''അഗ്നിശിഖ'' - (നോവല്‍) =ദളം 10 (പത്ത്)
====================================
രൌദ്രം..,
-------------
''ബംഗ്ലാവ് മൊട്ട കുന്നിന് മുകളിൽ ഉദിച്ചുയർന്ന സൂര്യൻ കുന്നിറങ്ങി മേലേടത്ത് കാവിലേക്കെത്തിയത് ഒൻപതര മണിയോടെയാണ്...
മുഖത്തെഴുത്തും, മെയ്യെഴുത്തും, ഉടയാടകളും, അണിയലങ്ങളും ചമയിച്ചൊരുങ്ങി, ശ്രീപോർക്കലിയമ്മയെ ഹൃദയത്തിലേക്കാവാഹിച്ച കോലധാരി ഒതേനപ്പെരുവണ്ണാനെ കല്ലാടിമാരായ കിട്ടുണ്ണിപ്പെരുവണ്ണാനും, ചാത്തു പെരുവണ്ണാനും ചേർന്ന് തിരുമുറ്റത്തേക്ക് ആനയിച്ചു.. കലശത്തറയിൽ ഭദ്രദീപം കൊളുത്തി, കലശവും നിറച്ച് കലശക്കാരൻ സുകുമാരൻ തന്റെ ഭാഗം യഥാവിധി കാത്തു സൂക്ഷിച്ചിട്ടുണ്ട്. കിഴക്കെ മതിലിനോട് ചേർന്ന് പീഠം വച്ച് കിഴക്കോട്ട് തിരിഞ്ഞ് കോലധാരി ശ്രീ പോർക്കലിയുടെ നീളൻ തിരുമുടിയേന്താനുള്ള പാകത്തിൽ തയ്യാറായപ്പോൾ, വൃതാനുഷ്ഠാനങ്ങളോടെ നാണുപ്പെരുവണ്ണാനും, കൂട്ടരും, ഒതേനപ്പെരുവണ്ണാന്റെ തലയിലേക്ക് വച്ച് കെട്ടവെ, വാദ്യങ്ങളുടെ അകമ്പടിയോടെ ശ്രീ പോർക്കലി അമ്മയുടെ തിരുനടനം ആരംഭി ക്കുകയായി.. ലാസ്യഭംഗിയോടെയുള്ള ചുവട് വയ്പ്പ്, പിന്നെ കാവിന് ചുറ്റുമുള്ള പ്രദിക്ഷണ പഥങ്ങൾക്കൊപ്പം ശംഖു നാദവും വാദ്യഘോഷങ്ങളും ചേർന്ന് ദൃശ്യചാരുത വര്‍ണ്ണിക്കാന്‍ വാക്കുകള്‍ തികയുന്നില്ല ..
''വന്നിരിക്കൊന്നോരനുഭവം,ഏതു പ്രകാരത്തിങ്കല്‍ കരഗതമായിരിക്കുന്നോ; അതെ പ്രകാരത്തിങ്കല്‍ ഐശ്വര്യത്തിനും അഭിമാനതിനും ഉള്ള വഴി ഞാന്‍ ഉണ്ടാക്കുന്നുണ്ടല്ലോ അല്ലെ കർത്താക്കന്മാരെ..
ദാരികപുരം മുൻവേദുവായിട്ടു വാണാര്പൈതലായി ചെന്ന് കരതലം കൊണ്ട് ദാരികനെ നിഗ്രഹിച്ചിട്ടുണ്ട് കേട്ടോ..
മേലേടത്ത് കന്നിമൂലാധാരം മുൻപേതുവായിട്ടു മാതാവേ എന്ന് നിനച്ചുകഴിഞ്ഞാല്
''ഗുണം വരണം,ഗുണം വരണം ഗുണം വരണം എന്നുല്ലൊരു വാചാലം എനിക്ക് വിശേഷിക്കാന്‍ ഉണ്ടല്ലോ അല്ലെ.. ?
എന്റെ മേലേടത്തു ആധാരം മുൻപേതുവായിട്ടു നാല്വരോടൊപ്പം പ്രതിഷ്ഠിച്ചു പരിപാലിച്ചു തിരുമുടിയെയും പ്രതിഷ്ഠയെയും ഏതു പ്രകാരത്തിങ്കല്‍ പരിപാലിപ്പിച്ചു പോരുന്നുവോ, അതെ പ്രകാരത്തിങ്കല്‍ സൌഖ്യവും കീര്‍ത്തിയും നല്കി ഞാന്‍ സംരക്ഷിച്ചു പോരാം കേട്ടോ..സോപാനത്തിങ്കല്‍ മാത്രമല്ല കാണികള്‍ക്കും കേള്‍ക്കുന്നവര്‍ക്കും ആധിയും വ്യാധിയും കൂടാതെ, ഈ നാടിനെയും, സകല ചരാചരങ്ങളെയും, ഈ ലോകത്തെ തന്നെയും, ഞാന്‍ പരിപാലിച്ചു പോരാം കേട്ടോ...മനം നിറഞ്ഞു നൊന്തു മാതാവേ എന്ന് കേണാല്‍,അതെ പ്രകാരത്തിങ്കല്‍ ഈ സത്യ ശ്രീപോര്‍ക്കലി മാതാവ് കൂടെ ഉണ്ടാവും കേട്ടോ...
കർത്താക്കന്മാരെ
അകത്തൂട്ടി കരർത്താക്കന്മാരെ എല്ലാവരെയു സഖ്യം കൊണ്ടു വിശേഷിപ്പിക്കാം..ഗുണം വരും ഗുണം വരും...''
ദ്യശ്യ ചാരുതക്കൊപ്പം ശ്രവണ മധുരമായ ശ്രീപോർക്കലിയമ്മയുടെ അനുഗ്രഹ ''വാശാല്'' കേള്‍ക്കാനും,പരിഭവങ്ങളള് അമ്മയെ കേള്‍പ്പിച്ചു,പരിഹാരമായി സ്വാന്തന വാക്കുകള്‍ ശ്രവിച്ചു സായൂജ്യമാടയാനും മേലേടത്ത് കാവിലേക്ക് അയല്‍ ഗ്രാമങ്ങളില്‍ നിന്ന് പോലും അസംഖ്യം ഭക്ത ജന പ്രവാഹം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്..
കലശക്കാരും, വാദ്യക്കാരും അക്ഷമരാണെങ്കിലും. വേലുപ്പണിക്കരുടെ തമാശകള്‍ കേട്ട് വിരസത അകറ്റുകയാണ് വാദ്യക്കാര്‍..ഇടയ്ക്കു വിടുവായക്കാരനായ രാജന് പണിക്കരുടെ വികൃയകള്‍ വേലുപ്പണിക്കാരുടെ നര്‍മ്മത്തിന് ആക്കം കൂട്ടുന്നുമുണ്ട്.. ഏകകദേശം വൈകുന്നേരം മൂന്നു മണിവരെ തുടരുന്ന പ്രകൃയാണ് ഭഗവതിയുടെ വാശാൽ..അസാമാന്യ വാഗ്ചാരുതയാണ് ശ്രീപോര്ക്കലിയമ്മയുടെ കോലധാരി ഒതേന പെരുവണ്ണാനെന്നു സാക്ഷ്യപ്പെടുത്തും വിധമാണ് ജന ബാഹുല്യം..കല്ലാടിമാരായ കിട്ടുണ്ണി പെരുവണ്ണാനും,വിനുക്കുട്ടനും ചാരെ തന്നെ ഉണ്ട്... വിനുക്കുട്ടന്റെ കൈയിലെ മഞ്ഞള്‍ കുറി നിറച്ച തട്ടില്‍ നിന്നും , പീഠത്തില്‍ ഉപവിഷ്ടനായ കോലധാരി, മഞ്ഞള്‍ പ്രസാദവും , തിരുമുടിയില്‍ അണിഞ്ഞ തെചിപ്പൂവുകളും ഇറുത്ത് മഞ്ഞള്‍ പ്രസാദതോടൊപ്പം ചേര്‍ത്ത് കിട്ടുണ്ണി പ്പെരുവണ്ണാന്‍ നല്ക ഇലച്ചാർത്തില്‍ നിറച്ചു നല്‍കുകയും, ഭക്തരുടെ നെറ്റിയിൽ കൈവച്ചനും നിഗ്രഹിക്കുകയും ചെയ്യുന്ന ശ്രീപോര്ക്കലിയമ്മ യുടെ വാശാല് സാകൂതം ശ്രവിക്കുകയാണ് മേലേടത്ത് കാവിലെ ഇളം തലമുറ അവകാശി മനോജ് മാഷ്.
കലശക്കാരന് സുകുമാരന്റെ കൈവശമുള്ള ചുവന്ന പട്ടുകള്‍ നേർച്ച അര്‍പ്പിക്കാനും അതുപോലെ വെള്ളികൊണ്ടുള്ള ആള് രൂപങ്ങള്‍, കയ്യ്,കാലുകള്‍ കണ്ണുകൾ എന്നിവയുമായി സോമനും അരികിലായുണ്ട്..അവയൊക്കെ നേർച്ച സമര്‍പ്പിച്ച് ഭഗവതിക്ക് കാണിക്ക നല്കി ദുരിതപർവ്വങ്ങളുടെ കെട്ടഴിക്കാൻ തിക്കും തിരക്കും കൂട്ടുകയാണ് ഭക്തജനങ്ങള്‍..അധികവും സ്ത്രീകളാണ് പുരുഷന്മാരെക്കാളും നേർച്ചകൾ സമർപ്പിക്കാൻ മുന്നിട്ട് നില്‍ക്കുന്നത്.
ദൂരെ നിന്ന് വന്നവരില്‍ ചിലെരെങ്കിലും ക്യൂപാലിക്കാതെ മുന്‍ നിരയിലേക്ക് വരുന്നുണ്ട്..പ്രായം ചെന്നവരെ തടയില്ലെങ്കിലും മറ്റുള്ളവരെ തടയാന്‍ ശ്രമിക്കുകയാണ് കുഞ്ഞമ്പു കൈക്കൊറും സോമനുമൊക്കെ.
വരി നില്‍ക്കാതെ തള്ളിക്കയറാൻ ശ്രമിച്ച ഒരു ചെറുപ്പക്കാരിയെ തടഞ്ഞു കൊണ്ട് സോമൻ പറഞ്ഞു...
"എന്ത് ന്നായിത് ഉരിസലാക്കന്ന്.. അങ്ങേ തെറ്റത്ത് പോയി നിക്ക് .. പിന്നിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു ..
''ഉയി..ഒന്ന് തംബുരാട്ടിനെ കാണാന്‍ വിടപ്പാ..ഞാളങ്ങു മാവിലായിന്നാ വരുന്ന് അന്റെ ഒപ്പരം അമ്മമ്മയും ഇണ്ടേനും ...''
വൈകുന്നേരമായതിനാലും ദൂരെ നിന്ന് വന്നതിനാലും ചെറുപ്പക്കാരിയെ തടയുന്നതു കണ്ടപ്പോള്‍ മനോജ മാഷ് വന്നു പറഞ്ഞു..
"പോട്ടപ്പാ ദൂരെ നിന്ന് വന്നതല്ലേ..വിട്ടേക്ക്..
പിന്നിൽ, വരി നില്ക്കുന്ന നാട്ടുകാരായ സ്ത്രീകൾ പിറുപിറുക്കുന്നത് ആരും ചെവികൊടുത്തില്ല..
ഞാള് രാവിലെ മുതലേ പൊട്ടിപ്പൊരിയുന്ന വെയിലത്ത് ഒരു തുള്ളി തന്നറ് കുടിക്കാണ്ടാ നിക്കുന്ന് ...
താവോറത്തെ ശാന്ത പറഞ്ഞത് തെല്ലു റക്കെയായിപ്പോയി..
കിഴക്കെ മതിലിനോട് ചേർന്ന് ഓലപ്പായയിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്ന വാദ്യക്കാരിലെ വിടുവായക്കാരൻ രാജൻ പണിക്കർ പറഞ്ഞു...
ഒരു ഓലക്കുടയുണ്ടേനു വേണോ?
ശാന്ത പറഞ്ഞു
"അത് നിന്റെ ഓക്ക് കൊണ്ടോയി കൊടുക്ക് "
മറ്റുള്ളവരുമായി സൊറ പറയുകയായിരുന്ന വേലുപ്പണിക്കർ ഏറ്റുപിടിച്ചപ്പോൾ രംഗം കൊഴുത്തു ..രാജൻ പണിക്കറെ മക്കാറാക്കാൻ ഹാസ്യ പ്രിയനായ മനോജ് മാഷും കൂടെ കൂടി..
മനോജ് മാഷും അനുജന് രഘുവും.. മേലേടത്ത് കാവിലെ ഇളം തലമുറക്കാരാണ്.. മനോജ് മാഷ് അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമാണ്..മേലേടത്ത് കാവ് ഉൾപ്പെടുന്ന അമ്പലക്കര വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു അദ്ദേഹം... കോൺഗ്രെസ്സ് കാരും,കമ്മ്യുണിസ്റ്റ് കാരും സഹവർത്തിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഗ്രാമത്തില്‍ അസ്പൃശ്യത ആര്‍ക്കുമില്ല അങ്ങോട്ടും ഇങ്ങോട്ടും,സ്വർദ്ധയുമില്ല..
***
മൂന്നുമണിയോടെ കാണികളുടെ തിരക്ക് കുറഞ്ഞെന്നു മനസ്സിലാക്കിയ കുഞ്ഞമ്പു കൈക്കൊര്‍ അവകാശി ദിവാകരന് നമ്പ്യാരെ കണ്ണുകൊണ്ട് അടയാളം കൊടുത്തു..തുടര്‍ന്ന് കോലധാരിയുടെ കാതില്‍ പതുക്കെ കല്ലാടിയായ കിട്ടുണ്ണിപെരുവണ്ണന് എന്തോ പറഞ്ഞപ്പോള്‍ കോലധാരി തലകുലുക്കി സമ്മത മറിയിച്ചു..
തുടര്‍ന്ന് താംബൂലവും അടക്കയും സമര്‍പ്പിക്കപ്പെട്ടു..തുടര്‍ന്ന് താമ്പൂലങ്ങൾ ദീപനാളങ്ങൾക്ക് നേരെ നീട്ടിപ്പിടിച്ച് നോക്കി, വീശി താഴേക്കു ഇടുകയും ലക്ഷണ ശാസ്ത്രം പറയുകയും ചെയ്യുന്നതാണ് അടുത്ത ചടങ്ങ്.... കിഴക്ക് പടിഞ്ഞാറായി വീണാല്‍ ശുഭലക്ഷണവും,തെക്ക് വടക്കായി വീണാല്‍ അശുഭ ലക്ഷണവും ആണ്..
ദീപനാളങ്ങള്‍ നോക്കിയും ലക്ഷണം പറയും...താംബൂലങ്ങളില്‍ ചിലത് തെക്ക് പടിഞ്ഞാറായി കാണപ്പെട്ടതിനാല്‍ പരിഹാഹര നിർദ്ദേശങ്ങള്‍ നല്‍കിയാണ് ഈ വര്‍ഷത്തെ മേലേടത്ത് തെയ്യക്കാലത്തിനു പരിസമാപ്തിക്ക് കോലധാരി അനുമതി തേടിയത്..
തുടര്‍ന്ന് ചന്തുപ്പണിക്കരുടെ നേതൃത്ത്വത്തിലുള്ള കൊട്ടിക്കലാശം ....അനുക്കുട്ടന്റെയും അച്ഛന് സുരെശന്റെയും വലം തല ചെണ്ടമേളം ഏറ്റവും ഉയര്‍ന്ന നാദത്തില്‍ കേള്‍ക്കാം... അപ്പോഴും ചീനിക്കുഴലില്‍ അപശ്രുതി മീട്ടുന്ന രാജന് പണിക്കാരെ കണക്കറ്റു കളിയാക്കുന്നുണ്ട് ഇടം തല ചെണ്ട പ്രയോഗത്തിലൂടെ വേപ്പണിക്കര്.. തദവസരത്തിലും രണ്ടു ആര്‍ദ്ര നയനങ്ങള്‍ ആരെയോ തിരയുന്നത് ഉഷയുടെ കണ്ണുകളില്‍ മാത്രമേ പതിഞ്ഞുള്ളൂ..സുഗന്ധിയുടെ കണ്ണുകള്‍ സുമേഷിനെ പരതുന്നത് കണ്ടു ഉഷ അടുത്ത് ചെന്ന് ചോദിച്ചു,,
''എണേ നിനക്ക് അന്റെ ഏട്ടനെ അത്രയ്ക്കും ഇഷ്ടാ?
നമ്ര ശിരസ്കയായ അവളുടെ വിടര്‍ന്ന മുഖം നാനതാല് തുടിച്ചപ്പോള്‍ ഉഷയുടെ സന്ദേഹത്തിനു ഉത്തരമായി..
മോളെ അച്ഛനും അമ്മയും സമതിക്കുന്ന് തോന്നുനില്ല..പക്കെന്കീ എനക്ക് നിന്നെ ഇഷ്ടാട്ടോ..?
അപ്പോള്‍ ഒരു പുഞ്ചിരി സമ്മാനമായി നല്കാന് സുഗന്ധി മറന്നില്ല..
------------------------
മേലേടത്ത് പുതിയ ഭാഗവതി കോലം കഴിഞ്ഞ ഉടനെ രമേശന് മാഷും സുമേഷും കൂടി പോയത്, അമ്പലക്കര കണ്ടത്തിൽ ഉയര്‍ന്നു വരുന്ന വോളീ ബോള്‍ കളിയരങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു..രണ്ടു ദിവസങ്ങള്‍ക്കു ശേഷം നടക്കുന്ന കൈപ്പന്തു കളിയുടെ ആരവങ്ങള്‍ ഇപ്പോഴേ ഇരുവരുടെയും മനസ്സില്‍ ഉയര്‍ന്നു കഴിഞ്ഞു..
യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോട്സ് ക്ലബ് കിഴക്കെപ്പാടത്തിന്റെ നേതത്വത്തിലുള്ള മത്സരത്തില്‍ നവോദയ ഇരിവേരിയും, മട്ടന്നൂര്‍ കോളേജ് ടീമും ,ലിബര്‍ട്ടി കഞ്ഞിരത്തറയും .ടാസ്ക് മൂന്നാം കോട്ടവും തമ്മിലുള്ള ,ഖ്വാർട്ടര് ,സെമി ഫൈനല്‍ മത്സരങ്ങള്‍ നരിക്കോട്ടു കട്ടന്‍ കവര്‍ മൈതാനിയിലായിരുന്നു നടന്നത്..വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ ടാസ്ക് മൂന്നാം കോട്ടവും നവോദയ ഇരുവേരിയും ആണ് ഫൈനലില്‍ എത്തിയത്..
ഫെബ്രുവരി ഇരുപത്തിരണ്ടു..
താല്‍ക്കാലികമായി ഉണ്ടാക്കിയ ഗാലറിയില്‍ അക്ഷമരായി കാത്തിരിക്കുകയാണ് കാണികള്‍..പൂനിലാ പ്രഭചൊരിയുന്ന ദീപാലങ്കലങ്ങളാല് പ്രശോഭിതമാണ് അമ്പലക്കര കണ്ടത്തിലെ കളിസ്ഥലം..ഉദ്ഘാടനം ആരംഭിക്കുകയായി..
ജോയിന്‍ കൺവീനറായ സുമേഷും, ജനറൽ കണ്‍വീനര്‍ രമേശന് മാഷും ഒരുക്കങ്ങളുമായി ഓടിനടക്കുകയാണ്..ടാസ്ക് മൂന്നാം കോട്ടത്തിന്റെ നായകന് വസന്തന് മാഷും, നവോദയ ഇരിവേരിയുടെ നായകന് വിനായകനും ആണ്..
പ്രധാന റഫറി മൂന്നാം കോട്ടം സ്വദേശിയും മട്ടന്നൂരിന്റെ അഭിമാന താരവുമായിരുന്ന സര്‍വ്വീസസിന്റെ തീപ്പൊരി അറ്റാക്കറുമായിരുന്ന മധുസൂതനന് ..ആറടി അഞ്ചിന്റെ അതികായികാന്..രണ്ടാം റഫറി..പോലീസിന്റെ മികച്ച കളിക്കാരനായിരുന്ന സലാം കുന്നുമ്മല്‍
ഉദ്ഘാടകന്‍ പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീ രാജന് സുമേഷിന്റെയും രമേശന് മാഷെയും, പ്രധാന രഫറിമാരെയും തന്റെ പ്രസംഗത്തില്‍ ഗ്ലാഘിക്കുകയും കളിക്കാര്‍ക്ക് വിജയാശംസകൾ നേരുകയും ചെയ്തു,, തുടർന്ന് കളിക്കാരെ പരിചയപ്പെടുത്തൽ ചടങ്ങ്..,യുവധാരയുടെ പ്രസിഡന്റും, കമ്മ്യുണിസ്റ്റ് പാര്‍ടി ലോക്കല്‍ സിക്രട്ടറിയുമായ സജിത്തും, കീഴേടത് ലോക്കല്‍ സിക്രട്ടരി ബി.സജയന് എന്നിവരും, മനോജ് മാഷും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും കളിയുടെ സംഘാടകരായി കളിക്കളങ്ങളില്‍ ഉത്സാഹപൂർവ്വം നിറഞ്ഞു നിന്നപ്പോൾകളിയരങ്ങുണര്ന്നു
നാല് ദിസകളിലെക്കും മെഗഫോണ്േ കോളാമ്പികൾ ഉയരത്തിൽ ഘടിപ്പിച്ചിട്ടുണ്ട് .. വൈകുന്നേരം നാലു മണിമുത് ലേക്ക സിനിമാകൊട്ടക്കിയലെന്നവണ്ണം ഗാനങ്ങൺ ഒഴുകി എത്തുന്നുണ്ടായിരുന്നു .. ഗാലറി തിങ്ങി നിറഞ്ഞു...ഗാലരിയിലെ കമന്ററി സ്ഥാനത്ത് സുപ്രസിദ്ധ വോളിബോള്‍ കമ്പക്കാരനും വാഗ്മിയുമായ ബാലന്മാഷും, പിന്നെ രമേശന് മാഷുമാണ്..
വിസില്‍ മുഴങ്ങുകയും കളിക്കളത്തില്‍ ഇരു ടീമിലുമായി പന്ത്രണ്ടു പേര് വീതം..മുന്‍ നിരയില്‍ ആരു പേരും, അതുപോലെ പിന് നിരയിലും ആറ് പേർ വീതം തന്നെ.
കളിക്കളം അവേശഭരിതമാകുന്നത്
ബാലന് മാഷുടെ സ്വത സിദ്ധമായ ശൈലിയിലുള്ള കമന്ററി പ്രയോഗം കൊണ്ട് കൂടിയാണ്..
അങ്ങിനെ ആകെ അഞ്ചു കളികളുള്ള മത്സരത്തില്‍ ആദ്യ സെറ്റില്‍ 15-12 എന്ന പോയന്റോട് കൂടി
വളരെ വാശിയേറിയ മത്സരത്തിൽ ടാസ്ക് മൂന്നാം കോട്ടം മുന്നിട്ടു നിക്കുകയാണ്...
ആജാനു ബാഹുവായ മധു സൂതനൻ റഫറിയായി താരമാകുന്നത്, കളിക്കളത്തിലെ നിതാന്ത ജാഗ്രതകൊണ്ടും,,ഫൌള് കളിക്കാർക്കെതിരെ നീട്ടിയുള്ള വിസിലടിയും മുഖം നോക്കാതെയുള്ള നടപടിയിലൂടെയുമാണ്...
സ്കൂൾ ക്ലാസ്സിൽ പാഠം എടുക്കുന്ന അധ്യാപകനെ പോലെ തന്നെയാണ് റഫറിയും,കളിക്കളത്തില്‍ മുഴുനീളെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും,നാലുപാടുമുള്ള കാഴ്ച്ചകളിലേക്കും അവരുടെ ശ്രദ്ധ പറന്ന് ചെല്ലും..
അത്തരത്തിലുള്ള ഒരു കാഴ്ച്ചയായിരുന്നു സുമേഷും സുഗന്ധീയും തമ്മിലുള്ള പ്രണയ രംഗം..
മധുവിന്റെബന്ധുകൂടിയായ രമേശന് മാഷ് സുമേഷിനെ പരിചയപ്പെടുത്തിയപ്പോള്‍ അവരുടെ പ്രേമ ബന്ധത്തെകിച്ച് മധുസൂചിപ്പിച്ചപ്പോൾ, ശരിക്കുംവിസ്മയപ്പെട്ടത് സുമേഷായിരുന്നു ....
മധു വിന്റെ അടുത്ത കൂട്ടുകാരനാണ് സലാം കുന്നുമ്മല്‍..ഇരുവരും ഒരുമിച്ചു ഇരു ടീമുകളായി മാറ്റുരച്ചവരാണ്..കളിക്കളത്തില്‍ ശത്രുക്കളായിരുന്നെങ്കിലും, ജീവിത വഴികളിലെ ഇണ പിരിയാത്ത കൂട്ടുകാരാണ് ഇരുവരും ..,,അത്യുജ്വല സെറ്റെര്‍ ആയിരുന്നു സലാം...
ഇരുവരും ചേര്‍ന്ന് കളി നിയന്തിച്ചപ്പോള് അഞ്ചു സെറ്റുകള്‍ നീണ്ട മത്സരങ്ങളില്‍ മോന്നുസേട്ടുകളില് മുന്നിട്ടു നിന്ന ടാസ്ക് മൂന്നാം കോട്ടം 15-12,15-13m 15-10 എന്ന പോയന്റു നിലകളില്‍ മുന്നിട്ട് നില്ല്കുകയും വിജയികാളാവുകയും ചെയ്തു,,
കളിഴിഞ്ഞപ്പോള് കുഞ്ഞിരാമന് മാസ്റ്റര്‍ എവെര് റോളിംഗ് ട്രോഫിയും പ്രശംസ പത്രവും സമ്മാനിച്ചത് പഴയ അര്‍ജുന അവാര്‍ഡ് താരം ശ്രീ നടരാജന് അവർകളായിരുന്നു.. റണ്ണേർസ് അപ്പിന് യുവധാരയുടെ ട്രോഫിയും പ്രശംസ പത്രവും സ്കൂള്‍ മാനേജര്‍ ഗോപിമാഷ് സമ്മാനിച്ചു,,കുഞ്ഞമ്പു കൈക്കൊര്‍ ഈ സദസ്സിലും സന്നിഹിതനായിരുന്നു.കൂടെ കിട്ടുണ്ണി പെരുവണ്ണാനും.
--------------------------------
കല്ലിക്കണ്ടിയില്‍ വച്ചുകണ്ട സൌഹൃദം പുതുക്കാനായി ചാലില്‍ മൂലക്കാരനായ ലോക്കല്‍ സിക്രട്ടറി സജിത്ത് കിട്ടുണ്ണി പെരുവണ്ണാനോട് കുശല പ്രശ്നത്തിനു ചെന്നപ്പോൾ , ചാലില്‍ മൂല ദേവസ്ഥാനത്തെ ജമ്മാരി കുടുംബത്തിൽപ്പെട്ട കണ്ണന് പെരുവണ്ണാ ഒപ്പം ഉണ്ടായിരുന്നു...അപ്പോഴേക്കും സുമേഷിനെ കണ്ണ പെരുവണ്ണാന് ദേവ സ്ഥാനതെക്ക് തെയ്യച്ചടങ്ങുകളിലെ സഹായത്തിനായി ക്ഷണിക്കുകയും ചെയ്തു.
വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദേവതയാണ് വ്യാഘ്ര സ്വരൂപിണി മാതാവ്..
മനം നൊന്തു മാതാവേ എന്ന് വിളിക്കാത്തവര്‍ കടാങ്ങാട്ടും ചാലില്‍ മൂലയിലും പരിസര പ്രദേശങ്ങളിലും ആരും തന്നെ ഉണ്ടാവില്ല..അവിടെ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ എന്ന പ്രശ്നം ഉദിച്ചിരുന്നില്ല....കമ്മ്യൂണിസ്റ്റ് കാരുടെ കോട്ടയായിട്ടും അവിടുത്തെ വിശ്വാസ പ്രാമാണങ്ങളെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ മറ്റുള്ളവരെ പോലെ കമ്മ്യുണിസ്റ്റ് കാരും മുൻപന്തിയിലാണ്..മറ്റിടങ്ങളില്‍ കാണാത്ത ആചാര പ്പെരുമകളാല് സുപ്രസിദ്ധമാണ് ഇവിടുത്തെ തെയ്യച്ചടങ്ങുകള്‍..
നിത്യവും സന്ധ്യകളില്‍ വിളക്ക് തെളിയിക്കുന്ന ദേവസ്ഥാനവും,, സമീപത്തായി നിത്യപൂജയുള്ള പള്ളിയറ സോപാനവും നമ്പ്യാര്‍ സമുദായ കുടുംബാങ്ങളുടെ പാരമ്പര്യ അവകാശ സംരക്ഷണയിലാണ്.. തെയ്യ ചടങ്ങുകള്‍ ദേവ സ്ഥാനത്താണ് അരങ്ങേറുന്നത്..
വൃശ്ചികമാസത്തില്‍ കുടുംബം വകയായി ചൊവ്വയോ വെള്ളിയോ ചേര്‍ന്നുവരുന്ന ദിവസങ്ങൾ നിശ്ചയിയിക്കുകയും, തുടർന്ന്തെയ്യം കേട്ടിയാടപ്പെടുകയും ചെയ്തതിന് ശേഷം മാത്രമാണ് അതിവിശാലമായി പരന്ന് കിടക്കുന്ന മൂര്‍ഖന്‍ പറമ്പില്‍ വിളഞ്ഞു നില്ക്കുന്ന ഓലപ്പുരകളില്‍ മേയാന്‍ ഉപയോഗിക്കുന്ന നെയ്പുല്ലുകള് പറിചെടുക്കുകയുള്ളു.. ആയതിനാൽ വൃശ്ചിക മാസത്തിലെ തിരക്ക് പുല്ലു പറി തെയ്യം എന്നും നാട്ടിൽ പറയാറുണ്ട്..
വിപുലമായ തെയ്യ ചടങ്ങുകള്‍ കുംഭം ഇരുപത്തി ഒന്നിനാണ്..
വടക്കേ മലബാറില്‍ കൊരപ്പുഴമുതല് പയ്യന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ സാധാരണയായി മലയ സമുദായക്കാര്‍ പണിക്കര്‍ പദവിയില്‍ നിശ്ചിത തെയ്യങ്ങള്‍ കെട്ടുകയും വാദ്യപ്പെരുക്കങ്ങളില് കേമത്തം കാട്ടുകയും ചെയ്തു വരുന്നവരുമാണ്..എന്നാല്‍ ഇവിടുത്തെ തെയ്യച്ചടങ്ങുകള്ക്ക് അവരുടെ അസാന്നിദ്ധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത് ..
തെയ്യച്ചടങ്ങുകളിലെ വാദ്യപ്പെരുമക്ക് ആദ്യവാദനക്ക് നേതൃത്വം നല്‍കേണ്ടത് അമ്പലവാസികളായ മാരാർ സമുദായക്കാരാണ്..
തെയ്യച്ചടങ്ങുകൾക്ക് മാരാരുടെ ചെണ്ടകൊട്ടൽ അപൂർവ്വമാണെന്നതും ഇവിടുത്തെ വിശേഷങ്ങളിലൊന്നായി കണക്കാക്കാം.
ആശാരി,കൊല്ലന്, നമ്പൂതിരി സമുദായക്കാര്‍ക്കും
ഇവിടെ ഓരോ സ്ഥാനങ്ങൾല് കല്പ്പിച്ചു കൊടുത്തിട്ടുണ്ട്
വ്യാഘ്ര സ്വരൂപിണിയായ മാതാവിന്റെ കൊലധാരികാലാകുന്നത് വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ്..
വെള്ളി കൊണ്ടുള്ള നീണ്ട ദ്രംഷ്ടകളും, കൂർത്ത കൈ നഖങ്ങളും, പിന്നിൽ ചരട് കെട്ടി വാലാണെന്ന് സങ്കല്പിച്ച് ചരടിന്റെ മറ്റേ അറ്റം കൈയ്യിലെടുത്ത് കോലധാരിയോടൊപ്പം കല്ലാടിയും, നർത്തനങ്ങളിൽ പങ്കുചേരുന്നു.. അധിക വാദ്യഘോഷങ്ങളോ ആരവങ്ങളോ ഇവിടെ ഇല്ല .. കല്ലാടി മാർ തന്നെ വാദ്യക്കാരാകുന്നു .. വൈദ്യുത വിളക്കുകൾ അധികം പാടില്ല .. തെയ്യം പുറപ്പെട്ടാൽ ചെറിയ കമ്പുകളിൽ തുണി ചുറ്റിയ പന്തങ്ങൾ കൈയ്യിലേന്തി ചെറുപ്പക്കാർ വൃത്താകൃതിയിൽ നിലത്തിരിക്കുകയും, അതുപോലെ ഓലച്ചൂട്ടുകൾ കത്തിക്കുകയും ചെയ്യുന്നു.. പുലർച്ചെ ഏതാണ്ട് മൂന്നര, നാലോടെ തെയ്യം പുറപ്പെട്ടാൽ കാലത്ത് 8, 9 മണിയോടെ ചടങ്ങുകൾ അവസാനിക്കും.. തലേന്ന് സന്ധ്യക്ക് മുത്തപ്പൻ വെള്ളാട്ടം ഉണ്ടാകാറുണ്ട്..
കണ്ണപ്പെരുവണ്ണാന് ക്ഷണിച്ചതിനാൽ കുഞ്ഞമ്പു കൈക്കൊര്കൊപ്പം കിട്ടുണ്ണി പെരുവണ്ണാനും ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി മുടക്കണ്ടി കാട് കടന്നു നടന്നു വരികയാണ്.
ബംഗ്ലാവിന്റെ മൊട്ട കയറുമ്പോള്‍ മുതല്‍ കൂട്ടിനു വന്ന ചെറിയ നിലാവുണ്ടെങ്കിലും, മൂന്നു നിര ടോർച്ചിന്റെ ബലത്തിലാണ് നടത്തം...
ദേവകിന്റെ കാർണ്ണോര്
കിട്ടൻ നമ്പ്യാർ തലേന്നേവരാൻ ക്ഷണിച്ചതാണ്: എന്നാലും കിട്ടുണ്ണിക്കൊരു കൂട്ടായി നക്ഷത്രങ്ങള്‍ കാവലുള്ള രാത്രിയിലെ നടത്തം ഒരു രസം തന്നെ ..
.നല്ലാണി തോടില്‍ കുംഭ മാസത്തിലും നല്ല ഒഴുക്കുണ്ട്..
നല്ലാണിപാലം കടക്കുമ്പോള്‍ കൈക്കൊര്‍ പറഞ്ഞു
"പണ്ട് തൊണ്ണൂറിലെ വെള്ളപ്പൊക്കത്തില്‍ ദേവകീന്റെ തറവാട് മുറ്റം വരെ വെള്ളം ഉണ്ടായിരുന്നു പോലും "
അതെപ്പാ,അന്നേരം ഞാളെല്ലം ചെറുപ്പായിരുന്നല്ലോ..കൊമത്തെ താഴെ കരുത്തവയലിലെ തോട്ടില്‍ മുങ്ങി താഴണ്ടെനും പോലും, ഒതേന കാര്‍ന്നോരും ഞാനും..കാര്ന്നോര് ഇപ്പളും അത് പറയലിണ്ട്.. "
കടാങ്ങാട് വയൽ കഴിഞ്ഞ് ദേവകിയമ്മയുടെ തറവാട്ടിൽ കയറാതെ, ഇരുവരും ചന്ത്രോത്ത് താഴെ കൂടി ദേവസ്ഥാനത്തെത്തി..
അണിയറയിൽ സുമേഷ് മുഖത്തെഴുത്തിലാണ്..
ലോക്കൽ സിക്രട്ടരി സജിത്ത് കിട്ടുണ്ണിപ്പെരുവണ്ണാനെയും, കുഞ്ഞമ്പു കൈക്കോ റെയും കണ്ടപ്പോൾ ആദരവ് പ്രകടിപ്പിച്ചു ..
കൈക്കോറെ ഇപ്പോ അങ്ങനെയൊന്നും കാണലില്ലല്ലോ .. സജിത്ത് തിരക്കി..
"ഓറ് നാടാറുമാസം, കാടാറുമാസം എന്ന മട്ടിലല്ലേ .. കിട്ടുണ്ണിപ്പെട്ടവണ്ണനാണ് മറുപടി പറഞ്ഞത് ..
സജിത്ത് ഇരുവരെയും അരികിലുള്ള സാംസ്കാരിക കേന്ദ്രത്തിലേക്ക് കൂട്ടിപ്പോയി.. അവിടുത്തെ അലമാരകൾ നിറയെ വിവിധ തരം പുസ്തകങ്ങളാൽ നിറഞ്ഞത് കണ്ട കുഞ്ഞമ്പു കൈക്കോർ അത്ഭുതം കൂറി ..പുസ്തകപ്രേമിയായ കൈക്കോർ വായനയിൽ മുഴുകവെ,
സജിത്ത് കിട്ടുണ്ണിപ്പെരുവണ്ണാ നോട് പറഞ്ഞു നമുക്ക് ഇത്തിരി മാറിയിരിക്കാം.. ഇങ്ങളോട് ചിലത് പറയാനുണ്ട്..
എന്താണെന്ന ആകാംക്ഷയോടെ അദ്ദേഹം സജിത്തിനെ നോക്കി..
സജിത്ത് ആമുഖത്തോടെ തുടർന്നു...
കിട്ടുണ്ണിപ്പെരുവണ്ണാന്റെ ആകാംക്ഷ നിറഞ്ഞ മുഖം കണ്ട് ചെറുചിരിയോടെ തുടർന്നു
നിങ്ങളെ മോന്റെ കാര്യം പറയാനാണ്.. ഉയി..,എന്റെ ശ്രീപോർക്കലീ എന്നേനു എന്റെ മോന്?
ഇങ്ങള് ബേജാറാകാനൊന്നുമില്ല..
ഇങ്ങളെ മോന് ഒരു കുട്ടിയോട് ഇഷ്ടം ഉണ്ട്..
ഒന്നു രണ്ടു കൊല്ലമായി അവര്‍ ഇഷ്ടം കൂടാൻ തുടങ്ങിയിട്ട്.. ചില സൂചനകള്‍ തനിക്കു ലഭിച്ചിരുന്നെങ്കിലും ഇത്രമാത്രം പ്രാധാന്യം ഉണ്ടാകുമെന്ന് നിരീച്ചിരുന്നില്ല...
ആരാന്നു ഏതാണ് ആ കുട്ടി? അക്ഷമയോടെ കിട്ടുണ്ണി പെരുവണ്ണാന് ചോദിച്ചു..
കുട്ടിയെ നിങ്ങള്‍ക്കറിയാം...അത് കൊണ്ട് തന്നെയാ സുമേഷ് രമേശന് മാഷ് മുഖേന എന്നോട് പറയാന്‍ പറഞ്ഞത്..സജിത്ത് തുടര്‍ന്നു..
കിട്ടുണ്ണി പെരുവണ്ണാന് ദേഷ്യം വരുന്നുണ്ടായിരുന്നു..
അത് കൊണ്ട് തന്നെ ഈര്‍ഷ്യയോടെ തുടര്‍ന്നു
''ഇങ്ങളെ പോലെ പടിപ്പും വിവരോന്നും അനക്കില്ല..നമ്മള് തനി നാടനാ..ഒരു പൈങ്ങാപാണ്ടന്...അവോണ്ട് ഇങ്ങള് ചുറ്റി തിരിയാണ്ട് കാര്യം പറ..
പെരുവണ്ണാന് ദേഷ്യം വരുന്നുണ്ടല്ലേ സജിത് ചോദിച്ചു..
എന്നാ പറയാം ..
കുട്ടിന്റെ പേര് സുഗന്ധി..
ഏതു സുഗന്ധി? കാര്യം മനസ്സിലായെങ്കിലും ,തെല്ലു ദേഷ്യത്തോടെ തന്നെ പെരുവണ്ണാന് ചോദിച്ചു..
സുരേശന് പണിക്കറുടെ പെങ്ങള് സുഗന്ധി..
ഫ...വായ നിറച്ചു ഒരു ആട്ടും ഒരു തുപ്പും ആയിരുന്നു പെരു വണ്ണാന്റെ മറുപടി..
ഇതിലപ്പുറം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു നിന്ന സജിത്ത് സൌമ്യത കൈവടിയാതെ പറഞ്ഞു
ആരെതിര്‍ത്താലും അവര്‍ ഒന്നിക്കുന്നാ, അവര്‍ പറയുന്നത്...
അങ്ങിനെ ആണെങ്കില്‍ ഞങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് ഒരു തീരുമാനമുണ്ട്..
.ആരെതിര്‍ത്താലും മംഗലം നടത്തി കൊടുക്കും എന്നത് ..
അത് കൊണ്ട് നിങ്ങക്ക് സമ്മതിക്കുന്നതാണ് നല്ലത്...
ആഹാ അത്രക്കായോ ?
ഇത് കേട്ടപ്പോള്‍ കോപം കൊണ്ട് വിറച്ചു അട്ടഹസിക്കുന്ന പെരുവണ്ണാനെ കണ്ടു അന്തം വിട്ടിരിക്കുകയാണ് കുഞ്ഞമ്പു കൈക്കൊര്‍..
കണ്ണുകള്‍ കുറുകി,മുഖം ചായില്യ ചോപ്പ് പോലെ ചുവന്നു തുടുത്തു..ഒരു ദ്രംഷ്ട കൂടിയുണ്ടായിരുന്നെങ്കില്‍ അസ്സല് ഭൂതത്താര്‍ തന്നെ..
വെളുത്ത ഭൂതത്താറുടെ ഭാവഹാദിളോടെ കലിതുള്ളി പായാനോരുങ്ങി നിന്ന കിട്ടുണ്ണി പെരുവണ്ണാനെ അടക്കി നിറുത്താന്‍ സജത്തിനും, കുഞ്ഞമ്പു കൈക്കൊര്ക്കും തെല്ലൊന്നുമല്ല പാടു പെടേണ്ടി വന്നത്...
ശേഷം അടുത്ത ദളത്തില്‍...
note: ഈ ദളത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചില സ്ഥല നാമങ്ങള്‍ യഥാര്‍ഥവും, എന്നാല്‍ ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ തികച്ചും സാങ്കല്‍പ്പികവുമാണ്...ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി പേരുകള്‍ക്ക് സാമ്യത വന്നിട്ടുണ്ടെങ്കില്‍ ആയതു തികച്ചും യാദ്രിശ്ചികം മാത്രമാണെന്ന് അറിയിച്ചു കൊള്ളട്ടെ..
കൃഷ്ണ കുമാര്‍.കൂടാളി,
ദോഹ,ഖത്തര്‍..
@Copy Right Reserved..
ചിത്രം (തെയ്യം)കടപ്പാട്..ചെറുകൊട്ടാരം ദേവ സ്ഥാനം & ഗൂഗിള്‍
ചിത്രം (വോളി ബോള്‍ )=ഗൂഗിള്‍.
ഈ ലക്കത്തിലെ പദ പരിചയം..
* ഉരുസലാക്കുക= തിരക്ക് കൂട്ടുക.
*പൈങ്ങാ പാണ്ടന്‍ -= നിര്‍ദോഷി, സാധുവായ നിരുപദ്രവകാരി..
*വാശാല് = കോലധാരിയുടെ അനുഗ്രഹ ഭാഷണം..
*തന്നര്‍ = വെള്ളം
*സൊറ = കുശല ചര്‍ച്ചകള്‍..
" അഗ്നിശിഖ " (നോവൽ)-ദളം - 11 (പതിനൊന്ന്)
>>>>>>>>>>>>>>>>>>>>>>>>>>>>>>
സുകൃതം :
--------------
"സർവ്വം നിശ്ചലം.. ഒരു ഇലയനക്കം പോലുമില്ലാതത്ര ശാന്തം , തൊട്ടു മുന്നിലത്തെ നിമിഷം വരെ.. ഇപ്പോഴിതാ എവിടെ നിന്നോ ഹുങ്കാരത്തോടെ പാഞ്ഞടുക്കുന്ന പേമാരിയും, ദിഗന്തം നടുങ്ങുന്ന ഇടിമിന്നലുകളും ..
***
മേല്‍ ഉദ്ധരിച്ചത് ഒരു വ്യക്തിയുടെ പൊടുന്നനെ യുള്ള ഭാവമാറ്റത്തെ കുറിച്ചുള്ള ഉപമയാണ്...
പറഞ്ഞു വന്നത്, കിട്ടുണ്ണി പ്പെരുവണ്ണാന്റെ പൊടുന്നയുള്ള ഭാവമാറ്റത്തെ കുറിച്ചാണ് താനും..
"കലി തുള്ളിപ്പായുന്ന കിട്ടുണ്ണിപ്പെരുവണ്ണാനെ സൗമ്യതയോടെയെങ്കിലും, കർക്കശ്യത്തോടെ സജിത്തും, കുഞ്ഞമ്പു കൈക്കോറും ബഹളം കേട്ട് ഓടി വന്ന കണ്ണപ്പെരുവണ്ണാനും, ചേർന്ന് തടഞ്ഞു നിറുത്തി..
"പെരുണ്ണാനെ, എന്തായിത് കുഞ്ഞിക്കുട്ടിയളെ പോലെ?
എന്തെങ്കിലും കേൾക്കുമ്പൾക്ക് ഇങ്ങളിങ്ങനെ തുള്ളിപ്പായാൻ നിന്നാലോ?"
സജിത്തിന്റെ വാക്കുകൾ, കണ്ണപ്പെരുവണ്ണാനും ശരിവച്ചു...
അല്ല ഏട്ടൻ മൂസോറേ, ബ്ലാ.. ന്നു പറയുമ്പോൾ ത്തേക്ക് ഇങ്ങള് ബ്ലാത്തൂരെത്തിയിലെങ്ങിനെയാ?കൊറച്ചെല്ലം ആലോയിക്കാനുള്ള ശക്തിയില്ലേപ്പാ നിങ്ങക്ക് ?
കൈക്കോറും പറഞ്ഞു
നീ ഒന്ന് അടങ്ങ് കിട്ടുണ്ണീ..നമുക്ക് പരിഹാരമുണ്ടാക്കാം.
എന്ത് പരിഹാരാന്നു കൈക്കൊറെ ഇവരെല്ലാം കൂടി തീരുമാനിച്ചിനു എന്നല്ലേ പറയുന്നത്..?
നിങ്ങളെല്ലം കൂടി എന്ത് വേണങ്കിലും ആക്കിക്കോ?
"ഒരുത്തിയാനെങ്കില് കണ്ടോരുത്തന്റെ കൂടെ പോയി ഇന്ന് വല്ലാത്ത ഗതിയിലായി...
ഇവനും അങ്ങിനെന്യാന്നു നിരീച്ചിനെങ്കില് ആയിക്കോട്ട്..
പക്കെങ്കി, എന്നെ ആയിനോനും കിട്ടൂല്ല...
ഒരു വാക്ക് ഇന്ന് വരെ അന്റെ മോന് ഈനെ പ്പറ്റി അന്നോട് പറഞ്ഞിട്ടില്ല കൈക്കൊരെ..
കിട്ടുണ്ണി പെരുവണ്ണാന്റെ ക്രൗദ്ധം പരിദേവനത്തിനും പതം പറച്ചിലിനും വഴിമാറി...
മുഖ മണ്ഡപത്തില്‍ ഉരുണ്ട് കൂടിയ കാര്‍മേഘങ്ങള്‍ നേത്രങ്ങളിലൂടെ നിറഞ്ഞു തുളുമ്പി പേമാരി പോലെ പെയ്യവേ കിട്ടുണ്ണി പെരുവണ്ണാന് തേങ്ങി എങ്ങി കരഞ്ഞു..
മുഖേത്തെഴുത്തു തീര്‍ന്ന സമയത്താണ് സുമേഷ് വെളിയിൽ നടക്കുന്ന സംഗതികള്‍ അറിഞ്ഞത്....വ്രണിത ഹൃദന്തനായി എങ്ങോട്ടോ പോകാന്‍ ഒരുങ്ങി നിന്ന തന്റെ അച്ഛന്റെ കാല്ക്കല് വീണു ആ മകന് മാപ്പിരന്നു..
"എന്റെ പൊന്നച്ഛാ മാപ്പ് "
അന്റെ അച്ഛന് ഇത്രയും വിഷമമാകുമെന്നു ഞാന്‍ അറിഞ്ഞില്ല..
അച്ഛനോട് മുന്‍കൂട്ടി പറയാത്ത തെറ്റെ ഞാന്‍ ചെയ്തുള്ളൂ..
അച്ഛന് എന്നെ വെറുക്കരുത്...
സുമേഷ് വ്യസനത്തോടെ പറഞ്ഞു അച്ഛനെ കെട്ടി പിടിച്ചു..
സ്നേഹ നിധിയായ ഒരു ച്ഛന്റെ പിണക്കങ്ങളെല്ലാം അതോടെ ഉരുകി ഒലിച്ചു..
മലപോലെ വന്നത് എലിപോലെ പോയി എന്ന് പറഞ്ഞത് പോലെ എല്ലാം ശുഭമായപ്പോള്‍ എല്ലാവരുടെയും മുഖങ്ങള്‍ സൂര്യകാന്തിപ്പൂക്കള്‍ പോലെ സുന്ദരമായി..
സജിത്തിന്റെ നേതൃത്വത്തില്‍ അവിടെവച്ചു തന്നെ കല്യാണക്കാര്യങ്ങളെ കുറിച്ച് ആലോചനാ യോഗം ചേർന്നു..-. തങ്ങളുടെ തീരുമാനം ഇനി ചന്തു പണിക്കരെയും സുരേശനെയും അറിയിക്കണം അതിനു അടുത്ത ഞായറാഴ്ച്ച രാമേട്ടന്റെ പീടികയില്‍ എത്തിച്ചേരാന്‍ വേണ്ടി ചന്തുപപ്പണിക്കറോട് പറയുന്ന കാര്യവും സജിത്ത് തന്നെ ഏറ്റെടുത്തു...
അപ്പോള്‍ ദേവ സ്ഥാനത് ശംഖു നാദം ഉയര്‍ന്നു..
പുലരിയുടെ നാന്ദി കുറിച്ച് ഉദയ സൂര്യന് തലനീട്ടിയപ്പോള്‍ മാതാവിന്റെ അനുഗ്രഹത്തിനായി ജനങ്ങള്‍ വന്നു തുടങ്ങി..
---------------
കുഞ്ഞമ്പു കൈക്കൊറും, കിട്ടുണ്ണിപ്പെ പെരുവണ്ണാനും മടങ്ങിപ്പോകാന്‍ ഒരുങ്ങിയപ്പോഴാണ് ദേവകിയമ്മയുടെ അമ്മാവന് കിട്ടന് നമ്പ്യാരെ കണ്ടത്..
അദ്ദേഹം കുഞ്ഞമ്പു കൈക്കക്കോറോട് പറഞ്ഞു
"ഇതു നല്ല കഥ.. "
അന്നെ കണ്ടിട്ടും കാണാത്തപോലെ നടക്കലാന്നു അല്ലെ?
കിട്ടന് നമ്പ്യാര്‍ ചോദിച്ചു
അല്ലമ്മോമ വരുന്ന വഴിക്ക് എന്തായാലും അവിടെ കയറണമെന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നു
അല്ലെ കിട്ടുണ്ണി?
കിട്ടന് നമ്പ്യാര്‍ കാണാതെ കുഞ്ഞമ്പു കൈക്കൊര്‍ കണ്ണിറക്കി കാണിച്ചപ്പോള്‍ കിട്ടുണ്ണി പെരുവണ്ണാൻ തല കിലുക്കി
അതെ എന്നു പറഞ്ഞു.
വലിയൊരു തറവാട് മുറ്റത്ത് അന്യ ജാതിക്കാരനായ താന്‍ കയരിപ്പോകുന്ന്തിന്റെ ജാള്യത കിട്ടുണ്ണി പെരുവാന്നാന്റെ മുഖത്തുണ്ടായിരുന്നു...അവിടെ എത്തിയപ്പോള്‍
ഇരുവര്‍ക്കും ഹൃദ്യമായ സ്വീകരണമായിരുന്നു...
ഇറയത്ത് കയറി ഇരിക്കാന്‍ ക്ഷണിച്ചിട്ടും ഉപചാര പൂര്‍വ്വം തഴപ്പായ വിരിച്ചു നിലത്തിരുന്നതെ ഉള്ളൂ, കിട്ടുണ്ണി പെരുവണ്ണാൻ !
കുടിക്കാന്‍ സംഭാരം കിട്ടിയപ്പോള്‍ കിട്ടുണ്ണി പെരുവണ്ണാന് പറഞ്ഞു
മേലേടത്ത് പോയാല്‍ ദേവകി അമ്മത്തമ്പുരാന്റെ കൈയിന്നു മേടിച്ചു കുടിക്കുന്നപോലെ തന്നെ...
അത്രക്കും രസായിനു..
ഞാള് പണ്ടൊരിക്ക ഈട വന്നിനെന്നു...
അന്നേരം ഈ പുളിമരം ചെറുതെനു!
ഇലിമ്മല് ഇപ്പൊ നല്ലോണം പുളിങ്ങ ഇണ്ടാകലുണ്ടാ ?
ഓരോരിക്ക നല്ലോണം ഇണ്ടാകലിണ്ട്, കിട്ടുണ്ണി..
കിട്ടന് നമ്പ്യാരുടെ ഭാര്യ തമ്പായിയമ്മയാണ് മറുപടി പറഞ്ഞത്.
ഉച്ചയൂണിനു വെള്ളരിക്ക പുളിങ്കറിയും, കാലനും, കൈപ്പക്ക പച്ചടിയും, പപ്പടും
എല്ലാം കൊണ്ടും ഊണു ഗംഭീരമായി
കൈക്കൊര്‍ പറഞ്ഞു
അമ്മായിന്റെ വെള്ളരിക്ക പുളിങ്കറിയും ഓലനും അസ്സലായിനു കേട്ടാ,,
അതെപ്പാ ഞാള് നമ്പ്യാന്മാര്ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്തതല്ലേ വെള്ളരിക്ക പുളിങ്കറി?
കിട്ടന് നമ്പ്യാരും ശിരി വച്ചു
നന്നായി ഏമ്പക്കം വിട്ടു ഊണ് കഴിച്ച കിട്ടുണ്ണി പെരുവണ്ണനോട് , ഇലഎടുത്തു കളയാന്‍ നേരം തമ്പായിയമ്മ പറഞ്ഞു,
എലയെടുത്തു വളപ്പില്‍ ചാടണ്ട,,
ആടയുളള കുണ്ടിലിട്ടെ...
ഊണ് കഴിച്ചു കഴിഞ്ഞപ്പോള്‍ മൂവരും കൂടി വിസ്തരിച്ചൊന്നു മുറുക്കി...
സംസാരിച്ചിരിക്കവേ,,ഉച്ചവെയില്‍ മുറ്റവും കടന്നു തൊടിയിലേക്ക് നീങ്ങവ,കുഞ്ഞമ്പു കൈക്കൊര്‍ കിട്ടുണ്ണി പെരുവണ്ണാനോട് പറഞ്ഞു
എന്നാ നമുക്ക് ഇറങ്ങാം..
കാപ്പി കുടിച്ചിട്ട് പോയാ പോരെ കുഞ്ഞമ്പു?
തമ്പായി അമ്മ ചോദിച്ചു
വേണ്ടമ്മായി പിന്നീടോരിക്കലാവാം..
ഇരുവരും യാത്ര പറഞ്ഞു ഇറങ്ങാന്‍ നേരം,
എന്തോ ഓർത്തെന്ന വണ്ണം കിട്ടന് നമ്പ്യാര്‍ കുഞ്ഞമ്പു കൈക്കൊരോട് ചോദിച്ചു,,
അല്ലപ്പാ മറ്റന്നാളല്ലേ നിങ്ങളെ തറവാട്ടില്‍ തെയ്യം..?
ഓഹ് ,അതെ,, ശിരിയാണല്ലോ
ഞാന്‍ അമ്പേ മറന്നു..
അമ്മാമന് ഓര്‍മ്മിപ്പിച്ചത് നാന്നയി..
അതെട്യാ കൈക്കൊറെ സ്ഥലം?
കിട്ടുണ്ണി പെരുവണ്ണാന് ചോദിച്ചു..
പരിപ്പന് കടവ്..
മലപ്പട്ടം കടവ് കടന്നും നെടുകുളം കടവ് കടന്നും ഒക്കെ എത്ര തവണ പോയിരുന്നു.?
പരിപ്പന് കടവ് മൂല സ്ഥനാനത്തു നിന്നും ദേവി ഞങ്ങടെ പാവന്നൂര്‍ കടവ് ഒടവര തറവാട് സ്ഥാനത്ത് വന്നു കുടിയിരുന്നു...
ഓ അതിയോ ?
ഏതാ നിങ്ങളെ പരദേവത?
കിട്ടുണ്ണി പെരുവാന്നാന് ചോദിച്ചു
എള്ളടതമ്മ എന്നും എളയടതമ്മ എനും പറയുന്ന ദേവിയാണ് കിട്ടുണ്ണി
ഉയ്യി അതിയാ?
കിട്ടുണ്ണി പെണ്ണാന് പൊടുന്നനെ നിന്ന നില്പ്പില് വടക്കോട്ട് തിരിഞ്ഞു ദേവിയെ ഭക്തി പൂർവ്വം പ്രാർത്ഥിച്ചു നിന്നു, കുറച്ചു നേരം..
"ഞാളെ പര ദേവതയും എളയടത് അമ്മയാണ് പോലും...അങ്ങ് വടക്കെങ്ങോട്ടോ ആന്നു പോലും...ഒതേനന് കാര്ന്നോര്ലെല്ലാം
പറയലുണ്ട്"
തട്ടാന്റെ കൈക്കൊറാന്നു നമ്മളെ തറവാട്..
ആടുന്ന് കുറച്ചു ദൂരല്ലേ ഉള്ളൂ നിങ്ങളാടത്തേക്ക് ?
നമ്മള്‍ക്ക് പോകാം കൈക്കൊറെ.. തെയ്യത്തിന്
ഞാളെ തറവാട്ടില്‍ കേറുവേം ചെയ്യാം...
ബാങ്കണ പറമ്പിലൂട്ടെ, വെള്ളുവയലിലൂടെ പോകാം ..
ഞാളെ തറവാട് കൊട്ടിലാത്ത് ഞാള് പട്ടും വളയും എല്ലാം പൂജിക്കുന്നത് ഈ ദേവിയെ നിരീച്ചോണ്ടാണ്...
നിങ്ങളിപ്പോ പറഞ്ഞപ്പോ
കണ്ടാ അന്റെ മേക്കെ രോമെല്ലാം ''ഉളിത്ത് കേറുന്നത്?"
******
കുംഭം ഇരുപത്തിനാല്..
ഒടവര മൂല സ്ഥാനത്ത് തെയ്യ പ്പുറപ്പാട്
വളപട്ടണം പുഴയുടെ ഒരാരത്തെ പ്രധാന തറവാട്ടുകാരായിരുന്നു ഒടവര മൂല സ്ഥാനക്കാര്‍...നാട്ട് പ്രമാണിമാര്‍...ഇവിടുത്തെ കാരണവന്മാര് തങ്ങളുടെ തെക്കിനിയില്‍ ഒരു മുറി ഇപ്പോഴും ഒഴിച്ച് വക്കുമായിരുന്നത്രേ..കടവ് കടന്നു ക്ഷീണിതരായി ദൂരം വഴി പോകുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരവും താമസിക്കാന്‍ ഇടവും നല്കുന്നതില് സന്തോഷവാന്മാരായിരുന്നു ഇവിടുത്തെ കാരണവന്മാര്...നിരവധി സ്ഥാവര ജംഗമ വസ്തുക്കള്‍ ഉണ്ടായിരുന്ന ഭൂ പ്രഭുക്കന്മാര്..നാറാത്ത്..മയ്യില്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന്, പയ്യാവൂര്‍ ഊട്ടിന്നു പോകുന്നവരുടെ ഇടത്താവളം ഇവിടം ആയിരുന്നെന്നു പറഞ്ഞു കേട്ടിടുണ്ട്..
ഇപ്പോള്‍ തറവാട്ടു വസ്തു വകകള്‍ കുറഞ്ഞു കുറഞ്ഞു വന്നെങ്കിലും ആണ്ടു തോറും നടത്തുന്ന തെയ്യ ചടങ്ങുകള്‍ക്ക് യാതൊരു മുടക്കവും വന്നിട്ടില്ല..
തറ നിരപ്പില്‍ നിന്ന് നൂറടി ഉയരത്തിലുള്ള ബാങ്കണ പറമ്പിലെ പുല് മേടുകളിൽ നിന്നു, ചാലുകളിലൂടെ ഒഴുകിപോകുന്ന നീരുറവ കണ്ടു കിട്ടുണ്ണി പെരുവന്നന് അതിശയിച്ചു നിന്നു... കൈക്കുമ്പിള്‍ നിറയെ വെള്ളം കോരിയെടുത്തു രുചിച്ചു !.നല്ല തെളിനീര് ആവ്വോളം കുടിച്ചു ദാഹം തീര്‍ത്തു..
അവിടുന്ന് ശ്രദ്ധിച്ചാല്‍ അങ്ങ് ദൂരെ കണ്ണൂരില്‍ നിന്നും പോകുന്ന തീവ്ണ്ടിയുണ്ടേ സംബ്ദം കേള്‍ക്കാം..
കൈക്കൊരെ അതെന്നാ ഒച്ച കേൾക്കുന്നത്..?
കിട്ടുണ്ണി അത് തീവണ്ടി പോകുന്ന ശബ്ദമാണ്..
ഞാള് ഇതുവരെ തീവണ്ടിയില്‍ കേറിയിട്ടില്ല..
"കഴിയുന്ന കാലത്ത് അയില് കേറി പോണേനു,, ",
അതിനെന്താ നമുക്ക് പോകാലോ..
ഇനി ഗുരുവായൂര്‍ക്ക് പോകുമ്പോ എന്റെ കൂടെ വായ..
കുഞ്ഞമ്പു കൈക്കൊര്‍ പറഞ്ഞു..
ശരി..
കിട്ടുണ്ണിഒന്ന് വേഗം നടക്കു..
പത്തു മണിയിലിടക്ക് അങ്ങെത്തിയാല്‍
തറവാട്ടില്‍ വരുന്ന പെരുമ്പീശന് തെയ്യത്തിനെ കാണാം..
പെരുമ്പീരന്നാവില്ല
പേരും പുഴ അച്ഛന് എന്നാവും ആ തെയ്യത്തിന്റെ പേര് അല്ലെ കൈക്കൊരെ?
ആവും.!
ഇരുവരും സംസാരിച്ചു തട്ടാന്റെ കൈക്കൊറം എത്തിയപ്പോള്‍ കിട്ടുണ്ണിപ്പെരുവണ്ണൻ പറഞ്ഞു..
ഞാളെ തറവാട് ഈന്റെ അടുത്താണ്..
നിനക്കവിടെ ഇപ്പോള്‍ കയറണമെന്നുണ്ടെങ്കില്‍ കയറിക്കോളൂ...
അല്ലെങ്കില്‍ എന്റെ കൂടെ വരാം..
വേണ്ട,,
നമുക്ക് വരുംബ, കേറാം
ഇപ്പോള്‍ നിങ്ങളെ തറവാട്ടിലേക്ക് പോകാം..
ഇരുവരും നടത്തത്തിനു വേഗത കൂട്ടി..
മൈതീന്‍ പീടിക വഴിയുള്ള ഊട് വഴികളിലൂടെ തറവാട്ടു മുറ്റത്തെത്തിയപ്പോള്‍
തെയ്യം തിരിച്ചുപോകാനുള്ള പുറപ്പാടിലായിരുന്നു..
ദൈവത്തിന്റെ വാചാല് കേട്ട് മനം കുതിര്‍ന്നു...
തെയ്യത്തിന്റെ കല്ലാടിമാര്‍ കിട്ടുണ്ണി പെരുവണ്ണാനെ തിരിച്ചറിഞ്ഞു..
ബഹുമാന പൂര്‍വ്വം തങ്ങളുടെ അണിയറയിലേക്ക് കിട്ടുണ്ണിപ്പെരുവണ്ണാനെ കൂട്ടികൊണ്ട് പോയി..
**
കുഞ്ഞമ്പു കൈക്കൊര്‍ കൊട്ടിലകത്തു ചെന്ന് പരദേവതയെ ഭക്ത്യാദര പൂര്‍വ്വം കണ്ണടച്ച് പ്രാര്‍ത്ഥിച്ചു നിന്നു ,,ഏറെ നേരം...അപ്പോഴാണ് തറവാട്ട് കാരണവര്‍, കേശവന് നമ്പ്യാര്‍ കുഞ്ഞമ്പു കൈക്കോറെ കണ്ടത്..
അല്ല ആരായിത് കുഞ്ഞമ്പുവോ?
എത്ര കൊല്ലായെടോ നിന്നെ കണ്ടിട്ട്?
കൈക്കൊര്‍ അമ്മവാന് മുന്നില്‍ ആദരപൂര്‍വ്വം നിന്നു..
അധികവും നാട്ടിലുണ്ടാവാറില്ല അമ്മമാ.
ആ അതെ,,കഴിഞ്ഞ കൊല്ലം മേല്ടെതെ തെയ്യത്തിനു പോയെറത്തു ദേവകിയോടു നിന്നെ പറ്റി ചോദിച്ചിരുന്നു..
ഇനിയെപ്പാ അടുത്ത യാത്ര?
അങ്ങിനെ ഒന്നുമില്ല..
ഇനി ഒന്ന് മൂകാംബിക വരെ പോനന്നുണ്ട്..
വൈകുന്നേരം അഞ്ചു മണിയോടെ തെയ്യക്കാരും വാദ്യക്കാരും വന്നു തുടങ്ങി.
കലശം ഒരുങ്ങിയപ്പോള്‍ ചടങ്ങുകള്‍ ആരംഭിക്കുകയായി..
മലപ്പട്ടതുനിന്നും, നാറാത്തു നിന്നും ,മയ്യില്‍ നിന്നും, തട്ടാന്റെ കൈക്കോറത്തു നിന്നുമൊക്കെ യാ യിട്ട് ആയി ബന്ധു ജനങ്ങളും വന്നു തുടങ്ങിയിരുന്നു.. കൂടാതെ നാട്ടുകാരും.
തെയ്യക്കാരില്‍ മിക്കവര്‍ക്കും കിട്ടുണ്ണി പെരുണ്ണാനെ നല്ല പരിചയമുണ്ടായിരുന്നു..
എളയടത് ഭഗവതിക്ക് പുറമേ ,ഈ തറവാട്ടില്‍ ബപ്പുരന് തെയ്യവും കെട്ടിയാടിക്കുന്നു..
ഹാസ്യ രസ പ്രിയനായി, ഭാവാഭിനയ തികവോടെ നര്‍ത്തനം ചെയ്യുന്ന ദൈവ ചേകോനാണ് ബപ്പുരന് തെയ്യം...
തറവാട്ടു പരദേവതയായ എളയടത്തമ്മയുടെ നേരാങ്ങള എന്ന വിശേഷമാണ് ബപ്പൂരാന്‍ തെയ്യത്തിന് ,ഭഗവതിയെ നേര് പെങ്ങള് എന്ന് ബപ്പൂരാന്‍ തെയ്യവും പരസ്പരം വിശേഷിപ്പിക്കുന്നു ..
കൊലധാരികളെ കിട്ടുണ്ണി പെരുവണ്ണാന് പരിചയപ്പെട്ടു
ഇരുവരും ഒതേന കാര്‍ന്നോരുടെ ശിഷ്യന്മാരാനെന്നറിഞ്ഞപ്പോള് അവര്‍ക്കും കിട്ടുണ്ണി പെരുവണ്ണാനോട് വാത്സല്യം കൂടുകയുണ്ടായി..ഹാസ്യ നടനം ചെയ്യേണ്ട കൊലധാരികള്‍,പക്ഷെ കടക വിരുദ്ധമായി തീര്‍ത്തും മൌനികളായി തോന്നിയത് കിട്ടുണ്ണി പെരുവണ്ണാനില്‍ അത്ഭുതം ജനിപ്പിച്ചു..
****
പാതിരാത്രിക്ക് ശേഷം,, ഒന്നരയോടെ ബപ്പുരാന്‍ തെയ്യ പുറപ്പാട് ..
നീണ്ട നാസികയും, പിന്നിലെക്കുള്ള മുടിയും..ചായില്യം ഉണ്ടെങ്കിലും ലളിതമായ മുഖത്തെഴുത്തും, മെയ്യെഴുത്തും...ഭൂതത്താര്ക്ക് പോലെ ഉള്ള ഉടയാടകളും..കൈയ്യിലൊരു അംശ വടിയും..കോലധാരി നന്നേ ചെറുപ്പക്കാരനാണ്..ഏതാണ്ട് ഇരുപതു വയസ്സ് വരും...അരങ്ങേറ്റം തുടക്കത്തിലെ ഗംഭീരമാക്കി..ചാടിയും മറഞ്ഞും കാണികളെ ത്രസിപ്പിച്ചു,,
അഭ്യാസങ്ങള്‍ തുടരുമ്പോള്‍ വാദ്യഘോഷങ്ങള്‍ ആദ്യക്കാര്‍ കൊട്ടിക്കയറിയ നിമിഷം,,
കോലധാരി പെട്ടെന്ന് നടനം നിറുത്തിക്കൊണ്ടു പറഞ്ഞു..
''വാദ്യക്കാര്‍ കൊട്ടുന്നെ ഇല്ല..''
ഉടനെ കല്ലാടിയെ വിളിച്ചു
"കല്ലാടി "
വാദ്യാക്കാര് കൊട്ടുന്നെ ഇല്ലല്ലോ..
കല്ലാടിയും സമ്മതിച്ചു.
"ദൈവ ചേകോന് എത്ര ആയസപ്പെട്ട് തുള്ളുന്നു..എന്നിട്ടും ഇവര്‍ കൊട്ടുന്നെ ഇല്ല...
അത് കേൾക്കവേ വാദ്യക്കാര്‍ പറഞ്ഞു..
"ദൈവം തുള്ളുന്നെ ഇല്ല.. "
ആഹാ അത്രക്കായോ എന്നാ കാണിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട് വീണ്ടും ചാടിയും മറഞ്ഞും ഒഴിഞ്ഞുമുള്ള അഭ്യാസങ്ങള്‍ കാഴ്ച വച്ച് ചിരിയുടെ മാല പ്പടക്കം ഒരുക്കുകയാണ് കോലധാരി..
രണ്ടു മൂന്നു ആവര്‍ത്തി വാദ്യക്കാരും ദൈവച്ചേ കോനും തമ്മില്‍ മാറ്റുരച്ച പ്രകടനത്തിന് ശേഷം..
ദൈവം പറഞ്ഞു.
"പൊരിയെ തരണം..
കര്‍ത്താവേ പൊരിയെ തരണം...
തറവാട്ടു അവകാശി
വിനോദ് ദൈവതോടു പറഞ്ഞു
ദൈവം നല്ലോണം ഒന്ന് തുള്ളിക്കാണിക്ക്
എന്നീട്ട് പൊരി തരാം..
പോരിയെന്നാല് മലര്..
വീണ്ടും നടനവൈഭവം കാഴ്ച വച്ച ബപ്പുരന് തെയ്യം മലര് നിറച്ച കൂട്ടയുമായി നടനം ചെയ്തത്തിനു ശേഷം അടുത്ത ചട്ടത്തിലേക്ക് കടന്നു ..
അടുത്തത് വാണിഭം..
പുതിയ വാചാല്..
"പൊരിയെ തരാം..പൈസയെ തരണം..."
പൊരിയെ തരാം,,പൈസയെ തരണം..ഏലോ..
വളരെ നീട്ടിയുള്ള ആ ഭാഷണം ഒന്ന് ശ്രവിക്കേണ്ടത് തന്നെയാണ്...
വളരെ കൗതുക പൂര്‍വ്വം നോക്കിക്കണ്ടുകയാണ് കിട്ടുണ്ണി പെരുവണ്ണാന്..മലര് കൊടുത്തു ദക്ഷിണ വാങ്ങുമ്പോള്‍ പണം കൊടുക്കുന്നതു കുറഞ്ഞു പോകുന്നവരെ ഹാസ്യ രൂപേണ കളിയാക്കാന്‍ ശ്രമിക്കുന്നുണ്ട് കോലധാരി..
ഇത്തരം ചടങ്ങുകളെല്ലാം തെയ്യ പുറപ്പാടിന്റെ ഭാഗമാണെന്നു അറിയുമ്പോഴാണ് ഏറെ രസകരമാവുന്നത്..
തുടര്‍ന്നു ഇളയദത്തത്ത് ഭഗവതിയുടെ രംഗ പ്രവേശം....
നേർ പെങ്ങളെ കൂട്ടി വരുന്നതും നെരാങ്ങ ബയും മറ്റൊരു കല്ലാടിയും കൂടിയാണ്..
മുഖത്തെഴുതി ഉടയാടകള്‍ അണിഞ്ഞു തലയിൽ തിരുമുടി വയ്ക്കുന്നത്തിനു മുന്നേ കൊലധാരിയെ എഴുന്നള്ളിച്ചു കൊണ്ട് വന്നു പീഠത്തിലിരുത്തി, ദേവിയെ വരവിളിച്ചു ആവാഹിച്ചു..
തുടര്‍ന്നു ചെറിയ പന്തം തിരുകിയ ചെറിയ നീളന്‍ തിരുമുടിയുമായി തുളിയുറഞ്ഞു കൊണ്ട് മറ്റൊരു കല്ലാടി കോലധാരിയുടെ ശിരസ്സില്‍ തിരുമുടി അണിയിക്കുന്നു...ഒപ്പം പൊയ്മുഖവും...രക്തം ഒലിപ്പിച്ചു കൊണ്ടുനീണ്ട നാക്കും ദ്രഷ്ടകളും കാഴച കൊണ്ട് ഭായാനകം സൃഷ്ടിക്കുമെങ്കിലും..നേരങ്ങാളയെ പോലെ ഹാസ്യ സ്വരൂപിണി തന്നെ ആണ് എളയടുത്ത് ഭഗവതിയും...
ദേവിയുടെ പല്ല് തേപ്പു, കുളി, തേവാര ചടങ്ങുകുകള് വളരെ ലാസ്യമായി അവതരിപ്പിക്കുന്ന ദേവിയുടെ ഉറഞ്ഞാട്ടം,, അതായത് കുണുങ്ങി കുണുങ്ങി കൊണ്ടുള്ള നടനവും മറ്റും കാഴച്ചക്കാരില്‍ ഹരം ജനിപ്പിക്കുന്നതാകുന്നു..
അട്ടഹാസ ശബ്ദേണ ആംഗ്യ രൂപത്തിൽ മാത്രമേ തിരുനടന സമയത്ത് ദേവി അരുളിപ്പാട് ചെയ്യുന്നൂള്ളൂവെങ്കിലും,
വാചാല് തുടങ്ങിയാല്‍ വാചാലയാകും ദേവി...
"കര്‍ത്താവേ...
സന്തോഷമായി കർത്താവേ--
"ആണ്ടോടാണ്ടായി,എന്റെ ഒടവര മൂല സ്ഥാനം ആധാരമായി കൈയെടുത്ത് വരുമ്പോള്‍, എന്ത് വേണ്ടൂ, മാതാവെ എന്ന് മനം നൊന്തു പ്രാര്‍ത്ഥിച്ചത് മാതാവ് കേട്ടിട്ടുണ്ട് കേട്ടോ..
ആയതു പ്രകാരത്തിങ്കൽ മാതാവ് സൗഖ്യം തന്നു രക്ഷിച്ചു കൊള്ളാം കേട്ടോ..
കൈക്കൊറോട് ഇപ്രകാരം പറഞ്ഞു..
കര്‍ത്താവേ..
കൈയ്യില്‍ നിറയെ ഓട്ടയായിട്ടാണല്ലോ കാണുന്നത്.?
എങ്കിലും കണ്ണു നിറയുന്ന അവസ്ഥ കര്‍ത്താവിനു മാതാവ് ഉണ്ടാക്കാന്‍ അനുവദിക്കില്ല കേട്ടോ...
അങ്ങേ മൂലാധാരത്തിലും കുടികൊള്ളുന്ന ശക്തിയും ഞാന്‍ തന്നെ ആണ്..ഞാന്‍ സര്‍വ്വ ലോക വ്യാപിയായി പലരൂപങ്ങളില്‍ കാണുന്നുവെങ്കിലും എല്ലാം ഒന്നു തന്നെയാകുന്നു..എല്ലാം എന്നില്‍ നിന്ന് വരുന്ന മായകളാണ്...
സര്‍വ്വരെയും രക്ഷിച്ചു പോരാം കേട്ടോ...
കിട്ടുണ്ണിപ്പെരുവണ്ണാനെ വിളിച്ചു
കല്ലാടി..രൌദ്ര ഭാവം പൂണ്ട നടനമാണ് കല്ലടിയുടെതെങ്കിലും, ശുദ്ധ മനസ്സാണ് കല്ലടിയുടെതെന്ന് ഞാൻ അറിയുന്നു... ആയതിനാല്‍ തന്നെ ചെറിയ അരിഷ്ടതകള് അനുഭവിക്കാന്‍ ഇരിക്കുന്നുണ്ടെങ്കിലും, വൈകാതെ നല്ലത് വരും..ഗുണം വരും കേട്ടോ..
കർത്താക്കന്മാര് തങ്ങളുടെ ഊഴം കഴിഞ്ഞപ്പോള്‍
അകത്തൂട്ടി കർത്താക്കന്മാര് തിക്കും തിരക്കും കൂട്ടി
ദേവിയോട് തങ്ങളുടെ വിഷമങ്ങള്‍ അറിയിക്കാനും,
ഉണക്കലരിയും തോര്‍ത്ത് മുണ്ട് സമര്‍പ്പിക്കലും, വിശേഷ ചടങ്ങുകളാണ്... മറ്റു നേർച്ചകളും ഉണ്ടാവാറുണ്ട്..
സ്ഥാനികന് വിനോദിനെ
വിശേഷ പൂര്‍വ്വം വിശേഷിപ്പിച്ചു.
കർത്താവേ..
മേൽകൊണ്ട് കാലങ്ങളിലും ഭംഗിയായി എന്റെയും നേരാങ്ങളയുടെയും തിരു രൂപങ്ങള്‍ കെട്ടിയാടിക്കാനും ഇവിടെ മൺമറഞ്ഞു പോയ വരുടെ സ്മരണകള്‍ നിലനിര്‍ത്താനും കര്‍ത്താവിനു സാധിക്കട്ടെ..
പോയ്മറഞ്ഞവരെ നന്നായി സമരിക്കുന്നുണ്ടല്ല അല്ലേ?
ദേവി അങ്ങിനെ പറഞ്ഞപ്പോള്‍ കുഞ്ഞമ്പു കൈക്കൊരുടെ ഉള്ളം ഒന്ന് പിടഞ്ഞു...
മൺമറത്തു പോയവര്‍ നിരവധി ഉണ്ടെങ്കിലും
ഈ തറവാട്ടിന്റെ ഉന്നമനം മാത്രം കാംക്ഷിച്ച് ഒടുവില്‍ ഒന്നും നേടാതെ കാല യവനികക്കുള്ളില്‍ മറഞ്ഞ തന്റെ അളിയനെ കുറിച്ച്..
വാസുദേവന്‍ മാഷുടെ വിയോഗം സൃഷ്ടിച്ച ശൂന്യത, തെല്ലൊന്നുമല്ല തങ്ങളെ ഉലച്ചത്,,,
തെയ്യ ചടങ്ങുകള്‍ കഴിഞ്ഞു ആളുകള്‍ പിരിഞ്ഞു പോയിട്ടും നേരം വെളുക്കുവോളം കുഞ്ഞമ്പു കൈക്കൊര്‍ സമയം തള്ളി നീക്കിയത് വാസുദേവന്‍ മാഷുടെ ശ്രമദാനങ്ങളെ മനസ്സാ പ്രകീർത്തിച്ചു കൊണ്ടായിരുന്നു..
കഥ ഇനിയും തുടരും..
@Copy Right Reserved.
ഫോടോകടപ്പാട്- പാവന്നൂര്‍ മൂലക്കല് തറവാട് ദേവസ്ഥാനം..
ഇന്നത്തെ പദ പരിചയം..
*ഉളുത്തു കയറുക= രോമാഞ്ചം കൊള്ളുക
*കൊട്ടുക= ചെണ്ട കൊട്ടല്‍
*തുള്ളല്‍= സാന്ദര്‍ഭികമായി എടുത്തു ചാട്ടത്തെയും. പിന്നെ തെയ്യത്തിന്റെ നര്തനനത്തെയും തുള്ളല്‍ എന്ന വിപക്ഷ കൊണ്ട് അര്‍ത്ഥ മാക്കം..
