ഭാഗാധാര പ്രകാരം കിട്ടിയ ഭൂമി രജിസ്റ്റേര്‍ ചെയ്യുകയും അതിലൊരു ഭാഗം ആരും തുണയില്ലാത്ത കുഞ്ഞമ്മയുടെ ക്ഷേമത്തിന് നീക്കിവക്കണമെന്നും അമ്മാവന്മാരുടെ നേത്രുത്വതിലെടുത്ത തീരുമാനം അമ്മയുള്‍പ്പെടുന്ന അവരുടെ പെങ്ങന്മാര്‍ ശിരസ്സു കുലുക്കി സമ്മതം മൂളി യെന്നു കഴിഞ്ഞാഴ്ച സ്കൈപില്‍ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞപ്പോഴാണ് അറിഞ്ഞതു..
മരുമക്കത്തായ സമ്പ്രദായ പ്രകാര മുള്ള തറവാട് ഭൂമി ഭാഗം വക്കുമ്പോള്‍ മൊത്തം ഇരുപത്തിരണ്ടു പേര്‍ക്ക് ആയി ഭാഗിക്കണമത്രെ.കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി മുടങ്ങിക്കിടന്ന പ്രക്രിയ പുനരാംഭിച്ചത് കേരള സര്‍ക്കാരിന്റെ ഭാഗ പത്രതിന്മേലുള്ള ഫീസ് വര്‍ധന കുറച്ചത് കൊണ്ടാണ്,,എന്‍റെ ഷെയറിനു വേണ്ടിവരുന്ന തുക അമ്മയുടെ പേരില്‍ അയച്ചു കൊടുത്തത് ഈ മാസമാദ്യമായിരുന്നു..ഈ മാസം അഞ്ചാം തീയതി അതില്‍ നിന്ന് അത്യാവശ്യത്തിനു ഇരുപത്തി അയ്യായിരം രൂപ ബാങ്കില്‍ നിന്നു പിന്‍വലിച്ചു വീട്ടില്‍ അമ്മ സൂക്ഷിച്ചു വച്ചു..എട്ടാം തീയതി,,എട്ടുമണിക്ക് എട്ടിന്റെ പണിയുമായി പഴയ നോട്ടിന് കടലാസിന്റെ വിലപൊലുമില്ലാതാക്കിയ വിവരം,ആദ്യം അറിഞ്ഞത് പ്രവാസിയായ ഞാനായിരുന്നു..അല്ലെങ്കിലും നാട്ടില്‍ പ്രധാന സംഭവം നടക്കുമ്പോള്‍ ആദ്യം അറിയുന്നത് ഗള്‍ഫ് പ്രവാസികള്‍ തന്നെ ആവും..അങ്ങിനെ എട്ടിന്റെ പണി കിട്ടിയ വിവരം അറിഞ്ഞപ്പോള്‍ അമ്മ വലിയ വായിലെ നില വിളിച്ചു,,അപ്പോള്‍ ഞാന്‍ പറഞ്ഞു..
''ഒന്ന് സമധാനപെടൂ അമ്മെ''
മുകളില്‍ നിന്ന് തിട്ടൂരങ്ങള്‍ ഇറങ്ങിക്കോളും..
അമ്മയീ പറയുന്നത് പോലുമോന്നുമല്ല കാര്യങ്ങള്‍,,കള്ളപ്പണക്കാരും കള്ളനോട്ടടിക്കാരും ഞെട്ടി വിറച്ചു നില തെറ്റി വീഴും ഈ സാമ്പത്തിക പ്രത്യാക്രമണം കൊണ്ട്,,നമ്മുടെ രാജ്യ പുരോഗതിക്കു അവശ്യം ആവശ്യമാണ്..എക്ണോമിക്സില്‍ സീറോ ആണെങ്കിലും,ഒരു ഹീറോവിനെ പോലെ ധനതത്വ ശാസ്ത്രം വെളിപ്പെടുത്തിയപ്പോള്‍ എക്നോമിക്സ് അരച്ചു കലക്കിയ എന്റെ മോള്‍ ഇടക്കെന്തോ ചോദിയ്ക്കാന്‍ വന്നപ്പോള്‍ ഞാന്‍ നൈസ് ആയി ഊരി സ്കൈപ് ഓഫ് ചെയ്തു..
പിറ്റേ ദിവസം ഫോണ്‍ ചെയ്തപ്പോള്‍ അമ്മ ചോദിച്ചു മോനെ മിനിഞ്ഞാന്നു എടുത്ത പണം എന്തു ചെയ്യും ? ഞാന്‍ പറഞ്ഞു ഡെയിലി കളക്ഷന്‍ മണിയായി പണം ഇടാറുള്ള സഹകരണ ബാങ്കില്‍ നിക്ഷേപിക്കൂ നമുക്ക് ആവശ്യത്തിനു എടുക്കാമല്ലോ..അപ്പോള്‍ സഹകരണ ബാങ്കിലെ പിഗ്മി കലക്ടര്‍ ആയ ഹധര്‍മ്മിണി ചാടി വീണു പറഞ്ഞു അതിനു വഴിയുണ്ട് നാല്‍പ്പത്തോന്പതിനായിരം രൂപ നിക്ഷേപിക്കാം..അതിനു അടിയാധാരം വേണമോ മോനെ ? അമ്മ ചോദിച്ചു
''അല്ലപ്പാ ടിവിയിലൊക്കെ ആധാരം വേണം ബാങ്കിലും എന്ന് പറഞ്ഞു കേട്ടല്ലോ''?
അമ്മയുടെ അജ്ഞത മോള്‍ മുതലെടുത്ത് ഊറി ചിരിച്ചു..
ഞാന്‍ പറഞ്ഞു അമ്മെ അധാരമല്ല "അധാര്‍" ആണ് വേണ്ടത്..അമ്മക്ക് മനസ്സിലായോ എന്തോ പിന്നെ ഒന്നും ചോദിച്ചില്ല..പന്ത്രണ്ടാം തീയതി തന്നെ അമ്മയെയും കൂട്ടി ബാങ്കില്‍ ചെന്നപ്പോള്‍ അവര്‍ അധാര്‍ നു ചോദിച്ചപ്പോള്‍ അമ്മ ഭൂമിയുടെ അടിയാധാരം എടുക്കുന്നത് കണ്ട എന്റെ ഭാര്യ സൂത്രത്തില്‍ അമ്മയോട് പറഞ്ഞു അതല്ല..അധാര്‍ എടുക്കൂ എന്ന്
അപ്പൊ അമ്മ ചോദിച്ചത്രേ .
''അതെന്തൂട്ടാ സാധനം''?
ആ ചോദ്യം അവള്‍ അവഗണിച്ചു അധാര്‍ കാര്‍ഡ് തപ്പി എടുത്തു കൊണ്ട് കുടുംബത്തിന്റെ മാനം രക്ഷിച്ചു!!
അമ്മ ചോദിച്ചു പഴയനോട്ടു തന്നില്ലേ..പുതിയ നോട്ടു തരൂ ഇതിനു പകരം..കൌണ്ടറില്‍ ഇരുന്ന ചെറുപ്പക്കാരി അമ്മയോട് പറഞ്ഞു രണ്ടായിരം രൂപയെ തരൂള്ളൂ,,ഇപ്പോള്‍ അത്രേ ഉള്ളൂ,,ക്ഷിപ്ര കോപം വന്നത് കാരണം ചെറുപ്പക്കാരിയോട് എന്തോ പറയാന്‍ തുനിഞ്ഞ അമ്മയെ കൂടെയുള്ള ഭാര്യ അരുതെന്ന് വിലക്കി..കിട്ടിയ രണ്ടായിരം കൊണ്ട് മാവേലി സ്റ്റോറില്‍ ചെന്ന് ''ചുക്കുമുളകതി'' കളങ്ങനെ പല വ്യജ്ഞനങ്ങള്‍ വാങ്ങിയപ്പോള്‍ ചിലവായത് നാനൂറ്റി അമ്പതു രൂപ ബാക്കി അമ്പതും പിന്നെ രണ്ടു പഴയ അഞ്ഞൂറിന്റെ നോട്ടും..അപ്പോള്‍ അമ്മ അവിടെ എഴുതി വച്ചിരിക്കുന്ന വാചകം ഓര്‍ത്തു
''പഴയ ആയിരവും,അഞ്ഞൂറും നോട്ടുകള്‍ സ്വീകരിക്കുന്നതല്ല''
അവരോടും എന്തോ ചോദിക്കാന്‍ തുനിഞ്ഞപ്പോള്‍ ഭാര്യ വീണ്ടും രക്ഷകയായി..ഇതികര്‍ത്തവ്യാമൂഡരായി നില്‍ക്കുമ്പോഴാണ് അയല്‍ വീട്ടിലെ കുഞ്ഞുമോന്റെ ചെത്തു പയ്യന്‍ ''പജീറോ'' ബൈക്കില്‍ ചെത്തി മിനുക്കി എത്തിയത്,,ചെക്കനോട് നൂറു രൂപ അധികം എടുത്തോളാന്‍ പറഞ്ഞിട്ട് ചില്ലറ ആക്കാന്‍ കൊടുത്തു,,അങ്ങിനെ കിട്ടിയ ചില്ലറ കൊണ്ട് ചില്ലറ അരിവാങ്ങി കഞ്ഞി കുടിച്ചു വരവേ..അമ്മാവന്മാര്‍ അമ്മയോട് ആ വിവരം പറഞ്ഞത്,,ഭൂമി രജിസ്ട്രേഷന്‍ അടുത്താഴ്ച ചെയ്യാമെന്ന് ഏറ്റിട്ടുണ്ടത്രേ എഴുത്ത് കാരന്‍ മോഹനെട്ടനാണ് അതിനു ഏര്‍പ്പാട് ചെയ്തത് പോലും..അദ്ദേഹം ചില്ലറ പ്രശ്നം ശരിയാക്കി തരാമെന്നും വിദേശത്തുള്ള മക്കളോട് എത്രയും വേഗം എത്തണം എന്ന് പറഞ്ഞെന്നു ഇന്നലെ ആണ് ,അമ്മ എന്നോടു പറഞ്ഞത്,,ദുബായി കാരനായ എന്റെ ഷേക്ക് നല്ലവനായത് കൊണ്ട് ലീവിന് ടെന്‍ഷന്‍ അടിക്കേണ്ടി വന്നില്ല..പക്ഷേ ഒരു നിബന്ധന വച്ചു,
''ഐ കാന്‍ ഗിവ് യു ഒണ്‍ലി വണ്‍ ഡേ ലീവ്''..ഇവിടെ പകരം ആളില്ലാന്നു നിനക്കറിയില്ലേ എന്ന് പറഞ്ഞപ്പോള്‍ എതിര്‍ത്തൊന്നും പറയാന്‍ തോന്നിയില്ല..പെട്ടന്ന് തന്നെ എമിരേറ്റ്സ് ഫ്ലൈറ്റ് ബുക്ക് ചെയ്തു,,എന്റെ കൂടെയുള്ള കൊണ്ടോട്ടിക്കാരന്‍ അന്‍സിത് എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്തത് കാരണം കൃത്യ സമയത്തിന് എത്താന്‍ പറ്റി..നെടുമ്പാശ്ശേരി എത്തിയപ്പോള്‍ ഉറ്റ ചങ്ങാതി രവി ഉണ്ടായിരുന്നു..രവിയുടെ ഡ്രൈവിംഗ് വിരുതില്‍ തലശ്ശേരി എത്താന്‍ അഞ്ചു മണിക്കൂര്‍ മാത്രമേ എടുത്തുള്ളൂ..മമ്പറത്തു എത്തിയപ്പോള്‍ ഒരു ചായകുടിക്കാമെന്നു രവിയോട് പറഞ്ഞപ്പോള്‍ അഞ്ചരക്കണ്ടി പുഴയോരത്ത് വണ്ടി പാര്‍ക്ക് ചെയ്തു അയക്കൂറയും(നെയ്മീന്‍)കൊഞ്ചും വിലക്കുറവില്‍ തരപ്പെടുത്തുന്ന രവിയെ അവഗണിച്ചു ഞാന്‍ ചായകുടിക്കാനായി കൂത്തുപറമ്പ് റോഡിലെ ഹോട്ടെലില്‍ കയറി ചായക്ക് ഓര്‍ഡര്‍ ചെയ്തു..അപ്പോള്‍ രാത്രി നൈന്‍ അറ്റ് നൈന്‍ വാര്‍ത്താ അവതാരിക പറഞ്ഞ വാചകം ആദ്യം മനസ്സില്‍ ഉടക്കിയില്ലെങ്കിലും തുടര്‍ന്ന് എഴുതികാണിച്ച വരികള്‍ വായിച്ചു എന്റെ ഇടനെഞ്ചു പൊള്ളി എന്ന് പറഞ്ഞാല്‍ മതിയല്ലോ..
''നോട്ടു മാറ്റം നാളെ മുതിര്‍ന്ന പൌരന്മാര്‍ക്ക് മാത്രം''
എന്റെ കൈവശം വച്ചതും കൂട്ടുകാര്‍ തന്നതുമായ പതിനായിരത്തോളം രൂപ മാറി എടുക്കാമെന് കരുതി വന്ന എന്റെ വാരിയെല്ലിനു തന്നെ കുത്ത് കിട്ടിയല്ലോ ദൈവമേ.?
നരച്ചു തുടങ്ങിയ എന്‍റെ മീശയിയിലേക്കും കഷണ്ടി തലയിലേക്കും നോക്കി..ഞാന്‍ മുതിര്‍ന്ന പൌരനായോ? ഇല്ലെന്നു പറഞ്ഞു തന്നത് അമ്മ പറഞ്ഞ ''ആധാര'' മായിരുന്നു..
എന്റെ വിഷമാവസ്ഥ കണ്ടു ''മനമലിഞ്ഞ'' രവി പറഞ്ഞു..
'' ഞാന്‍ നിനക്ക് പുതിയ രണ്ടായിരത്തിന്റെ നാല് നോട്ടുതരാം പകരം നീ എനിക്ക് പഴയ ആയിരത്തിന്റെ പത്ത് നോട്ടുകള്‍ തന്നാല്‍ മതിയെടാ.!!
എന്റെ സ്നേഹിതന്‍ എത്ര ദയാലുവാനെന്നു ഓര്‍ത്തുപോയി ''സന്തോഷാശ്രു ക്കളോടെ'' മഹത്തായ ആ കൈമാറ്റം നടത്തി..ദയാലുവായ അവന്‍ കുറച്ചു കൊഞ്ചുകൂടെ ഫ്രീ ആയി തന്നപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പഴയ ബാര്‍ട്ടര്‍ സമ്പ്രദായമായിരുന്നു..വീട്ടിലേക്ക് കടക്കുമ്പോള്‍,അവിടെ വഴിക്കണ്ണ്മായി അമ്മ പൂമുഖ പടിയില്‍ കാത്തിരുപ്പുണ്ടായിരുന്നു ,,അമ്മയുടെ കൂടെ കുറിഞ്ഞി പൂച്ചയും..
©Krishna Kumar Koodali 2016
കൃഷ്ണ കുമാര്‍,കൂടാളി.
ഗോകുലം കീഴല്ലൂര്‍..
ഫോട്ടോ കടപ്പാട്: വിക്കി പീഡിയ
