ്മാദിയെ പോലെ,പൊതു പോലെ കിടന്നുറങ്ങുകയാവും...
ലക്കും ലഗാനവുമില്ലാതെ മൂളിപ്പാട്ടുമായി വരുന്ന കൊതുകകളെ കമ്പിളികൊണ്ട് പ്രധിരോധിക്കുകയാണ് പതിവ്.
നാനൂറ് മീറ്റർ ദൂരെയുള്ള അയല്പക്കക്കാരൻ നെൽസൺ ഭായ് വെള്ളിയാഴ്ച കളിലെ ചില ഒഴിവു സമയങ്ങളിൽ എന്നെ തേടി വരാറുണ്ട്..
മിക്ക ദിവസങ്ങളിലും അല്പം കണ്ണിന് കുളിർമ്മ തേടി അവിടെക്ക് ഞാനും പോകാറുണ്ട്..
അവിടുത്തെ വിശാലമായ കേമ്പിലെ നീണ്ട ഇടനാഴികളും കളിയൂഞ്ഞാലുകളും, ചാരു ബഞ്ചുകളും, നാസാരന്ധ്രങ്ങളെ ത്രസിപ്പിക്കുന്ന പാചകപ്പുരകളും, പിന്നെ വിവിധ രാജ്യക്കാരായ അന്തേവാസികളുടെ കലപിലകളും എല്ലാം ചേർന്ന് മനസ്സിന് അല്പം ആശ്വാസം പകരുന്നിടത്തേക്ക്.. ഏകാന്തതക്കൊരു മറുമരുന്ന് തേടിക്കൊണ്ട് ..
ലൈൻ മുറികൾ പോലെ കുറെ കെട്ടിടങ്ങൾ,
അതിന്റെ പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യത്തിലായാണ് എന്റെ വാസസ്ഥലം..
പകൽ സമയങ്ങളിൽ മുറിക്ക് പുറത്ത് കസേരയിട്ട് ഇരിക്കും..
മുറ്റമെന്ന് പറയാവുന്ന സ്ഥലമാണത്..
അവിടെ ഞാൻ താമസിക്കുന്ന കെട്ടിടത്തിനും തൊട്ടു മുന്നിലെ ലൈനിനും മദ്ധ്യെ മുകളിൽ പ്ലൈവുഡിന്റെ മേലാപ്പുള്ളതിനാൽ തലക്ക് മീതേ കത്തിജ്വലക്കുന്ന സൂര്യന് തന്റെ രശ്മികളെ എന്റെ തലയിലേക്ക് ആഴ്ത്താനാവുമായിരുന്നില്ല...
ഏതാണ്ട് അമ്പത് മീറ്റർ അകലെയുള്ള ഗേറ്റ് ആരെങ്കിലും തള്ളി തുറക്കുമ്പോൾ എനിക്കറിയാനാവും.. കാലപ്പഴക്കത്താൽ ദ്രവിച്ചു റച്ചു പോയ ചക്രങ്ങൾ ബലമായി തള്ളിയാലേ നീങ്ങുമായിരുന്നുള്ളൂ ..
അങ്ങിനെ അപൂർവ്വമായേ ആഗേറ്റ് വല്ലവരും തള്ളി തുറക്കാറുള്ളൂ,, ഞാനല്ലാതെ
വൈകുന്നേരങ്ങളിലോ വെള്ളിയാഴ്ചകളിലോ ആണെങ്കിൽ മിക്കവാറും നെൽസൺ ഭായിയാവും വരിക, അല്ലാതെ അത്ര സൗഹൃദമൊന്നുമില്ലല്ലോ ഈ ഏകാന്തവാസിക്ക് ..
നെൽസൺ ഭായ് ഒരിക്കൽ എന്റെ വാസസ്ഥലത്ത് വന്നപ്പോൾ ചോദിച്ചു..
"എന്താ കുമാർ ഭായ് ഇങ്ങനെ ..?
ഞാൻ തിരിച്ചു ചോദിച്ചു
എങ്ങിനെ?
അദ്ദേഹം ചിരിച്ചു കൊണ്ട് തുടർന്നു ..
"ഈ കിടക്ക നിറയെ കത്തുകളാണല്ലോ വിരിച്ചു വച്ചിരിക്കുന്നത് ..
ആരുടെതാണെന്ന് ചോദിക്കുന്നില്ല...
കണ്ടാലറിയാം ആരുടെതാണെന്ന്..
"ഇതിന്റെ മുകളിലാണോ ഭായ് ഉറങ്ങാറുള്ളത്?
നെൽസൺ ഭായിയുടെ ചോദ്യത്തിന് എനിക്ക്
ഉത്തരം പറയാനുണ്ടായിരുന്നില്ല ..
വിഷണ്ണഭാവത്തിലൊരു ചിരിയൊന്നു വരുത്തും എന്റെ ചുണ്ടുകളിൽ ..
ഉള്ളിലുറഞ്ഞുകൂടുന്ന സങ്കടം പ്രകടമാക്കാതെ ചിരി വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു
" എന്റെ ഭായ് ..
ഒരു ധൈര്യത്തിന് വേണ്ടിയാണ് ഇതൊക്കെ ഞാൻ നിരത്തി വച്ചിരിക്കുന്നത് ..
അവളെഴുതിയ വരികളിലൂടെ വീണ്ടും എന്റെ പ്രിയതമയോടൊപ്പം നാട്ടിൽ തങ്ങുകയാണ് .. മധുരമായ ഓർമ്മകളിൽ ജീവിക്കുകയാണ്..
ഇതു കൂടെ ഇല്ലായിരുന്നെങ്കിൽ, വട്ടു പിടിച്ചേനേ..
എന്റെ വാക്കുകളിലെ നനവിനെ മയപ്പെടുത്തിക്കൊണ്ട് നെൽസൺ ഭായ് പുഞ്ചിരിച്ചു കൊണ്ട് സമാശ്വസിപ്പിക്കും..
ശരിയാ ഭായി ..
നടക്കട്ടെ, നടക്കട്ടെ..
മറ്റൊരിക്കൽ, എന്റെ പാനസോണിക് റേഡിയോ കം ടേപ്പ് റിക്കാർഡറിൽ മലയാളത്തിലെ അനശ്വര ഗാനങ്ങൾ കേൾക്കുമ്പോഴാണ് നെൽസൺ ഭായ് കടന്നു വന്നത്..
"കുമാർ ഭായിയുടെ ഇവിടെ വരുമ്പോൾ
എനിക്കും ഇപ്പോൾ നൊൾസ്റ്റാൾജിയ ഫീൽ ചെയ്യുന്നുണ്ട്.. "
കുമാർ ഭായിയുടെ റേഡിയോ;
ഗൃഹാതുരത്യമുളവാക്കുന്ന പാട്ടുകൾ..
കൈതപ്രത്തിന്റെ പ്രശസ്തമായ
"കളിവീടുറങ്ങിയല്ലോ
കളിവാക്കുറങ്ങിയല്ലോ.. "
എന്ന ഗാനം എനിക്കേറെ പ്രിയങ്കരമായിരുന്നു ..
അതു പോലെ
"നീ ഉറങ്ങിയോ നിലാവേ?
മഴ നിലാവേ?
"മൂവന്തി താഴ്വരയിൽ വെന്തുകും വിൺസൂര്യൻ"
അങ്ങിനെ,എത്ര സുന്ദരവും, ആർദ്രവുമായ ഗാനങ്ങൾ ..
ഈ ഗാനങ്ങളൊക്കെ മനസ്സിനെ ആർദ്രമാക്കുന്നതായിരുന്നു ..
കുമാർ ഭായിയെ കാണാൻ വരുമ്പോൾ എന്റെ മനസ്സും സാന്ദ്രമാകുന്നു..
നെൽസൺ ഭായുടെ കണ്ണൂകളിലെ തിളക്കം എനിക്ക് കണ്ടാലറിയാം ..
നെൽസൺ ഭായ് അങ്ങിനെ മനസ്സു തുറക്കുന്ന ആളല്ല,അതു പോലെ ഞാനും .. വളരെ അടുപ്പക്കാരോടു മാത്രമെ ഉള്ളു തുറക്കാറുള്ളൂ.
പിന്നെ ഭായിക്ക് വരുന്ന കത്തുകൾ
കൂടാതെ ഇവിടുത്തെ ഏകാന്തത ..
നെൽസൺ ഭായാക്കും ഈ ഗാനങ്ങളൊക്കെ വലിയ ഇഷ്ടമായിരുന്നു ..
അദ്ദേഹത്തിന്റെ തിരക്കു ജീവിതത്തിന് ഇവിടുത്തെ ഏകാന്തത അദ്ദേഹവും ആസ്വദിക്കുമായിരുന്നു. ," -
ഒരു പാട് കാര്യങ്ങളിൽ വിജ്ഞാനമുള്ള നെൽസൺ ഭായുമായുള്ള സൗഹൃദം എന്തുകൊണ്ടോ കൂടുതൽ ആകൃഷ്ടമായി തോന്നി..
എന്നെ അനുജനായി കണ്ട് കളിതമാശകളിലൂടെ രസകരമാക്കിയ ജോൺസൺ ചേട്ടൻ
ചിലപ്പോൾ എന്നെ ശുണ്ഠി പിടിപ്പിക്കാൻ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുമായിരുന്നു' ജോൺസൺ ചേട്ടന് കൂട്ടായി ഒരു മാവേലിക്കരക്കാരനായ അനിലും കൂടും...
അപ്പോഴാവും മഞ്ഞുകാലക്കത്ത പ്രതിരോധിക്കുന്ന സ്വറ്റ റിട്ട് കൈയ്യിലൊരു പ്ലേറ്റും ഗ്ലാസ്സുമായി മെസ്സിലേക്ക് പോവുന്ന നെൽസൺ ഭായുടെ വരവ്.. അദ്ദേഹം ആരുടെയും പക്ഷം പിടിക്കാതെ ഒരു ഊറിച്ചിരിയുമായും അടുത്തു വരും.. പലപ്പോഴും എന്റെ രക്ഷക്ക് എത്താറുള്ളത് നെൽസൺ ഭായ് തന്നെയാണ്..
ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത് രാഷ്ട്രീയ കാര്യങ്ങളിൽ മാത്രമാണ്..
ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ അരിശം തോന്നുന്നു...
വ്യർത്ഥമായ, ജഢിലമായ രാഷ്ടീയ ചിന്തകൾ.:
അതൊരുപക്ഷെ ഒരു കണ്ണൂർകാരന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാവാം.. അന്നത്തെ കറകളഞ്ഞ കോൺഗ്രസ്സുകാരനിൽ നിന്ന് (അർത്ഥശൂന്യമാണെങ്കിൽ പോലും കണ്ണടച്ചു പിന്തുണച്ചിരുന്നതിൽ നിന്നും ) എത്രയോ കാതങ്ങൾ അകലങ്ങളിൽ എത്തി നില്ക്കുന്നു ഇന്ന് എന്നിലെ രാഷ്ട്രീയം..
രാഷ്ട്രീയ തിമിരം ബാധിച്ച ഇന്നലകളെ ഞാൻ തള്ളിപ്പറയുന്നു ...
രാഷ്ട്രീയമെന്നത് രാഷ്ട്ര നന്മക്കും, സാമൂഹിക ആവാസ വ്യവസ്ഥിതിക്കും അനുയോജ്യമായ ഭൗതിക പുരോഗമന ആശയങ്ങൾ ആയിരിക്കണം എന്ന നിലപാട് എന്നിലേക്ക് നീണ്ടു വന്നപ്പോഴാണ് എന്റെ രാഷ്ടീയ ബോധത്തിന് സമനില വന്നത്
ഇന്ന്,എന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തിന് സോഷ്യലിസവും, പൗരസ്ത്യ പുരോഗമന ,മതേതര ആശയങ്ങളോടാണ് താദാത്മ്യമുള്ളത്... അല്ലെങ്കിലും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് തന്നെ കാതലായ മാറ്റങ്ങൾ സംഭവിക്കുകയും ഏകാധിപത്യ രീതിയിലേക്ക് തരം താഴുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയത്തെക്കുറിച്ച് ഞാനെന്തു പറയാൻ !!
ഞാനങ്ങിനെയാണ് ..ചിലപ്പോൾ പറഞ്ഞു വരുന്ന കാര്യങ്ങളിൽ നിന്ന് മാറിപ്പോകും,
നമുക്ക് വിഷയത്തിലേക്ക് മടങ്ങി വരാം..
നെൽസൺ ഭായിയുടെ അവിടുത്തെ ജോൺസൺ ചേട്ടൻ എന്നെ കണ്ടാൽ എന്തെങ്കിലും വിഷയം എടുത്തിടും..മിക്കവാറും അവർ കൊരുക്കുന്ന ചൂണ്ടയിൽ ഞാൻ കയറിപ്പിടിക്കുകയും ചെയ്യും....
എനിക്കാണെങ്കിൽ ചിലപ്പോൾ അതി ഭയങ്കയങ്കരമായ ശുണ്ഠി വരും..
പക്ഷെ ,ഒന്നുണ്ട് എനിക്ക് നിശ്ചയമായും ബോധ്യമായ വിഷയങ്ങളെ കുറിച്ചു മാത്രമേ ഞാൻ തർക്കുമായിരുന്നുള്ളൂ..
പകൽ സമയങ്ങളിലെ വിഷാദങ്ങളും, വിഷമങ്ങളും എന്നിൽ നിന്നും നിർലീമനം ചെയ്യാനുള്ള മരുന്നായിട്ടായിരിക്കണം ജോൺസൺ ചേട്ടൻ ഞാനുമായി അനാവശ്യ തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നത് ...
പിന്നീട് പ്രായം കൂടുതൽ പക്വത നല്കിയപ്പോഴാണ് നിസ്സാര കാര്യങ്ങക്ക് വരെ ടെൻഷനടിച്ച് മനസ്സമാധാനം തകർത്തതിന്റെ മൂഢത്തം മനസ്സിലായത്..
അനുഭവങ്ങളാണല്ലോ ഏറ്റവും വലിയ ഗുരു..
ഉഷ്ണ താപത്താൽ കൊടുമ്പിരി കൊണ്ട് മ രു കാറ്റ് തലക്ക് മീതെ ആഞ്ഞടിക്കുമ്പോഴും പതറാതെ പിടിച്ചു നിന്ന ഒരുവന്റെ അതിജീവനത്തിന്റെ കഥ ഇങ്ങനെ തുടരുകയാണ്...
യാത്രക്കിടെ അല്പം വിശ്രമമാവാം അല്ലേ?
ആയതിനാൽ ശേഷ ഭാഗം അടുത്ത ലക്കത്തിൽ..
വീണ്ടും കാണാമെന്ന ശുഭപ്രതീക്ഷയോടെ,
സസ്നേഹം,
കൃഷ്ണകുമാർ കൂടാളി.
ഗോകുലം, കീഴല്ലൂർ ..
photo-കടപ്പാട് - Google.
@ Copy Right Reserved.