Friday, January 6, 2017

അഗ്നി ചിറകുള്ള മനസ്സ്

അയാള്‍ക്ക്  ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ലാസ്റ്റ് ബസ്സിലെങ്കിലും  നാട് പിടിക്കുക, തീവണ്ടി കൂകി പാഞ്ഞു പോകുന്നുണ്ടെങ്കിലും, ഒച്ചിന്റെ വേഗമായാണ് അയാള്‍ക്ക് തോന്നിയത്, വല്ലാത്ത ദാഹം സീറ്റ്‌ നരികില്‍ കരുതി വെച്ച കുപ്പി വെള്ളത്തിനായി കൈ നീട്ടി തപ്പി നോക്കി,കാണുന്നില്ല തൊണ്ട വരളുന്നു. ആകെ പരവേശം.നെഞ്ചിനകത്തെ നെരിപ്പോടില്‍ നിന്നും തപിക്കുന്ന അഗ്നി ജ്വാലകള്‍ കണ്ണുകളെ ചുട്ടു പഴുപ്പിപ്പിക്കുന്നു ,ശബ്ദം പുറത്തു വരുന്നില്ല, നാവ് ചുരുങ്ങി പോകുന്നു, ഇപ്പോള്‍ തീവണ്ടി കൂകി പായുകയാണോ അതോ വട്ടം കറങ്ങുകയോ? ജാലക കമ്പികളില്‍ പിടിക്കാന്‍ ശ്രമിച്ചതെ ഓര്‍മ്മയുള്ളൂ,
അങ്കിള്‍, അങ്കിള്‍ എവിടുന്നു വരികയാണ്, അങ്കിളിനു എവിടെയാണ് പോകേണ്ടത്? ഒരു കൌമാരക്കാരന്റെ നേര്‍ത്ത ശബ്ദം കാതില്‍ പതിഞ്ഞു,പയ്യന്‍ നല്‍കിയ ജീവ ജലം ആര്‍ത്തിയോടെ കുടിച്ചപ്പോള്‍, പതുക്കെ അയാള്‍ക്ക്‌ കണ്ണ് തുറക്കാമെന്നായി, നിമിഷങ്ങള്‍ പോഴിയവേ അയാള്‍ പതുക്കെ കണ്ണുകള്‍ തുറന്നു ചുറ്റിലും പരതി, പ്രജ്ഞ നഷ്ടപ്പെട്ടവനെ പോലെ ചുറ്റും കണ്ണോടിക്കുകയല്ലാതെ ഒന്നും മിണ്ടാന്‍ കുറെ നേരത്തേക്ക്, അയാള്‍ക്ക്‌ സാധിച്ചില്ല, ഒടുവില്‍ മുത്ത്‌ പൊഴിയും പോലെ വാക്കുകള്‍ അയാളില്‍ നിന്ന് പൊഴിഞ്ഞു തുടങ്ങി...
ഞാന്‍ രാജന്‍, രാജാ ശേഖരന്‍ നായനാര്‍, സ്വദേശം പയ്യന്നൂര്‍, തിരുവനന്തപുറത്തു നിന്നും വരികയാണ്, നാളെ തിരിച്ചു അവിടേക്ക് തന്നെ പോകണം.. മോനെ ദൈവം കാതിടട്ടെ, പതുക്കെ അയാള്‍ കൊച്ചു പയ്യനെ വാത്സല്യത്തോടെ തലോടി,
ആട്ടെ, മോനെവിടുന്നു വരുന്നു ആരുണ്ട് മോന്റെ കൂടെ?
അങ്കിള്‍, ഞാന്‍ തിരുവനന്തപുരക്കാരനാണ്, എവിടെ പോകുന്നു എന്ന് ചോദിച്ചാല്‍ ഉത്തരമില്ല, ഞാന്‍ വീട്ടില്‍ അധിക പറ്റാണന്നു തോന്നിയപ്പോള്‍  ഇറങ്ങി വന്നതാണ്, അങ്കിളിന്റെ പരവേശ മുഖം കണ്ടപ്പോള്‍ എന്റെ അച്ഛനെ ഓര്‍മ്മ വന്നു, വഴക്കളിയാണങ്കിലും സ്നേഹ നിധി ആണ് എന്റെ അച്ഛന്‍ , ബിസ്സിനസ് പൊളിഞ്ഞപ്പോള്‍ മുഴു കുടിയനായി, ഇപ്പോള്‍ വീട്ടില്‍ വരാറില്ല, എന്റെ അമ്മ എന്നും വഴക്കാണ് ,അച്ഛനുമായി, എന്നെ ഇപ്പോള്‍ ആര്‍ക്കും വേണ്ടായ്തായി അങ്കിള്‍ അത് കൊണ്ട് ഇറങ്ങി പോന്നതാണ്,അങ്കിള്‍ ഒന്ന് ചോദിച്ചോട്ടെ ഞാന്‍ ഇന്ന് അങ്കിളിന്റെ കൂടെ വരട്ടെ? എനിക്ക് ഭയമാകുന്നു അങ്കിള്‍, എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണണം.. പയ്യന്‍ കരച്ചിലിന്റെ വക്കിലാണ്..
തീവണ്ടി ഏഴിമല താണ്ടിയിരിക്കുന്നു..പയ്യന്നൂര്‍ എത്താന്‍ ഇനി ചെറിയ സമയം മതി... ലാസ്റ്റ് ബസ്സ്‌ കിട്ടുമോ ആവോ?
പയ്യന്നൂര്‍ സ്റ്റേഷനില്‍ വണ്ടി നിന്നു, പയ്യന്‍ തലകുനിച്ചിരിക്കുകയ്യാണ്. ദൈവമേ പയ്യനെ എങ്ങിനെ ഉപേക്ഷിക്കാനാ? എന്റെ ചന്തു വിനെ പോലെ തന്നെ അല്ലെ ഇവനും, പിന്നെ മറ്റൊന്നും ആലോചില്ല, മോനെ വേഗം എന്റെ കൂടെ വരൂ, ലാസ്റ്റ് ബസ്സ്‌ പിടിക്കണം വേഗമാകട്ടെ, പയ്യന് സന്തോഷമായി.
പാണപ്പുഴ ക്കുള്ള ബസ്സ്‌ പുറപ്പെടാന്‍ തയ്യാറായി നില്കൂന്നു, ബസില്‍ കയറി സീറ്റില്‍ ഇരുന്നപ്പോഴാണ് പയ്യന്റെ പേര് ചോദിച്ചത്, രാഹുല്‍ എന്നാണ് എന്റെ പേര്, വീട് കാട്ടാക്കട
അമ്മ ഇപ്പോള്‍ എന്നെ കാണാതെ കരയുകയവും അല്ലെ അങ്കിള്‍?
അയാള്‍ അതൊന്നും കേട്ടില്ല, അയാളുടെ മനസ്സ് തിരുവന്തപുരം RCC യിലെ ഓപ്പറേഷന്‍ ടേബിള്‍ കിടതിയിട്ടുള്ള മകന്‍ ചിന്തു വിനെ കുറിച്ചായിരുന്നു, ചിന്തു എന്ന് വിളിപ്പേരുള്ള രാഹുല്‍! ദൈവമേ ഞാന്‍ സുധയോട് എങ്ങിനെയാണ് കാര്യങ്ങള്‍ അവതരിപ്പികുക? കരള്‍ മാറ്റി വച്ചാല്‍ രക്ഷപെടുമാത്രേ? പണം എങ്ങിനെ എങ്കിലും കണ്ടെത്തണം ... ചിന്തകള്‍ പതുക്കെ മുറിഞ്ഞു മുറിഞ്ഞു പോകുന്നു....
++++++++++++++++++++++++++++++++++++++++++++++++++
പെട്ടെന്നാണ് ഞെട്ടി ഉണര്‍ന്നു ചാടി എഴുന്നേറ്റത്! റൂം മേറ്റ്‌ റിയാസിന്റെ ഉച്ചത്തിലുള്ള കൂര്‍ക്കം വലിയും, റൂമിലെ ശീതീകരണിയുടെ മുരള്‍ച്ചയും ആവാം  ട്രെയിന്‍ യാത്ര ആയി തോന്നിയത് ! അപ്പോള്‍ എന്റെ ചിന്തു? അവനെ പോലുള്ള വേറൊരു പയ്യന്‍?
ഖത്തറിന്റെ ആകാശ മേലാപ്പിനു ചൂട് കൂടിയിട്ടു ആഴച്ചകളായി, വാട്ടര്‍ ഡിസ്പെന്‍സറിലെ തണുത്ത ജലം ആകാംക്ഷ കൊടുമുടി ഇറക്കി വച്ചു, മൊബൈല്‍ നോക്കി സമയം , രാത്രി 11  മണി, അപ്പോള്‍ നാട്ടില്‍ 1.30 am , സുധ ഒക്കെ ഉറങ്ങി കാണും ? എങ്കിലും മനസ്സ് പറയുന്നു വിളിച്ചു നോക്കാന്‍, .. ഫോണ്‍ റിംഗ് ചെയ്തു ഒട്ടു സമയം കഴിഞ്ഞാണ് സുധ ഫോണെടുത്തത്.
എന്താ രാജേട്ട ഈ നട്ട പാതിരക്ക് ഈയിടെ ആയി ഇളക്കം കൂടുന്നുണ്ട് കേട്ടോ? സുധേ ചിന്തു എന്ത് ചെയ്യുകയാ? എന്താ രാജേട്ടാ? പാതിരാത്രിക്ക്‌ ചിന്തു വിനെ കുറിച്ച് ചോദിക്കുന്നത്? സുധേ അവനെവിടെ അത് പറ.. അവന്‍ ഉറക്കംമായി രാജേട്ടാ? സുധയുടെ മറുപടിയില്‍ ഉറക്കപ്പിചിന്റെ അലസ്യ സ്വരം. സുധേ ഒന്ന് നോക്കിയിട് വാ? ഞാന്‍ വല്ലാത്ത ദുസ്വപ്നം കണ്ടു അതാണ്‌..ഈ രാജേട്ടന്റെ ഒരു കാര്യം ? ഞാന്‍ നോക്കട്ടെ, രണ്ടു മിനിട്ടിനു ശേഷം സുധയുടെ കാള്‍ വന്നു ചിന്തു തലയില്‍ ഹെഡ് ഫോണ്‍ വച്ചു മൂളിപ്പാട്ടും പാടി അവന്റെ റൂമില്‍ അലസാനായി ഇരിപ്പുണ്ട്, ചിന്തു വിന്റെ അച്ഛാ..
സുധക്കറിയില്ലല്ലോ കുറച്ചു നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ അനുഭവിച്ച വേദന?
ദൈവമേ നീ തന്നെ തുണ..പതിവ്വായി വിഷ്ണു സഹസ്ര നാമം ജപികകാറുള്ളത് ഇന്ന് ജപിച്ചില്ല...അഷ്ടോത്തരി നാമ ജപിച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നു
ഇത്തവണ ഞെട്ടി ഉണര്‍ന്നത് റിയാസ്സാണ്. അവന്‍ എന്ത് സ്വപ്നമാണാവോ കണ്ടത്??
__________________________________________________________
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂർ..

മരുപ്പച്ച

കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ചുവന്ന മണല്‍ പരപ്പുകള്‍ മാത്രമേ ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കുകയുള്ളൂ.,,മിത ശീതോഷ്ണ കാലാവസ്ഥക്ക് നാന്ദി കുറിച്ച് കൊണ്ട് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി അതിശക്തമായ പോടിക്കാറ്റു ആഞ്ഞു വീശിയടിക്കുന്നുണ്ട്..കണ്ണിലും മൂക്കിലും തുളച്ചു കയറുന്ന പൊടിക്കാറ്റ്..മടുപ്പിക്കുന്നതെങ്കിലും ഉള്ളിലൊതുക്കി കഴിഞ്ഞു കൂടുക തന്നെ..ജീവിക്കാന്‍ എന്തെല്ലാം വേഷം കെട്ടേണ്ടിയിരിക്കുന്നു.?അന്തിമാനം ചുവന്നു തുടങ്ങി....ക്ഷീണിതനായ സൂര്യ ബിംബം .പടിഞ്ഞാറ് എക്സ്പ്രസ്സ്‌ ഹൈ വെ ക്ക് അപ്പുറം മണല്‍ പരപ്പിലേക്ക് മുഖം താഴ്ത്തി നൂണിറങ്ങി പോയി...
സമയം എത്ര ആയികാണും ? ഒരു വാച്ച് വാങ്ങണമെന്ന് പലകുറി നിരീച്ചതാണ്..കഴിഞ്ഞ തവണത്തെ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ചു വാങ്ങാമെന്നു വിചാരിച്ചപ്പോഴാണ് സൈനബയുടെ കത്ത് വന്നത്....
''ഇക്കാ,പത്തില്‍ പഠിക്കുന്ന നമ്മുടെ പഞ്ചാര മുത്ത്‌ കുഞ്ഞു റസിയ കുട്ടിക്കാണ് ക്ലാസ്സ് ടെസ്ടിലോക്കെ ഫസ്റ്റ് കിട്ടിയതത്രേ..ആരെങ്കിലും നാട്ടില്‍ വരുന്നുണ്ടെങ്കില്‍ ഇക്ക അവള്‍ക്കു വേണ്ടി അത്തറും,പിന്നെ നല്ലൊരു വാച്ചും,ടൈം പീസും കൊടുത്തയക്കണം കേട്ടോ? പിന്നെ ഓളുടെ കമ്മലിന്റെ ഒരു കൊളുത്ത് എങ്ങിനെയോ വീണു പോയിരിക്കണ്,അത് ഇക്ക വരുമ്പോ നല്ലൊരു ജമുക്കി കൊണ്ടരണം? എനിക്കെന്താ കൊണ്ട് തരിക? സറഫൂ,ബടുക്കൂസ് ഒന്നും പടിക്കൂല, എന്നാലും ഓനിക്കി
നീളന്‍ കൈയന്‍ കുപ്പായവും, പാന്‍സും കൊണ്ട് കൊടുത്തോളീ..കയിഞ്ഞായ്ച്ച ഞമ്മളെ കോയിക്കൂട്ടിനു നല്ലോണം മുട്ടയിടുന്ന ഒരു കോയിനെ ഒരു സുവര്‍ കുറുക്കന്‍ കട്ടോണ്ട് പോയിക്കണു കേട്ടാ..ഇക്ക വേണ്ടാതോന്നും ആലോചിച്ചു തല പുണ്ണാക്കണ്ട കേട്ടാ..പടച്ച റബ്ബ് എല്ലാം വസൂല്‍ ആക്കി തരട്ടെ,,''
രണ്ടാഴച്ചയിലോരിക്കല്‍ സൈനബാടെ കത്ത് വരും,,അത് പോലെ ഞാനും അവള്‍ക്കു അയക്കും..ഓര്‍മ്മകള്‍ കൊലുസ്സിട്ട. സൈനബാടെ മണമുള്ള കത്തുകള്‍ പല കുറി വായിക്കുമ്പോള്‍ താനേ കണ്ണ് നിറയും..
കത്തില്‍ ആവശ്യ പെട്ട സാധങ്ങള്‍ എല്ലാം നാട്ടുകാരനായ അശോകന്റെ കൈവശം കൊടുത്തയച്ചു തന്നെ ആശ്വാസം..കുഞ്ഞു മലരുകള്‍ സുഗന്ധം പരത്തുന്ന റോസാ ദളങ്ങള്‍ ആവട്ടെ..
റസിയ മോളാണ് ഉമ്മാക്ക് വേണ്ടി എഴുതുക..വലിയ പഠിപ്പും പത്രാസുമോന്നു മില്ലെങ്കിലം എന്റെ സൈനബ ദീനി ബോധമുള്ള പെണ്ണാണ്..പാവം ഉള്ളത് കൊണ്ട് ജീവിക്കാന്‍ അറിയുന്നവള്‍..എന്റെ ഇക്ക്മത് എല്ലാം അറിഞ്ഞിട്ടും അവള്‍ക്കു എന്നെ ഇഷ്ടായത് മാമാന്റെ മോനായത്‌ കൊണ്ട് മാത്രമല്ല പോലും..എന്നോട് പണ്ടേ അവള്‍ക്കു മുഹബ്ബതായിരുന്നു പോലും....അങ്ങിനെ പലതും ചിന്തിച്ചു,ചിന്തിച്ചു സമയം പോയത് അറിഞ്ഞില്ല..
ഹൈവെ യില്‍ നിന്ന് തെല്ലകലെ വിജനമായ മരുഭൂമിയില്‍ യൂക്കാലി മരങ്ങള്‍ അതിരിട്ട കുറച്ചു ഹരിതാഭമായ പ്രദേശം..ഇതിനെ മസ്ര എന്ന് വിളിക്കുന്നു,, ഈ .''മസ്രയില്‍ '' ( കൃഷി ഭൂമി) എത്തി ചേര്‍ന്നിട്ട് കൊല്ലം 20 ആവുന്നു...എണ്ണി കൊണ്ട് അഞ്ചു തവണയാണ് നാട്ടില്‍ പോയി വന്നത് ആദ്യം നാട്ടില്‍ പോയത് നാലു വര്‍ഷകാലത്തിനു ശേഷം..അതും കഫീലിന്റെ കൈയെ,കാലെ പിടിച്ചിട്ടു അപ്പോഴാണ്‌ പെണ്ണ് കെട്ടിയത്.രണ്ടു മാസത്തെ ലീവിനിടയില്‍ ഒരു മാസം പെണ്ണും നോക്കി നടന്നിട്ടും നടക്കാതയപ്പോള്‍ ഉമ്മയാണ് പറഞ്ഞത് മാമാന്റെ മോള് സൈനബാനെ ആലോചിക്കാന്‍..അവര്‍ക്കും ഇഷ്ടായി ,എന്നിട്ടെന്താ കല്ബിന്റെ കരളായ മുത്ത്‌ റസിയാനെ കിട്ടിയില്ലേ.ഓള്‍ക്ക് പഠിച്ചു വല്യ ഡോക്ടര്‍ ആകണം പോലും..പടച്ചോന്‍ രഹമത് ആകി തരട്ടെ....
കഫീല്‍ മാസത്തില്‍ ഒരിക്കലെ വരാറുള്ളൂ..ഒന്നിടവിട്ട ദിവസങ്ങളില്‍ കഫീലിന്റെ ഹറാം പിറന്ന മൂത്ത മകന്‍ നൌഫല്‍ മൂസയാണ് വരാറുള്ളത്..അയാള്‍ വരുമ്പോഴെല്ലാം താന്‍ എല്ല് മുറിയെ പണിയെടുക്കുകയാവും..എന്നാലും ''എന്നെ മൂക്ക് മാഫി '' എന്ന് വിളിക്കാതെ അയാള്‍ക്ക്‌ ഉറക്കം വരില്ലെന്ന് തോന്നുന്നു..നിസ്സാര കാര്യമേ വേണ്ടു വഴക്കിടാന്‍,,എന്നാലും ചിലപ്പോള്‍ വലിയ സ്നേഹമൊക്കെ ആവും..ചെമ്മരിയാടുകളുടെ ഫാം ഉണ്ട് അയാള്‍ക്ക്..ഇടക്കെല്ലാം ആട്ടിരച്ചി കൊണ്ട് വന്നു തരും..ചിലപ്പോള്‍ ഷീഷ (പുകയില അല്ലാത്ത സുഗന്ധമുള്ള ഹുക്ക) വലിച്ചു കൊണ്ടിരിക്കുമ്പോള്‍ കാവയും ( തുര്‍ക്കിഷ് കാപ്പി)ഈത്തപ്പഴവും, തയ്യാറാക്കി കൊടുത്താല്‍ സ്നേഹം കൂടാറുണ്ട്..അപ്പോഴൊക്കെ 50 റിയാല്‍ തരികയും ചെയ്യും..എന്നാലും. ഹിമാര്‍ വിളിയും മൂക്ക് മാഫി വിളിയും അലോസരം തന്നെ.അത് കൊണ്ടാണ് ഹറാം പിറന്നതെന്നു പറയുന്നത്..പക്ഷെ ആള് ശുദ്ധനാണ്,,,.നൌഫല്‍ മൂസ യെ സോപ്പിട്ടാണ് പലപ്പോഴും നാട്ടില്‍ പോയി വന്നിട്ടുള്ളത്..കഫീല്‍ നല്ല ആളൊക്കെ ആണെങ്കിലും അധികമൊന്നും സംസാരിക്കില്ല..പോരാത്തതിന് അദ്ദേഹമൊരു പോലീസ് കാരനുമാണ്...നാട്ടിലെ പോലീസ് പോലെ അല്ല ഇവിടുത്തെ ''ഷുര്‍ത്ത'', അത്ര ജാടയോന്നുമില്ല ..എന്നാലും പുലി, എലിയാകില്ലല്ലോ..വര്‍ഷാ വര്ഷം ശമ്പളം കൂട്ടി തരാന്‍ വേണ്ടി മാത്രമാണ് കഫീലിനോട് സംസാരിച്ചിരുന്നത്...മറുപടി ''ഇന്‍ഷാ അള്ള''യില്‍ ഒതുക്കും അദ്ദേഹം..എന്നെ കൂടാതെ ഒരു തമിഴനും ഒരു ബീഹാര്‍ കരനുമാണ് മസ്രയിലുള്ളത്..അദ്ദേഹം നൌഫല്‍ മൂസയോട് പറയാറുണ്ട് എനിക്ക് ''ഹിന്ദി'' കളെ മാത്രം മതിയെന്ന്....ആ വിശ്വാസം കാത്തു സൂക്ഷിക്കുന്നുണ്ട്..എങ്കിലും ശമ്പള വര്‍ധനയില്‍ പിശിക്ക് കാട്ടുന്ന അച്ഛനെയും മകനെയും എങ്ങിനെ എങ്കിലും മെരുക്കി എടുക്കണം എന്ന് ചിന്തിച്ചു ചിന്തിച്ചു അല്പം മയങ്ങി പോയി....തമിഴന്‍ , ദൊരൈ പാണ്ടി വന്നു തോളില്‍ തട്ടിയപ്പോഴാണ് സ്ഥല കാല ബോധം വന്നത്.
.''അശ്രരഫ് അണ്ണാ ശീഘ്രം വാങ്കെ,,എല്ലാമേ പോച്ച്....നമ്മ വാഴകയെ പോച്ച് അണ്ണാ..
എനിക്കൊന്നും മനസ്സിലായില്ല..അവന്‍ വീണ്ടും പറഞ്ഞു, വിഷയമോന്നും തെരയാതാ ഊങ്കളുക്ക്? അവന്റെ ഉദ്യെഗ പൂര്‍ണ്ണമായ വാക്കുകളില്‍ നിന്ന് എന്തോ പന്തി കേടു മണത്തു താന്‍..
പാണ്ടിയുടെ കൂടെ സൈകിളില്‍ വച്ച് പിടിക്കുമ്പോഴും മനസ്സിലായില്ല അവന്‍ എങ്ങോട്ടാണ് കൂട്ടി പോകുന്നതെന്ന്..ചെമ്മരിയാടുകളുടെ വാട മൂക്കില്‍ തുളച്ചു കയറി തുടങ്ങിയപ്പോഴാണ് ഫാമിലെക്കാണെന്ന് മനസ്സിലായത്‌..വളരെ ദൂരെ നിന്ന് ചുവന്ന ബീക്കൺ ലൈറ്റ് കൾ കറങ്ങി തിരിഞ്ഞു കൊണ്ട് രണ്ടു പോലീസ് വാഹനങ്ങൾ കണ്ടപ്പോൾ ഉള്ളിൽ നിന്നൊരു ആന്തൽ..എന്ത് പറ്റിയാവോ ?
അവടവിടെയായി കുറെ സുഡാനികൾ കൂട്ടം കൂടി നിൽക്കുന്നു..മൂകത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ , അവർ പരസ്പരം അവരുടെ നാട്ടറബിയിൽ എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്..ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല..കഫീലില്ലാത്തപ്പോൾ നൗഫൽ മൂസയുടെ കൂടെ ഈ കയമയിൽ (ടെന്റ്)നാലഞ്ചു തവണ വന്നതായി അഷറഫ് ഓർത്തു, കയമയുടെ ഉള്ളിലേക്ക് കടക്കാനൊരുമ്പട്ടപ്പോൾ അകന്നു നിന്ന് വന്ന ഒരു ഷുർത്ത (പോലീസ്) തടഞ്ഞു കൊണ്ട് പറഞ്ഞു.. മാഫി റോ ജുവ..മംനൂ.. (അകത്തു പ്രവേശനം ഇല്ല ) ഒന്ന് പാളി നോക്കിയപ്പോൾ അവിട ഒരു മൂലയിൽ കുറച്ചു രക്തം തളം കെട്ടി നില്കുന്നത് കണ്ടപ്പോൾ സംഭവം വലിയ പന്തികേടാണെന്നു മനസ്സിലായി, എന്തോ അപകടം സംഭവിച്ചിട്ടുണ്ട്..ഇവിടെ അധികം നിൽക്കുന്നത് പന്തികേടില്ലെന്നു ദുരൈ അഷറഫിനോട് പറഞ്ഞു കൊണ്ടിരിക്കെ, വണ്ടിയിൽ ഇരുന്ന പോലീസ് കാരൻ അങ്ങോട്ട് ചെല്ലാൻ ആംഗ്യം കാണിച്ചു...നോക്കിയപ്പോൾ ആ ഷുർത്ത യെ കണ്ടു പരിചയമുണ്ട്..ഇടയ്ക്കു നൗഫലിന്റെ കൂടെ മസ്രയിൽ വരാറുണ്ട്. അയാൾ ചോദിച്ചു, ''ഇന്ത ഷുഹുൽ മസ്ര. സവ സവ മുഹമ്മദ് മൂസ അൽ ബദർ.''(മൂസയുടെ മസ്ര യിലാണോ ജോലി ?) ഐവ മുദീർ..(അതെ) ധൈര്യം അവലംബിച്ചു കൊണ്ട് ചോദിച്ചു,.അയാളോട് ചോദിച്ചു എന്താണ് അകത്തു സംഭവിച്ചതെന്ന്? ഷുർത്ത പറഞ്ഞു ..''ഇന്ത മാ അറഫ് നൗഫൽ മൂസ ഫീ മൗത്''..ലാ മാഫി മുദീർ..കെഫ്? അതും പറഞ്ഞു വിശദീകരിക്കാൻ നിൽക്കാതെ പോലീസുകാർ വണ്ടിയിലേക്ക് കയറി പോയി.. എന്റെ ബദരീങ്ങളെ എന്തായിത് കേക്കുന്നെ? തലയിലേക്ക് ഒരു ഇടിത്തീ പാഞ്ഞു കയറി..എന്താവും സംഭവിച്ചത്..എങ്ങിനെയാണ് നൗഫൽ മൂസ മരിച്ചത്..ആരോടാണ് ചോദിക്കുക? അങ്ങിനെ നോക്കിയപ്പോഴാണ്, ടാങ്കറിൽ വെള്ളം കൊണ്ട് വരുന്ന ബംഗ്ളാദേശിയായ അമീനുൽ ഇസ്ളാമിനെ കണ്ടത് അവനോടു ചോദിച്ചപ്പോഴാണ് കാര്യാ ഗൗരവം മനസിലായത്.. അവൻ പറഞ്ഞു..ഷുർത്ത കൊണ്ട് പോയ ബോഡി ഉടനെ മയ്യത്തു നിസ്കാരത്തിനായി പള്ളിയിലേക്ക് കൊണ്ട് പോകും..തും ആനേക്കത്തോ മീരാ സാത്ത് ആജാവോ? ദൊരൈ സൈക്കിളിൽ തിരിച്ചു പോയി..അഷറഫ് അമീനുൽ ന്റെ കൂടെ പള്ളിയിലെത്തുമ്പോൾ തക്ബീർ ധ്വനികൾ മുഴങ്ങുന്നുണ്ടായിരുന്നു..
അപ്പോൾ അവിടെ മയ്യത് നിസ്കാരതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു....
വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന മയ്യത്തിന്റെ മുഖാവരണം ആരോ നീക്കി കാണിച്ചു തന്നു..ഒരിക്കലെ നോക്കാന്‍ പറ്റിയുള്ളൂ..ഒരു ആര്‍ത്തനാദം എന്റെ തൊണ്ടയില്‍ വന്നു കുരുങ്ങി നിന്നതിനാല്‍ പുറത്തേക്കു വന്നില്ല..നീണ്ടു നിവര്‍ന്നു കിടക്കുന്നു..നൌഫല്‍ മൂസ..
സ്ഥിരം വഴക്കാളി ആയിരുന്നെങ്കിലും, കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച എന്റെ കഫീലിന്റെ മകന്‍..അവിടെ ഷീഷ വലിക്കുന്നതിനടയില്‍ ഏതോ ഒരു അറബിചെക്കനുമായി വഴക്ക് കൂടിയതാണത്രെ..വഴക്ക് മൂത്ത് അരയില്‍ തിരുകിയ തോക്കെടുത്ത് മര്‍മ്മത്തില്‍ തന്നെ പൊട്ടിച്ചു വെടി..ഒന്നല്ല, മൂന്നു തവണ എന്നാണ് ആ സുഡാനി പറഞ്ഞത്....
നാളെ നാട്ടിലേക്ക് യാത്ര ആവുകയാണ്..സ്വപ്‌നങ്ങള്‍ ഒക്കെ ബാക്കി വച്ചുള്ള മടക്ക യാത്ര,,നൌഫല്‍ മൂസ പോയതിനു ശേഷം കഫീല്‍ ആകെ തകര്‍ന്നു പോയി,,ഞങ്ങളോടൊക്കെ പിരിഞ്ഞു പോകാന്‍ പറഞ്ഞു.. താന്‍,നാട്ടു വളര്‍ത്തി വലുതാക്കിയ കദളി വാഴകളും,ചെമ്പും,കാച്ചിലും, മുരിങ്ങാ മരങ്ങളും നാരകവും,ഈന്ത പനകളും ,പന നൊങ്കുകളും, കോഴിയും പൂച്ചകളും ഒക്കെ മൂകമായി തേങ്ങിയോ എന്നെ പോലെ? എന്റെ റസിയ മോളുടെ നിക്കാഹിനു കൈ നിറയെ പണം തരാമെന്നു പറഞ്ഞ നൌഫല്‍ മൂസ എവിടെ? എല്ലാവര്‍ക്കും എല്ലാ കാലത്തും എല്ലാ സൌഭാഗ്യവും ഉണ്ടായെന്നു വരില്ലല്ലോ. അല്ലെ?ഉള്ളത് കൊണ്ട് ഓണം പോലെ..കഴിയാം.... അത് കൊണ്ട്
നാളെ യാത്ര ആവുകയാണ്..സ്വപ്‌നങ്ങള്‍ ബാക്കി വച്ച് കൊണ്ടുള്ള യാത്ര..
മാനത്ത് വടക്കേ കോണില്‍ ഒരു ചേലുള്ള നക്ഷത്രം ഉദിച്ചത് ഇപ്പോള്‍ മാത്രമാണ്..ശ്രദ്ധിച്ചത്..പ്രതീക്ഷയുടെ പൊന്‍ വെളിച്ചം നല്‍കുന്ന ധ്രുവ നക്ഷത്രമായിരിക്കുമോ ആവോ?
കൃഷണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..